ന്യൂഡൽഹി: വിമാനങ്ങളിൽ സീറ്റ് തിരഞ്ഞെടുക്കുന്നതിനുള്ള അധിക ചാർജുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദേശത്തെ എതിർത്ത് വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ കമ്പനികൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി.

To advertise here,

കേന്ദ്ര നീക്കം ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതരാക്കുമെന്ന് കമ്പനികൾ പറഞ്ഞു. മൂന്ന് വിമാനക്കമ്പനികളെയും പ്രതിനിധീകരിക്കുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (FIA) കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് തീരുമാനം പിൻവലിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു.

ഏതൊരു വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ സെലക്ഷൻ ചാർജുകൾ ഇല്ലാതെ തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് എയർലൈൻസുകൾക്ക് നിർദേശം നൽകാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷ (DGCA)നെ മന്ത്രാലയം ബുധനാഴ്ച ചുമതലപ്പെടുത്തിയിരുന്നു.

ഈ നിർദേശം വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യാഴാഴ്ച സിവിൽ ഏവിയേഷൻ സെക്രട്ടറി സമീർ കുമാർ സിൻഹയ്ക്ക് അയച്ച കത്തിൽ FIA പറഞ്ഞു. "ഈ നിർദേശത്തിന്റെ സാമ്പത്തിക പ്രത്യാഘാതം വിമാനക്കമ്പനികൾക്ക് വലുതായിരിക്കും. വരുമാന നഷ്ടം നികത്താൻ ടിക്കറ്റ് നിരക്ക് വർധനയിലേക്ക് കമ്പനികളെ നയിക്കും. ഇതിൻ്റെ ഫലമായി, സീറ്റുകൾ മുൻകൂട്ടി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർ ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ഉയർന്ന വിമാനക്കൂലി നൽകേണ്ടി വരും, FIA വ്യക്തമാക്കി.

അതേസമയം, സീറ്റുകൾ തിരഞ്ഞെടുക്കുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങൾക്കായി വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നു എന്ന ആശങ്കകൾ വർധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ബുധനാഴ്ചയുള്ള മന്ത്രാലയത്തിന്റെ പ്രഖ്യാപനം. വിമാനക്കമ്പനികളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കാനും യാത്രക്കാർക്ക് അധിക ചാർജുകളുടെ ഭാരം കുറയ്ക്കാനുമുള്ള വലിയൊരു ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. വിമാനത്തിലെ സീറ്റുകൾക്ക് അവയുടെ സ്ഥാനമനുസരിച്ചാണ് നിലവിൽ വില നിശ്ചയിക്കുന്നത്. വീൻഡോ സീറ്റിനും ഐൽ സീറ്റിനും ഉയർന്ന നിരക്ക് ഈടാക്കുന്നു. അതുപോലെ അധിക ലെഗ്‌റൂം ഉള്ള സീറ്റുകൾക്കും.

വിമാനത്തിലെ വളരെ കുറച്ച് സീറ്റുകൾക്ക് മാത്രമേ അധിക ചാർജ് ഈടാക്കാത്തതുള്ളൂ. അവ കൂടുതലും നടുവിലെ നിരകളിലും പിന്നിലുമായിട്ടാണ് വരുന്നത്. സാധാരണയായി, വിമാനക്കമ്പനികൾ സീറ്റുകൾ തിരഞ്ഞെടുക്കുന്നതിന് 200 രൂപ മുതൽ 2,100 രൂപ വരെ ഈടാക്കുന്നുണ്ട്. മുൻ നിരകളും അധിക ലെഗ് റൂമും ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഇത്. സോഷ്യൽ മീഡിയയിൽ ഉപഭോക്താക്കൾ സീറ്റ് തിരഞ്ഞെടുക്കുന്നതിന് അധിക പണം നൽകേണ്ടി വരുന്നതിനെക്കുറിച്ച് ആവർത്തിച്ച് ചോദിക്കുകയും ഓപ്പറേറ്റർമാരെ വിമർശിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.