തിരുവനന്തപുരം: ഓണാവധിക്ക് നാട്ടിലെത്തി ഗൾഫ് രാജ്യങ്ങളിലേക്കു മടങ്ങിപ്പോകുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ കേരളത്തിൽനിന്ന് ഗൾഫിലേക്ക് നിലവിലുള്ളതിന്റെ നാലും അഞ്ചും ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. എല്ലാ ഉത്സവ സീസണുകളിലും എന്നപോലെ ഇത്തവണയും വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയാൻ ഒരുങ്ങുകയാണ്. 80,000 മുതൽ ഒന്നരലക്ഷം രൂപവരെയാണ് ഈ ദിവസങ്ങളിലെ കേരള-ഗൾഫ് സെക്ടറിലെ ടിക്കറ്റുകൾ. ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾത്തന്നെ വിമാന ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയർന്നുനിൽക്കുകയാണ്. ഓഗസ്റ്റ് 20 വരെ തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക് ഇക്കോണമി ക്ലാസിൽ 30000 രൂപയിലും താഴെ ടിക്കറ്റ് ലഭിക്കും. കൊച്ചി-ദുബായ് റൂട്ടിലും സമാന നിരക്ക് തന്നെയാണ്. എന്നാൽ, ഓഗസ്റ്റ് 30-ന് തിരുവനന്തപുരം-അബുദാബി, കൊച്ചി-അബുദാബി റൂട്ടുകളിൽ 1.10 ലക്ഷം വരെ ആയി ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്.
നേരത്തേ സാധാരണ 6000 മുതൽ ടിക്കറ്റുകൾ ലഭിക്കുമായിരുന്നു. എന്നാൽ, യുദ്ധം ആരംഭിച്ചതോടെ അത് നാലും അഞ്ചും ഇരട്ടിവരെ കൂടിയിട്ടുണ്ട്. അതിനുപുറമേയാണ് ഓണം സീസണിലെ വർധന. ഓണാവധി കഴിഞ്ഞുള്ള ദിവസങ്ങളും ഗൾഫിൽ അവധിക്കാലം കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന സാഹചര്യവും മുന്നിൽക്കണ്ടാണ് കമ്പനികളുടെ നീക്കം.
എന്നാൽ, ഇതേ കാലയളവിൽ ചെന്നൈ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ കാര്യമായ വർധനവുണ്ടായിട്ടുമില്ല. കേരളത്തിൽനിന്നുള്ള നിരക്കിനേക്കാൾ 40 ശതമാനം വരെ നിരക്ക് കുറവാണ് അവിടങ്ങളിൽനിന്നുള്ള യാത്രയ്ക്ക്. മലയാളികളുടെ മടക്കയാത്രാസാധ്യതകൾ കണ്ടുമാത്രമാണ് ഈ കടുംവെട്ട്. എന്നാൽ, ഗൾഫിൽ നിന്ന് കേരളത്തിലേക്കു വരാൻ ഇതേ കാലയളവിൽ 12000 രൂപ മുതൽ 22000 രൂപവരെ മാത്രമാണ് ടിക്കറ്റ് നിരക്കെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി വി.ഡി.സതീശനും കേരളത്തിലെ എം.പി.മാരും ഇടപെട്ട് വിമാനനിരക്കിലെ കൊള്ളയിൽനിന്ന് മലയാളികളെ സംരക്ഷിക്കണമെന്ന് കേരളാ അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്‌സ് സംസ്ഥാന പ്രസിഡന്റ് കെ.വി.മുരളീധരനും ജനറൽ സെക്രട്ടറി വിക്ടർ ഫെർണാണ്ടസും ആവശ്യപ്പെട്ടു.
Content Highlights: Airlines hiked Gulf flight ticket prices by 4 to 5 times after Onam., Ticket rates from Kerala to Gulf sectors reached between Rs 80,000 to Rs 1.5 lakh.
Published: 15 Aug 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented