ഈരാറ്റുപേട്ട: വിനോദ സഞ്ചാരകേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ അപകടകരമായ കല്ലുകൾക്ക് മുകളിൽ കയറിയുള്ള സാഹസികതയ്ക്ക് അറുതിവരുത്താൻ അധികൃതർ രംഗത്ത്. സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ പാലാ ആർ.ഡി.ഒ. തലനാട് പഞ്ചായത്തിൽ പ്രത്യേകയോഗം വിളിച്ചുചേർത്തു. കാളക്കൂട് വഴി ഇല്ലിക്കൽകല്ലിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും. ഇതിന് തലനാട് പഞ്ചായത്തിന് ആർ.ഡി.ഒ. നിർദേശം നൽകി.

To advertise here,

നരകപാലം ഭാഗത്ത് ബാരിക്കേഡ് നിർമിക്കുന്നതും ഒറവത്തൊട്ടി ഭാഗത്ത് ഗേറ്റ് സ്ഥാപിക്കുന്നതും നിലവിലുള്ള ജില്ലാപഞ്ചായത്ത് ചെക്ക് പോസ്റ്റ് പ്രവർത്തനക്ഷമമാക്കുന്നതും അപകടം ഒഴിവാക്കുന്നതിന് സഹായകമാകുമെന്ന് യോഗം വിലയിരുത്തി.

പോലീസ് പട്രോളിങ് ശക്തമാക്കും.

ഇല്ലിക്കൽ കല്ലിന് മുന്നിൽകൂടി കയറുന്നതിന് നിയന്ത്രണമുണ്ട്. നിയന്ത്രണമില്ലാത്ത തലനാട് കാളക്കൂട് വഴി നിരവധിപേരാണ് കല്ലിന് പുറകുവശത്തെത്തുന്നത്. ഇവരിൽ പലരും ട്രെക്കിങ് നടത്തുന്നുണ്ട്.

രാത്രിയും സഞ്ചാരികളെത്തുന്നുണ്ട്. ഇല്ലിക്കൽ കല്ലിലെ കല്ലിന്റെ മുകളിൽ രണ്ടുയുവാക്കൾ കയറിയ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മൂന്നിലവ് തലനാട് പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥർ, ഡി.ടി.പി.സി. സെക്രട്ടറി, പോലീസ് ഉദ്യോഗസ്ഥർ, മീനച്ചിൽ തഹസീൽദാർ എന്നിവർ പങ്കെടുത്തു.