തെലങ്കാനയുടെ ഹൃദയഭാഗത്ത് കൃത്രിമ ബീച്ച് ഒരുങ്ങുന്നു. ഹൈദരാബാദിലെ നഗരപ്രാന്തപ്രദേശമായ കോട്വാൾ ഗൂഡയിൽ 35 ഏക്കറിൽ ബീച്ച് വികസിപ്പിക്കുന്നതിനായി 225 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഈ ഡിസംബറിൽ നിർമാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. കേവലം ഒരു ബീച്ച് എന്നതിലുപരി, കുടുംബങ്ങൾക്ക് നഗരം വിട്ടുപോകാതെ ഹൈദരാബാദിൽ വാരാന്ത്യങ്ങൾ ചെലവഴിക്കാൻ കഴിയുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു വിനോദ-സാഹസിക കേന്ദ്രമായി ഇതിനെ വികസിപ്പിക്കാനാണ് പദ്ധതി.
എങ്ങനെയായിരിക്കും കൃത്രിമ ബീച്ച് ?
മണൽത്തീരങ്ങളോടു കൂടിയ മനുഷ്യനിർമിത തടാകം, ഒഴുകിനടക്കുന്ന വില്ലകൾ, ആഡംബര ഹോട്ടലുകൾ, സാഹസിക വിനോദങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരിടമായാണ് ഈ കൃത്രിമ ബീച്ച് വിഭാവനം ചെയ്തിരിക്കുന്നത്. വേവ് പൂളുകൾ, പാർക്കുകൾ, പ്ലേ സോണുകൾ, സൈക്കിളിങ് ട്രാക്കുകൾ, ഫുഡ് കോർട്ടുകൾ, തിയേറ്ററുകൾ, അലങ്കാര ജലധാരകൾ എന്നിങ്ങനെയുള്ള കുടുംബസൗഹൃദപരമായ സൗകര്യങ്ങളും ഇവിടെയുണ്ടാകും.
എന്തുകൊണ്ട് കോട്വാൾ ഗൂഡ?
ഔട്ടർ റിങ് റോഡിന് സമീപമുള്ള തന്ത്രപ്രധാനമായ സ്ഥാനവും മികച്ച ഗതാഗത സൗകര്യവും വികസനത്തിന് ആവശ്യമായത്ര സ്ഥലവും ഉള്ളതുകൊണ്ടാണ് പദ്ധതിക്കായി കോട്വാൾ ഗൂഡയെ തിരഞ്ഞെടുത്തത്. പരിസ്ഥിതി സൗഹൃദ നിർമാണ രീതികൾ കർശനമായി നടപ്പിലാക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് ഉയർന്ന മുൻഗണന നൽകും എന്നത് എടുത്തുപറയേണ്ടതാണ്.
തെലങ്കാന സർക്കാരിൻ്റെ ടൂറിസം കാഴ്ചപ്പാട്
കൃത്രിമ ബീച്ചിൻ്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) പൂർത്തിയായെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും തെലങ്കാന സംസ്ഥാന ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (TSTDC) ചെയർമാൻ പട്ടേൽ രമേഷ് റെഡ്ഡി ന്യൂസ് 18-നോട് പറഞ്ഞു. പ്രാരംഭ നിക്ഷേപമായ 225 കോടി രൂപയ്ക്ക് പുറമെ അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
15,000 കോടി രൂപയിലധികം മൂല്യമുള്ള, തെലങ്കാനയുടെ ഇതുവരെ ഉപയോഗിക്കാത്ത വിപുലമായ ടൂറിസം സാധ്യതകളെക്കുറിച്ച് റെഡ്ഡി എടുത്തുപറഞ്ഞു. ഹൈദരാബാദിനെ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുന്ന ഒരു പ്രധാന പദ്ധതിയായിരിക്കും ഈ കൃത്രിമ ബീച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്രിമ ബീച്ച് വരുന്നതോടെ, ഹൈദരാബാദ് നിവാസികൾക്ക് നഗരം വിട്ടുപോകാതെ തന്നെ കടൽത്തീരത്ത് വാരാന്ത്യങ്ങൾ ആസ്വദിക്കാം. വിനോദസഞ്ചാരികൾക്ക്, പ്രശസ്തമായ ഹൈദരാബാദി ബിരിയാണിക്കും ചരിത്രസ്മാരകങ്ങൾക്കും അപ്പുറം ഈ നഗരത്തിലേക്ക് യാത്ര ചെയ്യാൻ ഒരു കാരണം കൂടിയാകും.
Content Highlights: Hyderabad gets a 35-acre artificial beach at Kotwal Guda with floating villas, adventure sports
Published: 29 Aug 2025, 09:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented