ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരുദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വേനല്‍ക്കാലത്താണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.
ഊട്ടിയിലേക്ക് വാരാന്തങ്ങളില്‍ ദിവസം 8,000 വണ്ടികളും മറ്റു ദിവസങ്ങളില്‍ 6,000 വണ്ടികളും മാത്രമേ കടത്തിവിടാന്‍ പാടുള്ളൂ. കൊടൈക്കൈനാലില്‍ ഇത് യഥാക്രമം 6,000 വണ്ടികള്‍ക്കും 4,000 വണ്ടികള്‍ക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എന്‍.സതീശ് കുമാര്‍, ഭാരത ചക്രവര്‍ത്തി എന്നിവരടങ്ങിയ സ്‌പെഷ്യല്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും നിയന്ത്രണം ബാധകമാവില്ല. കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.
ഏപ്രില്‍ 1 മുതല്‍ ജൂണ്‍ വരെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കോടതി പറഞ്ഞു. മലയോര മേഖലകളില്‍ പ്രവേശിക്കുന്നതിന് ഇ-പാസുകള്‍ നല്‍കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി അധികാരികളോട് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നീലഗിരി കുന്നുകളിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് എടുക്കണമെന്ന് കോടതി നിര്‍ബന്ധമാക്കിയിരുന്നു. നീലഗിരിയില്‍ പ്രതിദിനം 20,000 വാഹനങ്ങള്‍ പ്രവേശിക്കുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതോടെയാണ് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
ചുര റോഡുകളുടെ ഗതാഗത ശേഷി നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടത്തുന്നതിന് ഐഐഎം-ബാംഗ്ലൂര്‍, ഐഐടി-മദ്രാസ് എന്നിവയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ട് അനുസരിച്ച്, സീസണ്‍ അല്ലാത്ത കാലയളവില്‍ പ്രതിദിനം ഏകദേശം 1,150 കാറുകള്‍, 118 വാനുകള്‍, 60 ബസുകള്‍, 674 ഇരുചക്ര വാഹനങ്ങള്‍ എന്നിവ നീലഗിരിയില്‍ പ്രവേശിക്കുന്നുണ്ട്. സീസണ്‍ കാലയളവില്‍ 11,509 കാറുകള്‍, 1,341 വാനുകള്‍, 637 ബസുകള്‍, 6,524 ഇരുചക്ര വാഹനങ്ങളും നീലഗിരിയിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: HC imposes vehicle restrictions at Ooty and Kodaikanal to ease congestion
Published: 14 Mar 2025, 09:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented