മഞ്ഞുകാലം ആരംഭിക്കുമ്പോള്‍ യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നവരുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന പേരാണ് ഗുല്‍മാര്‍ഗ്. മഞ്ഞുപുതച്ച താഴ്‌വരകള്‍ക്ക് പേര് കേട്ട ഗുല്‍മാര്‍ഗിലെ പ്രധാന ആകര്‍ഷണങ്ങളോടൊപ്പം  ഒരു തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അഫര്‍വാത് കൊടുമുടിക്ക് മുകളില്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കറങ്ങുന്ന റസ്റ്ററന്റും, ഏഷ്യയിലെ ഏറ്റവും നീളമേറിയ സ്‌കീ ഡ്രാഗ് ലിഫ്റ്റും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

To advertise here,

ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്ത സ്‌കീ ഡ്രാഗ് ലിഫ്റ്റ് ഗുല്‍മാര്‍ഗിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കും. 726 മീറ്റര്‍ നീളമുള്ള സ്‌കീ ഡ്രാഗ് ലിഫ്റ്റ് 3.65 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. വിനോദസഞ്ചാരമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലാണ്‌ പുതിയ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നത്.

ഏകദേശം 14,000 അടി ഉയരത്തില്‍ മേഘങ്ങള്‍ക്ക് മുകളില്‍ വിരുന്ന് അനുഭവം നല്‍കുന്ന കറങ്ങുന്ന റസ്റ്ററന്റാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മഞ്ഞുമൂടിയ പര്‍വതനിരകളുടെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട് കാശ്മീരി തനത് വിഭവങ്ങള്‍ സന്ദര്‍ശകര്‍ക്ക് കഴിക്കാം. റസ്റ്ററന്റിനൊപ്പം വിവിധ പരിപാടികള്‍ നടത്താന്‍ സാധിക്കുന്ന കോണ്‍ഫറന്‍സ് ഹാളുകൂടി ഇതിനൊപ്പം ഉണ്ട്.

അന്താരാഷ്ട്ര വിനോദസഞ്ചാര മേഖലയില്‍ ഗുല്‍മാര്‍ഗിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതാണ് ഈ പദ്ധതികള്‍ എന്ന് ഒമര്‍ അബ്ദുള്ള സാമൂഹികമാധ്യമമായ എക്‌സില്‍ അഭിപ്രായപ്പെട്ടു. ഇതുകൂടാതെ ജമ്മുകാശ്മീര്‍ വികസനവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികള്‍ മുഖ്യമന്ത്രി ഈ അവസരത്തില്‍ ഉദ്ഘാടനം ചെയ്തു. ജമ്മുകാശ്മീരിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ രത്‌നമായിട്ടാണ് ഒമര്‍ അബ്ദുള്ള ഗുല്‍മാര്‍ഗിനെ വിശേഷിപ്പിച്ചത്. ഇത്തരം സംരംഭങ്ങള്‍ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വിനോദസഞ്ചാര സാധ്യത സംസ്ഥാനത്ത് തുറക്കുമെന്നും പ്രാദേശിക തലത്തില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരം നല്‍കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഹല്‍ഗാം ആക്രമണത്തിനെത്തുടര്‍ന്ന് കാശ്മീരിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു. എന്നാല്‍ ഇത്തരം സൗകര്യങ്ങളും നവീകരണ പ്രവര്‍ത്തങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മന്ദഗതിയിലായ മേഖലയെ പുഃനരുജ്ജീവിപ്പിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഗുല്‍മാര്‍ഗിലെ മഞ്ഞുകാലം ആസ്വദക്കാന്‍ അനുയോജ്യമായ സമയം. മേയ് മുതല്‍ സെപ്റ്റംബര്‍ വരെ പ്രകൃതിരമണീയമായ താഴ്‌വരകളും ആസ്വദിക്കാം.