സംഗതി ഡബിളാ ഡബിള്‍

To advertise here,

മറ്റൊരു മാളില്‍ കൂടി കറങ്ങി. ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണവും കഴിച്ച് ലെനിൻ ഗ്രാഡ്‌സ്‌കി റെയില്‍വേ സ്റ്റേഷനിലേക്ക്. സെന്റ് പീറ്റേഴ്സ് ബര്‍ഗിലേക്കാണ് യാത്ര. ട്രെയിന്‍ നമ്പരും ഫ്ളാറ്റ് ഫോം നമ്പരും തെളിയുന്നതും കാത്ത് പുറത്തിരുന്നു. ഡിസ്‌പ്ലേ തെളിഞ്ഞതും കോച്ചും നോക്കി നടന്നു. പ്ളാറ്റ് ഫോറത്തില്‍ ഒറ്റ തൂണുപോലുമില്ല. ലഗേജും വലിച്ച് ഇഷ്ടം പോലെ നടക്കാം. ഓരോ ഡോറിനു മുന്നിലും തൊപ്പിയും യൂണിഫോമും ധരിച്ച് അറ്റന്‍ഡര്‍മാര്‍ നില്‍ക്കുന്നു. അവര്‍ പാസ്‌പോര്‍ട്ടും ടിക്കറ്റും പരിശോധിച്ചു. അകത്തേക്ക് കയറ്റിവിട്ടു.

വൗ... പറയാതെ വയ്യ അതൊരു ഒന്നൊന്നര ട്രെയിന്‍ തന്നെ. നാലുപേര്‍ക്ക് ഒരു കൂപ്പെ. നല്ല മനോഹരമായ വെള്ളവിരികള്‍. പുതപ്പ്, കഴിക്കാന്‍ ബിസ്‌കറ്റും, ചോക്ലേറ്റും വെള്ളവും. രാവിലെ പല്ലുതേക്കാന്‍ പേസ്റ്റും ബ്രഷും തുടയ്ക്കാന്‍ വെറ്റ് ടിഷ്യു. സാധാരണ ടിഷ്യു, ഷൂഹോണ്‍, തുടങ്ങിയ സര്‍വസന്നാഹങ്ങളും. അകത്ത് കയറി മൊത്തത്തിലൊന്നു പരിശോധിച്ചു. സംഗതി ഡബിളാ ഡബിള്‍. ഡബിള്‍ ഡക്കര്‍. മുകളില്‍ കയറി ചുറ്റിവന്നു താഴെ ബാത്റും പരിശോധിച്ചു. ഹെന്താ വൃത്തി. എല്ലാം കൊണ്ടും അടിപൊളി അനുഭവം. ബെര്‍ത്തിനു മുകളില്‍ കയറി കിടന്നു. ട്രെയിന്‍ കിറുകൃത്യമായി ഓടി തുടങ്ങി.

നേരത്തെ നേരംവെളുക്കും ഇവിടെ. ചില സമയങ്ങളില്‍ രാത്രി തന്നെ ഉണ്ടാവില്ല. ജൂണ്‍മാസത്തിലെ ആ ധവളനിശാ പ്രതിഭാസം അനുഭവിച്ചറിയാന്‍ വിനോദസഞ്ചാരികളെത്താറുണ്ട്. വെള്ള കീറിയപ്പോള്‍ പുറംകാഴ്ചകള്‍ കാണാന്‍ താഴോട്ടിറങ്ങി. കാടുകളും കുഞ്ഞുനദികളും പിന്നാക്കം ഓടുന്നു. ആളൊഴിഞ്ഞ് കിടക്കുന്ന ചില റെയില്‍വേ സ്റ്റേഷനുകളും. അതാ സെന്റ് പീറ്റേഴ്സ ബര്‍ഗ് എത്തിയ ലക്ഷണം. മോസ്‌കോയിലേതുപോലെ ഒരേ മട്ടിലുള്ള ബഹുനില കെട്ടിടങ്ങള്‍. പൗരാണികതയുടെ നിഴലാട്ടം പോലെയാണ് തോന്നിയത്. ബസ്സിനടുത്തേക്ക് ഏറെ നടക്കാനുണ്ടായിരുന്നു. പഴമയിലും, ആദ്യ കാഴ്ചയുടെ പുതുമ തുളുമ്പി നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്കിടയിലൂടെ ഡ്രൈവര്‍ നയിച്ചു. ഞങ്ങള്‍ വരിവരിയായി. ബസ്സ് നഗരവീഥികളിലൂടെ ഹോട്ടലിലേക്ക്.

കെട്ടിടങ്ങളുടെ ഏകതാനത കണ്ടപ്പോള്‍ എഴുത്തുകാരന്‍ എം.എ. ഷിനാസ് പണ്ട് പറഞ്ഞ റഷ്യന്‍ സിനിമാക്കഥയാണ് ഓര്‍മവന്നത്. മോസ്‌കോയില്‍ നിന്നും വോഡ്ക അടിച്ചു കിറുങ്ങിയ യുവാവ് സെന്റ് പീറ്റേഴ്സ് ബര്‍ഗിലെത്തുന്നു. മോസ്‌കോയിലെ സ്വന്തം വിലാസം പറഞ്ഞ് അയാള്‍ ടാക്സിയില്‍ കയറുന്നു. മോസ്‌കോയിലെ തെരുവുകളുടെ പേര് പോലെ സെന്റ് പീറ്റേഴ്സ് ബര്‍ഗിലുമുണ്ടെന്നതാണ് കൗതുകം. അങ്ങനെ ആ തെരുവിലെ ഡോര്‍നമ്പറില്‍ കിറുങ്ങിയ യുവാവിനേയും ഇറക്കി ടാക്സി ഡ്രൈവര്‍ പോയി. എങ്ങനെയെങ്കിലും വീട്ടിലൊന്നു കയറി വീണുകിടന്നൊന്നുറങ്ങിയാല്‍ മതിയെന്ന അവസ്ഥയിലായിരുന്നു നമ്മുടെ യുവാവ്. ഡോറില്‍ മുട്ടി. ഒരു യുവതി വന്ന് വാതില്‍ തുറന്നു. പാതി ബോധത്തില്‍ വേച്ചുപോയ കാലുകളോടെ യുവാവ് അകത്ത് കയറി സോഫയില്‍ വീണുകിടന്നുറങ്ങി. യുവതി അമ്പരന്നു. കള്ളനോ പിടിച്ചുപറിക്കാരനോ ആരാണിയാള്‍. അവള്‍ സാകൂതം നിരീക്ഷിച്ചപ്പോ വലിയ കുഴപ്പക്കാരനല്ലെന്നു തോന്നി. അവിടെ കിടക്കട്ടെയെന്നും വിചാരിച്ചു. പിറ്റേ ദിവസം കെട്ടിറങ്ങിയപ്പോഴാണ് യുവാവിന് അമളി മനസിലായത്. പക്ഷെ ഇതിനകം യുവതിക്ക് അയാളോട് പ്രണയം തോന്നിതുടങ്ങിയിരുന്നു.

ഇവിടെ സഞ്ചരിക്കുമ്പോള്‍ ഇങ്ങനെയൊരു സിനിമയുടെ ലോജിക്കിനെ പറ്റി നിങ്ങള്‍ക്ക് ഒരു സംശയവും ഉണ്ടാവില്ല. കട്ടായം. തീപ്പെട്ടികൂടുകള്‍ അടുക്കിവെച്ച പോലെയുള്ള കെട്ടിടങ്ങളുടെ ശൃംഖല റോഡരികില്‍. കോര്‍ണറില്‍ ഗോപുരത്തലകളും. റോഡിന് നല്ല വീതിയുണ്ട്. ഹോട്ടലിലെത്തി. കുളിച്ചു പുറത്തിറങ്ങി.

ഇവിടെയും ഗൈഡ് വരാന്‍ 11 മണിയാവും. അതുവരെ പരിസരമൊന്നു കണ്ടുവരാം. ഞങ്ങള്‍ താമസിക്കുന്ന ഹോളിഡേ ഇന്‍ ഹോട്ടലില്‍ നിന്നു നോക്കിയാല്‍ റോഡിനു നടുവില്‍ വലിയൊരു കവാടം കാണാം. യുദ്ധവിജയത്തിന്റെ ഓര്‍മകവാടമാണതും. മോസ്‌കോ ട്രൈയഫല്‍ ഗേറ്റ്. റസ്സോ ടര്‍ക്കിഷ് യുദ്ധ വിജയത്തിന്റെ ഓര്‍മ്മയ്ക്കായി പണിതത്. കരുത്തുറ്റ കാസ്റ്റ് അയേണ്‍ തൂണുകളില്‍ കവാടത്തിന് മുകളില്‍ പോരാളികളുടെ ശില്‍പ്പങ്ങളും. ചുറ്റിനടന്നു കണ്ടു. സ്റ്റാലിന്റെ ഭരണകാലത്ത് 1936- ല്‍ ഇത് പൊളിച്ചുമാറ്റിയിരുന്നു.

1941-ല്‍ നാസികള്‍ ലെനിന്‍ഗ്രാഡ് കീഴടക്കാന്‍ എത്തിയപ്പോള്‍ ടാങ്കുകളെ തടുത്ത് നിര്‍ത്താന്‍ ഈ കാസ്റ്റ് അയേണ്‍ തൂണുകള്‍ ഉപയോഗിച്ചു. യുദ്ധം ജയിക്കുകയും നഗരം പുനര്‍നിര്‍മ്മിക്കുകയും ചെയ്ത ശേഷം, 1958-60 കാലത്ത് ഗേറ്റ് പുനഃസ്ഥാപിച്ചു. മോസ്‌കോവിസ്‌കി വൊറോട്ട എന്ന മെട്രോ സ്റ്റേഷന്‍ അടുത്താണ്. അതുവരെ നടന്നു തിരിച്ചു. വഴിക്ക് പ്രാവുകള്‍ക്ക് ധാന്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന ഒരാള്‍ക്കൊപ്പം കൂടി.

ഹോട്ടലിലെത്തി. പ്രഭാത ഭക്ഷണം. ഇലക്കറികളും പഴങ്ങളും പച്ചക്കറികളും മാംസവും മീനും മുട്ടയും പോഷകസമ്പന്നമായ പ്രാതല്‍. വേവിക്കാതെ ഉപ്പിലിട്ട് വെച്ച സാല്‍മണ്‍ ഫിഷ് ടേസ്റ്റ് ചെയ്തു നോക്കി. കൊള്ളാം. ഗൈഡ് മരിയയും ബസ്സും വന്നു. പീറ്റര്‍ ഹോഫ്സ് എന്ന വേനല്‍ക്കാല കൊട്ടാരത്തിലേക്കാണ് യാത്ര. ബസ്സിറങ്ങിയിടത്ത് ഒരു പഴയകാല പള്ളി. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ പീറ്ററിന്റെയും പോളിന്റെയും കത്തീഡ്രല്‍. നവ-ബൈസന്റൈന്‍ ശൈലിയിലുള്ള ഈ കെട്ടിടം രണ്ടാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ പട ഭാഗികമായി നശിപ്പിച്ചിരുന്നു. പിന്നീട് അറ്റകുറ്റപണി നടത്തി നേരെയാക്കി. ഇപ്പോള്‍ വീണ്ടും മിനുക്കുപണികളിലാണ്. നീലാകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന മകുടങ്ങളും മേലെ വെണ്‍മേഘമകുടങ്ങളും ചേര്‍ന്നൊരുക്കുന്ന നിര്‍മിതിയുടെ സൗന്ദര്യം.

Also read: ജര്‍മനിയെ തോല്‍പ്പിക്കാന്‍ 2.70 കോടി ജനങ്ങളെ ബലികൊടുത്ത റഷ്യ; എല്ലാ യുദ്ധവും കടന്നുപോകും | യാത്രാവിവരണം - 1 

ജലധാര കൊട്ടാരം

റോഡ് മുറിച്ച് കടന്ന് പീറ്റര്‍ ഹോഫ്സിനു മുന്നിലെത്തി. ടിക്കറ്റെടുത്ത് പള്ളിമുറ്റത്തുകൂടെ താഴോട്ടിറങ്ങി. നൃത്തം ചെയ്യുന്ന ജലധാരകളും സ്വര്‍ണ്ണവര്‍ണ പ്രതിമകളും കൊണ്ട് അലങ്കൃതമായ പൂന്തോട്ടങ്ങള്‍. താഴെ തോട്ടവും മേലെ തോട്ടവും വിന്യാസ ഭംഗിയില്‍ വിലാസവതികളായി. ജലധാരകള്‍ മോട്ടോര്‍ പമ്പ് കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്. ഗുരുത്വാകര്‍ഷണത്തിന്റെ ബലത്തിലാണെന്നതാണ് പ്രത്യേകത. 255 വെങ്കല പ്രതിമകളും 64 ജലധാരകളും ഉണ്ട്. രണ്ട് ഉദ്യാനങ്ങള്‍ക്കിടയില്‍ പ്രധാന കൊട്ടാരവും. നീലാകാശവും വെയിലും ചേര്‍ന്നൊരുക്കുന്ന ദീപ്താന്തരീക്ഷം. മുന്നോട്ട് നടന്നു. കൈത്തോടിനു കുറുകെയുള്ള പാലത്തില്‍ കയറി നോക്കുമ്പോള്‍ കാഴ്ച വിശാലമാവും. ദൃശ്യഭംഗിക്ക് മിഴിവേറും.

മഹാനായ പീറ്റര്‍ ചക്രവര്‍ത്തിയുടെ കണ്‍ട്രി എസ്റ്റേറ്റായിരുന്നു ഇവിടം. 1717-ല്‍ ഇതൊരു രാജകീയ വസതിയായി മാറ്റി. ഫ്രാന്‍സിലെ ലൂയി പതിനാലാമന്റെ വെര്‍സെയില്‍സ് കൊട്ടാരത്തിന്റെ മാതൃകയിലായിരുന്നു നിര്‍മ്മാണം. റഷ്യയിലെയും യൂറോപ്പിലെയും വിദഗ്ധരായ വാസ്തുശില്പികളും കരകൗശല വിദഗ്ധരും പശ്ചാത്തല നിര്‍മാതാക്കളുമെല്ലാം ഒത്തൊരുമയോടെ തീര്‍ത്തതാണീ മനോഹരതീരം.

ജര്‍മ്മന്‍ അധിനിവേശത്തില്‍ ഇത് തകര്‍ത്തിരുന്നു. ജലധാരകള്‍ നശിപ്പിച്ചു. ഗ്രാന്‍ഡ് പാലസ് ഭാഗികമായി തകര്‍ത്തു. തീപിടിച്ച്് ഉള്‍ഭാഗങ്ങള്‍ നശിച്ചു. എന്നാല്‍ 1945 ല്‍ ആയിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെയും എഞ്ചിനീയര്‍മാരുടെയും കഠിനാധ്വാനത്താല്‍ പുനരുദ്ധരിച്ചു. യുദ്ധം തകര്‍ത്തെറിയുമ്പോഴും ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഉത്കടമനസും ഈ രാജ്യത്തിന്റെ സവിശേഷതയാണ്.

വര്‍ത്തമാനങ്ങളും കേട്ട് നടന്ന് ബാള്‍ട്ടിക്ക് സമുദ്രകരയിലെത്തി. നടന്നുകൊണ്ടിരിക്കെ ഒരു സംഘം സ്‌കൂള്‍ കുട്ടികളും അവരെ നയിക്കുന്ന അധ്യാപികമാരും. ഇന്ത്യക്കാരെ കണ്ടതുകൊണ്ടാവാം കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. ഞങ്ങളെ നോക്കി നമസ്തേ പറയാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. എല്ലാവരും ഒരേ ശബ്ദത്തില്‍ നമസ്തേ പറഞ്ഞു. ഗുഡ്മോണിങ് ടീച്ചര്‍ എന്നു കുട്ടികള്‍ ഒന്നിച്ചുച്ചത്തില്‍ പറയുന്ന ക്ലാസ് മുറിയിലെത്തിയ പ്രതീതി. ക്യാമറയില്‍ അവരുടെ ഭാവങ്ങള്‍ ഒപ്പിക്കൊണ്ടിരിക്കവെ കൂട്ടത്തിലൊരു പയ്യന്‍ കയ്യിലുണ്ടായിരുന്ന സ്നാക്‌സ് പാക്കറ്റ് നീട്ടി. ഞാനതിലൊരെണ്ണമെടുത്തു. അവന്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. സന്തോഷിക്കാന്‍ ഓരോരോ കാരണങ്ങള്‍. നിമിഷനേരം കൊണ്ട് പിരിഞ്ഞതാണെങ്കിലും ആ കുഞ്ഞ് രാജ്യാന്തര സൗഹൃദം മനസ് നിറച്ചു.

പാവങ്ങളുടെ പെരുന്തച്ചന്‍

അവിടെ നിന്നും നോക്കിയാല്‍ അകലെയായി സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ ഗഗനചുംബികള്‍ കാണാം. ഈ കടലില്‍ ഡാം കെട്ടി നടുവില്‍ പട്ടാളകേന്ദ്രം സ്ഥാപിച്ച കാര്യവും മരിയ പറഞ്ഞു. സ്വീഡനില്‍ നിന്നുള്ള ആക്രമണം തടഞ്ഞ പ്രതിരോധ കോട്ടയായിരുന്നു അത്. കടലോരവസതികളും കണ്ട് തിരികെ വരുമ്പോള്‍ ഒരിടം. അവിടെ ഉരുളന്‍കല്ലുകള്‍ നിരത്തിയിട്ടുണ്ട്. അത് കടക്കാനുള്ള ശ്രമത്തിലാണ് ഒരു സഞ്ചാരിസംഘം. എപ്പോഴാണ് എവിടെ നിന്നാണീ ഉരുളന്‍കല്ലുകള്‍ വെള്ളം തുപ്പുകയെന്നറിയില്ല. അപ്രതീക്ഷിതമായ വെള്ളം ചീറ്റലില്‍ നനയാതെ രക്ഷപ്പെടുന്നതിലാണ് ത്രില്‍. പെരുന്തച്ചന്റെ കഥ പോലെ വല്ല ഐതിഹ്യവും കാണുമോ? ഇല്ല, ഗുട്ടന്‍സ് പിടികിട്ടി. പിന്നിലൊരാള്‍ ഫോണും ചെവിയില്‍ വെച്ച് കാമുകിയോട് സംസാരിക്കും പോലെ കൂനിപിടിച്ചിരിപ്പുണ്ട്. അദ്ദേഹത്തിന്റെ കയ്യിലൊരു ലിവര്‍ ഉണ്ട്. ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ അതൊന്നു ഞെക്കും. ആളുകളെ കുളിപ്പിക്കും. അതാണ് ഈ കളിപ്പിക്കല്‍. പാവങ്ങളുടെ പെരുന്തച്ചന്‍.

തോട്ടത്തില്‍ വേറെയുമുണ്ടു കൗതുകങ്ങള്‍. പീറ്റര്‍ ചക്രവര്‍ത്തിയുടെ പ്രതിമ. പിന്നില്‍ ബൂട്ടിനു മുകളില്‍ കുറച്ച് ഭാഗം ശൂന്യമാണ്. അവിടേക്ക് റൂബിള്‍ നാണ്യങ്ങള്‍ എറിയുന്ന സഞ്ചാരികള്‍. കൃത്യമായി വീണാല്‍ നമ്മള്‍ ധനികനാവും എന്നാണ് വിശ്വാസം. ഏത് കമ്മ്യൂണിസ്റ്റ് രാജ്യമായാലും ലോകത്തിലെവിടെയും ഇത്തരം വിശ്വാസങ്ങള്‍ മനുഷ്യന്റെ കൂടപ്പിറപ്പാണ്. ശാസ്ത്ര സാങ്കേതികത എത്ര വളര്‍ന്നാലും സങ്കല്‍പലോകവും വിശ്വാസലോകവും മനുഷ്യന് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നു തോന്നുന്നു. ചന്ദ്രനിലും ബഹിരാകാശത്തും എത്തിയ മനുഷ്യന്‍ ഇപ്പോഴും ശനിദോഷത്തില്‍ വിശ്വസിക്കുന്നത് വെറുതെയല്ലല്ലോ. കമ്മ്യൂണിസം അതിന്റെ പ്രതാപകാലത്ത് മ്യൂസിയമാക്കി മാറ്റിയ പല പള്ളികളും തിരികെ ആരാധനയിലേക്ക് വന്നതിനും റഷ്യ സാക്ഷിയാണ്.

വിചാരങ്ങള്‍ക്കൊപ്പം നടന്ന് മേലെയെത്തി. കളിത്തീവണ്ടിപോലൊരെണ്ണം സഞ്ചാരികളെയും കൊണ്ട് കടന്നുപോയി. ഫോട്ടോഷൂട്ട് കഴിഞ്ഞ് അപ്പര്‍ഗാര്‍ഡനിലേക്ക് കയറി. വെട്ടിയൊരുക്കി ചന്തം ചാര്‍ത്തിയ മരങ്ങള്‍. ഇപ്പോള്‍ ഉണങ്ങിയ നിറത്തിലാണ്. അടുത്തമാസം വേറെ ലെവലാവും.ബഹുവര്‍ണപ്പൂക്കള്‍ അതിരിടുന്ന പച്ചപരവതാനികള്‍. ഹരിതഗുഹപോലെ വെട്ടിയൊരുക്കിയ വള്ളിച്ചെടികള്‍. അതിനുള്ളില്‍ ആടിപാടി കാല്‍പനിക മനസുകള്‍. കൃത്രിമ ബുദ്ധിയില്‍ ഒരു സങ്കല്‍പചിത്രം വരച്ചുനോക്കി.

റഷ്യയുടെ വെനീസ്

ഉച്ചയൂണും കഴിഞ്ഞ് നേരെ പോയത് വെനീസിലേക്കാണ്. റഷ്യയുടെ വെനീസ്. പണ്ട് കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ ജോലി ചെയ്ത കാലം ഓര്‍ത്തു. ആലപ്പുഴയെ അങ്ങനെ വിശേഷിപ്പിച്ചവരുടെ ചങ്കൂറ്റം സമ്മതിക്കണം. ഒറിജിനല്‍ വെനീസ് കണ്ടിട്ടില്ല. പക്ഷെ ഇത് കാണുമ്പോഴറിയാം ആലപ്പുഴയൊക്കെ നമ്മള്‍ എങ്ങനെയാണ് നശിപ്പിക്കുന്നതെന്ന്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കനാലുകളും നദികളും നിറഞ്ഞ നഗരഹൃദയത്തിലൂടെയുള്ള സഞ്ചാരം അലൗകിക സൗന്ദര്യത്തിലൂടെയാണ്. പൗരാണിക ഭംഗിയോടെ പാലങ്ങള്‍. ഒരേ അളവിലും കൃത്യതയിലും തീര്‍ത്തപോലെ കെട്ടിടങ്ങള്‍. പ്രകൃതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വാസ്തുശൈലി. വിളക്കുകാലുകള്‍ക്കെല്ലാം രാജഭരണകാലസ്പര്‍ശം. ബോട്ടില്‍ കയറി. അതില്‍ റഷ്യന്‍ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഒന്നും മനസിലാവാത്തതുകൊണ്ട് ഒരു വിഷയവുമില്ല. ചരിത്രമാവും പറയുന്നത്.

ബോട്ട് പുറപ്പെട്ടു. പാലം കടന്ന് കനാലുകളിലൂടെ നദിയിലേക്ക്. ഇരുകരകളിലും മനോഹരമായ രമ്യഹര്‍മ്മ്യങ്ങള്‍. ഒരു പ്ലാസ്റ്റിക് ബോട്ടില്‍ പോലും ഒഴുകി നടക്കുന്നില്ല. കൊതുകുകള്‍ മൂളുന്നില്ല. ദുര്‍ഗന്ധം വമിക്കുന്നില്ല. നീലനദിയില്‍ സുര്യവെളിച്ചം ചിതറി വീഴുന്നു. ഓളങ്ങള്‍ അതേറ്റുവാങ്ങി പടരുന്നു. കടന്നുപോവുന്ന ബോട്ടുകള്‍ തീര്‍ക്കുന്ന ഓളക്കുത്തില്‍ ചാഞ്ചാടിയൊഴുകുന്ന ബോട്ട്. കനാലിലുടെ നഗരം ചുറ്റി തിരിച്ചെത്തി. പാലത്തില്‍ 1824 ലെ വെള്ളപൊക്കത്തിന്റെ ലെവല്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നു. 99 ലെ വെള്ളപൊക്കം എന്നു നമ്മള്‍ പറയും പോലെ. അതുകഴിഞ്ഞ് 1924 ലെ വെള്ളപൊക്കത്തിന്റെ ലെവലും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതി വ്യതിയാനങ്ങളുടെ നൂറ്റാണ്ടുകള്‍.

അതാ അര്‍ധവൃത്താകൃതിയിലൊരു പള്ളി. കസാന്‍ കത്തീഡ്രല്‍. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ നെവ്സ്‌കി പ്രോസ്‌പെക്റ്റിലുള്ള റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെതാണ്. കത്തീഡ്രല്‍ ഓഫ് ഔവര്‍ ലേഡി ഓഫ് കസാന്‍ എന്നും അറിയപ്പെടുന്നു. റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മാതൃകയിലാണ് കെട്ടിടം. ആന്‍ഡ്രി വൊറോണിഖിന്‍ എന്ന വാസ്തുശില്പിയുടെ രൂപകല്‍പ്പന. 1812-ല്‍ നെപ്പോളിയന്‍ റഷ്യ ആക്രമിച്ചപ്പോള്‍ ഫീല്‍ഡ് മാര്‍ഷല്‍ പ്രിന്‍സ് മിഖായേല്‍ കുട്ടുസോവ് കസാന്‍ മാതാവിനോട് സഹായം അഭ്യര്‍ത്ഥിച്ചെന്ന് കഥ. യുദ്ധം വിജയിച്ചതോടെ പള്ളിയുടെ മാനം മാറി. റഷ്യക്കാര്‍ ഇതിനെ നെപ്പോളിയനെതിരായ വിജയ സ്മാരകമായും കണ്ടു. 1813ല്‍ കുട്ടുസോവിനെ കത്തീഡ്രലില്‍ അടക്കം ചെയ്തു. റഷ്യയുടെ മഹാകവി അലക്‌സാണ്ടര്‍ പുഷ്‌കിന്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് മുകളില്‍ കവിത കുറിച്ചു. പള്ളിയിലെ തിരുരൂപത്തെ മുത്താനായി നീണ്ട ക്യൂ. അകത്ത് സ്വര്‍ണ സുര്യന്‍. ശാന്തമായ അന്തരീക്ഷം.

പുറത്തിറങ്ങി പഴയൊരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി. ഉള്ളി വെള്ളുള്ളി പഴങ്ങള്‍,മാങ്ങാ, പിയര്‍ ആപ്പിള്‍ കോളിഫ്ളവര്‍ ചൈനീസ് കാബേജ് എല്ലാ നല്ല വൃത്തിയാക്കി വെച്ചിരിക്കുന്നു. മീന്‍ വെട്ടിയൊരുക്കി കണ്ണാടിക്കൂട്ടില്‍ കലാപരമായി അടുക്കിയിരിക്കുന്നു. കഴിക്കണ്ട അങ്ങനെ തന്നെ ഇരിക്കട്ടെയെന്ന് തോന്നും. മദ്യവും സുലഭമാണ്. വില ചോദിക്കാനോ പറയാനോ റഷ്യന്‍ ഭാഷയില്‍ സാധിക്കില്ലല്ലോ എന്നു വിചാരിച്ച് വിഷമിച്ചപ്പോഴാണ് കംപ്യൂട്ടറില്‍ നമുക്ക് കൂടെ കാണാന്‍ തക്കവണ്ണമാണ് ഡിസ്‌പ്ലേയെന്നു മനസിലായത്. കൊടുത്ത റൂബിള്‍. സാധനങ്ങളുടെ വില, ബാലന്‍സ് എല്ലാം അറിയാം. അതൊരു സൗകര്യമാണ്.

പുറത്ത് ഒരു പഴയകാല ബസ് കണ്ടു. രൂപം നിലനിര്‍ത്തി പുതിയ എഞ്ചിന്‍ ബലത്തില്‍ ഓടുന്ന ശകടം. നഗരത്തില്‍ പലയിടത്തും ഭിന്നശേഷിക്കാര്‍ക്ക് വണ്ടി പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യമുണ്ട്.

കുറ്റവും ശിക്ഷയും മെനഞ്ഞ ഡോസ്റ്റോവിസ്‌കിയുടെ വീടൊന്നു കാണണം. ഒരു സങ്കീര്‍ത്തനം പോലെ വായിച്ച് മനസില്‍ പതിഞ്ഞ ഒരു നഗരചിത്രമുണ്ട്. പ്രസാധകരുടെ കുടിലബുദ്ധിയില്‍ തളച്ചിടാന്‍ ശ്രമിച്ച പ്രതിഭയെ അന്നയുടെ ഇടപെടലുകൊണ്ട് മോചിപ്പിക്കട്ട നിമിഷം നമുക്കും ആശ്വാസത്തിന്റേതായിരുന്നല്ലോ. ഉന്‍മത്തമായ മനസില്‍ നിന്നും ഭ്രാന്തമായ ആവേഗങ്ങളോടെ തീര്‍ത്ത അക്ഷരശില്‍പങ്ങള്‍, അത് പിറന്ന തൂലിക. ഉന്‍മാദ സ്വപ്നങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാലുചുവരുകള്‍, ചൂതാട്ടം ആവേശിച്ച മനസുമായി അദ്ദേഹം അലഞ്ഞ തെരുവുകള്‍... ആ ഓര്‍മകളിലൂടൊന്നു സഞ്ചരിക്കണം. ഗൈഡിനോട് വിവരം പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ആ വഴിയും പോലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 80-ാം വാര്‍ഷികത്തിന്റെ റിഹേഴ്സലു തന്നെ കാരണം. ആ മോഹവും മടക്കിവെച്ചു. മോസ്‌കോവില്‍ ലെനിന്‍ മുസോളിയവും ഇതേ കാരണം കൊണ്ട് കാണാന്‍ പറ്റിയിരുന്നില്ല.

വീണ്ടും തെരുവിലൂടെ നടക്കാന്‍ തുടങ്ങി. വെള്ളനിറത്തില്‍ വലിയൊരു കെട്ടിടം. അത് ഗ്രന്ഥശാലയാണ്. റഷ്യന്‍ നാഷണല്‍ ലൈബ്രറി. സാഹിത്യം കൊണ്ടും സമ്പന്നമാണല്ലോ റഷ്യ. സമീപത്തെ തോട്ടത്തിലൂടെ നടന്നു. അവിടെയും തലയുയര്‍ത്തി നില്‍പ്പുണ്ടൊരു പ്രതിമ. കാതറിന്‍ ചക്രവര്‍ത്തിനിയുടെ പ്രതിമ. എതിര്‍വശത്ത് കോട്ടപോലെ കവാടം. അകത്ത് കെട്ടിടങ്ങള്‍. അടുത്തായി ബാലെ നടക്കുന്ന തിയേറ്റര്‍. ബാലെ കാണാന്‍ വല്ല ചാന്‍സുമുണ്ടോയെന്നു തിരക്കി. മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റെല്ലാം വിറ്റുപോയിരിക്കുകയാണ്. റഷ്യന്‍ ബാലെയും സര്‍ക്കസും ലോക പ്രശസ്തമാണല്ലോ.

ഓളങ്ങളില്‍ ചരിത്രസംഗീതം

നേവാ നദിയിലെ തുറമുഖത്തേക്കായിരുന്നു അടുത്ത യാത്ര. നദി ഓളങ്ങളാല്‍ ചരിത്രസംഗീതം ആലപിക്കുന്നുണ്ട്. ഭരണാധിപന്‍മാരെ മാസ്മരിക വിദ്യകള്‍ കൊണ്ട് നിയന്ത്രിച്ച, സ്ത്രീകളെ വശീകരിക്കാന്‍ മിടുക്കനായിരുന്ന റാസ്പുടിന്റെ ചോര വീണ നദിയാണിത്. പ്രവേശനകവാടത്തില്‍ രണ്ട് ലൈറ്റ് ഹൗസുകള്‍ ഉണ്ട്. 1810-ല്‍ റഷ്യന്‍ നാവിക വിജയങ്ങളുടെ സ്മരണയ്ക്കായി നിര്‍മ്മിച്ച 32 മീറ്റര്‍ ഉയരമുള്ള വിളക്കുമാടങ്ങള്‍. അതില്‍ പ്രധാന റഷ്യന്‍ നദികളായ നേവ, വോള്‍ഗ, ഡൈനപ്പര്‍, വോള്‍ഖോവ് എന്നിവയെ പ്രതിനിധീകരിക്കുന്ന നാല് വലിയ ശില്‍പങ്ങള്‍. ബോട്ടുകള്‍ സഞ്ചരിക്കുന്നു. പഴയ കാലത്ത് കപ്പലുകള്‍ പിടിച്ചുകെട്ടിയിരുന്ന സിംഹമുഖകൊളുത്തുകള്‍ കണ്ടു.

അമ്മമാര്‍ കുഞ്ഞുങ്ങളെ പെരാംപുലേറ്ററില്‍ ഏറ്റി തള്ളികൊണ്ടുപോവുന്ന കാഴ്ച എവിടെയും കാണാമായിരുന്നു. ഓമന നായ്ക്കളെ മാറോട് ചേര്‍ത്തും കുഞ്ഞുങ്ങളെ തള്ളുവണ്ടിയിലുമാണ് കൊണ്ടുപോവുന്നത്. തുറമുഖത്തില്‍ നിന്നും ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോഴുണ്ട് ഒരു കുഞ്ഞൂട്ടി തന്റെ അമ്മയെ അനുകരിച്ച് പാവക്കുട്ടിയെ തള്ളികൊണ്ടുപോവുന്നു. ഓമനത്വം തുളുമ്പുന്ന മുഖം. ഞങ്ങളെ കണ്ടപ്പോള്‍ ചെറിയ നാണം. കുനിഞ്ഞ് വര്‍ത്തമാനം പറയാന്‍ നോക്കിയപ്പോള്‍ അവളോടി അമ്മയുടെ ചാരത്തണഞ്ഞു. ക്യാമറകണ്ണുകള്‍ കൗതുകം പൂണ്ടടച്ചു. ഒരു ചിത്രനിമിഷം. കറുപ്പും വെളുപ്പുമണിഞ്ഞൊരു പേരറിയാ പക്ഷി നേവാനദിയില്‍ ഒഴുകി നടക്കുന്നു. ഒരു പക്ഷെ കക്ഷി നാട്ടിലുമെത്തുന്നുണ്ടാവാം. സൈബീരിയയില്‍ നിന്നുവരെ നാട്ടില്‍ ദേശാടനത്തെത്തുന്നവരാണിവര്‍. ചില്ലറക്കാരല്ല. ഇത്രടം വന്നിട്ട് നദിയെ ഒന്ന് തൊട്ടറിയാതെങ്ങെനാ. പോക്കറ്റില്‍ തിരുകിയ കൈയെടുത്ത് നേവയില്‍ നിന്ന് ഒരു കുമ്പിള്‍ വെള്ളമെടുത്തു. എല്ലാ പ്രതിരോധ കവചങ്ങളും താണ്ടിയെത്തിയ തണുപ്പ് അണ്ഡകടാഹം വരെയെത്തി. നാടിനായി ഒരുകിയൊഴുകുന്ന മഞ്ഞിന്റെയോര്‍മകളുമായി നേവ ശാന്തമായി ഒഴുകുകയാണ്.

ഗ്രിബോയ്ഡോവ് കനാല്‍ക്കരയിലെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയാണ് ചര്‍ച്ച് ഓഫ് ദി സേവ്യര്‍ ഓണ്‍ സ്പില്‍ഡ് ബ്ലഡ്. രക്തത്തിലെ രക്ഷകന്‍ എന്നും പറയാം. 1881 മാര്‍ച്ച് 13 ന് സാര്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ കൊല്ലപ്പെട്ട സ്ഥലത്താണ് ഈ പള്ളി. 1883 നും 1907 നും ഇടയിലാണ് നിര്‍മ്മിച്ചത്. റഷ്യന്‍ വിപ്ലവത്തിനുശേഷം കൊള്ളയടിക്കപ്പെട്ട പള്ളി രണ്ടാം ലോകമഹായുദ്ധസമയത്ത് ഭക്ഷ്യ സംഭരണശാലയായി. ഇപ്പോള്‍ പള്ളിയേക്കാള്‍ മ്യൂസിയമായി നിലകൊള്ളുന്നു. വര്‍ണമനോഹരമായ താഴികക്കുടങ്ങളും മൊസൈക് വര്‍ക്കുകളും കൊണ്ട് ചേതോഹരമാണീ നിര്‍മ്മിതി. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ മാരിന്‍സ്‌കി കൊട്ടാരമാണ് നഗരത്തിലെ നിയമസഭയുടെ ഇപ്പോഴത്തെ ആസ്ഥാനം. 1839 മുതല്‍ 1844 വരെ ചക്രവര്‍ത്തി നിക്കോളാസ് ഒന്നാമന്റെ മകളായ ഗ്രാന്‍ഡ് ഡച്ചസ് മരിയയ്ക്കായി രാജകീയ വസതിയായി നിര്‍മ്മിച്ച ഇത് പിന്നീട് ഭവന മന്ത്രാലയങ്ങള്‍, സ്റ്റേറ്റ് കൗണ്‍സില്‍ എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി പുനര്‍നിര്‍മ്മിച്ചു. സെന്റ് ഐസക്സ്‌ക്വയറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം നിയോക്ലാസിക്കല്‍ വാസ്തുവിദ്യയുടെ മാതൃകയാണ്. ഇതെല്ലാം ചുറ്റി നടന്നു കാണുമ്പോള്‍ നൂററാണ്ടുകള്‍ക്ക് മുമ്പേ ഇത്തരം നിര്‍മ്മിതികള്‍ കൊണ്ട് അലംകൃതമായ നഗരത്തിന്റെ പൗരാണികഭംഗി ഹൃദയം നിറയ്ക്കുന്നു.

ഗൈഡിന്റെ വായില്‍ നിന്നും ആവര്‍ത്തിച്ചു കേള്‍ക്കുന്ന പീറ്റര്‍ ദ ഗ്രേറ്റ് എന്ന പേരും മനസില്‍ നിറയും. പ്യോതര്‍ അലക്സെയേവിച്ച് റൊമാനോവ് ആണ് പീറ്റര്‍ ദ ഗ്രേറ്റ് എന്ന് ചരിത്രത്തില്‍ അടയാളപ്പെട്ട ഭരണാധികാരി. ആധുനികവത്കരണത്തിലൂടെ റഷ്യയെ റഷ്യന്‍ സാമ്രാജ്യമാക്കി മാറ്റിയ നയതന്ത്രശാലി. യൂറോപ്യന്‍ മാതൃകയില്‍ ശാസ്ത്രാധിഷ്ഠിതവും യുക്ത്യധിഷ്ടതവുമായ ഭരണസംവിധാനം കൊണ്ടുവന്ന ചക്രവര്‍ത്തി.

റഷ്യ യൂറോപ്പിലെ സുപ്രധാന ശക്തികളിലൊന്നായി മാറിയതും അദ്ദേഹത്തിന്റെ കാലത്താണ്. അടിമകളെ കൊണ്ട് കഠിനാധ്വാനം ചെയ്യിപ്പിച്ചും മറ്റും പടുത്തുയര്‍ത്തിയതാണീ സാമ്രാജ്യമെന്നു കൂടി ഓര്‍ക്കണം. 1762 മുതല്‍ 1796 വരെ ചക്രവര്‍ത്തിനിയായിരുന്ന കാതറിന്‍ ദ് ഗ്രേറ്റിന്റെ അപദാനങ്ങളും നഗരം നമ്മോട് പറയുന്നുണ്ട്. ആ ഭരണകാലത്താണ് റഷ്യ യൂറോപ്പിലെ വന്‍ശക്തിയായത്. റഷ്യന്‍ ചരിത്രത്തിലെ സുവര്‍ണകാലം. 1762-ല്‍ ഭര്‍ത്താവ് പീറ്റര്‍ മൂന്നാമനെ അട്ടിമറിച്ചായിരുന്നു കാതറിന്‍ അധികാരത്തിലേറിയത്.

പീറ്റര്‍ ആന്റ് പോള്‍ കോട്ടയിലേക്കായിരുന്നു പിന്നത്തെ യാത്ര. മ്യൂസിയമായി മാറിയ കോട്ട. ആകാശചുംബിയായ പള്ളിഗോപുരം. പഴയകാല ശിക്ഷാരീതികളും അടിമകളെ പൂട്ടിയിടുന്ന ലോക്കുമെല്ലാം ഓര്‍മ്മപ്പെടുത്തലുകളായി നിലകൊള്ളുന്നു. ആ ലോക്കില്‍ തല കടത്തി, കൈ കടത്തി ഫോട്ടോയ്ക്ക് പോസു ചെയ്്തു. ഇത്തിരി നേരമാണ് നിന്നതെങ്കിലും അതിന്റെ വിഷമം എത്രത്തോളമായിരിക്കുമെന്നത് പറഞ്ഞുതന്നു. ആയിരങ്ങള്‍ പീഡനമേറ്റ് കരഞ്ഞതിന്റെ ഓര്‍മകള്‍ നട്ടെല്ലിലൂടെ കടന്നുപോവും. അവരുടെ രക്തവും വിയര്‍പ്പും കൊണ്ട് പണിത നഗരത്തില്‍ ആ പേരുവിവരങ്ങള്‍ എവിടെയും കാണാനുണ്ടാവില്ല. ചരിത്രത്തില്‍ നിന്നേ നിഷ്‌കാസിതരായ മനുഷ്യര്‍. വിപ്ലത്തിന്റെ ഭൂമിയായി റഷ്യ മാറിയതും ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങളില്‍ നിന്നു തന്നെ.

പീരങ്കികളും യുദ്ധോപകരണങ്ങളുമായിരുന്നു മറ്റൊരിടത്ത്. അതെല്ലാം കൗതുകത്തോടെ നോക്കുന്ന ഒരു കൊച്ചുസുന്ദരന്‍. അതിനരികില്‍ അവനെ നിര്‍ത്തി ഫോട്ടോയെടുക്കുന്ന അമ്മ. ഗാസയില്‍ ഇതേ സമയം കുട്ടികള്‍ ഒരു നേരത്തെ ആഹാരത്തിന് ക്യൂ നില്‍ക്കുകയാണ്. അമ്മമാരുടെ വിലാപം ബോംബിങ്ങില്‍ മുങ്ങിപോവുന്നു. ഉക്രൈനില്‍ റഷ്യയുടെ ബോംബിങ്ങും തുടരുകയാണ്.

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കൊടുംവെള്ളപൊക്കത്തിന്റെ ഓര്‍മകളും ഇവിടെയുണ്ട്. നേവാകവാടത്തില്‍ അത് രേഖപ്പെടുത്തി വെച്ചിരിക്കുന്നു. റഷ്യന്‍ ഭാഷയിലാണ് ഫലകം. ഗൈഡ് വിവരിച്ചു തന്നതുകൊണ്ട് മാത്രം പിടികിട്ടി. 1824 നവംബര്‍ 7-ലെ വെള്ളപ്പൊക്ക നിരപ്പ് മുകളിലെ ഫലകത്തില്‍. 1777 സെപ്റ്റംബര്‍ 10-ലെ വെള്ളപ്പൊക്കം താഴത്തെ ഫലകത്തിലും രേഖപ്പെടുത്തിയിരിക്കുന്നു. നുറുകണത്തിന് ജീവജാലങ്ങളെയും മനുഷ്യരേയും തകര്‍ത്തെറിഞ്ഞ വെള്ളപൊക്കവും തുടര്‍ന്നുണ്ടായ കോളറയും ദുരിതങ്ങളും സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ കറുത്ത ദിനങ്ങളായിരുന്നു.

സെന്റ് ഐസക്ക് കത്തീഡ്രല്‍ കണ്ടു. അതിന് എതിര്‍വശത്തുള്ള സെന്റ് നിക്കോളാസ് പ്രതിമയും കാണേണ്ടതാണ്. 1859- ല്‍ ഫ്രഞ്ച് വാസ്തുശില്‍പി അഗസ്റ്റേ ദേ മോന്റ് ഫെറാന്റ് ആണ് രൂപകല്‍പ്പന ചെയ്തത്.പ്രതിമ ആറ് മീറ്റര്‍ ഉയരത്തിലാണ്. ഉണ്ടാക്കിയ കാലത്ത് വലിയ അത്ഭുതമായിരുന്നു. രണ്ടേ രണ്ട് സപ്പോര്‍ട്ട് പോയിന്റിലാണ് കുതിരയുടെ നില്‍പ്പെന്നതാണ് വിസ്മയം. കാലപഴക്കത്തില്‍ വന്ന കേടുപാടുകളെല്ലാം പിന്നീട് നന്നാക്കിയിട്ടുണ്ട്.

ഹെറിറ്റേജ് മ്യൂസിയമായിരുന്നു മറ്റൊരു അത്ഭുത കാഴ്ച. രാജഭരണകാലത്തെ സ്വര്‍ണ പ്രതാപം കണ്ണ് മഞ്ഞളിപ്പിക്കും. കാതറിന്‍ ദ ഗ്രേറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കൊണ്ടുവന്ന അപൂര്‍വശേഖരങ്ങള്‍ ചേര്‍ത്ത് വെച്ച് തുടങ്ങിയ മ്യൂസിയം. ആദ്യം പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നില്ല. പിന്നീടാണ് സന്ദര്‍ശകരെ അനുവദിച്ചത്. പീറ്റര്‍ ദ ഗ്രേറ്റ് തുടങ്ങിയ മറ്റൊരു മ്യൂസിയം കാണാന്‍ ആദ്യകാലത്ത് ആരും ഉണ്ടായിരുന്നില്ലത്രെ. കാണാന്‍ വരുന്നവര്‍ക്ക് വോഡ്ക സൗജന്യമായി കൊടുക്കും എന്ന ഓഫര്‍ വെച്ചാണ് ആളുകളെ ആകര്‍ഷിച്ചതെന്നും ഗൈഡ് പറയുന്നു. മദ്യം അന്നും ഇന്നും എന്നും ആളെ കയറ്റാന്‍ മിടുക്കന്‍ തന്നെ.

(തുടരും)