അഹമ്മദാബാദ്: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ജർമനി വഴിയുള്ള യാത്രകൾക്ക് വിസ രഹിത ട്രാൻസിറ്റ് സംവിധാനം ഒരുക്കുമെന്ന് ഉറപ്പുനൽകി ജർമൻ ചാൻസിലർ ഫ്രെഡ്രിക് മെർട്‌സ്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മെർസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പുനൽകിയിരിക്കുന്നത്. ഇതിനുപുറമെ, വ്യാപാരം, സെമി കണ്ടക്ടറുകളുടെ നിർമാണം, ക്രിട്ടിക്കൽ മിനറൽസ് എന്നീ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.

To advertise here,

ഇന്ത്യൻ പാസ്‌പോർട്ടുമായി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നയാളുകൾ ജർമനിയിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കിൽ പ്രത്യേകം ട്രാൻസിറ്റ് വിസയ്ക്ക് അപേക്ഷിക്കാതെ തന്നെ യാത്ര സാധ്യമാകുമെന്നതാണ് ഈ വിസ രഹിത ട്രാൻസിറ്റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിരോധ-വ്യാവസായിക മേഖലകളിലെയും ഉന്നത വിദ്യാഭ്യാസ മേഖലയിലെയും സഹകരണവും ടെലികോം മേഖലകളിലെ പങ്കാളിത്തവും ഉറപ്പാക്കുന്ന 19 കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവെച്ചു. ഇന്ത്യ-യൂറോപ്യൻ സ്വതന്ത്ര വ്യാപാര കരാർ വേഗത്തിലാക്കാനും ഇരുവരും ചേർന്ന് തീരുമാനിച്ചു. ഇന്ന് രാവിലെയാണ് ഫ്രെഡ്രിക് മെർസ് അഹമ്മദാബാദിൽ എത്തിയത്. ജർമൻ ചാൻസലർ എന്ന നിലയിൽ മെർട്‌സ് നടത്തുന്ന ആദ്യ ഏഷ്യ സന്ദർശനമാണിത്.

ഇന്ത്യയിലേയും ജർമനിയിലേയും ജനങ്ങൾക്കിടയിലുള്ള ബന്ധത്തെ കുറിച്ച് മെർസ് പ്രത്യേകം പരാമർശിച്ചു. ഇന്ത്യയിൽ നിന്നുള്ള നേഴ്‌സുമാർ, കെയർ ഗീവർമാർ, സ്‌കിൽഡ് വർക്കേഴ്‌സ് എന്നിവരുടെ ആവശ്യം ജർമനിയിൽ വർധിച്ച് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുനേതാക്കളും തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ മേഖലയിലേക്ക് മൂന്നുലക്ഷം ഇന്ത്യക്കാരെയും ഉന്നത വിദ്യാഭ്യാസത്തിനായി 60,000 ഇന്ത്യൻ വിദ്യാർഥികളെയും സ്വീകരിക്കാൻ ജർമനി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

വിദഗ്ധരായ ആളുകളുടെ സേവനം ഇരുരാജ്യങ്ങൾക്കും ഉറപ്പാക്കുന്നതിനായി കുടിയേറ്റവും നൈപുണ്യ വികസനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ഇന്ത്യ ആവിഷ്‌കരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള യുവപ്രതിഭകൾ ജർമനിയുടെ സമ്പദ്‌വ്യവസസ്ഥയ്ക്ക് പോലും കാര്യമായ സംഭാവന നൽകുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പദ്ധതികൾ ഈ മേഖലയിലെ സഹകരണത്തിന് കൂടുതൽ കരുത്ത് പകരുമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.