ന്യൂഡൽഹി: തിരുവനന്തപുരവും കോഴിക്കോടുമുൾപ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽക്കൂടി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനത്തിന് വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെർച്വലായി തുടക്കംകുറിക്കും. വേരിഫിക്കേഷൻ കഴിഞ്ഞ ഇന്ത്യക്കാർക്കും ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ഉള്ളവർക്കും വേഗത്തിൽ ക്ലിയറൻസ് നൽകുന്ന സംവിധാനമാണിത്. കൊച്ചിയിൽ കഴിഞ്ഞവർഷം നടപ്പാക്കിയിരുന്നു.

To advertise here,

തിരുവനന്തപുരത്തിനും കോഴിക്കോടിനും പുറമേ തിരുച്ചിറപ്പള്ളി, അമൃത്‍സർ, ലഖ്നൗ എന്നിവിടങ്ങളിലും ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ- ടിടിപി) നടപ്പാക്കും. 2024 ജൂലായിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംവിധാനം ആദ്യം തുടങ്ങിയത്. പിന്നീട് മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും കഴിഞ്ഞ സെപ്റ്റംബറിൽ നടപ്പാക്കി.

വിദേശയാത്രക്കാർക്ക് ഇ-ഗേറ്റ് വഴി അതിവേഗത്തിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. യുഎസിലെ ഗ്ലോബൽ എൻട്രി പ്രോഗ്രാമിന് സമാനമാണ് ഇന്ത്യയിൽ നടപ്പാക്കുന്ന എഫ്ടിഐ- ടിടിപി. ഇത് രാജ്യത്ത് 21 വിമാനത്താവളങ്ങളിൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്.