
കണ്ണൂര് സ്വദേശിയായ ഷാക്കിര് സാമൂഹിക മാധ്യമലോകത്ത് അറിയപ്പെടുന്നത് മല്ലു ട്രാവലര് എന്ന പേരിലാണ്. മല്ലു ട്രാവലര് എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള് അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചു വരികയായിരുന്നു. 2019 ഒക്ടോബര് 27-ന് കണ്ണൂരില് നിന്ന് തുടങ്ങിയ സോളോ ബൈക്ക് യാത്ര അഞ്ച് രാജ്യങ്ങളിലൂടെയാണ് കടന്നുപോയത്. അസര്ബൈജാനിലെത്തിയ അവസരത്തില് കൊറോണ ഭീതി കാരണം അദ്ദേഹത്തിന് യാത്ര നിര്ത്തി തിരിച്ച് വീട്ടിലേക്ക് പോരേണ്ടി വന്നിരിക്കുകയാണ്.
റഷ്യന് എംബസിയില് വിസയ്ക്ക് അപേക്ഷിക്കാനായി നില്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൊവ്വാഴ്ച രാത്രി പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയില് പറയുന്നു. കഴിഞ്ഞ വ്യാഴാഴ്ച അടച്ചശേഷം ചൊവ്വാഴ്ചയാണ് അവര് തുറന്നത്. എംബസിയില് പോയപ്പോള് വിസ തരാം പക്ഷേ പത്ത്-പതിനഞ്ച് ദിവസത്തിന് ശേഷമുള്ള തിയ്യതിയില് മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി തരൂ എന്നാണ് അവര് പറഞ്ഞത്. കൊറോണയാണ് അതിന് കാരണം. ജോര്ജിയന് വിസയും നിരസിക്കപ്പെട്ടു. ഇന്ത്യക്കാരെ അവര്ക്കിഷ്ടമല്ല എന്നതും അതിനൊരു കാരണമാണെന്നും അദ്ദേഹം പറയുന്നു.
നാലാം തിയ്യതിയില് വിമാനം കയറുന്ന ഷാക്കിര് അഞ്ചാം തിയ്യതി പുലര്ച്ചെ കണ്ണൂരിലെത്തും. ഇപ്പോള് അസര്ബൈജാനില് ഉള്ള ഷാക്കിര് അവിടെ നിന്ന് വൈകിട്ട് ഷാര്ജയിലേക്കും തുടര്ന്ന് ഷാര്ജിയില് നിന്നും കണ്ണൂരിലേക്കും വിമാനം കയറും. കൊറോണ ഏറ്റവും കൂടുതലുള്ള ഇറാന് വഴി എത്തിയതുകൊണ്ട് ഒരു മാസത്തേക്കെങ്കിലും മറ്റൊരു രാജ്യത്തേക്കും തനിക്ക് പോകാന് പറ്റില്ലെന്ന് അദ്ദേഹം വീഡിയോയില് പറയുന്നു.
"റഷ്യയിലെത്തി സോച്ചി വഴി തുര്ക്കിയില് പോകാമെന്നൊക്കെ വിചാരിച്ചിരുന്നു. വിസയൊക്കെ എടുത്തുവച്ചിരുന്നു. ഉക്രൈനില് പോകണമെന്ന് മനസിലുണ്ടായിരുന്നു. ഇറാനിലൂടെയാണ് വന്നതെന്നുള്ള കാര്യമാണ് പൊതുവായി എല്ലാവരും നോക്കുന്നത്. പിന്നെ പല രാജ്യങ്ങളിലും സാഹചര്യങ്ങള് മോശമായതുകൊണ്ടും ആരും അനുമതി തരുന്നില്ല. വിസ കിട്ടുമെങ്കില് പോകണമെന്ന് തന്നെയായിരുന്നു മനസില്. പക്ഷേ വിസ കിട്ടിയില്ല. ഇപ്പോള് യാത്രയ്ക്ക് ഉപയോഗിക്കുന്ന ബൈക്ക് അസര്ബൈജാനില്ത്തന്നെ വെച്ച് നാട്ടിലേക്ക് പോകാനാണ് പദ്ധതി. മൂന്ന് മാസം വരെ വാഹനം ഇവിടെ വയ്ക്കാം. പക്ഷേ അത്രയൊന്നും എടുക്കില്ല. തിരിച്ച് അസര്ബൈജാനില്ത്തന്നെ വരും.'' ഷാക്കിര് പറഞ്ഞു.
ഒരുപാട് പേര് വിളിച്ചു. യൂട്യൂബര് എന്നതിലുപരി ഒരു കുടുംബാംഗമായി കാണുന്നു എന്നതിന് തെളിവാണിത് എന്നും മല്ലു ട്രാവലര് കൂട്ടിച്ചേര്ത്തു.
Content Highlights: Corona Outbreak, Youtube Vlogger Mallu Traveler Stopped His World Tour in Bike
Published: 04 Mar 2020, 01:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented