ലോകമെമ്പാടുമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്ന ഇൻഫ്ലുവൻസർമാർക്കും ട്രാവൽ ബ്ലോഗർമാർക്കും ഒരു കുറവുമില്ല. എന്നാൽ ഇന്ത്യയ്ക്കകത്ത് അത്രയൊന്നും അറിയപ്പെടാത്ത മനോഹരമായ സ്ഥലങ്ങൾ തേടുകയാണെങ്കിൽ, ആനന്ദ് മഹീന്ദ്രയുടെ എക്സ് അക്കൗണ്ട് പിന്തുടരുന്നത് നല്ലതാണ്.
പരിചയസമ്പന്നരായ യാത്രക്കാർ പോലും ശ്രദ്ധിക്കാതെ പോയേക്കാവുന്ന, രാജ്യത്തിന്റെ അതിമനോഹരമായ സ്ഥലങ്ങൾ അദ്ദേഹം പതിവായി എടുത്തുകാണിക്കാറുണ്ട്.
ആനന്ദ് മഹീന്ദ്രയുടെ ഏറ്റവും പുതിയ ശ്രദ്ധാകേന്ദ്രം മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലെ ഒരു ചെറിയ ഗ്രാമമായ നോങ്‌ജ്രോങ് ആണ്. 'അക്ഷരാർഥത്തിൽ തല മേഘങ്ങളിൽ മുട്ടിനിൽക്കുന്ന' ഒരു സ്ഥലമെന്ന് വിശേഷിപ്പിച്ചുകൊണ്ട്, ലോകവും എന്തിന് പല ഇന്ത്യക്കാർ പോലും ഇത്തരം അസാധാരണമായ സ്ഥലങ്ങളെക്കുറിച്ച് എത്ര കുറച്ചാണ് അറിയുന്നത് എന്നതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു.
നോങ്‌ജ്രോങ്ങിന്റെ സ്വപ്നതുല്യമായ കാഴ്ചകൾ ഇതിനകം തന്നെ ഒരു യാത്ര പ്ലാൻ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിൽ, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.
മേഘാലയയിലെ ഒളിഞ്ഞിരിക്കുന്ന നിധി
സാധാരണ ടൂറിസ്റ്റ് പാതകളിൽനിന്ന് മാറി, മേഘാലയയിലെ ഈസ്റ്റ് ഖാസി കുന്നുകളിലെ മൗക്കിൻറ്യൂ തഹ്സിലിൽ 1094 മീറ്റർ ഉയരത്തിലാണ് നോങ്‌ജ്രോങ് സ്ഥിതിചെയ്യുന്നത്. ഏകദേശം 1440 പ്രദേശവാസികൾ മാത്രമുള്ള ഈ ഖാസി ഗ്രാമം ശക്തമായ ഒരു സാമൂഹിക ഭാവം നിലനിർത്തുന്നു. ഖാസിയും ഇംഗ്ലീഷുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ.
ഷില്ലോങ്ങിൽനിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന നോങ്‌ജ്രോങ്, മേഘാലയയിലെ അധികമാരും എത്തിച്ചേരാത്ത സ്ഥലങ്ങളിലൊന്നാണ്. പ്രഭാതത്തിൽ മേഘങ്ങളുടെ ഒഴുകുന്ന കടലായി മാറുന്ന ഇവിടുത്തെ താഴ്‌വരയാണ് പ്രധാന ആകർഷണം. ഇത് അവിശ്വസനീയമായ ഒരു സൂര്യോദയ കാഴ്ച സമ്മാനിക്കുന്നു.
നോങ്‌ജ്രോങ്ങിൽ കാണാനും ചെയ്യാനുമുള്ള കാര്യങ്ങൾ
1. നോങ്‌ജ്രോങ് വ്യൂ പോയിന്റ്
കുന്നിൻ മുകളിലെ വ്യൂപോയിന്റാണ് പ്രധാന ആകർഷണം. ചെറിയൊരു കാൽനടയാത്ര ഇവിടേക്ക് നടത്താം. താഴെ താഴ്‌വരയെ മേഘങ്ങൾ പുതപ്പിക്കുമ്പോൾ സൂര്യന്റെ ആദ്യകിരണങ്ങൾ കുന്നുകളെ പ്രകാശിപ്പിക്കുന്നത് വ്യൂപോയിന്റിലെത്തിയാൽ കാണാം. പച്ചപ്പിനിടയിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഉംങ്കോട്ട് നദി ഈ കാഴ്ചയ്ക്ക് കൂടുതൽ മനോഹാരിത നൽകുന്നു. ഇത് ഫോട്ടോഗ്രാഫർമാരുടെ ഇഷ്ട സ്ഥലമാക്കി ഇവിടം മാറ്റുന്നു. മികച്ച കാഴ്ചകൾക്കായി പുലർച്ചെ എത്തുന്നതാണ് നല്ലത്.
ഷില്ലോങ്ങിൽ നിന്നുള്ള മനോഹരമായ യാത്ര: ഏകദേശം രണ്ട് മണിക്കൂർ
പ്രവേശന ഫീസ്: ഒരാൾക്ക് 30 രൂപ
പാർക്കിങ്: 50 രൂപ ( ഇരുചക്രവാഹനങ്ങൾക്ക് 30 രൂപ)
2. നോങ്‌ജ്രോങ് വെള്ളച്ചാട്ടം
ഗ്രാമത്തിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ, ഇടതൂർന്ന വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് നോങ്‌ജ്രോങ്. ചെറിയൊരു ട്രെക്കിങ്ങിലൂടെ ഈ ശാന്തമായ സ്ഥലത്തെത്താം. മൺസൂൺ കാലത്ത് വെള്ളച്ചാട്ടം അതിന്റെ പൂർണ ശക്തിയിലായിരിക്കുമ്പോൾ ഇവിടം കൂടുതൽ സജീവമാകും.
3. ഉംങ്കോട്ട് നദിയിൽ കയാക്കിങ്
ഏകദേശം 10 കിലോമീറ്റർ അകലെ ഡൗക്കിക്ക് സമീപം ഉംങ്കോട്ട് നദി കയാക്കിങ്ങിനും റാഫ്റ്റിങ്ങിനും അവസരമൊരുക്കുന്നു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്നായി അറിയപ്പെടുന്ന ഇതിന്, ആവേശകരമായ കുത്തൊഴുക്കും ശാന്തമായ ഭാഗങ്ങളുമുണ്ട്. ഇത് സാഹസികരെയും നദിയിൽ സാവധാനത്തിൽ തുഴയാൻ ആഗ്രഹിക്കുന്നവരെയും ഒരുപോലെ ആകർഷിക്കുന്നു.
നോങ്‌ജ്രോങ്ങിൽ എവിടെ താമസിക്കാം
മിക്ക സന്ദർശകരും പ്രാദേശിക ഹോംസ്റ്റേകളാണ് തിരഞ്ഞെടുക്കുന്നത്. അവിടെ വീട്ടിലുണ്ടാക്കിയ ഖാസി ഭക്ഷണമാണ് വിളമ്പുന്നത്. ഇവിടെ താമസിക്കുന്നത് ഗ്രാമീണരുമായി ഇടപഴകാനും അവരുടെ ജീവിതരീതിയെക്കുറിച്ച് മനസ്സിലാക്കാനുമുള്ള ഒരവസരം കൂടിയാണ്.
നോങ്‌ജ്രോങ്ങിൽ എങ്ങനെ എത്തിച്ചേരാം
വിമാനമാർഗം: പ്രധാന ഇന്ത്യൻ നഗരങ്ങളുമായി നല്ല ബന്ധമുള്ള ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. ഇവിടെനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള നോങ്‌ജ്രോങ്ങിലേക്ക് ടാക്സിയിലോ ബസിലോ എത്തിച്ചേരാം.
ട്രെയിൻ മാർഗം: ഗുവാഹത്തി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ. അവിടെനിന്ന് ടാക്സികളും ബസുകളും ലഭ്യമാണ്.
ബസ് മാർഗം: ഗുവാഹത്തിയേയും ഷില്ലോങ്ങിനെയും ബന്ധിപ്പിച്ച് സർക്കാർ, സ്വകാര്യ ബസുകളുണ്ട്. ഷില്ലോങ്ങിൽനിന്ന് കാറിൽ ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ നോങ്‌ജ്രോങ്ങിൽ എത്താം. മൊത്തം യാത്രയ്ക്ക് ഏകദേശം നാല് മണിക്കൂർ എടുക്കും.
കാർ മാർഗം: ഒരു കാർ വാടകയ്‌ക്കെടുക്കുന്നത് ഏറ്റവും സൗകര്യപ്രദമായ മാർഗമാണ്. ഷില്ലോങ്ങിൽനിന്ന് നോങ്‌ജ്രോങ്ങിലേക്ക് രണ്ട് മണിക്കൂർ ദൂരമുണ്ട്. ഗുവാഹത്തിയിൽനിന്ന് 144 കിലോമീറ്റർ ദൂരമുള്ള ഈ യാത്രയ്ക്ക് ഏകദേശം അഞ്ച് മണിക്കൂറെടുക്കും.
നോങ്‌ജ്രോങ് സന്ദർശിക്കാൻ ഏറ്റവും നല്ല സമയം
ഒക്ടോബറിനും മേയ് മാസത്തിനും ഇടയിലാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയങ്ങളിൽ ആകാശം തെളിഞ്ഞതും പ്രഭാതങ്ങൾക്ക് നല്ല തണുപ്പും കാഴ്ചകൾ അതിമനോഹരവുമായിരിക്കും.
Content Highlights: Explore Nongjrong, a breathtaking village in Meghalaya, India. Witness stunning sunrise views, waterfalls, and kayaking. Plan your trip now!
Published: 23 Sept 2025, 07:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented