മൂന്നാർ: ദേവികുളത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കൈവശമുള്ള അഞ്ചേക്കർ റവന്യൂ ഭൂമിയിൽ ടൂറിസം പദ്ധതിക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനം. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിലും ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ സാന്നിധ്യത്തിലും ചേർന്ന ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിലാണ് തീരുമാനം. ഇവിടത്തെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വിധത്തിൽ കോൺഫറൻസ് ഹാളും ഗസ്റ്റ് ഹൗസും ഉൾപ്പെടെയുള്ള പദ്ധതി തയ്യാറാക്കാനാണ് തീരുമാനം.

To advertise here,

പൊതുമരാമത്ത് വകുപ്പ്, ഡിടിപിസി, ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് എന്നിവരുൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിച്ച് മാസ്റ്റർപ്ലാൻ തയാറാക്കും.ആയിരംപേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, വിഐപി ഹാൾ എന്നിവ നിർമിക്കാനാകുമോ എന്ന് പരിശോധിക്കും. കോൺഫറൻസ് ഹാൾ ആരംഭിക്കാനായാൽ മൂന്നാറിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ് പോലുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് യോഗം വിലയിരുത്തി.

വാഗമൺ അഡ്വഞ്ചർ പാർക്കിലെ രണ്ട് ശൗചാലയങ്ങളുടെയും മൂന്നാർ ടൗണിലെ ശൗചാലയ കെട്ടിടത്തിന്റെയും അറ്റകുറ്റപ്പണിക്കായുള്ള എസ്റ്റിമേറ്റിന് യോഗം അംഗീകാരം നൽകി. ഹിൽവ്യൂ പാർക്കിൽ പാർക്കിങ് ഏരിയാ വികസിപ്പിക്കുന്നതിന് 35 ലക്ഷംരൂപ വിനിയോഗിക്കുന്നതിനുള്ള എസ്റ്റിമേറ്റിനും അംഗീകാരം നൽകി.

ഡിടിപിസിയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിർമാണം പുരോഗമിക്കുന്ന രാമക്കൽമേട് ടൂറിസം കേന്ദ്രം അറ്റകുറ്റപ്പണികൾ, വാഗമൺ അഡ്വഞ്ചർ പാർക്ക്, വാച്ച് ടവർ പെയിന്റിങ്, പാർക്കിലെ യുജി കേബിൾ ജോലികൾ, പാഞ്ചാലിമേട് ടൂറിസംകേന്ദ്രം അറ്റകുറ്റപ്പണികൾ തുടങ്ങിയ ജോലികൾ അവസാനഘട്ടത്തിലാണെന്ന് യോഗത്തിൽ അറിയിച്ചു. ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി.വി. വർഗീസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.