
ലോകത്തിലെ മികച്ച വിമാനത്താവളങ്ങൾക്കുള്ള 2026-ലെ സ്കൈട്രാക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനത്താവളങ്ങളാണ് പട്ടികയിൽ മുൻനിര സ്ഥാനങ്ങൾ നിലനിർത്തുന്നത്. ഇതിൽ ഇന്ത്യക്ക് ആഘോഷിക്കാൻ വ്യക്തമായ ഒരു കാരണവുമുണ്ട്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (IGI) അന്താരാഷ്ട്ര തലത്തിൽ മുന്നേറി ലോകത്തിലെ ഏറ്റവും മികച്ച 30 വിമാനത്താവളങ്ങളിൽ ഇടം നേടിയിരിക്കുന്നു. 2026-ലെ ഫലങ്ങൾ അനുസരിച്ച്, ഇന്ദിരാഗാന്ധി വിമാനത്താവളം 2025-ലെ 32-ാം സ്ഥാനത്ത് നിന്ന് ഉയർന്ന് ആഗോളതലത്തിൽ 28-ാം സ്ഥാനത്തെത്തി. ഈ വർഷം നേട്ടം സ്വന്തമാക്കുന്ന ഒരേയൊരു ഇന്ത്യൻ വിമാനത്താവളമാണിത്.
ഡൽഹി വിമാനത്താവളം തുടർച്ചയായി എട്ടാം വർഷവും ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച വിമാനത്താവളം എന്ന പദവി നേടുകയും ഇന്ത്യയുടെ മുൻനിര അന്താരാഷ്ട്ര ഹബ് എന്ന നിലയിലുള്ള അതിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു. ലോകത്തിലെ മികച്ച 30-ൽ ഇടം നേടിയതിന് പുറമെ, പ്രധാന വിഭാഗങ്ങളിൽ IGI ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.
70 ദശലക്ഷത്തിൽ കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളിൽ ലോകത്ത് മൂന്നാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷം ഇത് എട്ടാം സ്ഥാനമായിരുന്നു. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച വിമാനത്താവള ജീവനക്കാർക്കുള്ള പട്ടികയിൽ ഇത് രണ്ടാം സ്ഥാനത്തും, ലോകത്തിലെ മികച്ച ലേഓവർ വിമാനത്താവളങ്ങളിൽ ഏഴാം സ്ഥാനത്തും എത്തി. തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങൾക്കിടയിൽ മെച്ചപ്പെട്ട കണക്റ്റിവിറ്റിയോടെ, ഡൽഹി വിമാനത്താവളം ഒരു പ്രധാന ആഗോള ട്രാൻസിറ്റ് പോയിന്റായി വളർന്നു കൊണ്ടിരിക്കുന്നു.
എന്തുകൊണ്ട് ഡൽഹി തിരഞ്ഞെടുക്കപ്പെട്ടു
ഏഴ് മാസത്തെ കാലയളവിൽ 100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ അഭിപ്രായങ്ങളാണ് സ്കൈട്രാക്സ് സർവേയിൽ ഉൾപ്പെടുത്തിയത്. സേവന നിലവാരം, ശുചിത്വം, യാത്രയുടെ എളുപ്പം, സൗകര്യങ്ങളും ഇരിപ്പിടങ്ങളും, ചെക്ക്-ഇൻ നടപടിക്രമങ്ങൾ, സുരക്ഷയും ഇമിഗ്രേഷൻ അനുഭവവും, ഡിജിറ്റൽ പ്രോസസ്സിങ്, ടെർമിനൽ ഡിസൈൻ, യാത്രാ സൗകര്യം എന്നീ മാനദണ്ഡങ്ങൾവെച്ചാണ് വിമാനത്താവളങ്ങളെ വിലയിരുത്തുന്നത്. ഇവയിലെല്ലാമുള്ള സ്ഥിരമായ നവീകരണമാണ് റാങ്കിങ്ങിൽ മുന്നേറാൻ ഡൽഹി വിമാനത്താവളത്തെ സഹായിച്ചത്.
സ്കൈട്രാക്സ് അനുസരിച്ച് 2026-ലെ ലോകത്തെ മികച്ച 10 വിമാനത്താവളങ്ങൾ
- സിങ്കപ്പുർ ചാങ്കി വിമാനത്താവളം
- ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (ദോഹ)
- ടോക്കിയോ ഹനേഡ വിമാനത്താവളം
- ഇൻഷിയോൺ അന്താരാഷ്ട്ര വിമാനത്താവളം (സിയോൾ)
- നാരിറ്റ അന്താരാഷ്ട്ര വിമാനത്താവളം (ടോക്കിയോ)
- പാരീസ് ചാൾസ് ഡി ഗൗൾ വിമാനത്താവളം
- ദുബായ് അന്താരാഷ്ട്ര വിമാനത്താവളം
- മ്യൂണിക്ക് വിമാനത്താവളം
- സൂറിച്ച് വിമാനത്താവളം
- ഇസ്താംബുൾ വിമാനത്താവളം
Content Highlights: Delhi Airport (IGI) ranked 28th globally in 2026 Skytrax Awards., Secured 3rd position globally for airports handling over 70 million passengers., Highlights significant improvements in passenger-centric design and efficiency., Hyderabad and Bengaluru airports also received prestigious regional accolades., Global rankings reflect improved passenger amenities and operational standards.
Published: 21 Mar 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented