'ദന' ചുഴലിക്കാറ്റ് വെള്ളിയാഴ്ച കര തൊടാനിരിക്കെ അതീവ ജാഗ്രതയിലാണ് പശ്ചിമ ബംഗാളും ഒഡീഷയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍. ബുധനാഴ്ച രാവിലെ ആറ് മണിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് അതിവേഗം കര ലക്ഷ്യമാക്കി നീങ്ങുകയാണ്. ദനയെ നേരിടാന്‍ സര്‍വ സന്നാഹങ്ങളുമൊരുക്കി കാത്തിരിക്കുകയാണ് സംസ്ഥാനങ്ങള്‍. ഇതിന്റെ ഭാഗമായി ട്രെയിനുകളുടേയും വിമാനങ്ങളുടേയും സമയം മാറ്റി നിശ്ചയിച്ചതിനാല്‍ യാത്രകളെ ബാധിക്കാനിടയുണ്ട്.

To advertise here,

ചുഴലിക്കാറ്റിന്റെ പാതയിലൂടെ കടന്നുപോകേണ്ട 350-ലേറെ ട്രെയിനുകളാണ് റെയില്‍വേ റദ്ദാക്കിയത്. കിഴക്കന്‍ തീരദേശ റെയില്‍വേയാണ് (ഈസ്റ്റ് കോസ്റ്റ് റെയില്‍വേ) ഇക്കാര്യം അറിയിച്ചത്. ട്രെയിനുകളുടെ പട്ടിക കിഴക്കന്‍ തീരദേശ റെയില്‍വേ എക്‌സില്‍ പങ്കുവെച്ചു. പല ട്രെയിനുകളുടേയും സര്‍വീസ് മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടുണ്ട്. ദക്ഷിണ റെയില്‍വേയും കിഴക്കന്‍ റെയില്‍വേയും ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. 

ഒഡീഷയിലേയും പശ്ചിമ പശ്ചിമബംഗാളിലേയും വിമാനത്താവളങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അപകടം പരമാവധി കുറയ്ക്കാനുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയറുകള്‍ നടപ്പാക്കിയതായി കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അതേസമയം വിമാനസര്‍വീസുകള്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല. സാഹചര്യം വിലയിരുത്തിയശേഷം ആവശ്യമാണെങ്കില്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്നും അധികൃതര്‍ പറഞ്ഞു. 

ഒഡീഷയിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളവും അതീവജാഗ്രതയിലാണ്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുകള്‍, നിര്‍ത്തിയിട്ട വിമാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് ചുഴലിക്കാറ്റ് ബാധിക്കില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.