കൊല്ലം: വലിയ പ്രതീക്ഷകളോടെ ചെങ്കോട്ട വഴി സർവീസ് തുടങ്ങിയ പോത്തന്നൂർ എക്സ്പ്രസ് തീവണ്ടി നിർത്തുന്നു. തെക്കൻകേരളത്തിൽനിന്ന് പളനി വഴി കോയമ്പത്തൂരിലേക്കുള്ള ഏക സർവീസാണ് പ്രഖ്യാപിച്ച ഉടൻതന്നെ നിർത്തുന്നത്. സ്പെഷ്യൽ സർവീസെന്ന നിലയിൽ ഈ മാസം മൂന്നിനു തുടങ്ങിയ തീവണ്ടി രണ്ട് സർവീസ് മാത്രമേ നടത്തിയുള്ളൂ. സാധാരണ ഇത്തരം സർവീസുകൾ നീട്ടുകയാണു പതിവ്. അല്പകാലം പ്രത്യേക തീവണ്ടിയായി ഓടിച്ച ശേഷം സ്ഥിരം സർവീസ് ആക്കുകയും ചെയ്യും. ഇത്തവണ രണ്ട്‌ സർവീസിൽ അവസാനിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലക്കാർക്ക് പ്രയോജനപ്പെടുന്ന സർവീസായിരുന്നു.

To advertise here,

ബുധനാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരം നോർത്തിൽ(കൊച്ചുവേളി)നിന്നു പുറപ്പെട്ട് വ്യാഴാഴ്ച പുലർച്ചെ 3.58-ന് പളനിയിലും 6.45-ന് പോത്തന്നൂരിലും എത്തിച്ചേരുന്ന സമയക്രമമായിരുന്നു. മീറ്റർ ഗേജ് ആയിരുന്ന സമയത്ത്, കൊല്ലം- പുനലൂർ-ചെങ്കോട്ട റെയിൽപ്പാതയിലൂടെയുണ്ടായിരുന്ന പളനി വഴിയുള്ള കോയമ്പത്തൂർ സർവീസിനു പകരമായാണ് യാത്രക്കാർ പുതിയ സർവീസിനെ കണ്ടത്. യാത്രക്കാർക്ക് ഉപയോഗപ്രദമല്ലാത്ത സമയക്രമമാണെന്നു പരാതിയുയർന്നിരുന്നു. വൈകുന്നേരങ്ങളിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് രാവിലെ പളനിയിലെത്തുന്ന രീതിയിൽ ക്രമീകരിച്ച് സർവീസ് തുടരണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം.

തെക്കൻകേരളത്തിൽനിന്ന് പളനിയിലേക്കു പോകാൻ ആകെ ലഭ്യമായ സർവീസ് അമൃത എക്സ്പ്രസ് മാത്രമാണ്. പാലക്കാട് വഴി ചുറ്റി പോകുന്ന ആ സർവീസിനെയാണ് യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്നത്. അമൃത രാമേശ്വരത്തേക്കു നീട്ടിയതിനുശേഷം ടിക്കറ്റ് ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. യാത്രക്കാരുടെ ഈ ദുരിതം പരിഹരിക്കാൻ തിരുവനന്തപുരം-പോത്തന്നൂർ എക്സ്പ്രസിനു സാധിക്കും. ഈ സർവീസ് തുടരണമെന്നുകാട്ടി ജനപ്രതിനിധികളും തീവണ്ടിയാത്രക്കാരുടെ സംഘടനകളും റെയിൽവേ അധികൃതരെ സമീപിച്ചിട്ടുണ്ട്.