മുംബൈ: ഡിജിറ്റൽ പേയ്‌മെന്റുകളിൽ സംഭവിക്കുന്ന ചെറിയ അശ്രദ്ധകൾ പോലും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഈ കാലത്ത്, അക്കൗണ്ടിൽ മാറിവന്ന വൻ തുക ഒരൊറ്റ രൂപ പോലും കുറയാതെ ഉടമയ്ക്ക് മടക്കിനൽകി മാതൃകയായിരിക്കുകയാണ് മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവർ. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിംഗ്ലീഷ് എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ശുഭം ഗുണെയാണ് തനിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. 

To advertise here,

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന സംഭവത്തിന്റെ സ്ക്രീൻഷോട്ടും ചേർത്താണ് പോസ്റ്റ്. ഒരു പ്രധാനപ്പെട്ട വിദേശ ക്ലയന്റുമായുള്ള മീറ്റിങ്ങിനായി അതിരാവിലെ ധൃതിയിൽ പോകുന്നതിനിടയിലാണ് ശുഭത്തിന് അബദ്ധം പറ്റിയത്. രാവിലെ ഏഴ് മണിക്ക് നിശ്ചയിച്ചിരുന്ന മീറ്റിങ്ങിന് വൈകുമെന്ന ഘട്ടത്തിൽ ഓട്ടോയിറങ്ങിയ അദ്ദേഹം ഗൂഗിൾ പേ വഴിയാണ് പണം നൽകിയത്. 156 രൂപയായിരുന്നു യഥാർത്ഥ ഓട്ടോ ചാർജ്. എന്നാൽ തിടുക്കത്തിൽ ടൈപ്പ് ചെയ്തപ്പോൾ 156 രൂപയ്ക്ക് പകരം 15,682 രൂപയായി മാറുകയായിരുന്നു. പണം അയച്ച ഉടൻ തന്നെ സ്ക്രീനിലേക്ക് പോലും നോക്കാതെ ശുഭം വേഗത്തിൽ മീറ്റിങ് നടക്കുന്ന കെട്ടിടത്തിലേക്ക് കയറിപ്പോയി. തുടർന്ന് സംഭവിച്ച കാര്യങ്ങളെ കുറിച്ചും ലിങ്ക്ഡിൻ പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. 

എന്നാൽ, ആ ബിസിനസ്സ് മീറ്റിങ് വിചാരിച്ചത്ര വിജയകരമായില്ല. വലിയൊരു അവസരം കൈവിട്ടുപോയെന്ന നിരാശയോടെയും സങ്കടത്തോടെയുമാണ് ശുഭം തിരികെ പുറത്തേക്ക് വന്നത്. എന്നാൽ കെട്ടിടത്തിന് പുറത്തെത്തിയ ശുഭത്തെ കാത്ത് ഓട്ടോ ഡ്രൈവറായ അൽത്താഫ് അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. അക്കൗണ്ടിലേക്ക് വന്ന വലിയ തുകയെക്കുറിച്ച് പറഞ്ഞ അൽത്താഫ്, പണം മുഴുവൻ ഉടൻ തന്നെ ശുഭത്തിന് തിരികെ ട്രാൻസ്ഫർ ചെയ്തു.

നന്ദിസൂചകമായി യഥാർത്ഥ ഓട്ടോ വാടകയായ 156 രൂപയെങ്കിലും കയ്യിൽ വെക്കണമെന്ന് ശുഭം നിർബന്ധിച്ചെങ്കിലും അൽത്താഫ് അത് വാങ്ങാൻ കൂട്ടാക്കിയില്ല. ശുഭത്തിന്റെ നിരാശ നിറഞ്ഞ മുഖം കണ്ട ഡ്രൈവർ ‘നമ്മൾ രണ്ടുപേരുടെയും ദിവസത്തിന്റെ തുടക്കമല്ലേ ..എന്ന് മാത്രമാണ് മറുപടി നൽകിയതെന്നും പോസ്റ്റിൽ പറയുന്നു. 

സംഭവം നടന്ന് ഏഴ് ദിവസങ്ങൾക്ക് ശേഷം, വിദേശ ക്ലയന്റ് ശുഭത്തെ വീണ്ടും ബന്ധപ്പെടുകയും ബിസിനസ്സ് കരാറുമായി മുന്നോട്ട് പോകാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തെന്നും കുറിപ്പിൽ പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൊന്ന് ശുഭപര്യവസാനത്തിലേക്ക് മാറിയപ്പോൾ, പ്രതിസന്ധി ഘട്ടത്തിൽ തന്നെ സഹായിച്ച അൽത്താഫിനോടുള്ള നന്ദിസൂചകമായി 500 രൂപ പിന്നീട് അയച്ചുവെന്നും പോസ്റ്റിൽ പറയുന്നു.