
വിമാനയാത്രയിലെ ഏറ്റവും അമ്പരപ്പിക്കുന്ന അതിജീവന കഥകളിൽ ഒന്നാണ് പറയാൻ പോകുന്നത്. 1982-ൽ ബ്രിട്ടീഷ് എയർവേസ് ഫ്ലൈറ്റ് 9-ന്റെ നാല് എൻജിനുകളും പറക്കലിനിടെ പ്രവർത്തനരഹിതമായി. എന്നാൽ ആർക്കും ഒരു പോറൽപോലും പറ്റാതെ സുരക്ഷിതമായി ആ വിമാനം ജക്കാർത്തയിൽ ലാൻഡ് ചെയ്തു. ഈ ബോയിങ് 747 വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്റ്റൻ എറിക് മൂഡി പിന്നീട് എക്കാലവും പൈലറ്റുമാർക്ക് മാതൃകയായി!
അന്ന് എന്താണ് ശരിക്കും സംഭവിച്ചത്? എൻജിനുകളെലെല്ലാം പ്രവർത്തിക്കാതെയായിട്ടും എങ്ങനെ യാത്രക്കാരെല്ലാം രക്ഷപ്പെട്ടു? എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുകയാണ് സൂപ്പർസ്റ്റാർ രാജ് എന്ന ഉപയോക്താവ്. വർഷങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം വീണ്ടും ഓർമയിൽ കൊണ്ടുവരികയാണ് അദ്ദേഹം.
‘1982 ജൂൺ 24-ന് രാത്രി ബ്രിട്ടീഷ് എയർവേസ് ഫ്ലൈറ്റ് 9, ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ 37,000 അടി ഉയരത്തിൽ 263 യാത്രക്കാരുമായി പറക്കുകയായിരുന്നു. അപ്പോഴാണ് ആ ബോയിങ് 747 വിമാനത്തിന്റെ നാല് എൻജിനുകളും രണ്ട് മിനിറ്റ് ഇടവേളയിൽ ഓരോന്നായി പ്രവർത്തനരഹിതമായത്. തുടർന്ന് ക്യാപ്റ്റൻ മൂഡി യാത്രക്കാർക്ക് ഒരു അറിയിപ്പ് നൽകി. വിമാനയാത്ര ചരിത്രത്തിൽ യാത്രക്കാർക്കായി നൽകിയ ഏറ്റവും മികച്ച അറിയിപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ വാക്കുൾ ഇങ്ങനെയായിരുന്നു:
ലേഡീസ് ആൻഡ് ജെൻഡിൽമൻ, നിങ്ങളുടെ ക്യാപ്റ്റനാണ് സംസാരിക്കുന്നത്. നമുക്കൊരു ചെറിയ പ്രശ്നമുണ്ട്. നാല് എൻജിനുകളും നിന്നുപോയിരിക്കുകയാണ്. അവ വീണ്ടും പ്രവർത്തിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. നിങ്ങൾ വലിയ കുഴപ്പത്തിലല്ല എന്ന് ഞാൻ വിശ്വസിക്കുന്നു.
ടേക്ക് ഓഫ് ചെയ്ത് ഏകദേശം 15 മിനിറ്റ് ഉയരത്തിൽ പറന്നതിനുശേഷം ജാവയിലെ പർവതങ്ങളിലേക്ക് വിമാനം താഴാൻ തുടങ്ങി. 12,000 അടിയിലെത്തുമ്പോഴേക്കും എൻജിനുകൾ വീണ്ടും പ്രവർത്തിച്ചില്ലെങ്കിൽ വിമാനം കടലിൽ വീഴുമെന്ന് മൂഡി ഉറപ്പിച്ചു. ഭാഗ്യമാണോ അത്ഭുതമെന്നോ അറിയില്ല. 13500 അടിയിലെത്തിയപ്പോൾ നാലാമത്തെ എൻജിൻ വീണ്ടും പ്രവർത്തിക്കാൻ തുടങ്ങി. മറ്റുള്ള എൻജിനുകളും പിന്നാലെ പ്രവർത്തിച്ചുത്തുടങ്ങി. പക്ഷെ അവയ്ക്കെല്ലാം കേടുപാടുകൾ സംഭവിച്ചിരുന്നു.
അതേസമയം, മൗണ്ട് ഗലുൻഗുങ് അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്നുള്ള അഗ്നിപർവത ചാരം കാരണം വിമാനത്തിന്റെ വിൻഡ്‌ഷീൽഡ് ഏതാണ്ട് മൂടിപ്പോയിരുന്നു. പൈലറ്റുമാർക്ക് പുറത്തുള്ളതൊന്നും കാണാൻ സാധിക്കാത്ത അവസ്ഥ. ചാര മേഘം കാരണം കാലാവസ്ഥാ റഡാറിൽ വിമാനം കണ്ടെത്താൻ സാധിക്കാതെയായി. എന്നാൽ, വിൻഡ്‌ഷീൽഡിന്റെ ഒരു ചെറിയ തെളിഞ്ഞ ഭാഗത്തിലൂടെ നോക്കി എറിക് മൂഡി ജക്കാർത്തയിൽ 747 സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർ എല്ലാവരും രക്ഷപ്പെട്ടു. വാണിജ്യ വിമാനങ്ങൾക്ക് ഉയരത്തിൽ അഗ്നിപർവത ചാരം നേരിടേണ്ടി വന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്’, പോസ്റ്റിൽ കൂട്ടിച്ചേർത്തു.
വിമാനയാത്രയെ എന്നെന്നേക്കുമായി ഈ സംഭവം മാറ്റിമറിച്ചു. പിന്നീട് ലോകമെമ്പാടുമുള്ള പൈലറ്റ് പരിശീലന മാനുവലുകളിൽ ഒരു സ്റ്റാൻഡേർഡ് കേസ് സ്റ്റഡി ആയി ഇത് മാറി. ക്യാപ്റ്റൻ മൂഡി പൈലറ്റുമാർക്ക് ഒരു മാതൃകയായി. 2024 മാർച്ച് 82-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
Content Highlights: Discover the incredible story of British Airways Flight 9, which lost all 4 engines over the Indian Ocean in 1982 and still landed safely. A true aviation miracle!
Published: 22 Feb 2026, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented