ബോളിവുഡിലെ ഏറെ ആരാധകരുള്ള 'പവര്‍ കപ്പിള്‍' ആണ് ബിപാഷ ബസുവും കരണ്‍സിങ് ഗ്രോവറും. രാജസ്ഥാനില്‍, തടാകങ്ങളുടെ നഗരമായ ഉദയ്പൂരില്‍ മകള്‍ ദേവിക്കൊപ്പം അവധി ആഘോഷിച്ചതിന്റെ വീഡിയോ താരങ്ങള്‍ ഈയിടെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

To advertise here,

ഭൂമിയിലെ സ്വര്‍ഗമെന്നാണ് ബിപാഷ, ഉദയ്പുറിനെ വിശേഷിപ്പിച്ചത്.മരങ്ങളോടും നീലാകാശത്തോടും സൂര്യനോടും പൂക്കളോടും പക്ഷികളോടുമെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് നടി വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്.

രാജസ്ഥാനി പാചകരീതികളും രസകരമായ വിനോദങ്ങളും പക്ഷിനിരീക്ഷണവും നീന്തലുമായി മകളോടൊപ്പം കളിക്കുന്ന വീഡിയോയും അവര്‍ പങ്കുവെച്ചിരുന്നു. 

ബിപാഷയെ മാത്രമല്ല, യാത്രപ്രേമികളില്‍ ഭൂരിഭാഗത്തെയും ആകര്‍ഷിക്കുന്ന സ്ഥലമാണ് ഉദയ്പുര്‍. അറിയാം ഉദയ്പുറിനെ അത്രമേല്‍ പ്രിയങ്കരമാക്കുന്ന സവിശേഷതകള്‍ 

1. സിറ്റി പാലസ് 

പിഛോല തടാകത്തിന്റെ കരയിലായാണ് ഉദയ്പുര്‍ സിറ്റി പാലസ് അഥവാ രാജ്മഹല്‍ സ്ഥിതിചെയ്യുന്നത്. നീണ്ട ഇടനാഴികളും വലിയ മുറ്റവും പുന്തോട്ടവും സഞ്ചാരികളുടെ മനംകവരും. മാര്‍ബിളും ഗ്രാനൈറ്റും ഉപയോഗിച്ചാണ് നിര്‍മാണം. വിവിധ ഭരണാധികാരികളുടെ കാലത്ത് നിര്‍മിച്ച 11 കൊട്ടാരങ്ങള്‍ ഇവിടെ കാണാം. പുരാതനമായ വാസ്തുവിദ്യകളും ചിത്രങ്ങളും പ്രധാന ആകര്‍ഷണങ്ങളാണ്.

2. പിഛോലയിലെ ബോട്ടിങ്

ശാന്തവും മനോഹരവും. പിഛോല തടാകത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. 1362-ലാണ് ഈ തടാകം നിര്‍മിച്ചത്. കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, സ്‌നാനസ്ഥലങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട തടാകമാണിത്. തടാകത്തിലൂടെ സൂര്യാസ്തമന സമയത്തുള്ള ബോട്ടിങ് സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭൂതി നല്‍കുമെന്നുറപ്പാണ്.

3. സജ്ജന്‍ഗഢ് വന്യജീവി സങ്കേതം

സജ്ജന്‍ഗഢ വന്യജീവി സങ്കേതമാണ് ഉദയ്പുരിലെ മറ്റൊരു ഡെസ്റ്റിനേഷന്‍. സസ്യജന്തുജാലങ്ങളാല്‍ അനുഗ്രഹീതമാണ് ഈ സ്ഥലം. വിവിധ ഉരഗജീവികള്‍, കഴുതപ്പുലികള്‍, കുറുനരികള്‍ എന്നിവയെല്ലാം ഈ വന്യജീവിസങ്കേതത്തിലുണ്ട്. ആരവല്ലി മലനിരകളിലൂടെയുള്ള സഫാരി ഹൃദ്യമായൊരു അനുഭവം പ്രദാനം ചെയ്യുന്നു.

4. കുംഭല്‍ഗഢ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ

കുമ്പല്‍ഗര്‍ കോട്ടയിലെ സൗണ്ട് ആന്‍ഡ് ലൈറ്റ് ഷോ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. എല്ലാ ദിവസവും വൈകുന്നേരമാണിത് നടക്കുക.

5. ഹാഥിപോല്‍ ബസാറിലെ ഷോപ്പിങ്

ഹാഥിപോല്‍ ബസാറിലെ ഷോപ്പിങ് ഒഴിച്ചുകൂടാനാവാത്തതാണ്. ഇവിടെനിന്ന് ലഭിക്കുന്ന കരകൗശല ഉല്‍പന്നങ്ങളും പെയിന്റിങ്ങുകളും ചിത്രങ്ങളുമെല്ലാം അതിമനോഹരമാണ്.

അഞ്ച് തടാകങ്ങളാണ് ഉദയ്പുരിന്റെ ജീവനും സൗന്ദര്യവുമായി കരുതപ്പെടുന്നത്. പിഛോല, ഫത്തേസാഗര്‍, രംഗ് സാഗര്‍, സ്വരൂപ് സാഗര്‍, ദൂധ് തലായി എന്നിവയാണ് ആ തടാകങ്ങള്‍. ഉദയ്പുരിന്റെ മഹത്തായ ചരിത്രവുമായി ഈ തടാകങ്ങള്‍ക്ക് വലിയ ബന്ധമുണ്ട്. മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള ഈ തടാകങ്ങള്‍ കാണാനായി മാത്രം നിരവധി സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്.