ഹിമാലയൻ രാജ്യമായ ഭൂട്ടാൻ, ഇന്ത്യൻ യാത്രക്കാർക്ക് അതിമനോഹരമായ ഭൂപ്രകൃതികളും ശാന്തമായ ആശ്രമങ്ങളും ഊർജ്ജസ്വലമായ സംസ്കാരവും വാഗ്ദാനം ചെയ്യുന്നു. ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോൾ, എൻട്രി പെർമിറ്റുകളും സസ്‌റ്റൈനബിൾ ഡെവലപ്‌മെന്റ് ഫീസും ഉൾപ്പെടെയുള്ള അവിടുത്തെ സവിശേഷമായ ടൂറിസം നിയമങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

To advertise here,

വിമാനമാർഗമോ കരമാർഗമോ ഭൂട്ടാനിൽ എങ്ങനെ എത്തിച്ചേരാം, താമസ സൗകര്യങ്ങൾ, ഏഴ് ദിവസത്തെ പ്ലാൻ എന്നിവയെക്കുറിച്ച് ഈ ലേഖനം നിങ്ങളെ സഹായിക്കും. കൂടാതെ, ശ്രദ്ധാപൂർവമായ യാത്രകൾക്കും ഉത്തരവാദിത്ത ടൂറിസത്തിനും ഇത് ഊന്നൽ നൽകുന്നു.

ഇന്ത്യൻ യാത്രക്കാർക്ക് ഒരിക്കലും മതിവരാത്ത, തീർച്ചയായും കണ്ടിരിക്കേണ്ട അയൽരാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ. അതിമനോഹരമായ ഭൂപ്രകൃതി, ശാന്തമായ ആശ്രമങ്ങൾ, സംസ്കാരം എന്നിവകൊണ്ട് ആരുടെയും ഹൃദയം കവരും.

നിങ്ങൾ പ്രകൃതിസൗന്ദര്യം തേടുകയാണെങ്കിലും ആത്മീയത ആഗ്രഹിക്കുകയാണെങ്കിലും അല്ലെങ്കിൽ ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽനിന്ന് ഒരു ഇടവേള ആഗ്രഹിക്കുകയാണെങ്കിലും ഭൂട്ടാൻ നിങ്ങളെ നിരാശപ്പെടുത്തില്ല.

ഇവിടേക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ അവിടുത്തെ സവിശേഷമായ ടൂറിസം നിയമങ്ങൾ കാരണം അല്പം തയ്യാറെടുപ്പ് നടത്തുന്നത് നല്ലതാണ്. വിസ മുതൽ ഒരു പ്രൊഫഷണലിനെപ്പോലെ അവിടെ കറങ്ങുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ലളിതമാക്കാൻ ഇതാ ഒരു സമ്പൂർണ ഗൈഡ് ഇതാ.

വിസ നേടുന്നത്

വിസ ആവശ്യമില്ല എന്നതാണ് ഇന്ത്യൻ യാത്രക്കാർക്കുള്ള സന്തോഷവാർത്ത. ഭൂട്ടാനിലേക്ക് കടക്കാൻ നിങ്ങൾക്ക് ഒരു എൻട്രി പെർമിറ്റ് മാത്രം മതി. എന്നാൽ മറ്റ് വിദേശ വിനോദസഞ്ചാരികൾക്ക് വിസ നിർബന്ധമാണ് (ബംഗ്ലാദേശ്, മാലദ്വീപ് പൗരന്മാർക്ക് ഒഴികെ, അവർക്ക് പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി ഉപയോഗിച്ച് പ്രവേശിക്കാം).

പാറോ അന്താരാഷ്ട്ര വിമാനത്താവളം അല്ലെങ്കിൽ ഫുട്ഷോലിങ് പോലുള്ള പ്രവേശന കവാടങ്ങളിൽനിന്ന് തന്നെ നിങ്ങൾക്ക് എൻട്രി പെർമിറ്റ് ലഭിക്കും. കൂടാതെ, ഒരു സസ്‌റ്റൈനബിൾ ഡെവലപ്‌മെന്റ് ഫീ (SDF) അടയ്‌ക്കേണ്ടതുണ്ടെന്ന കാര്യവും ശ്രദ്ധിക്കുക.

നിങ്ങൾ റോഡ് മാർഗം ഭൂട്ടാനിലേക്ക് പോകുന്ന ഒരു ഇന്ത്യക്കാരനാണെങ്കിൽ, പശ്ചിമ ബംഗാളിലെ ജയ്ഗാവിൽ നിന്നുള്ള അതിർത്തി കടന്നാലുടൻ ഫുട്ഷോലിങിലുള്ള റോയൽ ഗവൺമെന്റ് ഓഫ് ഭൂട്ടാന്റെ ഇമിഗ്രേഷൻ ഓഫീസിൽനിന്ന് എൻട്രി പെർമിറ്റ് നേടണം. വിമാനത്തിലാണോ വരുന്നത്? വിഷമിക്കേണ്ട. പാറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാധുവായ യാത്രാരേഖകളിലൊന്ന് കാണിച്ച് അവിടെനിന്ന് എൻട്രി പെർമിറ്റ് വാങ്ങാം.

ഒരു കാര്യം ശ്രദ്ധിക്കുക: ഈ പെർമിറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് തിംഫുവും പാറോയും മാത്രമേ സന്ദർശിക്കാൻ കഴിയൂ. നിങ്ങൾ ഭൂട്ടാനിലെ മറ്റ് രഹസ്യസൗന്ദര്യങ്ങൾ തേടി അപ്പുറത്തേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു റൂട്ട് പെർമിറ്റ് ആവശ്യമാണ്. ഇത് തിംഫുവിലെ RGoB ഇമിഗ്രേഷൻ ഓഫീസിൽനിന്ന് ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ മുതൽ വെള്ളി വരെ) ലഭിക്കും.

ഭൂട്ടാനിൽ എങ്ങനെ എത്തിച്ചേരാം

വിമാനമാർഗം: പാറോ അന്താരാഷ്ട്ര വിമാനത്താവളം (PBH) ആണ് ഭൂട്ടാനിലെ ഏക അന്താരാഷ്ട്ര വിമാനത്താവളം. ഡൽഹി, കൊൽക്കത്ത, ബാങ്കോക്ക്, സിങ്കപ്പുർ, കാഠ്മണ്ഡു തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ദിവസേന വിമാന സർവീസുകളുള്ളതിനാൽ വിമാനത്തിൽ ഇവിടെയെത്താൻ എളുപ്പമാണ്. ഡ്രൂക് എയർ, ഭൂട്ടാൻ എയർലൈൻസ് എന്നിവയാണ് ഇവിടേക്ക് സർവീസ് നടത്തുന്നത്. ചെറിയ വിമാനങ്ങളും ഹിമാലയത്തിന് മുകളിലൂടെയുള്ള മനോഹരമായ ലാൻഡിങ്ങുമാണ് ഇവയുടെ പ്രത്യേകത.

കരമാർഗം: ഇന്ത്യയിൽനിന്ന് പ്രവേശിക്കുകയാണെങ്കിൽ, ഫുട്ഷോലിങ്, ഗെലേഫു, സംദ്രുപ് ജോങ്ഖർ എന്നിവയാണ് പ്രധാന അതിർത്തി ക്രോസിങ്ങുകൾ. ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി ഉപയോഗിച്ച് പ്രവേശിക്കാം. മറ്റ് രാജ്യക്കാർ വിസ നിയമങ്ങൾ പാലിക്കണം. അതിർത്തി പട്ടണങ്ങളിൽനിന്ന്, യാത്രക്കാർ മുൻകൂട്ടി ക്രമീകരിച്ച ടൂർ വാഹനങ്ങളിൽ യാത്ര തുടരണം, കാരണം സ്വതന്ത്രമായ യാത്രയ്ക്ക് പരിമിതികളുണ്ട്.

താമസ സൗകര്യങ്ങൾ

ഭൂട്ടാനിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ ഒരു ഹോട്ടൽ കണ്ടെത്തുന്നത് ഒരു പ്രശ്‌നമാകില്ല. ഇവിടെ ഹോട്ടലുകൾ, റിസോർട്ടുകൾ, പരമ്പരാഗത ഗസ്റ്റ് ഹൗസുകൾ എന്നിവയുടെ ഒരു നിര തന്നെയുണ്ട്. ഇവ മിക്കവാറും ടൂർ ഓപ്പറേറ്റർമാർ വഴിയാണ് ക്രമീകരിക്കുന്നത്.

ആഡംബര സൗകര്യങ്ങൾ: പാറോയിലെ ഉമ ബൈ കോമോ അല്ലെങ്കിൽ വിവിധ സ്ഥലങ്ങളിലുള്ള അമാൻകോറ ലോഡ്ജുകൾ പോലുള്ള റിസോർട്ടുകൾ ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങളും താഴ്‌വരകളുടെ മനോഹരമായ കാഴ്ചകളും നൽകുന്നു.

ഇടത്തരം: തിംഫു, പാറോ, പുനാഖ എന്നിവിടങ്ങളിലെ ബോട്ടിക് ഹോട്ടലുകൾ ഭൂട്ടാനീസ് വാസ്തുവിദ്യയും ആധുനിക സൗകര്യങ്ങളും സമന്വയിപ്പിക്കുന്നു.

ബഡ്ജറ്റ്: പ്രാദേശിക ജീവിതരീതിയുടെ ഒരു സ്പർശം നൽകുന്ന ചെറിയ ഹോട്ടലുകളും ഗസ്റ്റ് ഹൗസുകളും ഉണ്ട്. അവ സാധാരണയായി ദൈനംദിന പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കും.

മിക്ക വിനോദസഞ്ചാരികളും സ്വന്തമായി താമസസൗകര്യം ബുക്ക് ചെയ്യാറില്ല. ടൂർ ഓപ്പറേറ്റർ നിശ്ചയിക്കുന്ന ദൈനംദിന പാക്കേജിൽ താമസസൗകര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കും.

ഏഴ് ദിവസത്തെ ഭൂട്ടാൻ യാത്ര

ഭൂട്ടാനിലെ പ്രധാന ആകർഷണങ്ങൾ ഒന്നും നഷ്ടപ്പെടുത്താതെ ആസ്വദിക്കാനുള്ള ഒരു യാത്രാ വിവരണം ഇതാ:

ദിവസം 1: പാറോ - പാറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോൾ പർവതങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യും. റിൻപുങ് സോങ് സന്ദർശിക്കുക. ചിത്രങ്ങൾ എടുക്കുക, പാറോ പട്ടണത്തിലൂടെ നടക്കുക. ഈ ഹിമാലയൻ അത്ഭുതഭൂമിയിലെ നിങ്ങളുടെ ആദ്യത്തെ രാത്രി ആസ്വദിക്കൂ.

ദിവസം 2: പാറോ – ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി (തക്ത്സാങ്) - ഹൈക്കിങ് ബൂട്ടുകൾ ധരിച്ച് ടൈഗേഴ്സ് നെസ്റ്റിലേക്ക് ട്രെക്ക് ചെയ്യുക. ഒരു മലഞ്ചെരുവിൽ അത്ഭുതകരമായി പറ്റിപ്പിടിച്ചിരിക്കുന്ന ഇത് ഫോട്ടോകളിലെ പോലെ തന്നെ നേരിൽ കാണാനും ഗംഭീരമാണ്. പാറോയിലേക്ക് മടങ്ങി ശാന്തമായ ഒരു സായാഹ്നം ആസ്വദിക്കൂ.

ദിവസം 3: പാറോ → തിംഫു - ഭൂട്ടാന്റെ ഊർജ്ജസ്വലമായ തലസ്ഥാനമായ തിംഫുവിലേക്ക് 1.5–2 മണിക്കൂർ ദൈർഘ്യമുള്ള മനോഹരമായ ഒരു യാത്ര. ബുദ്ധ ഡോർഡെന്മയുടെ സൗന്ദര്യം ആസ്വദിക്കുക. താഷിച്ചോ സോങ് സന്ദർശിക്കുക. മെമ്മോറിയൽ ചോർട്ടനിൽ ശാന്തത കണ്ടെത്തുക.

ദിവസം 4: തിംഫു - തിംഫുവിലെ മാർക്കറ്റുകളിലെ പ്രാദേശിക ജീവിതം അടുത്തറിയുക. ഫോക്ക് ഹെറിറ്റേജ് മ്യൂസിയം സന്ദർശിക്കുക. പരമ്പരാഗത കരകൗശല വസ്തുക്കൾ വാങ്ങുക. സാഹസികത ഇഷ്ടമാണോ? ശുദ്ധമായ മലങ്കാറ്റും മനോഹരമായ കാഴ്ചകളും ആസ്വദിക്കാൻ അടുത്തുള്ള കുന്നുകളിലേക്ക് ഒരു ഹൈക്കിങ്ങിന് പോകാം.

ദിവസം 5: തിംഫു → പുനാഖ- ഏകദേശം മൂന്ന് മണിക്കൂർ യാത്ര ചെയ്ത് പുനാഖയിലെത്താം. ദോചുല പാസിലൂടെ കടന്നുപോകുമ്പോൾ ഹിമാലയത്തിന്റെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാം. പുനാഖ സോങ് സന്ദർശിക്കുക. തൂക്കുപാലങ്ങൾ മുറിച്ചുകടക്കുക. ഫോട്ടോഗ്രാഫർമാർക്കും സാഹസികർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടും.

ദിവസം 6: പുനാഖ → ഗാങ്‌തേ- ഗാങ്‌തേ മൊണാസ്ട്രിയും ഫോബ്ജികാ താഴ്‌വരയും സന്ദർശിക്കുക. കറുത്ത കഴുത്തുള്ള കൊക്കുകളുടെ ശൈത്യകാല സങ്കേതമാണിത്. പുനാഖയിലോ ഗാങ്‌തേയിലോ രാത്രി തങ്ങി പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായ ഒരു സായാഹ്നം ആസ്വദിക്കാം.

ദിവസം 7: പുനാഖ / പാറോ - പാറോയിലേക്ക് മടങ്ങുക (ഏകദേശം 4-5 മണിക്കൂർ). പാറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതിന് മുൻപ് അവസാന നിമിഷത്തെ സുവനീറുകൾ വാങ്ങാനും ചിത്രങ്ങൾ എടുക്കാനും കുറച്ച് സമയം ചെലവഴിക്കുക. ഹിമാലയൻ മാന്ത്രികതയുടെ അവസാന കാഴ്ചയും ആസ്വദിച്ച് നിങ്ങളുടെ അടുത്ത സന്ദർശനം ആസൂത്രണം ചെയ്യാൻ തുടങ്ങുക.

ഈ യാത്രാ പദ്ധതിയിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്. നിങ്ങളുടെ ടൂർ പാക്കേജ്, സീസൺ, അല്ലെങ്കിൽ നിങ്ങൾക്ക് ട്രെക്കിങ്ങിലാണോ അതോ മറ്റ് ആഘോഷങ്ങളിലാണോ താൽപ്പര്യം എന്നതിനെ ആശ്രയിച്ച് ഇതിൽ മാറ്റങ്ങൾ വരുത്താം.

ഭൂട്ടാനിലെ യാത്ര

ഭൂട്ടാനിലെ പ്രാദേശിക യാത്രകൾ പ്രധാനമായും നിങ്ങളുടെ ടൂർ ഓപ്പറേറ്ററാണ് സംഘടിപ്പിക്കുന്നത്.സ്വകാര്യ വാഹനങ്ങൾ: മിക്ക ടൂറുകളിലും ഡ്രൈവറോടുകൂടിയ സ്വകാര്യ അല്ലെങ്കിൽ ഷെയർഡ് വാഹനങ്ങൾ ഉൾപ്പെടുന്നു. റോഡുകൾ മലനിരകളിലൂടെയാണെങ്കിലും പ്രധാന റൂട്ടുകളിൽ നന്നായി പരിപാലിക്കപ്പെടുന്നു.

ആഭ്യന്തര വിമാനങ്ങൾ: പാറോയിൽനിന്ന് ബുംതാങ്ങിലേക്കുള്ളതു പോലുള്ള ദീർഘദൂര യാത്രകൾക്ക് ആഭ്യന്തര വിമാന സർവീസുകൾ ലഭ്യമാണ്.ട്രെക്കിങ്ങും നടത്താം: പല പട്ടണങ്ങളും ആശ്രമങ്ങളും മനോഹരമായ സ്ഥലങ്ങളും ചെറിയ ഹൈക്കുകളിലൂടെയോ ട്രെക്കുകളിലൂടെയോ എത്തിച്ചേരാനാകും. പലപ്പോഴും നിങ്ങളുടെ ഗൈഡ് ഇതിന് നേതൃത്വം നൽകും.

പൊതുഗതാഗതം നിലവിലുണ്ടെങ്കിലും പരിമിതമാണ്. സുഗമമായ യാത്രയ്ക്കായി സഞ്ചാരികൾ സാധാരണയായി ടൂർ ക്രമീകരണങ്ങളെയാണ് ആശ്രയിക്കുന്നത്.

യാത്രയ്ക്കുള്ള നുറുങ്ങുകൾ

കാലാവസ്ഥ: സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വസന്തകാലവും (മാർച്ച്-മേയ്) ശരത്കാലവുമാണ് (സെപ്റ്റംബർ-നവംബർ). ശൈത്യകാലത്ത് തണുപ്പുണ്ടാകുമെങ്കിലും ഫോട്ടോഗ്രാഫിക്ക് അനുയോജ്യമായ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.

കറൻസി: ഭൂട്ടാനീസ് എൻഗുൾട്രം (BTN) ആണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ രൂപയും (INR) സ്വീകരിക്കും. പ്രധാന നഗരങ്ങൾക്ക് പുറത്ത് എടിഎമ്മുകൾ പരിമിതമാണ്.

കണക്റ്റിവിറ്റി: ഇന്റർനെറ്റ് ലഭ്യമാണ്. എന്നാൽ വിദൂര പ്രദേശങ്ങളിൽ വൈ-ഫൈ പരിമിതമായിരിക്കാം.

വസ്ത്രധാരണം: ആശ്രമങ്ങളിൽ മാന്യമായ വസ്ത്രധാരണം അഭികാമ്യമാണ്. ഹൈക്കിങ്ങിന് സൗകര്യപ്രദമായ ഷൂസ് അത്യാവശ്യമാണ്.

ഉത്തരവാദിത്ത ടൂറിസം: ഭൂട്ടാൻ പരിസ്ഥിതി സുസ്ഥിരതയ്ക്കും സാംസ്കാരിക ബഹുമാനത്തിനും ഊന്നൽ നൽകുന്നു. എല്ലായ്പ്പോഴും പ്രാദേശിക ആചാരങ്ങൾ പാലിക്കുക, മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കുക.

 

ഭൂട്ടാനിലേക്കുള്ള യാത്ര എന്നത് കേവലം കാഴ്ചകൾ കണ്ടുതീർക്കൽ മാത്രമല്ല. അത് നിങ്ങളുടെ ആത്മാവിന് പുനരുജ്ജീവനം നൽകുന്നതുപോലെയാണ്. ധ്യാനിക്കാൻ തോന്നിപ്പിക്കുന്ന ശാന്തമായ ആശ്രമങ്ങൾ മുതൽ അതിശയിപ്പിക്കുന്ന താഴ്‌വരകൾ വരെ, ഈ ഹിമാലയൻ രാജ്യം ശ്രദ്ധാപൂർവമായ സാഹസികതകൾക്ക് വേണ്ടിയുള്ളതാണ്.

ബുദ്ധിപൂർവം ആസൂത്രണം ചെയ്യുക, സുഗമമായ ഒരു യാത്രാ പ്ലാനുകൾ പിന്തുടരുക, അപ്പോൾ നിങ്ങൾക്ക് സുഖമമായി ഭൂട്ടാനിലൂടെ യാത്ര ചെയ്യാനും ഒരു തടസ്സവുമില്ലാതെ അതിന്റെ മാന്ത്രികത ആസ്വദിക്കാനും കഴിയും.