ന്യൂഡല്‍ഹി: സാങ്കേതിക തകരാർ കാരണം അടിയന്തരമായി തിരിച്ചിറക്കിയ ഹോങ് കോങ്ങ്-ഡൽഹി എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ ഓഡിയോ സന്ദേശം പുറത്ത്. ഇനിയും മുന്നോട്ട് പോകാൻ തങ്ങൾ ആ​ഗ്രഹിക്കുന്നില്ലെന്ന് പൈലറ്റ് പറയുന്നതായി അവകാശപ്പെടുന്ന ഓഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണമൊന്നും നിലവിൽ ലഭ്യമല്ല. എയർ ട്രാഫിക് കൺട്രോളറുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ആണ് പുറത്തുവന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

To advertise here,

'സാങ്കേതിക കാരണങ്ങളാൽ ഞങ്ങൾ ഹോങ് കോങ്ങിനോട് അടുത്ത് തന്നെ തുടരാൻ ആ​ഗ്രഹിക്കുന്നു. പ്രശ്നം പരിഹരിച്ചുകഴിഞ്ഞാൽ തിരികെ ഹോങ് കോങ്ങിൽ തന്നെ ലാൻഡ് ചെയ്തേക്കാം. കൂടുതൽ മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല', പൈലറ്റ് പറയുന്നതായി ഓഡിയോയിൽ കേൾക്കാം.

തിങ്കളാഴ്ച രാവിലെ ഹോങ് കോങ്ങില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനര്‍ സര്‍വീസ് നടത്തുന്ന എ1315 വിമാനമാണ് സാങ്കേതിക തകരാർ മൂലം അടിയന്തരമായി തിരിച്ചിറക്കിയത്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ തകരാര്‍ കണ്ടെത്തിയതോടെ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിച്ച് ഹോങ് കോങ്ങില്‍ത്തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു.

അതേസമയം, വിമാനത്തിന് സംഭവിച്ച സാങ്കേതികത്തകരാര്‍ എന്ത് എന്ന കാര്യത്തിൽ ഇതുവരെ എയര്‍ ഇന്ത്യ വ്യക്തതവരുത്തിയിട്ടില്ല. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആർക്കും അപകടമില്ലെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ എത്രയും വേഗം ഡൽഹിയിൽ എത്തിക്കുന്നതിന് ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർ ഇന്ത്യ അറിയിച്ചു.