തെസ്സലോനികി: ഗ്രീസിൽനിന്ന് ജർമനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപാളി തകർന്നുണ്ടായ അപകടത്തിൽ യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗ്രീസിലെ തെസ്സലോനികിയിൽനിന്ന് ജർമനിയിലെ മെമ്മിങ്ങനിലേക്ക് പറക്കുകയായിരുന്ന ബോയിങ് 737 വിമാനത്തിലാണ് സംഭവം നടന്നത്.

To advertise here,

നോർത്ത് മാസിഡോണിയയ്ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോൾ എൻജിനിൽനിന്നുള്ള ഒരു ലോഹഭാഗം ഇളകി വിമാനത്തിന്റെ ജനൽ പാളിയിൽ വന്നിടിക്കുകയും ജനൽ തകരുകയുമായിരുന്നു.

വിമാനത്തിന്റെ ജനൽ തകർന്നതിനെതുടർന്നുണ്ടായ മർദ വ്യതിയാനത്തിൽ സമീപത്ത് ഇരുന്ന 61-കാരനായ സെർബിയൻ സ്വദേശി ജനലിലൂടെ പകുതിയോളം പുറത്തേക്ക് തെറിച്ചു. എന്നാൽ, സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലും സമീപത്തുണ്ടായിരുന്ന യാത്രക്കാർ ഉടൻതന്നെ പിടിച്ചുവലിച്ച് അകത്തേക്ക് കയറ്റിയതിനാലും ദുരന്തം ഒഴിവായി. സംഭവത്തിനുമുൻപായി വലിയ ശബ്ദം കേട്ടിരുന്നുവെന്നും ഓക്സിജൻ മാസ്കുകൾ താഴേക്ക് വന്നുവെന്നും യാത്രിക്കാർ പറഞ്ഞു.

അപകടത്തെ തുടർന്ന് വിമാനം ഉടൻതന്നെ തിരിച്ച് തെസ്സലോനികിയിൽ ഇറക്കി. ഘർഷണം മൂലം ശരീരത്തിൽ പൊള്ളലേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ജർമനിയിൽ എത്തിച്ചതായി റയാൻഎയർ വക്താവ് വ്യക്തമാക്കി.