ഒറ്റക്ക് ഹണിമൂണ്‍ യാത്ര പുറപ്പെട്ട ഒരു കനേഡിയക്കാരി പെണ്‍കുട്ടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ഒറ്റക്കുള്ള യാത്രയുടെ കാരണമറിഞ്ഞതോടെയാണ് പെണ്‍കുട്ടി എല്ലാവരുടെയും പ്രിയപ്പെട്ടവളായി മാറിയത്. പ്രതിശ്രുത വരന്റെ പെട്ടെന്നുള്ള മരണം വല്ലാതെ തളര്‍ത്തിയതോടെയാണ് ലോറ മര്‍ഫി എന്ന കാനഡക്കാരി ഒറ്റക്കുള്ള ഹണിമൂണ്‍ യാത്രയ്ക്ക് പുറപ്പെട്ടത്. വിവാഹത്തിന് ഒരുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ലോറയുടെ കാമുകനായ ഡെവോണ്‍ ഒഗ്രാഡി (31) ഹൃദയാഘാതത്താല്‍ മരണപ്പെട്ടത്.
ഡെവോണിന്റെ അപ്രതീക്ഷിത മരണം ലോറയെ മുഴുവനായി തകര്‍ത്തുകളഞ്ഞു. ദിവസങ്ങളോളം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ നിന്ന ലോറ വിഷാദത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. കൈവിട്ടുപോകുന്ന ജീവിതം തിരികെപ്പിടിക്കണം എന്ന തീരുമാനത്തിലാണ് ലോറ നേരത്തെ ബുക്ക് ചെയ്ത ഇംഗ്ലണ്ടിലേക്കുള്ള ഹണിമൂണ്‍ യാത്ര പോകാന്‍ തീരുമാനിച്ചത്. ജീവിതത്തില്‍ ഇന്നേവരെ ഒറ്റക്ക് ദീര്‍ഘയാത്ര നടത്തിയിട്ടില്ലാത്ത ലോറയുടെ ഈ തീരുമാനം സുഹൃത്തുക്കളെ ആശങ്കപ്പെടുത്തിയെങ്കിലും എല്ലാവരും അവര്‍ക്ക് പിന്തുണ നല്‍കി. ഡെവോണിന്റെ കുടുംബാംഗങ്ങളും ഈ തീരുമാനത്തെ പ്രോത്സാഹിപ്പിച്ചത് ലോറയ്ക്ക് കരുത്ത് നല്‍കി. ജീവിതം ഇപ്പോഴും തനിക്ക് പ്രിയപ്പെട്ടതാണോ എന്ന് കണ്ടെത്തുകയായിരുന്നു ലോറയുടെ ലക്ഷ്യം.
ഈ വിവരങ്ങള്‍ ടിക്ക്‌ടോക്കിലൂടെ പങ്കുവെച്ചതാണ് ലോറയുടെ യാത്രയെ പ്രശസ്തമാക്കിയത്. നിരവധി പേര്‍ ലോറയെ അഭിനന്ദിച്ച് രംഗത്തെത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഖത്തില്‍ ജീവിച്ച് തീര്‍ക്കുന്നവര്‍ക്ക് ലോറ പ്രചോദനമാണെന്ന് പലരും കമന്റ് ചെയ്തു. വേദനകളില്ലാതാക്കാനും സ്വയം കണ്ടെത്താനും യാത്രകള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവാണ് പലരും ചൂണ്ടിക്കാണിച്ചത്. ലക്ഷണക്കണക്കിന് കാണികളെയാണ് ലോറയുടെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്.
ലോറയുടെ അക്കൗണ്ട് നിറയെ ഈ യാത്രയുടെ ദൃശ്യങ്ങളാണ്. ലണ്ടന് പുറമെ ഫ്രാന്‍സിലൂടെയും ലോറ യാത്രകള്‍ നടത്തി. താനൊരു സോളോ ട്രാവലറല്ലെങ്കിലും ഇപ്പോള്‍ തന്നെ വേട്ടയാടുന്ന വേദനകളെ ഇല്ലാതാക്കാന്‍ ഇതാണ് ഉചിതമെന്ന് തോന്നിയെന്നും ലോറ പറയുന്നു. മഹാനഗരങ്ങളിലെ സോളോ ഡിന്നറുകളിലും സംഗീതകച്ചേരികളിലും ഡെവോണ്‍ തന്റെ കൂടെയുള്ളതായും ലോറ കുറിച്ചു.
2021ലാണ് ലോറ ഡെവോണ്‍ ഒഗ്രാഡിയെ പരിചയപ്പെടുന്നത്. വൈകാതെ പ്രണയത്തിലായ ഇരുവരും ജൂണില്‍ വിവാഹിതരാവാനായിരുന്നു തീരുമാനം. വിവാഹ ശേഷം ആഗസ്റ്റ് മാസം ലണ്ടനിലേക്ക് ഹണിമൂണ്‍ യാത്ര പോവാനുള്ള ആശയം ഡെവോണിന്റേതായിരുന്നു. ഇതിനായുള്ള ബുക്കിങ്ങുകളും ചെയ്തിരുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ മെയ് മാസത്തിലാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം ഡെവോണിന്റെ ജീവനെടുക്കുന്നത്.
Content Highlights: woman becomes internet star by going on solo honeymoon after her life was shattered by sudden traged
Published: 23 Sept 2024, 02:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented