കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജലഗതാഗതത്തിനായി ബൃഹത്പദ്ധതി തയ്യാറാകുകയാണ്. ജലഗതാഗതത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഒരു കാലത്ത് ജലഗതാഗതത്തിന്റെ നാടായിരുന്നു ആലപ്പുഴ. ഇപ്പോഴും ഇതിന് സാധ്യതകളേറെ. എന്താണിപ്പോഴത്തെ സ്ഥിതി- ഒരന്വേഷണം.

കനാലുകളുടെ നഗരമാണ് ആലപ്പുഴ. ചെറുതും വലുതുമായി 150-ന് അടുത്ത് കനാലുകളാണു ജില്ലയിലുള്ളത്. കനാലുകള്‍ ഇടത്തോടുകളിലെത്തി പള്ളാത്തുരുത്തി ആറുമായും പുന്നമടക്കായലുമായും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഇവിടത്തെ ജലഗതാഗതം. എന്നാല്‍, ഈ കനാലുകള്‍ വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടുന്നില്ല. തണ്ണീര്‍മുക്കം ബണ്ട് വന്നതോടുകൂടിയാണ് ഇടത്തോടുകളിലെ നീരൊഴുക്കു കുറഞ്ഞതെന്നും ഇതു ഗതാഗതത്തെ സാരമായി ബാധിച്ചെന്നും പറയുന്നുണ്ട്.

To advertise here,

നഷ്ടമായ വസന്തകാലം

ഒരുകാലത്ത് എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലേക്കും വൈക്കം, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍ തുടങ്ങിയ ചെറുപട്ടണങ്ങളിലേക്കും കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളിലേക്കും ജലഗതാഗതത്തിലൂടെയാണു ചരക്കുകള്‍ എത്തിച്ചിരുന്നത്. വേണ്ടരീതിയില്‍ സംരക്ഷിക്കപ്പെടാതെ ഇവ മാലിന്യവാഹിയായ കനാലുകളായി മാറി. ഈ ജലപാതകളെ തെളിനീരുറവകളാക്കി യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കാന്‍ ഇപ്പോഴും സാധിക്കും.

placeholder
ഫോട്ടോ: സുധീര്‍ മോഹന്‍
ഫോട്ടോ: സുധീര്‍ മോഹന്‍

റോഡു ഗതാഗതത്തെക്കാള്‍ ചെലവു കുറഞ്ഞ രീതിയില്‍ ചരക്കുനീക്കത്തിനായി ബാര്‍ജ് സര്‍വീസുകള്‍ക്കുള്ള പദ്ധതി ആവിഷ്‌കരിച്ചാല്‍ സംരംഭകരും വ്യവസായികളും പദ്ധതി നടത്തിപ്പിനായി മുന്നിട്ടിറങ്ങുമെന്നു പറയുന്നവരുണ്ട്. ചരക്കുനീക്കം ജലമാര്‍ഗമാക്കിയാല്‍ത്തന്നെ നേട്ടം പലതാണ്. ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാം. ചരക്കു നീക്കത്തിനുള്ള ചെലവിനൊപ്പം അന്തരീക്ഷ മലിനീകരണവും ഗണ്യമായി കുറയും. മുന്‍പ് എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്കു പെട്രോളിയം ഉത്പന്നങ്ങള്‍ ജലമാര്‍ഗമായിരുന്നു എത്തിച്ചിരുന്നത്. ജില്ലയിലെ കായലുകളുടെയും പുഴകളുടെയും തീരങ്ങളില്‍ ഒട്ടേറെ പൊതുമേഖലാ വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ അസംസ്‌കൃത വസ്തുക്കളും ഉത്പന്നങ്ങളും ജലമാര്‍ഗമാക്കിയാല്‍ ചരക്കുഗതാഗതത്തില്‍ നേട്ടമാകും. പത്തു ലോറികളില്‍ കൊണ്ടുപോകേണ്ട ചരക്കുകള്‍ക്ക് ഒരുബാര്‍ജ് മതി. ഇന്നും ആലപ്പുഴ, ചങ്ങനാശ്ശേരി ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഫലപ്രദമായി നെല്ലു കൊണ്ടുപോകുന്നുണ്ട്.

പ്രശ്‌നം കനാലുകളുടെ ആഴമില്ലായ്മ

placeholder
alappuzha
ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് | ​​ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

റെയില്‍പ്പാത ഇരട്ടിപ്പിക്കലും ദേശീയപാതാ വികസനവുംപോലെതന്നെ പ്രാധാന്യം നല്‍കേണ്ടതാണ് ജലപാതയുടെ ആഴംകൂട്ടി സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനം. എല്ലാ ബജറ്റിലും ആഴംകൂട്ടലിനായി ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ എങ്ങും നടക്കുന്നില്ല. ആഴമില്ല എന്ന ഒറ്റക്കാരണത്താല്‍ ജലഗതാഗതവകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സര്‍വീസ് നിലച്ചിട്ടു മൂന്നുവര്‍ഷമായി. ദേശീയ ജലപാതയില്‍ മണ്ണടിഞ്ഞ് ആഴം കുറഞ്ഞതിനാല്‍ സര്‍വീസ് പുനരാരംഭിക്കാനും കഴിയുന്നില്ല. അഷ്ടമുടിക്കായല്‍, കായംകുളം കായല്‍, വേമ്പനാട്ടുകായല്‍ എന്നീ മൂന്നു കായലുകള്‍ കടന്നുവേണം ആലപ്പുഴയില്‍നിന്നു കൊല്ലത്ത് എത്താന്‍.

പാലങ്ങള്‍ ഉയര്‍ത്തണം

ആലപ്പുഴ-കൊച്ചി, ആലപ്പുഴ-കോട്ടയം ജലപാതകളിലെ പ്രധാന വെല്ലുവിളികളാണ് ഉയരം കുറഞ്ഞ പാലങ്ങള്‍. കായലുകളില്‍ സഞ്ചരിക്കുന്നതിനു ചീനവലകളും ചെറിയരീതിയില്‍ തടസ്സമാണ്. ബാര്‍ജുകള്‍ കടന്നുപോകാന്‍ കഴിയുന്നവിധത്തില്‍ പാലങ്ങള്‍ ഉയര്‍ത്തണം.

placeholder
alappuzha

ചരിത്രമിങ്ങനെ

ആലപ്പുഴയുടെ തുറമുഖ ചരിത്രത്തിന് 231 കൊല്ലത്തെ പഴക്കമുണ്ട്. വിദേശ വ്യാപാരങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ദിവാനായിരുന്ന രാജാകേശവദാസന്‍ 1792-ലാണ് ആലപ്പുഴ തുറമുഖം നിര്‍മിക്കുന്നത്. പള്ളാത്തുരുത്തി ആറിനെ ബന്ധിപ്പിച്ച് വാണിജ്യക്കനാല്‍ വെട്ടിയുണ്ടാക്കി. വെട്ടിയുണ്ടാക്കിയ വാടത്തോട് പുന്നമടയാറുമായും ബന്ധിപ്പിച്ചു. ജലഗതാഗതത്തിനു തടസ്സമുണ്ടാകാതിരിക്കാന്‍ ഈ രണ്ടു തോടുകളുമായി ബന്ധിപ്പിച്ച് മൂന്നു ഇടത്തോടുകള്‍കൂടി വെട്ടിയുണ്ടാക്കി.

വാണിജ്യ കനാലും വാടക്കനാലും തമ്മില്‍ ബന്ധിപ്പിക്കുന്ന പടിഞ്ഞാറേ ഇടത്തോടും വാണിജ്യക്കനാലില്‍നിന്ന് കുറെക്കൂടി തെക്കോട്ടുനീങ്ങി പടിഞ്ഞാറ് കടപ്പുറത്ത് അവസാനിക്കുന്ന ഉപ്പൂട്ടിക്കനാലും വെട്ടിയുണ്ടാക്കി.1861-ലെ വെള്ളപ്പൊക്കത്തില്‍ ഭക്ഷ്യധാന്യ ദൗര്‍ലഭ്യം അതിരൂക്ഷമായിരുന്ന സമയത്ത് ഏറ്റവുംകൂടുതല്‍ കപ്പലുകള്‍ വന്നതും ആലപ്പുഴ തുറമുഖത്തായിരുന്നു.

കടല്‍പ്പാലം നിര്‍മിച്ചതോടെ ചരക്കുകളുടെ കയറ്റിറക്കത്തിനായി പാലത്തില്‍ ക്രെയിനുകളും സ്ഥാപിച്ചു. ആദ്യം പാലം തടിയില്‍ നിര്‍മിച്ചെങ്കിലും പിന്നീട് ഇരുമ്പില്‍ പൂര്‍ത്തിയാക്കി. ആദ്യകാലത്തു ചരക്കുകള്‍ പാലത്തിലൂടെ ചുമന്നും ചെറുവള്ളങ്ങളിലുമാണു കരയിലെത്തിച്ചിരുന്നത്. കൊച്ചി തുറമുഖം വളര്‍ന്നതോടെ ആലപ്പുഴയിലേക്കു ചരക്കുകള്‍ എത്തുന്നതു കുറഞ്ഞു. 1979-നു ശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് ആലപ്പുഴ തുറമുഖത്തില്‍ ഒരു കപ്പലെത്തിയത്. അതും അവസാനത്തെ കപ്പല്‍.