ആലപ്പുഴ: വരുമാനവർധനയ്ക്കായി വിനോദസഞ്ചാരമേഖലയിൽ ചെറുബോട്ടുകളിറക്കാൻ ജലഗതാഗതവകുപ്പ് ഒരുങ്ങുന്നു. 20 പേർക്കുവരെ ഇരിക്കാവുന്ന ആധുനികസൗകര്യങ്ങളുള്ള സോളാർ ബോട്ടുകളാണു പ്രധാനം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാകും ഇവ ആദ്യമെത്തുക.
പുഴകളിലും തോടുകളിലും യാത്രചെയ്യാൻ പറ്റുന്ന ഇത്തരം ബോട്ടുകളുടെ നിർമാണത്തിനു നടപടി തുടങ്ങി. കുട്ടനാടൻകായൽസവാരിക്കായി 30 പേർക്കിരിക്കാവുന്ന ബോട്ടു നിർമിക്കാനും നടപടിയായി. കൊല്ലം മൺറോ തുരുത്തുപോലുള്ള കണ്ടൽക്കാടുകളിലേക്ക് വിനോദസഞ്ചാരികളെ എത്തിക്കാൻ ഔട്ട്‌ബോർഡ് എൻജിൻ പിടിപ്പിച്ച ബോട്ടുകളുമിറക്കും.
മലയോരങ്ങളിലുള്ളവർക്ക് കായൽവിനോദത്തിനായി വൈക്കത്തുനിന്ന് കാക്കത്തുരുത്തുവരെയുള്ള സഞ്ചാരവും ലക്ഷ്യമിടുന്നു. നാഷണൽ ജ്യോഗ്രാഫിക് ചാനലിന്റെ ലോക വിനോദസഞ്ചാരഭൂപടത്തിൽ ഇടംനേടിയ സ്ഥലമാണ് കാക്കത്തുരുത്ത്.
നിലവിൽ ടൂറിസ്റ്റുകൾക്കായി നടത്തുന്ന സർവീസുകൾ ലാഭകരമായതിനാലാണ് പുതിയ പദ്ധതികളേറ്റെടുക്കുന്നത്. ആലപ്പുഴയിലെ വേഗ ബോട്ട്, സീ കുട്ടനാട് ബോട്ട്, കൊല്ലം ജില്ലയിലെ സീ അഷ്ടമുടി, എറണാകുളത്ത് ഓടുന്ന സോളാർ ബോട്ട് ഇന്ദ്ര, കണ്ണൂർ പറശ്ശിനിക്കടവിലെ പാസഞ്ചർ കം ടൂറിസം ബോട്ട്, ആലപ്പുഴ മുഹമ്മയിലും പറശ്ശിനിക്കടവിലുമുള്ള വാട്ടർ ടാക്സി എന്നിവയാണ് വിനോദസഞ്ചാരമേഖലയിലെ ജലഗതാഗതവകുപ്പിന്റെ നിലവിലെ സർവീസുകൾ.
വിനോദം സാധാരണക്കാരിലേക്കും
വിനോദസഞ്ചാരത്തിൽ സാധാരണക്കാരെക്കൂടി ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ബോട്ടുകളിറക്കുന്നത്. പ്രാദേശിക സവിശേഷതകൾക്കു യോജിക്കുന്ന തരത്തിലുള്ള ബോട്ടുകളാകുമിവ- ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ഡയറക്ടർ
Content Highlights: water transport department planning to launch small boats
Published: 18 Nov 2024, 09:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented