ന്ത്യയൊട്ടാകെ യാത്ര ചെയ്യാമെന്ന് ഹരികൃഷ്ണൻ ഭാര്യ ലക്ഷ്മിയോട് പറഞ്ഞത് തായ്‌ലാൻഡിലെ മധുവിധു നാളുകളിലാണ്. കേട്ടപാടെ റെഡിയെന്ന് ലക്ഷ്മിയും. അങ്ങനെ ആദ്യത്തെ വ്‌ളോഗ് തായ്‌ലാൻഡിൽനിന്ന് തുടങ്ങി ഈ വ്ളോഗർ ദമ്പതിമാർ. യൂട്യൂബിൽ ഹിറ്റായ ടിൻപിൻ സ്റ്റോറീസ് ഉണ്ടായതങ്ങനെ. കഴിഞ്ഞ ഒക്ടോബറിലാണ് ഇവർ വീട്ടിൽനിന്നിറങ്ങിയത്. ഊണും ഉറക്കവുമെല്ലാം കാറിൽതന്നെ.

കാറിന്റെ പിൻസീറ്റ് കിടക്കയാക്കി. ഗ്യാസ് സ്റ്റൗ, ബക്കറ്റ്, ഒരു കിലോ അരി, പത്തുജോഡി വസ്ത്രങ്ങൾ എന്നിവ കൂടെക്കരുതി. പാചകം റോഡരികിൽ. രാത്രിഭക്ഷണം ഹോട്ടലുകളിൽ. പ്രാഥമികാവശ്യങ്ങൾക്ക് പെട്രോൾ പമ്പുകളെ ആശ്രയിക്കും. രാത്രി പമ്പിൽ കാർ നിർത്തിയിട്ട് ഉറങ്ങും.

രാജസ്ഥാനിലെ ജയ്പൂരിൽനിന്ന് ജയ്‌സാൽമീറിലേയ്ക്കുള്ള യാത്രയിലാണിവരിപ്പോൾ. അവിടെനിന്ന് ജമ്മു കാശ്മീരിലേയ്ക്കും ഉത്തർപ്രദേശിലും മധ്യപ്രദേശിലുമെല്ലാം കറങ്ങി നാട്ടിലേയ്ക്ക്. രണ്ടുമാസത്തേയ്ക്കാണ് പ്ലാൻ ചെയ്തതെങ്കിലും യാത്ര പൂർത്തിയാവാൻ രണ്ടുമാസം കൂടി വേണ്ടിവരും. യാത്രകളിൽ അനേകം നാട്ടുകാരുടെ സ്‌നേഹം നേടാനായെന്ന് ഹരികൃഷ്ണൻ പറയുന്നു. ഗോകർണത്ത് നീലക്കടൽ കാണാനായത് മറക്കാനാവാത്ത അനുഭവവുമായി.

ബെംഗളൂരുവിലെ ജോലി വേണ്ടെന്ന് വെച്ചാണ് ഹരികൃഷ്ണൻ നാട്ടിലെത്തിയത്. 2019 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. ഇരുവരുടെയും യാത്രാഭ്രമം അറിയുന്ന കുടുംബം ‘കട്ട സപ്പോർട്ട്’ ആണ് നൽകിയത്. അഞ്ചോ പത്തോ ദിവസമെടുത്ത യാത്രകളായിരുന്നു ആദ്യം. പിന്നീട് യാത്രകൾ ബൈക്കിലാക്കി. ഒരാൾ ക്ഷീണിച്ചാൽ മറ്റെയാൾ ഓടിക്കും.

തൃശ്ശൂർ കോലഴി കൃഷ്ണസരോജിൽ, പാലക്കാട് കേരള ബാങ്ക് ജനറൽ മാനേജർ പ്രീത കെ. മേനോന്റെയും പരേതനായ ജയപ്രകാശിന്റെയും മകനാണ് ജെ. ഹരികൃഷ്ണൻ. വടക്കാഞ്ചേരി പ്രണവത്തിൽ കെ.പി. രാധാകൃഷ്ണന്റെയും സതിയുടെയും മകളാണ് ലക്ഷ്മി.

Content Highlights: TinPin Stories, Malayali Youtube Vloggers, Couple Vloggers, Harikrishnan and Lakshmi