രു നൂറ്റാണ്ടു മുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചു പേരുമായി പോയ 'ടൈറ്റന്‍' ജലപേടകത്തിന്റെ യാത്ര ദുരന്തമായി അവസാനിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. 111 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഏപ്രില്‍ 15-ന് രാത്രിയിലാണ് ടൈറ്റാനിക് അറ്റ്‌ലാന്റിക്കിന്റെ ആഴങ്ങളിലേക്കു തകർന്നു പോയത്. ഏഴ് പതിറ്റാണ്ടാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും തേടി നാം സമുദ്രത്തിന്റെ ആഴങ്ങള്‍ അരിച്ചുപെറുക്കിയത്. ലോകത്തില്‍ നിലവിലുള്ള എല്ലാ സാങ്കേതിക വിദ്യകളുമുപയോഗിച്ചുള്ള തിരച്ചിലിലാണ് രണ്ട് വന്‍കരകള്‍ക്കിടയിലെ മഹാസമുദ്രത്തിനടിയിൽ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കേരളത്തിനുമുണ്ടായിരുന്നു ഒരു 'ടൈറ്റാനിക്ക്'. കേരളത്തിന്റെ സ്വന്തം കപ്പലായ എം.വി. കൈരളി. ജൂലൈ മൂന്നിന് എം.വി. കൈരളി കടലാഴങ്ങളിലേക്ക് മറഞ്ഞിട്ട് 44 വര്‍ഷം പിന്നിടുകയാണ്.  കേരളത്തിന്റെ സ്വന്തം കപ്പലും ക്യാപ്റ്റനും 50 ജീവനക്കാരും ആഴക്കടലില്‍ അപ്രത്യക്ഷരായി വർഷങ്ങൾ പിന്നിടുമ്പോഴും കേരളത്തിന്റെ സ്വന്തം കൈരളിക്ക്‌ എന്ത് സംഭവിച്ചുവെന്ന് സൂചന പോലുമില്ല. കേരളത്തിന്റെയല്ല, ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കപ്പല്‍ യാത്രയായിരുന്നു എം.വി. കൈരളിയുടേത്. ഒരു എണ്ണപ്പാടപോലും ബാക്കിവെക്കാതെയാണ് കൈരളി അറബിക്കടലില്‍ അപ്രത്യക്ഷമായത്.

To advertise here,
placeholder
ടൈറ്റാനിക്ക്‌ | Photo: AP

നോര്‍വെയില്‍ നിര്‍മ്മിച്ച സാഗ സോഡ് (Saga sword ) എന്ന കപ്പലാണ് പിന്നീട് എം.വി. കൈരളിയെന്ന കേരളത്തിന്റെ സ്വന്തം കപ്പലായത്. 1967-ല്‍ നീറ്റിലിറക്കിയ കപ്പല്‍ 1976 ഫെബ്രുവരി 14-ന് കേരള സ്റ്റേറ്റ് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ അന്നത്തെ പൊന്നുംവിലയായ 5.81 കോടി രൂപക്ക് വാങ്ങുകയായിരുന്നു. 1976 മുതല്‍ 1979 വരെ മൂന്ന് വര്‍ഷക്കാലം ചരക്കുകളുമായി കൈരളി ലോകത്തുടനീളം സഞ്ചരിച്ചു. 1979 ജൂണ്‍ 30-ന് മര്‍മ്മഗോവയില്‍നിന്ന് 20,538 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്‌റ്റോക്കിലേക്കായിരുന്നു കൈരളിയുടെ അവസാനത്തെ യാത്ര. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായ കപ്പലില്‍ 23 മലയാളികളുള്‍പ്പെടെ 51 പേരുണ്ടായിരുന്നു. പല കപ്പലുകളിലും പ്രവര്‍ത്തിച്ച് അനുഭവപരിചയവും വൈദഗ്ധ്യവും നേടിയ നാവികനായിരുന്നു ക്യാപ്റ്റന്‍ മരിയദാസ് ജോസഫ്. അറബിക്കടലിലെ തിരമാലകള്‍ക്ക് മുകളിലൂടെ എം.വി. കൈരളി മുന്നോട്ട് കുതിച്ചു. നാല് ദിവസംകൊണ്ട് യാത്ര പുറപ്പെട്ട മര്‍മ്മഗോവയില്‍ നിന്ന് 500 മൈലിലേറെ ദൂരം കപ്പല്‍ പിന്നിട്ടു.

കൈരളി കാണാനില്ല!

ജൂലായ് മൂന്നിന് രാത്രി എട്ട് മണിക്ക് ശേഷം കപ്പലില്‍നിന്ന് റേഡിയോ സന്ദേശങ്ങളൊന്നും ലഭിക്കാതെയായി. എന്‍ജിന്‍ മുറിയില്‍ ഒരു ബോയ്‌ലര്‍ ഫീഡ് പൈപ്പ് പൊട്ടിപ്പോയെന്നും താത്ക്കാലികമായി റിപ്പയര്‍ ചെയ്‌തെന്നുമാണ് ക്യാപ്റ്റന്‍ മരിയദാസ് ജോസഫ് കപ്പലില്‍നിന്ന് അയച്ച അവസാന സന്ദേശം. യാത്രക്കിടെ ജൂലൈ എട്ടിന് ആഫ്രിക്കന്‍ തീരമായ ജിബൂത്തിയില്‍ നിന്നായിരുന്നു കൈരളിയില്‍ ഇന്ധനം നിറക്കേണ്ടിയിരുന്നത്. ജൂലൈ പതിനൊന്നായിട്ടും കൈരളി തങ്ങളുടെ തീരത്തെത്തിയിട്ടില്ലെന്ന് ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതോടെയാണ് കപ്പല്‍ മുങ്ങിയതായി കേരള ഷിപ്പിങ് കോര്‍പ്പറേഷന്‍ തിരിച്ചറിയുന്നത്. ജൂലൈ 15-ന് കേരളത്തിലെ പത്രങ്ങളില്‍ എം.വി കൈരളിയെ കാണാനില്ലെന്ന വാര്‍ത്തകള്‍ നിറഞ്ഞു.

മലയാളക്കര ഇളകിമറിഞ്ഞു. അന്വേഷണങ്ങളും ചോദ്യങ്ങളുമായി ജീവനക്കാരുടെ ബന്ധുക്കള്‍ ഷിപ്പിങ് കോര്‍പ്പറേഷനെ സമീപിച്ചു. കാര്യമായ മറുപടികളൊന്നും ഷിപ്പിങ് കോര്‍പ്പറേഷന് നല്‍കാനുണ്ടായിരുന്നില്ല. സൂപ്പര്‍സോണിക്ക് വിമാനങ്ങളും യുദ്ധകപ്പലുകളുമുപയോഗിച്ച് തിരച്ചില്‍ പുരോഗമിക്കുകയാണ്.. വിവരങ്ങളൊന്നും കിട്ടിയില്ല... പ്രതീക്ഷയോടെ കാത്തിരിക്കുക... ഇത് മാത്രമായിരുന്നു ഷിപ്പിങ് കോര്‍പ്പറേഷന് പറയാനുണ്ടായിരുന്നത്. എന്നാല്‍, കപ്പല്‍ അപ്രത്യക്ഷമായി പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചിൽ ആരംഭിച്ചതെന്നതുള്‍പ്പടെയുള്ള ആരോപണങ്ങളുയര്‍ന്നു. സന്ദേശങ്ങള്‍ ലഭിക്കാതിരുന്ന ഉടന്‍ അന്വേഷണം ആരംഭിച്ചിരുന്നുവെങ്കില്‍ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്താന്‍ പറ്റുമായിരുന്നുവെന്നും കോര്‍പ്പറേഷന്റെ അനാസ്ഥയാണ് അന്വേഷണം വൈകിച്ചതെന്നും ജീവനക്കാരുടെ ബന്ധുക്കളും മാധ്യമങ്ങളും ആരോപിച്ചു. ദിവസങ്ങളോളം തിരഞ്ഞിട്ടും കപ്പലിനെയോ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. യെമനിലെ സെക്കോത്ര ദ്വീപിന് സമീപത്ത് കൂടി കൈരളിയോട് സാമ്യമുള്ള ഒരു കപ്പല്‍ പോകുന്നത് കണ്ടു എന്ന വിവരം മാത്രമായിരുന്നു ആകെ ലഭിച്ച തുമ്പ്. ആ വഴിയിലുള്ള അന്വേഷണങ്ങളും എങ്ങുമെത്തിയില്ല.

കൈരളി മുങ്ങിയിട്ടില്ലെന്ന് ജോര്‍ജ് ഡാനിയല്‍

പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള കപ്പലിലെ ജീവനക്കാരുടെ ബന്ധുക്കളുടെ വിലാപങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആരുമുണ്ടായില്ല. സമ്മർദ്ദങ്ങള്‍ക്കൊടുവില്‍ അന്വേഷണങ്ങള്‍ക്കായി ഒരു കമ്മറ്റിയെ നിയോഗിക്കാന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ തയ്യാറായി. കൊച്ചിയിലെ മര്‍ക്കന്റയില്‍ മറൈന്‍ ഡിപ്പാര്‍ട്ടുമെന്റിലെ സര്‍വേയര്‍ ഇന്‍ ചാര്‍ജ് കെ.ആര്‍. ലക്ഷ്മണ അയ്യരും പ്രൊഫസര്‍ ബാബു ജോസഫുമായിരുന്നു അന്വേഷണ സമിതി അംഗങ്ങള്‍. കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് ചരക്കുകള്‍ സ്ഥാനം തെറ്റി കപ്പല്‍ തകര്‍ന്ന് മുങ്ങിയിരിക്കാമെന്നും കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തിരിക്കാമെന്നുമെല്ലാമുള്ള നിഗമനങ്ങളിലായിരുന്നു സമിതിയെത്തിയത്. കപ്പലുമായി ബന്ധം നഷ്ടപ്പെട്ടയുടന്‍ തന്നെ അന്വേഷണം ആരംഭിക്കാതിരുന്ന ഷിപ്പിങ് കോര്‍പ്പറേഷനെതിരെ റിപ്പോര്‍ട്ടില്‍ പരമാര്‍ശങ്ങളുണ്ടായിരുന്നു. കപ്പലിന്റെ റഡാര്‍ കേടായിരുന്നെന്നും യാത്ര മാറ്റിവെക്കണമെന്ന് ക്യാപ്റ്റന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നും എന്നാല്‍, ഷിപ്പിങ് കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്നുതന്നെ യാത്ര പുറപ്പെട്ടതെന്നും വാര്‍ത്തകള്‍ പുറത്തുവന്നു.

ഇതിനിടയിലാണ് കപ്പല്‍ കണ്ടെത്തിക്കൊടുക്കാമെന്ന വാഗ്ദാനവുമായി കുവൈത്ത് ആസ്ഥാനമായുള്ള 'പാന്‍ അറബ് ഷിപ്പിങ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടിങ് കോര്‍പ്പറേഷ'ന്റെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് ഡാനിയല്‍ രംഗത്തെത്തുന്നത്. കപ്പല്‍ മുങ്ങിയിട്ടില്ലെന്നും തന്റെ കമ്പനി കണ്ടുപിടിച്ചു തരാമെന്നുമായിരുന്നു ജോര്‍ജ് ഡാനിയലിന്റെ വാഗ്ദാനം. കണ്ടുപിടിച്ചുതന്നാല്‍ മാത്രം 2.8 ലക്ഷം പ്രതിഫലം തരണമെന്നും ജോര്‍ജ് ഡാനിയല്‍ ഷിപ്പിങ് കോര്‍പ്പറേഷന് സന്ദേശമച്ചു. പഴയ കപ്പലുകള്‍ പൊളിക്കുന്ന കമ്പനിയായിരുന്നു പാന്‍ അറബ്. എന്നാല്‍ ഈ വാഗ്ദാനത്തോട് പ്രതികരിക്കാന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ തയ്യാറായില്ലെന്ന് കപ്പല്‍ അന്വേഷണ കമ്മീഷന്‍ അംഗം പ്രൊഫസര്‍ ബാബു ജോസഫ് പിന്നീട് തന്റെ ബ്ലോഗ് ലേഖനത്തിലെഴുതി. ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കമ്പനി പിന്നീട് വ്യവസ്ഥകളില്‍നിന്ന് പിന്മാറിയെന്നായിരുന്നു ഷിപ്പിങ് കോര്‍പ്പറേഷന്റെ നിലപാട്.

placeholder
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍

ആരോപണങ്ങള്‍ വിവാദങ്ങള്‍

6.40 കോടി രൂപയാണ് കപ്പല്‍ കാണാതായ വകയില്‍ കോര്‍പ്പറേഷന് ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്ന് ലഭിച്ചത്. 37,730 രൂപ വീതം ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വിതരണം ചെയ്തു. എം.വി. കൈരളി അറബിക്കടലില്‍ അപ്രത്യക്ഷമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിച്ചില്ല. ഷിപ്പിങ് കോര്‍പ്പറേഷനില്‍ കടല്‍യാത്രയെക്കുറിച്ചോ ചരക്കുനീക്കത്തെക്കുറിച്ചോ വൈദഗ്ധ്യമുള്ള ആരുമുണ്ടായിരുന്നില്ലെന്നും സെക്കന്റ് ഹാന്‍ഡ് കപ്പല്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നും ആരോപണങ്ങളുയര്‍ന്നു. കപ്പല്‍ കണ്ടെത്തുന്നതിന് പകരം ഇന്‍ഷുറന്‍സ് തുക വാങ്ങിയെടുക്കാനാണ് കോര്‍പ്പറേഷന്‍ താല്‍പര്യം കാണിച്ചതെന്നും ജീവനക്കാരുടെ ബന്ധുക്കളുടെ കൂട്ടായ്മ ആരോപിച്ചു. അശാസ്ത്രീയമായാണ് കപ്പലില്‍ ചരക്ക് നിറച്ചതെന്നും കപ്പലിന്റെ ശേഷിയെക്കാള്‍ ആയിരക്കണക്കിന് ടണ്‍ അധികമുണ്ടായിരുന്നെന്നും ചിലര്‍ വെളിപ്പെടുത്തി. പല സംഘടനകളും സമാന്തരമായ അന്വേഷണങ്ങള്‍ക്ക് ഇറങ്ങിപ്പുറപ്പെട്ടു. പല പുതിയ കാര്യങ്ങളും വെളിപ്പെട്ടുവെങ്കിലും ഒരു ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ല- ഒരു എണ്ണപ്പാട പോലും അവശേഷിപ്പിക്കാതെ 51 ജീവനക്കാരും 20,538 ടണ്‍ ഇരുമ്പയിരുമായി എം.വി. കൈരളി എങ്ങോട്ടാണ് അപ്രത്യക്ഷമായത്?

കപ്പല്‍ മുങ്ങിയതാവാനാണ് സാധ്യതയെന്നാണ് മിക്കവാറും അന്വേഷണങ്ങളും വിരല്‍ചൂണ്ടുന്നത്. ഒരു തെളിവും ലഭിച്ചില്ലെങ്കിലും മിക്കവാറും കപ്പല്‍ വിദഗ്ധരും ശാത്രീയ പഠനങ്ങളും ശരിവെക്കുന്നതും ഈ സാധ്യത തന്നെ. ഇതുപ്രകാരമാണെങ്കില്‍ ടൈറ്റാനിക്ക് മുങ്ങിക്കിടന്നത് പോലെ അറബിക്കടലിന്റെ അടിയിലെവിടെയോ എം.വി. കൈരളിയും കിടക്കുന്നുണ്ടാവും. ഒറ്റപ്പെട്ട ചില സംഘടനകളുടെ ഇടപെടലുകളെല്ലാതെ എം.വി. കൈരളിയെ കണ്ടെത്താനുള്ള ഇടപെടലുകളൊന്നും പിന്നീട് ഉണ്ടായതേയില്ല.