യനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയെന്ന കുഞ്ഞുനഗരമാണ് ഇപ്പോള്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. വയനാട്ടില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റി ഗണപതിവട്ടമെന്നാക്കുമെന്ന ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രന്റെ പ്രസ്താവനയാണ് ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ബി.ജെ.പി പരീക്ഷിച്ച് വന്‍ വിജയം നേടിയ പേരുമാറ്റല്‍ രാഷ്ട്രീയം ബത്തേരിയിലെ സുല്‍ത്താനിലൂടെ കേരളത്തിലും ഇറക്കിയിരിക്കുകയാണ് ബി.ജെ.പി. ഇത് ആദ്യമായല്ല ബി.ജെ.പി സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റുന്നത്. വര്‍ഷങ്ങളായി ആര്‍.എസ്.എസ്-ബി.ജെ.പി പോസ്റ്ററുകളിലും പരിപാടികളിലും സുല്‍ത്താന്‍ ബത്തേരിക്ക് പകരം ഗണപതിവട്ടമെന്ന പേരാണ് ഉപയോഗിക്കുന്നത്. ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള ബത്തേരിയിലെ ക്ഷേത്ര പരിപാടികളുടെ പോസ്റ്ററുകളിലും ഗണപതിവട്ടമെന്ന പേരുപയോഗിക്കുന്നു. 1984ല്‍ തന്നെ ബി.ജെ.പി ദേശീയ നേതാവായിരുന്ന പ്രമോദ് മഹാജൻ ബത്തേരി ഗണപതിവട്ടമാക്കണമെന്ന ആവശ്യമുയര്‍ത്തിയിട്ടുണ്ട്‌.

To advertise here,

ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം.പിയായി വിജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയെ ഗണപതിവട്ടം എന്ന് പേരുമാറ്റുമെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കൂടിയായ കെ.സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ഥ പേര് ഗണപതി വട്ടമാണെന്ന് പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തിലും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ''സുല്‍ത്താന്‍ ബത്തേരിയല്ല സാര്‍, അത് ഗണപതിവട്ടമാണ്. സുല്‍ത്താന്‍ വന്നിട്ട് എത്ര കാലമായി. അതിനുമുമ്പ് ആ സ്ഥലമുണ്ടായിരുന്നില്ലേ. അതിന് പേരുണ്ടായിരുന്നില്ലേ. അത് ആര്‍ക്കാ അറിയാത്തത്. ഞാനത് ആവര്‍ത്തിച്ചുവെന്നേയുള്ളൂ. ടിപ്പുവിന്റെ അധിനിവേശം കഴിഞ്ഞിട്ടെത്ര കാലമായി. അതിനുമുമ്പ് ഈ നാട്ടില്‍ ആള്‍ക്കാരൊന്നും ഉണ്ടായിരുന്നില്ലേ. സ്ഥലനാമങ്ങളൊന്നും ഉണ്ടായിരുന്നില്ലേ. ഗണപതിവട്ടം ക്ഷേത്രമുണ്ടായിരുന്നില്ലേ. എന്താണ് നിങ്ങളിത്ര മഹാ അദ്ഭുതമായി പറയുന്നത്. ഇത് ഞാന്‍ പറഞ്ഞതാണോ.'' - സുരന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധിനിവേശ ശക്തികളും കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് സുല്‍ത്താന്‍ ബത്തേരിയുടെ വക്താക്കളെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. മതപരിവര്‍ത്തനവും ക്ഷേത്രധ്വംസനങ്ങളും പടയോട്ടങ്ങളും നടത്തിയ ഒരാളുടെ പേരില്‍ കേരളത്തിലെ ഒരു നഗരം അറിയപ്പെടരുതെന്നാണ് ബി.ജെ.പിയുടെ വാദം. എന്നാല്‍ ചരിത്രം തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെഴുതാന്‍ സംഘപരിവാര്‍ ദേശീയ തലത്തില്‍ നടത്തുന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണ് സുല്‍ത്താന്‍ ബത്തേരിക്കെതിരായ ആക്രമണമെന്നാണ് വിമര്‍ശകരുടെയും ഇടത്-വലത് മുന്നണികളുടെയും പക്ഷം. 

കേരളത്തിലെ ഏറ്റവും വൃത്തിയുള്ള, സുന്ദര നഗരം

കര്‍ണാടകയുടെ അതിരുകള്‍ കടന്ന് കേരളത്തിലേക്ക് സഞ്ചാരികളെ വരവേല്‍ക്കുന്ന വയനാടിന്റെ അതിര്‍ത്തി നഗരിയാണ് സുല്‍ത്താന്‍ ബത്തേരി. അന്തര്‍സംസ്ഥാന ദേശീയപാത കടന്നുപോകുന്ന, മൂന്ന് സംസ്ഥാനങ്ങളുടെ സംഗമനഗരിയായ ബത്തേരി കെ. സുരേന്ദ്രന്റെ പേര്മാറ്റല്‍ വിവാദത്തിന് മുന്‍പ് മലയാളിയുടെ ശ്രദ്ധയിലിടം നേടുന്നത് വൃത്തിയുടെ പേരിലാണ്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന മേല്‍വിലാസം ഇപ്പോഴും സുല്‍ത്താന്‍ ബത്തേരിക്ക് സ്വന്തമാണ്. നഗരയിടങ്ങളിലെ പൊതു സ്ഥലത്ത് തുപ്പുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ കേരളത്തിലെ ഏക നഗരം. അലക്ഷ്യമായി കിടക്കുന്ന ഒരു മിഠായിക്കടലാസ് പോലും കാണാനില്ലാത്ത പാതയോരങ്ങള്‍ മനോഹരമായ പൂച്ചെടികള്‍ വളര്‍ത്തി മനോഹരമാക്കിയ, നഗരത്തിന്റെ അടയാളമായി ഒരു ബോഗെന്‍വില്ല പൂമരമുള്ള ബത്തേരി കേരളത്തിലെ മറ്റെല്ലാ നഗരങ്ങള്‍ക്കും മാതൃകയായതിന് പിന്നില്‍ ഒരു ജനകീയ മുന്നേറ്റത്തിന്റെ കഥയുണ്ട്.

1962 ല്‍ രൂപം കൊണ്ട സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് 2015 ലാണ് നഗരസഭയായി മാറിയത്. 35 വാര്‍ഡുകളാണ് ഈ നഗരസഭയിലുള്ളത്. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഏക നഗരമാണ് സുല്‍ത്താന്‍ ബത്തേരി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ വരെ ചപ്പുചവറുകള്‍ കൃത്യമായി സംസ്‌കരിക്കാതെ വലിച്ചെറിയുന്ന, തെരുവുകളില്‍ മുറുക്കിത്തുപ്പലിന്റെ പാടുകളുള്ള, മാലിന്യക്കൂമ്പാരങ്ങളുടെ ഗന്ധമുള്ള ഒരു നഗരമായിരുന്നു ബത്തേരിയും. നഗരം വളരുന്നതിനൊപ്പം എങ്ങനെ ഒരു വൃത്തിയുള്ള നഗരത്തെ സൃഷ്ടിക്കാം എന്ന ബത്തേരി നഗരസഭയിലെ ദീര്‍ഘവീക്ഷണമുള്ള ചില ജനപ്രതിനിധികളുടെ ചോദ്യമാണ് ആ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്. അവരെപ്പോലും അത്ഭുതപ്പെടുത്തിയ പിന്തുണയായിരുന്നു പൊതുജനങ്ങളില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും തൊഴിലാളികളില്‍ നിന്നുമെല്ലാം ലഭിച്ചത്. പടിപടിയായിട്ടായിരുന്നു ആ നേട്ടത്തിലേക്ക് ബത്തേരി നടന്നുകയറിയത്. നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളും അതിന്റെ മുതലാളിമാരും തൊഴിലാളികളും അതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഒരു തുണ്ട് കടലാസ് പോലും കടകളില്‍ നിന്ന് തെരുവിലേക്ക് വീഴില്ലെന്ന് ഇവര്‍ നഗരസഭയ്ക്ക് ഉറപ്പുനല്‍കി. മാത്രമല്ല കടകളുടെ മുന്‍പില്‍ മനോഹരമായ പൂച്ചട്ടികളും ഇവര്‍ സ്ഥാപിച്ചു. ഇവയുടെയും നഗരസഭ സ്ഥാപിച്ച പൂച്ചെടികളുടെയും പരിപാലനവും ഇവര്‍ ഏറ്റെടുത്തു. എല്ലാ ദിവസവും നഗരത്തിലെത്തുന്ന പൊതുജനങ്ങളും വിനോദസഞ്ചാരികളുമെല്ലാം ഈ മുന്നേറ്റം കണ്ട് വിസ്മയിച്ച് അഭിമാനത്തോടെ അതില്‍ പങ്കാളികളായി. പതിയെ കേരളത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി സുല്‍ത്താന്‍ ബത്തേരി മാറി. 

placeholder
സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ പ്രശസ്തമായ ബോഗെന്‍വില്ല ചെടി

അവിടെയും അവസാനിച്ചില്ല ബത്തേരിയുടെ വിസ്മയങ്ങള്‍. ഒടുവിലായി നഗരത്തില്‍ തുപ്പിയാല്‍ പിഴയീടാക്കുമെന്ന തീരുമാനവും ബത്തേരി നടപ്പിലാക്കി. മുറുക്കാന്‍ വ്യാപാരികള്‍ പോലും ഇതിനോട് പൂര്‍ണമായും സഹകരിച്ചു. പാര്‍സലായി മാത്രം മുറുക്കാന്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചായിരുന്നു മുറുക്കാന്‍ വ്യാപാരികള്‍ ഈ യജ്ഞത്തില്‍ പങ്കാളികളായത്. കടയുടെ 50 മീറ്റര്‍ ചുറ്റളവില്‍ മുറുക്കിത്തുപ്പിയത് കണ്ടാല്‍ പിഴയീടാക്കുമെന്ന് ഉദ്യോഗസ്ഥരും ഓര്‍മ്മപ്പെടുത്തി. നഗരം വൃത്തിയായതോടെ ഈ യാത്ര പൂര്‍ത്തിയായെന്ന്‌ കരുതി അവസാനിക്കുന്നതായിരുന്നില്ല ഈ മുന്നേറ്റം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചകളുണ്ടാവാന്‍ മാറിവന്ന ഭരണസമിതിയും ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരിശ്രമിക്കുന്നതിനാല്‍ ഇന്നും കേരളത്തിലെ ഏറ്റവും വൃത്തിയുള്ളതും മനോഹരവുമായ നഗരവുമായി സുല്‍ത്താന്‍ ബത്തേരി തുടരുന്നു. 

സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമായിരുന്നോ?

പൊതുവില്‍ വയല്‍നാട് എന്ന് പറയാമെങ്കിലും വയനാട് എന്ന പേരിന്റെ ഉല്‍പ്പത്തിയെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണ് ചരിത്രകാരന്മാര്‍ക്കിടയിലുള്ളത്. മയക്ഷേത്ര എന്ന സംസ്‌കൃത നാമം പിന്നീട് മയനാടാവുകയും അത് പറഞ്ഞ് വയനാടാവുകയുമായിരുന്നു എന്നാണ് മദ്രാസ് മാനുവല്‍ ഓഫ് അഡ്മിനിസ്‌ട്രേഷനില്‍ പറയുന്നത്. വയല്‍നാടിനൊപ്പം വനനാട്, വഴിനാട് എന്നിവയും വയനാടിന്റെ ഉത്പത്തിക്ക് കാരണമായതായി പറയുന്നവരുണ്ട്. പൊതുവെ വയനാടിന്റെ ചരിത്രം പറഞ്ഞുകേള്‍ക്കാറുള്ളത് പഴശ്ശിരാജാവില്‍ നിന്നും കോട്ടയം രാജവംശത്തില്‍ നിന്നുമാണെങ്കിലും അതിനമപ്പുറത്ത് ശിലായുഗത്തില്‍ തുടങ്ങി വേടരാജാക്കന്മാരിലൂടെ തുടര്‍ന്ന സമ്പന്നമായ ചരിത്രം വയനാടിനുണ്ട്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനും (1857) അരനൂറ്റാണ്ടിന് മുന്‍പാണ്‌ വയനാട്ടിലെ ആദിവാസികള്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ധീരമായ പോരാട്ടം നടത്തിയത്. എന്നാല്‍ വയനാടിന്റെ ഇത്തരം ചരിത്രങ്ങളൊന്നും കൃത്യമായും ശാസ്ത്രീയമായും രേഖപ്പെടുത്തപ്പെട്ടില്ല. 

placeholder
സുല്‍ത്താന്‍ ബത്തേരിയിലെ ജൈന ക്ഷേത്രം

എന്നാല്‍ ലഭ്യമായ രേഖകളനുസരിച്ച് ഗണപതിവട്ടം എന്ന പേരിന് മുന്‍പും സുല്‍ത്തന്‍ ബത്തേരിക്ക് മറ്റ് പേരുകളുണ്ടായിരുന്നെന്നാണ് ചരിത്രകാരന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. കര്‍ണാടകയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട പത്താം നൂറ്റാണ്ടിലെ ഒരു ശിലാലിഖിതത്തില്‍ വയനാടിനെ കുറിച്ച് പരാമര്‍ശമുള്ളതായി മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ഒ.കെ ജോണി വയനാട് രേഖകള്‍ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മധ്യകാലത്ത് കര്‍ണാടകയില്‍ ശൈവ-വൈഷ്ണവ മതങ്ങളുടെ ആക്രമണം രൂക്ഷമായതോടെ വയനാട്ടിലേക്ക് രക്ഷപ്പെട്ട ജൈനരില്‍ നിന്നാണ് ഇവിടെ ജൈനമതം വ്യാപിച്ചത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് ബത്തേരി ഒരു നഗരമെന്ന നിലയില്‍ വളര്‍ന്നതെന്നാണ് കരുതപ്പെടുന്നത്. ഒന്‍പതുമുതല്‍ പതിനാല് വരെ നൂറ്റാണ്ടുകളിലാണ് വയനാട്ടിലെ ജൈനമത ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് ജൈനമതം ക്ഷയിക്കുന്നത്. ക്ഷേത്രങ്ങള്‍ പലതും നശിച്ച് പോയെങ്കിലും സുല്‍ത്താന്‍ ബത്തേരിയിലെ ജൈനമത ക്ഷേത്രം ഇന്നും നിലനില്‍ക്കുന്നുണ്ട്. 

placeholder
പുസ്തകം വാങ്ങാം
വയനാട്ടിലെ പനമരത്തിനടുത്തെ വരദൂരിലെ ജൈനബസ്തിയില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടെടുത്ത ഒരു ലിഖിതത്തില്‍ വയനാട്ടിലെ ജൈനക്ഷേത്രങ്ങളെപ്പറ്റിയും ക്ഷേത്രങ്ങളെപ്പറ്റിയും സൂചിപ്പിക്കുന്നുണ്ട്. ഈ ലിഖിതത്തില്‍ സുല്‍ത്താന്‍ ബത്തേരിയെ ഹന്നെരഡുബീദി എന്നാണ് വിശേഷിപ്പിക്കുന്നത്. ഹന്നെരഡുബീദി എന്ന കന്നടവാക്കിനര്‍ഥം പന്ത്രണ്ടു വീഥികള്‍ എന്നാണ്. ഇവിടെ പന്ത്രണ്ട് ജൈനത്തെരുവുകളുണ്ടായിരുന്നു. സുല്‍ത്താന്‍ ബത്തേരിയിലെ മാനിക്കുന്ന് എണ്‍പത് വര്‍ഷം മുമ്പുവരെ ഹന്നെരഡുബീദി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവിടെത്തന്നെയാണ് പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന കിടങ്ങനാടു ബസ്തി എന്ന ജൈനക്ഷേത്രവുമുള്ളത്. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിന്റെ പരിസര പ്രദേശങ്ങളില്‍ തകര്‍ന്നുപോയ അരഡസനോളം ജൈനബസ്തിയുടെ അവശിഷ്ടങ്ങള്‍ കാണാനുണ്ട്. കിടങ്ങനാടു ബസ്തിയുള്ള ഹന്നെരഡുബീദി ആദ്യകാലങ്ങളില്‍ വയനാട്ടിലെ ഒരു പ്രധാന ജൈന കേന്ദ്രമായിരുന്നു എന്നതിന് തെളിവുകളുണ്ട്. കോഴിക്കോട് സുല്‍ത്താന്‍ ബത്തേരി ഹൈവേയില്‍ കിടങ്ങനാടു ബസ്തിക്ക് അഞ്ഞൂറ് മീറ്ററോളം അകലെ കിഴക്കുമാറി ഒരു ജൈന ബസ്തിയുണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലം ഈ ജൈനക്ഷേത്രം ആദിവാസികളായ മുള്ളുക്കുറുമരുടെ അധീനതയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇതിന്റെ സ്ഥാനത്ത് ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ തലച്ചില്വന്‍ ക്ഷേത്രം ഉയര്‍ന്നത്. വയനാട്ടിലെ ആദ്യകാല ജൈനകേന്ദ്രമായിരുന്ന സുല്‍ത്താന്‍ ബത്തേരിയില്‍ ഇപ്പോള്‍ ജൈനരില്ല. കഴിഞ്ഞനൂറ്റാണ്ടിലെ അന്ത്യത്തിലുണ്ടായതായി പഴമക്കാര്‍ പറയുന്ന കൊടുംവരള്‍ച്ചയാണ് ജൈനരെ ഇവിടംവിട്ട് പോകാന്‍ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. അതോടൊപ്പം ഇവിടെ ശക്തിപ്രാപിച്ച ഹൈന്ദവ മതങ്ങളുടെ ആക്രമണവും ജൈനരെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടാവണം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് പോയ ജൈനര്‍ മാനന്തവാടി-പനമരം പുഴകളുടെ കരകളിലാണ് പിന്നീട് പാര്‍പ്പുറപ്പിച്ചത്‌ -വയനാട് രേഖകള്‍- ഒ.കെ ജോണി

ഹൈന്ദവ വിശ്വാസികളായ ചെട്ടിസമുദായം ബത്തേരിയിലെത്തിയതോടെയാണ്‌ ഗണപതിവട്ടമായി ബത്തേരി മാറുന്നത്. ബത്തേരി ടൗണില്‍ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രമാണ് ഈ പേരിന് കാരണമായത്. വില്യം ലോഗന്റെ മലബാര്‍ മാനുവലില്‍ സുല്‍ത്താന്‍ ബത്തേരിയെ ഗണപതിവട്ടമെന്ന് വിശേഷിപ്പിക്കുന്നുണ്ട്‌. ടിപ്പു സുല്‍ത്താന്റെ കാലത്ത് മൈസൂര്‍ രാജവംശത്തിന്റെ കീഴിലായിരുന്നു ബത്തേരി. ജൈനക്ഷേത്രം ടിപ്പു കീഴടക്കുകയും ആയുധപ്പുരയാക്കി മാറ്റുകയും ചെയ്തു. ഇത്തരത്തില്‍ സുല്‍ത്താന്റെ ആയുധപ്പുരയായി മാറിയ ഈ പ്രദേശത്തെ സുല്‍ത്താന്‍സ് ബാറ്ററിയെന്ന് വിശേഷിപ്പിച്ചത് ബ്രിട്ടീഷുകാരാണ്. അത് പിന്നീട് സുല്‍ത്താന്‍ ബത്തേരിയായി മാറുകയും ചെയ്തു. അതിനാല്‍ തന്നെ നഗരം രൂപം കൊണ്ട കാലം മുതലേ ഈ പ്രദേശത്തിന്റെ പേര് ഗണപതിവട്ടമാണെന്ന വാദത്തെ ചരിത്രകാരന്‍മാര്‍ തള്ളിക്കളയുന്നു.