സുല്‍ത്താന്‍ബത്തേരി: ''ഞാനൊരിക്കലും മരിക്കാന്‍ തയ്യാറായിരുന്നില്ല. ഹിമാലയത്തിന്റെ കൊടുമുടിയിലേക്കുള്ള ദുര്‍ഘടപാതയില്‍ അനേകം മൃതശരീരങ്ങള്‍ തണുത്തുറഞ്ഞ് കിടക്കുന്നുണ്ടായിരുന്നു; ഞാനും ഈ കൂട്ടത്തിലൊന്നായി മാറരുതെന്നായിരുന്നു ഉള്ളിലപ്പോള്‍. നമ്മുടെ ജീവനെക്കാള്‍ വലുതല്ല ഒരു പര്‍വതവും. സാഹസപ്രിയരുടെ സ്വപ്നമായ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ഹിമാലയം കീഴടക്കിയ സമയത്ത്, എന്നെ കാത്തിരിക്കുന്ന കുടുംബത്തിനരികിലേക്ക് ജീവനോടെ തിരിച്ചുവരണമെന്നു മാത്രമായിരുന്നു'' -ഹിമാലയം കീഴടക്കിയ രണ്ടാമത്തെ മലയാളിവനിതയായ ശ്രീഷാ രവീന്ദ്രന്‍ വയനാട്ടിലെ ഗ്ലോബ്ട്രക്കേഴ്സ് സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് തന്റെ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. വയനാട്ടില്‍ ടൂറിസം സാധ്യതകള്‍ ഏറെയുണ്ടെന്നും അതുപയോഗിക്കണമെന്നും ശ്രീഷ പറഞ്ഞു.

To advertise here,

പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിനിയായ ശ്രീഷ, ഈ സീസണിലെ ഏറ്റവും മോശം കാലാവസ്ഥയ്ക്കിടയിലാണ് ഹിമാലയം കീഴടക്കിയത്. മണിക്കൂറില്‍ 75-80 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശുന്ന ഹിമക്കാറ്റ് നേരിട്ട് മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള യാത്ര. മുന്നോട്ടുള്ള ഓരോ കാലടിയിലും മരണം പതിയിരിപ്പുണ്ടായിരുന്നു. എവറസ്റ്റിന് മുകളില്‍വെച്ച് കൈയുറ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഹിമക്കാറ്റടിച്ച് വലതു കൈപ്പത്തിയില്‍ ഫ്രോസ്റ്റ്ബൈറ്റേറ്റു (തണുപ്പുമൂലമുള്ള മുറിവ്), മഞ്ഞുകണങ്ങള്‍തട്ടി കാഴ്ച മങ്ങി. തിരിച്ചുവരാനാകുമോയെന്ന് സംശയിച്ച നിമിഷങ്ങളായിരുന്നു അത്. എത്രയുംപെട്ടെന്ന് സമ്മിറ്റുചെയ്ത് തിരിച്ചുവരുകയായിരുന്നു. കൊടുമുടിയില്‍ കയറിയതിന്റെ തെളിവിനായി ചിത്രങ്ങളെടുക്കാനായി അഞ്ചുമിനിറ്റുമാത്രമേ അവിടെ സമയം ചെലവഴിക്കാനായുള്ളു. ഒരു കൈകൊണ്ട് റോപ്പില്‍ പിടിച്ച് മലയിറങ്ങുകയെന്നത് വലിയ ദുര്‍ഘടമായിരുന്നു.

15-ാം വയസ്സില്‍ അച്ഛന്‍ രവീന്ദ്രന്റെ കൈപിടിച്ച് കുന്നും മലയും കയറിത്തുടങ്ങിയതാണ് ശ്രീഷ. ഉയരങ്ങളോടുള്ള അഭിനിവേശംകൂടിയതോടെ ട്രക്കിങ്ങില്‍നിന്ന് പര്‍വതാരോഹണത്തിലേക്ക് വഴിതിരിയുകയായിരുന്നു. ഹിമാലയം ഉള്‍പ്പെടെ ഇതിനോടകം ഇന്ത്യയിലും നേപ്പാളിലുമായി പതിനഞ്ചിലേറെ പര്‍വതങ്ങളുടെ ഉയരങ്ങള്‍ താണ്ടിയിട്ടുണ്ട്. 2022 മുതല്‍ രണ്ടുവര്‍ഷത്തോളം ഹിമാലയയാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.

placeholder
ഗ്ലോബ്ട്രക്കേഴ്‌സിനൊപ്പം ശ്രീഷാ രവീന്ദ്രൻ ചീങ്ങേരി മലമുകളിൽ

ദിവസവും നാലുമണിക്കൂര്‍വരെ പരിശീലനത്തിനായി മാറ്റിവെച്ചു. കഴിഞ്ഞ ഏപ്രിലിലാണ് എവറസ്റ്റ് കൊടുമുടി ലക്ഷ്യമാക്കി യാത്രയാരംഭിച്ചത്. 5300 മീറ്റര്‍ ഉയരത്തിലുള്ള ബേസ് ക്യാമ്പിലേക്കാണ് ആദ്യം പുറപ്പെട്ടത്. 6900 മീറ്റര്‍ ഉയരമുള്ള ലോബുചെ പര്‍വതം കീഴടക്കാനുള്ള ആദ്യ ലക്ഷ്യം ഏപ്രില്‍ 25-ന് പൂര്‍ത്തിയാക്കി. തിരിച്ച് ബേസ് ക്യാമ്പിലെത്തിയശേഷം മേയ് 15-നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. മേയ് 20-ന് രാവിലെ 10.30-ന് എവറസ്റ്റ് കൊടുമുടിയുടെ നെറുകിലെത്തി.

പര്‍വതാരോഹകര്‍ക്ക് പിന്തുണനല്‍കണം

പര്‍വതാരോഹകര്‍ക്ക് പിന്തുണയും പ്രോത്സാഹനവും അത്യാവശ്യമാണെന്നും ഇക്കാര്യത്തില്‍ കേരളം ഏറെ പിന്നിലാണെന്നുമാണ് ശ്രീഷ പറയുന്നത്. നമ്മുടെ തൊട്ടടുത്തുള്ള തമിഴ്നാട് സര്‍ക്കാര്‍പോലും വലിയപ്രോത്സാഹനം നല്‍കുന്നുണ്ട്. എവറസ്റ്റ് കീഴടക്കിയശേഷം സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്ന് അഭിനന്ദനമൊന്നും ലഭിച്ചില്ലെന്നതില്‍ നിരാശയില്ലെന്നും ജനങ്ങളുടെ അംഗീകാരമാണ് അതിലും വലുതെന്നാണ് ശ്രീഷ പറയുന്നത്.

ഏറ്റവുംസാഹസികത നിറഞ്ഞ സ്‌പോര്‍ട്സാണ് പര്‍വതാരോഹണം. പക്ഷേ, ഇതിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ലെന്നാണ് ശ്രീഷയുടെ അനുഭവം. എവറസ്റ്റ് യാത്രയ്ക്ക് 25 ലക്ഷംമുതല്‍ ഒരുകോടി രൂപവരെ ചെലവുണ്ട്. യാത്രയ്ക്ക് സ്‌പോണ്‍സര്‍ഷിപ്പ് തേടി ശ്രീഷ, മന്ത്രിമാരടക്കമുള്ള സര്‍ക്കാര്‍സംവിധാനങ്ങളെ പലതവണ സമീപിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിനായി ചുരുങ്ങിയത് 150 കമ്പനികള്‍ക്കെങ്കിലും ഇ-മെയില്‍ അയച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ബെംഗളൂരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ശ്രീഷ നര്‍ത്തകികൂടിയാണ്. ഭരതനാട്യത്തില്‍ ബിരുദാനന്തരബിരുദവിദ്യാര്‍ഥിയുമാണ്. സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ ഭര്‍ത്താവ് ജയറാം നായരും 11 വയസ്സുള്ള മകന്‍ നിരഞ്ജനും ശ്രീഷയുടെ യാത്രകള്‍ക്ക് വലിയപ്രോത്സാഹനമാണ് നല്‍കുന്നത്. പര്‍വതങ്ങള്‍ കീഴടക്കുമ്പോള്‍ പ്രതിസന്ധികളെ അതിജീവിക്കാനുള്ള ആത്മവിശ്വാസംകൂടുമെന്നാണ് ശ്രീഷയുടെ അനുഭവസാക്ഷ്യം.