ഉറക്കം മനുഷ്യന്റെ ജീവിതത്തില്‍ ഒരു അഭിവാജ്യ ഘടകമാണ്. ഒരു ദിവസം കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും ഉറക്കം ലഭിക്കേണ്ടത് മനുഷ്യന്റെ ആരോഗ്യത്തിന് അനിവാര്യമാണ് എന്ന് ഡോക്ടര്‍മാര്‍ തന്നെ പറയാറുണ്ട്. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉറങ്ങാനുള്ള സമയവും കൂടി ചേര്‍ത്തെടുത്താണ് മിക്കവരുടെയും ഓട്ടം. ഈ തിരക്കുപിടിച്ച ഓട്ടങ്ങളെല്ലാം മാറ്റിവെച്ച് കുറച്ചുദിവസം സ്വസ്ഥമായി, സുഖമായി കിടന്ന് ഉറങ്ങുന്നത് ഒന്നാലോചിച്ചു നോക്കിയേ.. ഹോ ഓര്‍ക്കുമ്പോ തന്നെ എന്തൊരു സുഖമാണ്, അല്ലേ. അതിനുള്ള അവസരം ഒരുക്കുകയാണ് 'സ്ലീപ് ടൂറിസം' (Sleep Tourism). 

To advertise here,

ഇന്ത്യയിലും സ്ലീപ് ടൂറിസത്തിന് ഡിമാന്‍ഡ് കൂടിവരികയാണ്. മിക്കവരും ഇപ്പോള്‍ ടൂര്‍ പോകുന്നത് നഗരത്തിന്റെ തിരക്കില്‍നിന്നും മാറി സ്വസ്ഥവും സുന്ദരവുമായ ഒരിടത്ത് നല്ല ഭക്ഷണവും കഴിച്ച് സുഖമായി ഉറങ്ങാനാണ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 'നാപ്‌കേഷന്‍' (Napcation), 'ഡ്രീം ടൂറിസം' (Dream Toursim) എന്നൊക്കെയാണ് ഇതിനെ വിളിക്കപ്പെടുന്നത്. 'വിശ്രമിക്കുക, ഊര്‍ജം വീണ്ടെടുക്കുക' എന്നതാണ് ആളുകള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ദൈനംദിന തിരക്കുകളില്‍ നിന്ന് മാറി അല്‍പം യോഗയും ചെറിയ നടത്തവും വായനയും ഒക്കെയായി മനസിന് ശാന്തിയും സമാധാനവും ലഭിക്കാന്‍ സ്ലീപ് ടൂറിസം സഹായിക്കുന്നു എന്നാണ് വിലയിരുത്തല്‍. 

സ്ലീപ് ടൂറിസം വാഗ്ദാനം ചെയ്യുന്ന നിരവധി റിസോര്‍ട്ടുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ത്യയിലുമുണ്ട്. സ്‌കൈസ്‌കാനര്‍ ട്രാവല്‍ ട്രെന്‍ഡ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം സ്‌ലീപ് ടൂറിസം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം 2025-ഓടുകൂടി 70 ശതമാനത്തിലെത്തും. സഞ്ചാരികളില്‍ 57 ശതമാനവും ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്ന പാക്കേജുകളായിരിക്കും തിരഞ്ഞെടുക്കുക. എച്ച്.ടി.എഫ്. മാര്‍ക്കറ്റ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ 640 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് സ്‌ലീപ് ടൂറിസം മൊത്തം വിനോദസഞ്ചാരമേഖലയ്ക്കും സംഭാവനചെയ്യാന്‍ പോകുന്നത്.