വിനോദസഞ്ചാരത്തിന്റെ വിഭിന്നമുഖങ്ങളില്‍ ഉറക്കവും സ്ഥാനംപിടിക്കുന്നു. സ്ലീപ് ടൂറിസം എന്ന പേരില്‍ പാശ്ചാത്യരാജ്യങ്ങളില്‍ പലയിടത്തും ഉണ്ടായിരുന്നത് ഇന്ത്യയിലും എത്തിയിരുന്നു. കൂര്‍ഗ്, കൊടൈക്കനാല്‍, ഋഷികേശ്, ഗോവ, മൈസൂരു എന്നിവിടങ്ങളായിരുന്നു ഇന്ത്യയില്‍ ഈ പട്ടികയില്‍ ഇടംപിടിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ വര്‍ക്കലയും ഈ ഗണത്തിലെത്തിയിരിക്കുന്നു.

To advertise here,

ജോലിസ്ഥലത്തെ സമ്മര്‍ദങ്ങളും നാഗരികജീവിതത്തിലെ തിരക്കുകളും പലരുടെയും ഉറക്കംകെടുത്തുന്നു. ഇത് പലതരം മാനസികപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അവിടെയാണ് നാപ്‌കേഷന്‍സ്, നാപ് ഹോളിഡേ അഥവാ സ്ലീപ് ടൂറിസത്തിന്റെ പ്രസക്തി. യോഗ, മസാജിങ്, റിലാക്സേഷനു പറ്റിയ പ്രകൃതി, ഉറക്കം വരാനും ദീര്‍ഘനിദ്രയ്ക്ക് ഉതകുന്നതുമായ മുറിയിലെ വെളിച്ചവിന്യാസം, ശബ്ദരഹിതമായ അന്തരീക്ഷം എന്നിവ ഒത്തിണങ്ങിയ ഇടങ്ങളാണ് സ്‌ളീപ് ടൂറിസത്തിന്റെ ഇടങ്ങളായി സഞ്ചാരികള്‍ തിരഞ്ഞെടുക്കുന്നത്. 

കേരളത്തിലെ വര്‍ക്കലയില്‍ ബീച്ച് പ്രദേശം കുറച്ചു ബഹളവും ജനസാന്ദ്രവുമായതുകൊണ്ടുതന്നെ സമീപ പ്രദേശമായ വക്കത്ത് കായല്‍ പരിസരവും തുരുത്തുകളുമൊക്കെയാണ് ഈ അന്തരീക്ഷം പ്രദാനം ചെയ്യുന്നത്. വക്കത്തിനടുത്ത് പൊന്നാംതുരുത്ത് റിസോര്‍ട്ടില്‍ ഇത്തരം സഞ്ചാരികള്‍ വരുന്നുണ്ടെന്ന് ഇവിടെ പല്ലാസോ റിസോര്‍ട്ട് നടത്തുന്ന രമേഷ് ബാബു പറഞ്ഞു. അവിടെ വിദേശികള്‍ ധാരാളം വരുന്നുണ്ടിപ്പോള്‍. അന്തരീക്ഷ മലീനീകരണം കുറവ്, ശബ്ദമലിനീകരണം കുറവ് എന്നിവയാണ് പ്രധാന കാരണം. പിന്നെ കയാക്കിങ് പോലെ യന്ത്രവത്കൃതമല്ലാത്ത വിനോദങ്ങള്‍ക്കും ഇടമുണ്ട്.

കേരളത്തില്‍ പൂഞ്ഞാറിനു സമീപം ഏന്തയാറില്‍ മണ്‍വീട് എന്ന റിസോര്‍ട്ടും ഇതുപോലെയാണ്. എത്തിപ്പെടാന്‍ പാടാണെങ്കിലും എത്തിയാല്‍ രണ്ടോ മൂന്നോ ദിവസം എല്ലാം മറന്ന് ഉറങ്ങാനും പ്രകൃതിയോട് സമരസപ്പെട്ട് ജീവിക്കാനും കഴിയുമെന്നതാണ് പ്രത്യേകത. മൊബൈല്‍ റേഞ്ചില്ലാത്തതും സൗകര്യമാണ്. മൂന്നാര്‍, വാഗമണ്‍, പൊന്‍മുടി, വയനാട്ടിലെ ബാണാസുരസാഗര്‍, തിരുനെല്ലി, ബത്തേരി തുടങ്ങിയ സ്ഥലങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ ശാന്തസുന്ദരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന റിസോര്‍ട്ടുകളും ഉറക്കത്തിനായി സഞ്ചാരികള്‍ പരിഗണിക്കുന്നുണ്ടെന്ന് ടൂറിസം മേഖലയില്‍ വര്‍ഷങ്ങളായി ഗൈഡായി ജോലിചെയ്യുന്ന ടൂര്‍ഫെഡ് മാനേജരായ ശ്യാംകുമാര്‍ പറഞ്ഞു.

നല്ല ഉറക്കം പ്രദാനംചെയ്യാന്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെയും അലോപ്പതി ഡോക്ടര്‍മാരുടെയും സേവനം നല്‍കുന്ന റിസോര്‍ട്ടുകളുമുണ്ട്. കോവിഡനന്തര വിനോദസഞ്ചാരത്തിന്റെ പ്രധാന വിഭാഗമായാണ് ഉറക്കത്തിന് പ്രാധാന്യം നല്‍കുന്ന വിനോദസഞ്ചാരം പച്ചപിടിച്ചത്.