ഷാർജ : പ്രകാശോത്സവത്തിന്റെ 14-ാം പതിപ്പിന് ഗംഭീര തുടക്കം. ബുധനാഴ്ച വൈകീട്ട് ഷാർജ റിസർച്ച്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിൽ നടന്ന ചടങ്ങ് ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ഉദ്ഘാടനംചെയ്തു. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡിവലപ്‌മെന്റ് അതോറിറ്റി (എസ്.ഡി.എസ്.എ.) യുടെ നേതൃത്വത്തിൽ എമിറേറ്റിലെ 12 ഇടങ്ങളിലായി ഈ മാസം 16 വരെയാണ് ഉത്സവം.
ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ ഇസ്സാം അൽ ഖാസിമി, എസ്.ഡി.എസ്.എ. ചെയർമാൻ ശൈഖ് മജീദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡിജിറ്റൽ അതോറിറ്റി ഡയറക്ടർ ജനറൽ ശൈഖ് സൗദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, എസ്.ഡി.എസ്.എ. ഡയറക്ടർ ശൈഖ് സലീം ബിൻ മുഹമ്മദ് ബിൻ സലീം അൽ ഖാസിമി, മുതിർന്ന ഉദ്യോഗസ്ഥർ, സർക്കാർ വകുപ്പ് മേധാവികൾ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ എന്നിവരുൾപ്പെടെ ഒട്ടേറെപ്പേർ പങ്കെടുത്തു.
ദേശീയഗാനത്തോടെയാണ് പ്രകാശോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. 2011-ൽ ആദ്യമായി പ്രകാശോത്സവം ആരംഭിച്ചതുമുതലുള്ള പ്രകടനങ്ങളെല്ലാം എടുത്തുകാണിക്കുന്ന വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഭരണമികവ് എടുത്തുകാണിക്കുന്ന പ്രത്യേകപരിപാടി അരങ്ങേറി. ഷാർജയെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റിയ ഭരണകൂടത്തിന്റെ മികവും പ്രദർശനത്തിലുണ്ടായിരുന്നു. ഈ വർഷം 70-ലേറെ ദേശീയ സംരംഭങ്ങൾ ലൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതായി എസ്.ഡി.എസ്.എ. ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ പറഞ്ഞു.
പ്രകാശോത്സവത്തിന്റെ ആദ്യദിനത്തിലെ ഡ്രോൺ പ്രദർശനങ്ങളും വർണവെളിച്ചങ്ങളും കാണാൻ ഒട്ടേറെപ്പേരെത്തിയിരുന്നു. എമിറേറ്റിന്റെ വാസ്തുവിദ്യയും സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന വിധത്തിലാണ് ഇത്തവണയും ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. വെളിച്ചത്തിലൂടെ സംസ്‌കാരത്തിന്റെ കഥപറയുകയാണ് ലക്ഷ്യം. വാദിയുടെ കഥ, ജലംജീവന്റെ ഉറവിടം, താഴ്‌വരയുടെ രൂപവത്കരണം, വാമൊഴി പാരമ്പര്യം, പുരാതന താമസയിടങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് ഷാർജയുടെ ചരിത്രം വെളിച്ചത്തിലൂടെ വിശദീകരിക്കുന്നത്. അൽ റാഫിസ അണക്കെട്ടിന്റെ പ്രധാന്യം എടുത്തുകാണിക്കുന്ന ഖോർഫക്കാന്റെ പ്രത്യേക ത്രിഡി പ്രദർശനവുമുണ്ടാകും. ആയിരക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന വിധത്തിലാണ് ഉത്സവം ഒരുക്കിയിരിക്കുന്നത്.
പ്രകാശോത്സവത്തെ ഷാർജയുടെ സാംസ്കാരിക ടൂറിസം കലണ്ടറിലെ പ്രധാന സംഭവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇത്തവണ ഷാർജ റിസർച്ച് ടെക്‌നോളജി ഇന്നൊവേഷൻ പാർക്ക്, അൽ ഹീര ബീച്ച്, അൽ ഹെഫയ്യ തടാകം, അൽജാദ തുടങ്ങിയ നാല് പുതിയസ്ഥലങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രകാശോത്സവത്തിന്റെ ഭാഗമായുള്ള ലൈറ്റ് വില്ലേജ് ഈ മാസം 23 വരെ തുടരും. ഇവിടെ പ്രത്യേകമ്യൂസിയം, വിനോദ പ്രവർത്തനങ്ങൾ, ലൈറ്റ് പ്രദർശനങ്ങൾ, ഫുഡ് സ്റ്റാളുകൾ എന്നിവ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് അഞ്ചുമുതൽ അർധരാത്രി 12 വരെയും വ്യാഴം മുതൽ ശനിവരെ വൈകീട്ട് അഞ്ച് മണിമുതൽ പുലർച്ചെ ഒരു മണിവരെയുമാണ് ലൈറ്റ് വില്ലേജിന്റെ പ്രവർത്തനസമയം.
Content Highlights: Illuminating Sharjah; Light Festival 2025 returns with light shows across the emirate
Published: 07 Feb 2025, 07:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented