ലോകത്തെ ഏറ്റവും വലിയ ആഡംബര നൗകയെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഐക്കണ്‍ ഓഫ് ദ സീസ്' ഇതുവരെ ഒരു യാത്രപോലും പുറപ്പെട്ടിട്ടില്ല. പക്ഷെ ഇതിനോടകം തന്നെ ഇന്റര്‍നെറ്റ് ലോകത്ത് ഈ കപ്പല്‍ ചൂടേറിയ സംസാര വിഷയമാണ്. അസാധാരണമായ വലിപ്പവും മുന്‍പ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഡിസൈനും ഫാന്‍സി നിറങ്ങളുമെല്ലാമാണ് ഐക്കണ്‍ ഓഫ് ദ സീസിനെ സാമൂഹിക മാധ്യമങ്ങളിലും യാത്രാ കൂട്ടായ്മകളിലും സംസാര വിഷയമാക്കി മാറ്റിയത്. അത്യാഡംബരത്തിന്റെ പര്യായമായി മാറിയ കപ്പല്‍ തന്റെ കന്നിയാത്രയ്ക്കായി നീറ്റിലിറങ്ങുന്നതും കാത്തിരിക്കുകയാണ് ലോകത്താകമാനമുള്ള സഞ്ചാരികള്‍. അതിഥികളും ജീവനക്കാരും ഉള്‍പ്പടെ പതിനായിരത്തോളം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഐക്കണ്‍ ഓഫ് ദ സീസിനെതിരെ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
കപ്പലിന്റെ ഉടമസ്ഥരായ റോയല്‍ കരീബിയന്‍ കമ്പനി പറയുന്നത് പ്രകാരം 2024 ജനുവരിയിലാണ് കപ്പല്‍ ആദ്യയാത്ര പുറപ്പെടുക. ഫിന്‍ലന്‍ഡിലെ തുര്‍കു കപ്പല്‍പ്പണിശാലയില്‍ ഇതിന്റെ അവസാന മിനിക്കുപണികള്‍ നടക്കുകയാണ്. 20 നിലകളിലായി 1200 അടി നീളമുള്ള കപ്പലിന്റെ ഭാരം 250,800 ടണ്ണാണ്. പുറത്തുവന്നിട്ടുള്ള ചിത്രങ്ങളില്‍ കപ്പലിന്റെ മുകള്‍ഭാഗത്തുള്ള ഭീമാകരനായ വാട്ടര്‍തീംപാര്‍ക്കാണ് സഞ്ചാരികളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള മറ്റൊരു ഘടകം. ഒരു കപ്പലില്‍ സജ്ജീകരിക്കാന്‍ പറ്റുന്നതില്‍വെച്ച് ഏറ്റവും വലിയ വാട്ടര്‍തീംപാര്‍ക്കാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിന് ജലകേളികളാണ് ഇതിലുണ്ടാകുക. വാട്ടര്‍തീം പാര്‍ക്കുകളിലെ റൈഡുകളില്‍ ഉല്ലസിച്ചുകൊണ്ടുള്ള ഒരു രാജ്യാന്തര സമുദ്ര യാത്രയെന്നതാണ് ഈ കപ്പല്‍യാത്രയിലെ ഏറ്റവും വലിയ ആകര്‍ഷണീയത.
കപ്പലിന്റെ വിചിത്രമായ ഡിസൈനെതിരെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ വിമര്‍ശനമുന്നയിക്കുന്നത്. പതിനായിരക്കണക്കിന് യാത്രക്കാരെ ഈ കപ്പലില്‍ കുത്തിനിറക്കുന്നത് ദുരന്തത്തില്‍ കലാശിക്കുമെന്നാണ് ചിലര്‍ പ്രവചിക്കുന്നത്. ഐക്കണ്‍ ഓഫ് ഡിസീസ് എന്നാണ് വിമര്‍ശകരിലൊരാള്‍ കപ്പലിന് നല്‍കിയ പേര്. ആഡംബരങ്ങള്‍ കുത്തിനിറച്ച കപ്പലില്‍ യാത്രക്കാര്‍ക്ക് ശ്വാസം മുട്ടുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒഴുകുന്ന വാള്‍മാര്‍ട്ടില്‍ സൗജന്യമായി പോലും യാത്രചെയ്യാന്‍ താല്‍പര്യമില്ലെന്നാണ് ഒരു കമന്റ്. നരകത്തിന്റെ ക്യാന്‍ഡി ക്രഷ് പതിപ്പ് പോലെയാണ് കപ്പലിന്റെ ഡിസൈനെന്നാണ് ചില കമന്റുകള്‍. ഡച്ച് ചിത്രകാരനായ ഹിറോനിമസ് ബോഷിന്റെ നരക ചിത്രീകരണങ്ങളോട് കപ്പലിനെ ഉപമിക്കുന്നവരും കുറവല്ല. ക്ലോസ്‌ട്രോഫോബിയ (ഇടുങ്ങിയ സ്ഥലങ്ങളോടുള്ള ഭീതി) ഉള്ളതിനാല്‍ കപ്പലിന്റെ ചിത്രം കാണുന്നത് തന്നെ ഭയപ്പെടുത്തുന്നതായാണ് ഒരു എക്‌സ് യൂസറുടെ പോസ്റ്റ്.
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രം പൂര്‍ണമല്ലെന്നും യഥാര്‍ഥ കപ്പല്‍ ഇതിനേക്കാള്‍ വലുതും വിശാലവുമാണെന്നാണ് കപ്പലിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം. ഒരിക്കലും ഒരു ക്രൂസില്‍ കയറിയിട്ടില്ലാത്തവരാണ് കപ്പലിനെ കുറിച്ച് അനാവശ്യമായ ഭീതി പരത്തുന്നത്. ടൈറ്റനിക്കും ടൈറ്റാന്‍ സബ്മറൈനും പോലുള്ള ദുരന്തങ്ങള്‍ ചിലരെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. കപ്പലിന്റെ ബഹുവര്‍ണങ്ങള്‍ കാണുമ്പോള്‍ ചിലര്‍ക്ക് ഒരു കളിപ്പാട്ടം പോലെ തോന്നുന്നു. പക്ഷെ ഐക്കണ്‍ ഓഫ് ദ സീസിന് മികച്ച സുരക്ഷയുണ്ടെന്നും അതിനാല്‍ ആശങ്കയ്ക്ക് ഇടയില്ലെന്നുമാണ് ഇവരുടെ പക്ഷം. ഇത്തരം ഭീമന്‍ ക്രൂസുകള്‍ നിര്‍മ്മിച്ച് വര്‍ഷങ്ങളോളം കടലില്‍ സേവനം നടത്തി പരിചയമുള്ള കമ്പനിയാണ് റോയല്‍ കരീബിയനെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും കപ്പല്‍ കന്നിയാത്രയ്ക്ക് പുറപ്പെടുന്നത് കാത്തിരിക്കുകയാണ് ലോകം. മയാമിയില്‍ നിന്ന് ആരംഭിക്കുന്ന ഏഴ് ദിവസം നീളുന്ന യാത്രയ്ക്ക് ഒരാള്‍ക്ക് ഒന്നരലക്ഷം രൂപ മുതലാണ് കപ്പലിലെ ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റുകളില്‍ വലിയൊരു വിഭാഗവും വിറ്റുതീര്‍ന്നതായാണ് വിവരം. റോയല്‍ കരീബിയന്‍ കമ്പനിയുടെതന്നെ 'വണ്ടര്‍ ഓഫ് ദ സീസ്' ആണ് ഇതുവരെയുള്ളതില്‍ ഏറ്റവുംവലിയ ആഡംബരക്കപ്പല്‍. 1188 അടി നീളമുള്ള ആ കപ്പലിന് 18 നിലകളുണ്ട്.
Content Highlights: Royal Caribbean's Icon of the Seas Controversy
Published: 16 Aug 2023, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented