‘‘എനിക്ക് പുഞ്ചിരിക്കാനറിയില്ല. പൊട്ടിച്ചിരിക്കാനേ കഴിയൂ’’- വീൽച്ചെയറിൽ ലോകത്തെ 59 രാജ്യങ്ങൾ ചുറ്റിക്കറങ്ങിയ പർവീന്ദർ ചൗള പറയുമ്പോൾ ഇച്ഛാശക്തിയുടെ ഊർജം പ്രസരിക്കും. മനസ്സുറപ്പുണ്ടെങ്കിൽ പരിമിതികളെല്ലാം നിസ്സാരമാവും. ഓരോ പുതുവർഷവും, അല്ല നിമിഷവും നമുക്കുതരുന്നത് സാധ്യതകളാണ്. 50 വയസ്സിനുള്ളിൽ 50 രാജ്യങ്ങളിൽ സഞ്ചരിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അതിനപ്പുറം നേടിയതിന്റെ ത്രില്ലിലാണ് അവർ.

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച് ഡൽഹിയിലും മുംബൈയിലും വളർന്ന പർവീന്ദർ പ്രിയപ്പെട്ടവർക്കെല്ലാം പമ്മുവാണ്. 15-ാം വയസ്സിൽ റൂമാറ്റോയിഡ് ആർത്രൈറ്റിസ് ബാധിച്ചു. പിന്നീട് വീൽച്ചെയറിലായ ജീവിതം സഞ്ചാരങ്ങൾക്ക് കൊതിച്ചു. സഹോദരി ഭൂമിക ചൗള ദുബായിൽ കൊണ്ടുപോയി. തുടക്കമതാണ്. ‘‘ഓട്ടോമാറ്റിക് വീൽച്ചെയറെന്ന സിംഹാസനത്തിലിരുന്ന് ഞാൻ യാത്രകളുടെ ലോകത്തെ രാജ്ഞിയായി. ലോകത്തെ എല്ലാ രാജ്യങ്ങളുടെയും മുദ്ര എന്റെ പാസ്‌പോർട്ടിൽ പതിപ്പിക്കണമെന്നതാണ് ഒരേയൊരു ആഗ്രഹം. സർവശക്തൻ സഹായിക്കും. ഞാനത് നേടും.’’ - രണ്ടുദിവസത്തെ കോഴിക്കോട് സന്ദർശനത്തിനെത്തിയ പർവീന്ദർ പറഞ്ഞു.

സഞ്ചാരിക്ക് സ്വന്തം താത്‌പര്യങ്ങൾ ഒന്നുംവേണ്ട. എത്തിപ്പെടുന്ന നാടിനോടിണങ്ങണം. ന്യൂ ഇയർ ഈവ്, വാസ്‌കോഡഗാമ കപ്പലിറങ്ങിയ ഈ നാട്ടിൽ കോഴിക്കോട്ടെ ഗുജറാത്തി തെരുവിൽ.....

പർവീന്ദറിന് ഒന്നും തടസ്സമായി തോന്നിയിട്ടില്ല. കോവിഡ് ജീവിതയാത്രകൾ മുടക്കിയ കാലത്ത് മഹാരാഷ്ട്ര രജിസ്‌ട്രേഷനുള്ള ഓട്ടോമാറ്റിക് ചെറുകാറിൽ ഒറ്റയ്ക്ക് സഞ്ചരിച്ചത് ഇന്ത്യയെ കണ്ടെത്താനായിരുന്നു. പുരിയും രാമേശ്വരവും കേദാർനാഥും ബദരീനാഥും ഊട്ടിയും മംഗളൂരുവും മധുരയും കന്യാകുമാരിയും ജയ്‌പൂരും ഉജ്ജയിനുമൊക്കെ ചുറ്റിയടിച്ചു. നീന്തലും നൃത്തവും സ്‌കീയിങ്ങും സ്‌കേറ്റിങ്ങും ബാഡ്‌മിന്റണും ട്രെക്കിങ്ങും മാത്രമല്ല, പാരാഗ്ലൈഡിങ്‌ വരെ ചെയ്തു. പുതുവത്സരപ്രഭാതത്തിലെ യാത്ര നമ്മുടെ ആലപ്പുഴയിലേക്ക്.

പരേതരായ ദർശൻസിങ്ങിന്റെയും അമൃത് കൗറിന്റെയും അഞ്ചുമക്കളിൽ ഏറ്റവും ഇളയയാൾക്ക് ഇന്നും കുട്ടിമനസ്സാണ്. സന്തോഷവും ഊർജസ്വലതയും ഉത്സാഹവുമുണ്ടെങ്കിൽ ജീവിതം ഹോളിപോലെ ഉത്സവമാക്കാമെന്ന് പറയുമ്പോൾ അന്റാർട്ടിക്കയൊഴികെ ആറുവൻകരകൾകണ്ട കണ്ണുകൾക്ക് സ്വർണത്തിളക്കം.

രോഗംമൂലം അനുഭവിച്ച വേദനയ്ക്ക് കണക്കില്ല. പരിതപിച്ചിരുന്നെങ്കിൽ ഞാൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമായിരുന്നില്ല. 20 മിനിറ്റ് പ്രാർഥനയ്ക്കുശേഷം ഓരോ യാത്രയ്ക്കും തുടക്കം.

ഗ്രാമീണഇന്ത്യയാണ് ഏറ്റവും മോഹിപ്പിക്കുന്നത്. പിന്നെ സഞ്ചാരികളുടെ പറുദീസയായ സ്വിറ്റ്‌സർലൻഡ്. മുംബൈ സർവകലാശാലയിൽനിന്ന് ബി.കോം. നേടിയിട്ടുണ്ട്.ഹോട്ടൽ റിസപ്ഷനിലും മാസികയിലും കോൾസെന്ററിലുമൊക്കെ ജോലിചെയ്തു. 15 വർഷമായി മുഴുവൻസമയ ദേശാന്തരയാത്ര. ' വീൽച്ചെയർ ആൻഡ്‌ ഐ ' എന്ന പേരിൽ.

മനുഷ്യനന്മയിലെ വിശ്വാസമാണ് യാത്രയ്ക്കുള്ള ഇന്ധനം. റോമിൽ​െവച്ച് വീൽച്ചെയറിൽ തെറ്റായ ദിശയിൽ സഞ്ചരിച്ച തന്നെ പിന്നാലെ ഓടിയെത്തി തിരികെക്കൊണ്ടുവന്ന് കാത്തുനിന്ന് മെട്രോബസിൽ കയറ്റിവിട്ട പെൺകുട്ടിയുടെ സുന്ദരമായമുഖം അക്കൂട്ടത്തിൽ മറക്കാനാവാത്തത്. ഹിന്ദിയും പഞ്ചാബിയും മറാഠിയും ഗുജറാത്തിയും ബംഗാളിയും ഇംഗ്ലീഷും ഫ്രഞ്ചുമറിയാവുന്ന യാത്രക്കാരിക്ക് അനേകം മുഖങ്ങളിൽകണ്ട അതേ സ്നേഹഭാഷ.

Content Highlights: Parvinder Chawla, Wheelchair and eye, Women Travel