കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ചരിത്രവും വര്‍ത്തമാനകാല സാധ്യതകളും അന്വേഷിക്കുന്ന പുസ്തകമാണ് കേരള ടൂറിസം മന്ത്രികൂടിയായ പി.എ മുഹമ്മദ് റിയാസ് രചിച്ച കേരള ടൂറിസം ചരിത്രവും വര്‍ത്തമാനവും. തനതായ പൈതൃകവും വിപുലമായ ചരിത്രവും പേറുന്ന മലബാറിനെക്കുറിച്ചുള്ള അധ്യായം വായിക്കാം.

To advertise here,

മലബാര്‍ തനതായ പൈതൃകവും വിപുലമായ ഒരു ചരിത്രവും പേറുന്ന മേഖലയാണ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് കേരളത്തിന്റെ മലബാര്‍ മേഖല. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയില്‍ കിടക്കുന്ന ഭൂവിഭാഗം. സമൃദ്ധമായ ഒരു സംസ്‌കാരം, വിശിഷ്ടമായ ഭോജ്യങ്ങള്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയാല്‍ വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മേഖലയാണ് മലബാര്‍. മലബാര്‍ ടൂറിസത്തിന്റെ പ്രാദേശികമായ സവിശേഷതകളും സാദ്ധ്യതകളും ഒപ്പം വൈവിദ്ധ്യമാര്‍ന്നതും തനതുമായ ഒരു ജനസമൂഹത്തിന്റെ പ്രത്യേകതകളും മലബാര്‍ സന്ദര്‍ശനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് അനുഭവവേദ്യമാകും. മലബാറിന്റെ ഭൂതകാലവും ചരിത്രവും പാരമ്പര്യവും എന്താണെന്ന് കണ്ടറിയുവാനുള്ള അവസരവും ഈ സന്ദര്‍ശനത്തിലൂടെ ഓരോ വിനോദസഞ്ചാരിക്കും ലഭ്യമാകും. ഇത്തരം അസാധാരണമായ ടൂറിസം ഇടങ്ങളിലൂടെ കേരള ടൂറിസവും സഞ്ചാരികളിലേക്ക് ഏറെ സ്വാധീനം ചെലുത്തുകയാണ്. അതിഥിസത്കാരത്തിലൂടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള വലിയൊരു സാദ്ധ്യത മലബാറിലെ പ്രാദേശിക സമൂഹത്തിനു മുന്നിലുണ്ട്. അതിലൂടെ മലബാര്‍ ടൂറിസത്തിന് മലബാറിന്റെ തനതായ പാരമ്പര്യവും സംസ്‌കാരവും ചരിത്രവും സംരക്ഷിച്ചു കൊണ്ടും തുറന്നുകാണിച്ചുകൊണ്ടും ഭാവിതലമുറയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാനാവും.

ചരിത്രാതീതകാലം മുതല്‍തന്നെ പടിഞ്ഞാറന്‍തീരത്തെ പ്രധാന തുറമുഖനഗരങ്ങളായ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നിവ അന്താരാഷ്ട്രപ്രശസ്തങ്ങളാണ്. ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സുപ്രധാന വ്യാപാരകേന്ദ്രങ്ങളായിരുന്നു അവ ഏറെക്കാലവും. സുഗന്ധദ്രവ്യങ്ങള്‍, കയര്‍, തേങ്ങ തുടങ്ങി മലബാറിന്റെ പ്രസിദ്ധിയാര്‍ജിച്ച ഉത്പന്നങ്ങള്‍ അക്കാലത്ത് ലോകമാസകലം ഏറെ സഞ്ചാരികളെ ആകര്‍ഷിച്ചു. പതിനഞ്ചാം നൂറ്റാണ്ടില്‍ വാസ്‌കോ ഡ ഗാമ ഇന്ത്യയില്‍ ആദ്യം കാല്‍കുത്തിയ ഇടമായ മലബാര്‍ 1947 വരെ ഒരു ബ്രിട്ടീഷ് അധിനിവേശ ഇടവുമായിരുന്നു. കേരളത്തില്‍ ആഗോളവത്കരണത്തിന് ആദ്യം വിത്തുവിതച്ച ഇടംകൂടിയാണ് മലബാര്‍. ചരിത്രത്തിലെ ഒരു വലിയ കാലയളവ് മലബാര്‍ കുതിച്ചുയരുന്ന ഒരു വമ്പന്‍ വാണിജ്യയിടമായി വളര്‍ന്നുകൊണ്ടേയിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടുവരെ അത് ചേരസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അതിനു ശേഷം ഉത്തരമലബാര്‍ കോലത്തിരിയുടെയും കോഴിക്കോട് സാമൂതിരിയുടെയും വള്ളുവനാട് വള്ളുവക്കോനാതിരിയുടെയും ഭരണത്തിന്‍കീഴിലായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്താരാഷ്ട്ര വ്യാപാരത്തിന്റെയും അതുമായി ബന്ധപ്പെട്ട സാംസ്‌കാരികമായ കൊടുക്കല്‍ വാങ്ങലുകളുടെയും സമൃദ്ധിയാണ് മലബാറിന്റെ ഇന്നു കാണുന്ന സാമൂഹിക ബഹുസ്വരതയ്ക്ക് പ്രധാന കാരണം. കേരളത്തിന്റെ സംസ്‌കാരത്തെയും ഭക്ഷണവൈവിദ്ധ്യത്തെയും വസ്ത്രധാരണത്തെയും മലബാര്‍ കാര്യമായിത്തന്നെ സ്വാധീനിച്ചിട്ടുണ്ട്.

മലബാറിന്റെ ഈ ഭൂതകാലം അതിനെ പൗരാണിക ഇന്ത്യയുമായിക്കൂടി ബന്ധിപ്പിച്ചിരുന്നു. മലബാര്‍ തീരത്തിന് ഇന്ത്യന്‍ ചരിത്രത്തില്‍ വലിയൊരു സ്ഥാനമുണ്ട്. അറബ് ലോകം, ഈജിപ്ത്, ഗ്രീസ്, റോം, മെസോപൊട്ടാമിയ തുടങ്ങിയ മേഖലകളുമായി മലബാറിന് വ്യാപാരബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇഞ്ചി, അടയ്ക്ക, കറുവാപ്പട്ട, കുരുമുളക്, ഏലം, അരി, തേങ്ങ, പഞ്ചസാര, കോട്ടണ്‍ വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട വ്യാപാര ഉത്പന്നങ്ങള്‍. അക്കാലത്ത് കോഴിക്കോട് ആയിരുന്നു സുപ്രധാനമായ രാജ്യവും ശ്രദ്ധേയമായ വ്യാപാരകേന്ദ്രവും. സാമൂതിരിക്ക് കീഴിലായിരുന്നു കോഴിക്കോട് അക്കാലത്തുണ്ടായിരുന്നത്. പോര്‍ച്ചുഗീസുകാര്‍ വന്ന കാലത്ത് സാമൂതിരിയായിരുന്നു മലബാര്‍ തീരത്തെ പ്രമുഖ നാടുവാഴി. ബലിത (വിഴിഞ്ഞം), നൗര (കണ്ണൂര്‍), കോഴിക്കോട്, മംഗലാപുരം, കൊച്ചി, മുസിരിസ് തുടങ്ങിയവയായിരുന്നു മലബാര്‍ തീരത്തെ അന്നത്തെ പേരുകേട്ട തുറമുഖങ്ങള്‍. ജൂതന്മാര്‍, ക്രിസ്ത്യാനികള്‍, സിറിയക്കാര്‍, മുസ്ലിമുകള്‍, ആംഗ്ലോ ഇന്ത്യന്‍സ് തുടങ്ങി വലിയൊരു വിഭാഗത്തെ ഈ മലബാര്‍ തീരം അക്കാലത്ത് ആകര്‍ഷിച്ചു. 1493-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ വീണതോടെ യൂറോപ്യന്മാര്‍ക്ക് വ്യാപാരത്തിനായി പുത്തന്‍ സമുദ്രപാതകള്‍ ബദലായി തേടേണ്ടിവന്നു. ഇന്ത്യയിലേക്ക് അവര്‍ പുതിയ കടല്‍മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു. അങ്ങനെയാണ് 1498 മേയ് 20ന് ഇന്ത്യയെ തേടി അലഞ്ഞ വാസ്‌കോ ഡ ഗാമ ഇവിടെയെത്തിയത്. കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്താണ് ഗാമ വന്നിറങ്ങിയത്.

കേരളത്തിന്റെ നെല്ലറയെന്നു വിളിക്കുന്ന പാലക്കാടാണ് മലബാറിലെ ഒരു പ്രമുഖ കേന്ദ്രം. സഹ്യപര്‍വ്വതത്തിന്റെ അടിവാരത്തുള്ള പ്രദേശത്ത് പാലക്കാട് ഗ്യാപ് എന്നറിയപ്പെടുന്ന 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വീതിയുള്ള പ്രകൃതിദത്തമായ ഒരു ഇടനാഴിയുണ്ട്. മറ്റു പ്രദേശങ്ങളില്‍നിന്ന് ഈ പ്രകൃതിദത്ത ഇടനാഴി വഴി കേരളത്തില്‍ പ്രവേശിക്കാവുന്നതാണ്. നെല്‍ക്കൃഷിക്കു പുറമേ, തോട്ടവിളകളും വ്യാപാരവും മറ്റു സാമ്പത്തിക ഉത്പാദന വ്യവസ്ഥിതികളും പാലക്കാടിനെ കേരളത്തിന്റെ ഒരു പ്രധാന വാണിജ്യകേന്ദ്രമാക്കിക്കൂടി മാറ്റി. വളക്കൂറുള്ള മണ്ണ്, മനോഹരമായ പുഴകള്‍, വിശാലമായ വനമേഖല, മലനിരകള്‍ അടങ്ങിയ ഭൂപ്രകൃതി എന്നിവയാല്‍ പ്രശസ്തമാണ് പാലക്കാട്. ഭൗമപരമായ ഈ പ്രത്യേകതകള്‍കൊണ്ടുതന്നെ പാലക്കാട് വഴി ബാഹ്യമായ ഒട്ടേറെ സ്വാധീനങ്ങള്‍ ഇന്ത്യയൊട്ടാകെനിന്നും എത്തി. അതെല്ലാംതന്നെ പറിച്ചുമാറ്റപ്പെടാന്‍ പറ്റാത്തവണ്ണം സമീപപ്രദേശങ്ങളിലും മാറ്റങ്ങളും സ്വാധീനവും ചെലുത്തി.

മനോഹരമായ പ്രകൃതിദത്ത ഇടങ്ങള്‍കൊണ്ടും സാംസ്‌കാരിക സമ്പത്തുകൊണ്ടും വേറിട്ടുനില്‍ക്കുന്ന ഇടമാണ് മലപ്പുറം. ദീര്‍ഘദൂര കാല്‍നട വിനോദസഞ്ചാര ഇടങ്ങള്‍ക്കും പിക്നിക് പ്രദേശങ്ങള്‍ക്കും പേരുകേട്ട ഇടമാണ് ഈ പ്രദേശം. ഭാരതപ്പുഴ, ചാലിയാര്‍, കടലുണ്ടിപ്പുഴ എന്നിവയുടെ വളക്കൂറുള്ള തീരപ്രദേശങ്ങള്‍, മനോഹരമായ ബീച്ചുകള്‍, നിബിഡവനങ്ങള്‍, കളകളാരവം പൊഴിക്കുന്ന അരുവികള്‍ എന്നിവയാല്‍ സമ്പന്നം. മാത്രമല്ല സന്ദര്‍ശകരെ തേടിയെത്തുന്ന ചരിത്രപരമായ പാരമ്പര്യ ഇടങ്ങളുടെയും ശേഷിപ്പുകളുടെയും സ്ഥലംകൂടിയാണ് മലപ്പുറം.

കോഴിക്കോട് വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങളുടെയും ഇഷ്ടങ്ങളുടെയും രുചികളുടെയും ഗന്ധങ്ങളുടെയും ഇടമാണ്. കേരളത്തിലെ പഴക്കമാര്‍ന്ന തുറമുഖങ്ങളിലൊന്ന്. നൂറ്റാണ്ടുകളായി മലബാറിലെ വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവായി നിലകൊണ്ടിരുന്നു ഈ നഗരം. കാപ്പാട് ബീച്ച്, കോഴിക്കോട് ബീച്ച്, പയ്യോളി ബീച്ച് എന്നിവ നഗരത്തോടു ചേര്‍ന്നുകിടക്കുന്നു. കാഴ്ചയിടങ്ങള്‍ക്കപ്പുറം ഭക്ഷണവൈവിദ്ധ്യത്തിന്റെ അസാധാരണമായ ഒരു ഇടംകൂടിയാണ് കോഴിക്കോട്. ബിരിയാണിയും കോഴിക്കോടന്‍ ഹല്‍വയും വളരെ പ്രശസ്തമാണ്.

കണ്ണൂരാണ് മറ്റൊരു പ്രമുഖ പ്രദേശം. കോലത്തിരി രാജവംശവും അറയ്ക്കല്‍ രാജവംശവും ഉള്‍പ്പെടുന്നതാണ് കണ്ണൂരിന്റെ ചരിത്രം. ഗംഭീരമായ ബീച്ചുകള്‍, ക്ഷേത്രങ്ങള്‍, തെയ്യമെന്ന മനോഹരവും മനംകവരുന്നതുമായ അനുഷ്ഠാനകല തുടങ്ങിയവയെല്ലാം കണ്ണൂരിന്റെ സവിശേഷതകളാണ്. പോര്‍ച്ചുഗീസുകാരാണ് കണ്ണൂരിലെത്തിയ ആദ്യ വിദേശികള്‍. അവരുടെ സ്മാരകമായി ഏഞ്ചലോ കോട്ട ഇന്നും കണ്ണൂരില്‍ അവശേഷിക്കുന്നു. മുഴുപ്പിലങ്ങാടും തോട്ടടയുമാണ് കണ്ണൂരിലെ ബീച്ചുകളില്‍ ഏറ്റവും പ്രശസ്തം.

മലബാറിലെ ഏറ്റവും മനോഹരപ്രദേശമാണ് വയനാട്. പ്രകൃതിരമണീയത ഇത്രത്തോളമുള്ള മറ്റൊരു ജില്ല കേരളത്തിലില്ലതന്നെ. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ആദിവാസി ആചാരങ്ങളാലും പ്രകൃതിദത്തമായ അതിശയങ്ങള്‍കൊണ്ടും സമ്പന്നമായ ജില്ല. നിബിഡവനങ്ങളും തേയിലത്തോട്ടങ്ങളുംകൊണ്ട് സമ്പന്നം. വെള്ളച്ചാട്ടങ്ങളാല്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന വനങ്ങളും പുരാതന ജൈനക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങളും അദ്ഭുതകരമായ ഗുഹകളും കോട്ടകളും ക്ഷേത്രങ്ങളും ഒക്കെയുള്ള വയനാട് അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ അതിവേഗമാണ് സ്വന്തം സ്ഥാനം നേടിയത്.
വടക്കേയറ്റത്തു കിടക്കുന്ന കാസര്‍കോട് സമ്മിശ്രസംസ്‌കാരങ്ങളാല്‍ ആകര്‍ഷകമാണ്. കിഴക്ക് സഹ്യപര്‍വ്വതം, പടിഞ്ഞാറ് അറബിക്കടല്‍, പന്ത്രണ്ടോളം പുഴകള്‍, അരുവികളാല്‍ സമ്പന്നമായ ഇടം അങ്ങനെയുള്ള സവിശേഷതകള്‍ കാസര്‍കോടിനെ പ്രശസ്തമാക്കുന്നു. അതാണ് കാസര്‍കോട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹരമായ ഭൂവിടമാണ് അവിടുത്തേത്. മിത്തുകളും പഴങ്കഥകളും നിറഞ്ഞ കോട്ടകളുടെയും ദേവാലയങ്ങളുടെയും പള്ളികളുടെയും ക്ഷേത്രങ്ങളുടെയും ഇടമാണ് കാസര്‍കോട്. നിരവധി സംസ്‌കാരങ്ങളെയും മതങ്ങളെയും ഉള്‍ക്കൊണ്ട പ്രദേശമാണത്. ഒമ്പതുമുതല്‍ പതിനാലുവരെയുള്ള നൂറ്റാണ്ടുകള്‍ക്കിടയ്ക്ക് നിരവധി അറബിസഞ്ചാരികള്‍ ഈ നാട്ടില്‍ വന്നിട്ടുണ്ട്. മാലിക് ദിനാര്‍ പള്ളി, ബേലാ ചര്‍ച്ച്, ജയിന്‍ ബസ്തികള്‍, പുരാതനക്ഷേത്രങ്ങള്‍ തുടങ്ങിയവ കാസര്‍കോടിന്റെ ജനതയെയും വൈദേശികമായ ബന്ധങ്ങളെയും യോജിപ്പിക്കുന്ന സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകളുടെ കാലാതീതമായി നില്‍ക്കുന്ന തെളിവുകളാണ്.

അനന്യമായ സവിശേഷതകള്‍

ടൂറിസം വികസനത്തിനാവശ്യമായ പ്രകൃതിവിഭവങ്ങളും വൈവിദ്ധ്യങ്ങളും ഒട്ടേറെയുള്ള ഇടമാണ് മലബാര്‍. മനോഹരമായ ഹില്‍സ്റ്റേഷനുകള്‍, നിബിഡവനങ്ങള്‍, തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, കായലുകള്‍, പുഴകള്‍, ബീച്ചുകള്‍ തുടങ്ങിയവ ഉദാഹരണം. പ്രസന്നമായ കാലാവസ്ഥ, സാക്ഷരരും സൗഹൃദം പങ്കിടുന്നവരുമായ ജനത, അസാധാരണമായ വന്യജീവി സമ്പത്ത്, സ്മാരകങ്ങള്‍, വര്‍ണ്ണാഭമായ മേളകള്‍, ഉത്സവങ്ങള്‍, നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പാരമ്പര്യം, അനുപമമായ കലാരൂപങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, തച്ച്-വാസ്തുശാസ്ത്രവിദ്യകള്‍ തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞുനില്‍ക്കുന്ന മേഖല.

ടൂറിസം കേരളത്തിലെ പ്രധാന വ്യവസായത്തില്‍ ഒന്നാണ്. മികച്ച തൊഴിലവസരം സൃഷ്ടിക്കുമെന്നതിനാല്‍ സര്‍ക്കാരും ടൂറിസം വികസനത്തില്‍ പ്രത്യേക താത്പര്യം കാലങ്ങളായി തുടരുന്നു. ഉത്തര കേരളത്തിലെ പ്രധാന സവിശേഷതകളെ താഴെക്കാണുംവിധം പറയാം.
സംസ്‌കാരവും കലാരൂപങ്ങളും വളരെ വൈവിദ്ധ്യം നിറഞ്ഞ കലാരൂപങ്ങളുള്ള മലബാറിലെ ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്. തെയ്യം, ഒപ്പന, ദഫ്മുട്ട്, കളരിപ്പയറ്റ്, കോല്‍ക്കളി, പൂരക്കളി, യക്ഷഗാനം, മംഗലംകളി, അറവനമുട്ട്, ചവിട്ടുകളി, അലാമിക്കളി തുടങ്ങി നിരവധി കലാരൂപങ്ങള്‍ മലബാറിന്റെ ടൂറിസം സാദ്ധ്യതകള്‍ക്ക് നിറമേകുന്നു.

മലബാര്‍ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമാണ്. വംശീയവും ചരിത്രപരവുമായ ഒട്ടേറെ സവിശേഷതകളുടെ വൈവിദ്ധ്യമാര്‍ന്ന മണ്ണ്. തനതും അനന്യവുമായ ഒട്ടേറെ കലാരൂപങ്ങള്‍ പിറവികൊണ്ടതും അതിപ്പോഴും സംരക്ഷിക്കപ്പെടുന്നതുമായ മണ്ണാണ് മലബാര്‍. അതിന്റെ സാംസ്‌കാരിക വൈശിഷ്ട്യങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ഉത്തരകേരളത്തിലെ യാത്രകളിലൂടെ നേരിട്ട് അനുഭവിച്ചറിയാനാകും. ഒരു പ്രദേശത്തിന്റെ തനതായ സാംസ്‌കാരിക സവിശേഷതകള്‍ ഒഴിവുസമയ യാത്രകളിലൂടെ നേരിട്ടനുഭവിച്ചറിയാനാകുമെന്നതാണ് സാംസ്‌കാരിക ടൂറിസംകൊണ്ടുദ്ദേശിക്കുന്നത്. അതിലൂടെ ആ പ്രദേശത്തെയും പ്രദേശവാസികളെയും അവരുടെ കലകളെയും തനത് കരകൗശല, ശില്പവൈദഗ്ദ്ധ്യത്തെയും അടുത്തറിയാനാകും. ഒട്ടേറെ സ്ഥലങ്ങളും സാംസ്‌കാരിക സംഭവങ്ങളും സാംസ്‌കാരിക ടൂറിസം എന്ന ഒരു കുടക്കീഴില്‍ അന്തര്‍ലീനമാണ്. വൈവിദ്ധ്യമാര്‍ന്ന ഒട്ടേറെ കലാരൂപങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ആചരിച്ചുവരുന്നുണ്ട്. അവയില്‍ ഉത്തരകേരളത്തിന്റെ സവിശേഷ കലാരൂപങ്ങളും ആചാരങ്ങളും മലബാറിന്റെ ടൂറിസത്തിന് മാറ്റുകൂട്ടുവാന്‍ പോന്നവയാണ്. തെയ്യം ഉത്തരകേരളത്തിന്റെ മാത്രം സവിശേഷതയാണ്. നൃത്തവും നാടകീയതയും ആദ്ധ്യാത്മികപരിവേഷത്തോടെ ഒത്തുചേര്‍ന്ന അനുഷ്ഠാനകലയാണ് തെയ്യം. അവതരണത്തോടൊപ്പം മുഖത്തെഴുത്തും വസ്ത്രങ്ങളുമെല്ലാം തെയ്യത്തെ വര്‍ണ്ണാഭമാക്കുന്നു. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ചമയപ്പൊടികളും സാധനങ്ങളും പൂക്കളും ഇലകളുമൊക്കെയാണ് മുഖത്തെഴുത്തിനും മറ്റും തെയ്യമാടുവാന്‍ ഉപയോഗിക്കുന്നത്. തെയ്യം മാത്രമല്ല വൈവിദ്ധ്യമാര്‍ന്ന സാംസ്‌കാരികത്തനിമയുള്ള മലബാര്‍ മറ്റു നിരവധി കലാരൂപങ്ങളുടെയും ഇടമാണ്. യക്ഷഗാനം, പൂരംകളി, ഒപ്പന, ദഫ്മുട്ട്, കളരിപ്പയറ്റ്, കോല്‍ക്കളി, മംഗലംകളി, അറവനമുട്ട്, ചവിട്ടുകളി, അലാമിക്കളി തുടങ്ങിയവ ഈ വിവിധ കലകളില്‍പ്പെടുന്നു.

സവിശേഷമായ സാംസ്‌കാരികാനുഭവം പകര്‍ന്നുകൊണ്ട് ഈ കലകളെല്ലാംതന്നെ മലബാറിലെ ടൂറിസത്തിനു മാറ്റുകൂട്ടുന്നു. അതുകൊണ്ട് സാംസ്‌കാരിക ടൂറിസം ഇത്തരം കലകളെ പ്രോത്സാഹിപ്പിക്കാനും അവയെ നിലനിര്‍ത്താനുമുള്ള ശക്തമായ ഒരു ഉപാധിയായി കാണാനാകും. അവയെ പഠിക്കാനും സാമ്പത്തികമായി പിന്തുണയ്ക്കാനും അവയ്ക്ക് മികച്ച അവതരണസാദ്ധ്യതയും വേദികളും നല്‍കുവാനും ടൂറിസത്തിനാകും. മലബാറിലെ മേളകളും ഉത്സവങ്ങളുമെല്ലാം എത്ര ആകര്‍ഷണങ്ങളാണെന്ന് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കും.

തൃശ്ശൂര്‍പൂരം, കല്‍പ്പാത്തി രഥോത്സവം, ഗുരുവായൂര്‍ ഉത്സവം, നെന്മാറ വേല, ഒറ്റപ്പാലം നേര്‍ച്ച, പള്ളിപ്പെരുന്നാള്‍, വ്യാപാരമേളകള്‍, മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ പോലുള്ള സാഹസിക ഉത്സവങ്ങള്‍, ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ സ്പോര്‍ട്സ് എന്നിങ്ങനെയുള്ളവ സഞ്ചാരികളെ മലബാറിലേക്ക് ആകര്‍ഷിക്കുവാന്‍ പോന്നവയാണ്.

ഭൗമപരമായ സവിശേഷതകള്‍

 ഭൂമിശാസ്ത്രപരമായ സവിശേഷതകളും ടൂറിസവും കെട്ടുപിണഞ്ഞുകിടക്കുന്നവയാണ്; ഒരു പ്രതിഭാസമാണ്. പ്രകൃതിഭംഗിയാലും വന്യജീവികളാലും വൃക്ഷലതാദികളാലും സമ്പുഷ്ടമാണ് മലബാര്‍. പച്ചവിരിപ്പിട്ട സഹ്യപര്‍വ്വതം, അത്യാകര്‍ഷകമായ ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍, താഴ്വരകള്‍, മലകള്‍, തടാകങ്ങള്‍ തുടങ്ങിയവയെല്ലാം മലബാറിനെ മനോഹരവും അവിസ്മരണീയവുമായ യാത്രാനുഭവം നല്‍കുവാന്‍ പോന്നവയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കാലം മലബാറിനെ കൂടുതല്‍ മനോഹരിയാക്കുന്നു. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങള്‍ മലബാറിന്റെ ചിലയിടങ്ങളെ ആഗോളപ്രശസ്തമാക്കുന്നു. വരണ്ട വനമേഖലകളുള്ള ഇടമാണിവിടെ. ഒട്ടേറെ സസ്തനികളും പക്ഷികളും പാമ്പുകളും ഉരഗവര്‍ഗ്ഗങ്ങളും ഈ പരിസ്ഥിതിമേഖലയിലുണ്ട്. മലബാര്‍ ജയന്റ് സ്‌ക്വിറല്‍ (Malabar giant squirrel), മലബാര്‍ ലാര്‍ജ് സ്പോട്ടട് സിവറ്റ് (Civet), മലബാര്‍ റോക്ക് പിറ്റ് വൈപ്പര്‍, സിംഹവാലന്‍ കുരങ്ങുകള്‍, ആന, കടുവ, തേന്‍ കരടി, കാട്ടുപോത്ത്, കാട്ടുനായ തുടങ്ങി സഹ്യപര്‍വ്വതസാനുക്കളില്‍ വൈവിദ്ധ്യമാര്‍ന്ന ജന്തുവര്‍ഗ്ഗങ്ങള്‍ വിഹരിക്കുന്നു. വിളകളില്‍ പ്രധാനം നെല്ലും സുഗന്ധദ്രവ്യങ്ങളും. തീരപ്രദേശങ്ങളില്‍ തെങ്ങിന്‍തോട്ടങ്ങളാണ് പ്രധാനം. സൈലന്റ്വാലി ദേശീയോദ്യാനം, മുത്തങ്ങ, തോല്‍പ്പെട്ടി, മലബാര്‍, വയനാട്, ബേഗൂര്‍ തുടങ്ങിയ വന്യമൃഗസങ്കേതങ്ങള്‍ ടൂറിസ്റ്റുകളുടെ ആകര്‍ഷണീയതകള്‍കൂടിയാണ്. മലബാറില്‍ പ്രശസ്തമായ വെള്ളച്ചാട്ടങ്ങളുമുണ്ട്. ധോണി, മീന്‍മുട്ടി, സൂചിപ്പാറ, തുഷാരഗിരി തുടങ്ങിയവ അവയില്‍ ചിലത്. ബീച്ചുകളില്‍ മുഴുപ്പിലങ്ങാട്, ബേപ്പൂര്‍, കാപ്പാട്, ബേക്കല്‍ എന്നിവ പ്രധാനപ്പെട്ടതാണ്. മഹത്തായ സാംസ്‌കാരികപൈതൃകം പേറുന്ന ഭാരതപ്പുഴ, ചാലിയാര്‍, കവ്വായി, നീലേശ്വരം, മാഹി തുടങ്ങിയ നദികള്‍ വിനോദസഞ്ചാരസാദ്ധ്യതകള്‍ പേറുന്നവയാണ്. വയനാട്, കക്കയം, തുഷാരഗിരി, പാലക്കയം തട്ട്, റാണിപുരം, അട്ടപ്പാടി, നെല്ലിയാമ്പതി തുടങ്ങിയ ഹില്‍സ്റ്റേഷനുകള്‍ ഇതിനോടകംതന്നെ ടൂറിസം കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.

ചരിത്രപരമായ സവിശേഷതകള്‍

ചരിത്രമാണ് സഞ്ചാരികള്‍ക്ക് ഏറെക്കാലം യാത്രകള്‍ക്ക് പ്രചോദനമായത്. ഭൂതകാലത്തിന്റെ രഹസ്യങ്ങളും അദ്ഭുതങ്ങളും തേടിയുള്ള ദീര്‍ഘദൂരയാത്രകള്‍ ഒരു പുതിയ കാര്യമൊന്നുമല്ല. കാലങ്ങളായി പിന്തുടര്‍ന്നിരുന്ന ആ തത്പരത ഇന്നും യാത്രകള്‍ക്ക് ഒരു പ്രചോദനംതന്നെയാണ്. മലബാറില്‍ അവശേഷിക്കുന്ന ചരിത്രാവശിഷ്ടങ്ങളും ചരിത്രമാഹാത്മ്യം വിളിച്ചോതുന്ന കെട്ടിടങ്ങളും കോട്ടകളും ഒക്കെ ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുവാന്‍ പോന്നതാണ്. ഒപ്പം പുരാതന ക്ഷേത്രങ്ങളും പള്ളികളും മ്യൂസിയങ്ങളും ഒക്കെ മലബാറിന്റെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടുന്നുണ്ട്. ബേക്കല്‍ കോട്ടയും പ്രദേശവും ഇതിനോടകം അന്താരാഷ്ട്ര പ്രശസ്തമായിക്കഴിഞ്ഞു. ഇടയ്ക്കല്‍ ഗുഹകള്‍, കോട്ടയ്ക്കല്‍, തിരുനാവായ, പൊന്നാനി, തളിപ്പറമ്പ്, നീലേശ്വരം, അട്ടപ്പാടി, തിരൂര്‍, കല്‍പ്പാത്തി, ചിറയ്ക്കല്‍ തുടങ്ങിയവയാണ് മലബാര്‍ മേഖലയിലെ ചില പ്രധാനപ്പെട്ട സാംസ്‌കാരിക ഇടങ്ങള്‍. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, പഴയങ്ങാടി പള്ളി, ബത്തേരി ജൈനക്ഷേത്രം, തിരുനെല്ലി ക്ഷേത്രം, പെരളശ്ശേരി സുബ്രഹ്‌മണ്യക്ഷേത്രം, സെന്റ് ജോണ്‍ ആംഗ്ലിക്കന്‍ ചര്‍ച്ച് തുടങ്ങിയവയാണ് പ്രധാന ആരാധനാകേന്ദ്രങ്ങള്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മറ്റു കേന്ദ്രങ്ങളെടുത്താല്‍ പാലക്കാട്, തലശ്ശേരി, ബേക്കല്‍ കോട്ടകള്‍ നിരന്തരമായ ടൂറിസ്റ്റ് സാന്നിദ്ധ്യമുള്ളവയാണ്. മലബാറിലെ ഭക്ഷണവൈവിദ്ധ്യവും പലവിധ സംസ്‌കാരങ്ങളുടെ സ്വാധീനമുള്ളവയാണ്.

മലബാറിലെ ഭക്ഷ്യവിഭവങ്ങള്‍

അറബ്, ബ്രാഹ്‌മിന്‍, ചിറയ്ക്കല്‍, സാമൂതിരി സ്വാധീനങ്ങളൊക്കെ മലബാറിലെത്തുന്ന സഞ്ചാരികള്‍ക്ക് രുചിഭേദങ്ങളുടെ ആനന്ദം പേറിയാണ് മടങ്ങാറ്. പ്രകൃതിദത്തമായ ചേരുവകളുടെയും ഗന്ധങ്ങളുടെയും സമ്പുഷ്ടവും സമ്പന്നവുമായ ഒരു കൂട്ടാണ് മലബാറിന്റെ ഭോജനങ്ങള്‍. മലബാര്‍ ഭക്ഷണത്തിന്റെ പ്രധാന കേന്ദ്രങ്ങളായി വിളിക്കാവുന്ന രണ്ടിടങ്ങള്‍ കോഴിക്കോടും തലശ്ശേരിയുമാണ്. പ്രശസ്തമായ സുലൈമാനി (പുതിനയോ, നാരങ്ങയോ ചേര്‍ന്ന കട്ടന്‍ചായ), വിവിധതരം മലബാര്‍ ബിരിയാണികള്‍, ഇറച്ചി, പുട്ട്, പറോട്ട, പത്തിരി, നെയ്ച്ചോറ്, ഉന്നക്കായ, അരിക്കടുക്ക, ചട്ടിപ്പത്തിരി, പഴം നിറച്ചത്, മുട്ടമാല തുടങ്ങി സ്വാദിഷ്ഠമായ ഒട്ടേറെ ഭക്ഷ്യവിഭവവൈവിദ്ധ്യങ്ങളുണ്ട് മലബാറിന് നല്‍കാന്‍. നിരവധി സമുദ്രോല്‍പ്പന്നവിഭവങ്ങളും ഇതില്‍പ്പെടും. ഭക്ഷണത്തിനുശേഷവും ഏറെ നേരം നാവില്‍ രുചിയൂറിനില്‍ക്കും മലബാര്‍ വിഭവങ്ങളുടെ സ്വാദിഷ്ഠമായ ഫ്ളേവറുകളെന്ന് അനുഭവത്തിലറിയാം. തലമുറകളായി കൈമാറിവരുന്നതാണ് ഈ ഭക്ഷ്യക്കൂട്ടുകളുടെ രഹസ്യങ്ങള്‍.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

കോഴിക്കോട് നഗരം, ഇരിങ്ങല്‍ (സര്‍ഗ്ഗാലയ), മുഴപ്പിലങ്ങാട്, ബേക്കല്‍, കാപ്പാട്, പയ്യാമ്പലം, കടലുണ്ടിനഗരം, തുഷാരഗിരി, ഭൂതത്താന്‍കെട്ട്, മലമ്പുഴ, പറശ്ശിനിക്കടവ്, നെല്ലിയാമ്പതി, വയനാട്, നിലമ്പൂര്‍, കക്കയം തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലാണ് സഞ്ചാരികള്‍ കൂടുതല്‍ എത്തിച്ചേരുന്നത്. കോഴിക്കോട്, കാപ്പാട്, പയ്യോളി, മുഴപ്പിലങ്ങാട്, ബേക്കല്‍ തുടങ്ങിയ ഇടങ്ങളിലെ ബീച്ചുകള്‍ സഞ്ചാരികളുടെ പ്രമുഖ കേന്ദ്രങ്ങളാണ്. നെല്ലിയാമ്പതിയും പൈതല്‍മലയും റാണിപുരവും ചേമ്പ്രയും കൊടികുത്തിമലയും ഒക്കെ വിനോദസഞ്ചാരമേഖലയില്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ടുകഴിഞ്ഞ ഹില്‍സ്റ്റേഷനുകളാണ്. അട്ടപ്പാടിയും ഷൊര്‍ണൂരും കൊല്ലങ്കോടും കോട്ടയ്ക്കലും തിരുനാവായയും പൊന്നാനിയും തുടങ്ങി നിരവധി സാംസ്‌കാരിക കേന്ദ്രങ്ങളാണ് മലബാറില്‍. ബേക്കലിനു പുറമേ പാലക്കാട്, തലശ്ശേരി, ചന്ദ്രഗിരി, സെന്റ് ആഞ്ചലോ എന്നിങ്ങനെയുള്ള കോട്ടകളും ആകര്‍ഷണങ്ങളാണ്. തുഷാരഗിരിക്കു പുറമേ വയനാട്ടില്‍ ഒന്നിലേറെ വെള്ളച്ചാട്ടങ്ങള്‍ ഉണ്ട്. മാത്രമല്ല സൈലന്റ്വാലിയും പറമ്പിക്കുളം ആറളവുമൊക്കെ പ്രമുഖ വന ടൂറിസം മേഖലകളാണ്.

 ടൂറിസം കേന്ദ്രങ്ങള്‍ക്കു പുറമേ മലബാര്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ ഇടപെടലുകളും നടന്നുവരുന്നു. അവയിലെ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.

1. ലിറ്റററി സര്‍ക്യൂട്ട്
2. സ്വദേശ് ദര്‍ശന്‍
3. മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി
4. തലശ്ശേരി പൈതൃകപദ്ധതി
5. എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം, ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങള്‍
6. ഡിസൈന്‍ പോളിസി
7. മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍
8. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ്
9. ചാമ്പ്യന്‍സ് ബോട്ട് ലീഗ്

മലബാറിന്റെ സാദ്ധ്യതകള്‍

കേരളത്തില്‍ വരുന്ന സഞ്ചാരികളുടെ പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് മലബാര്‍ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ മലബാറിന്റെ സാദ്ധ്യതകള്‍ വളരെ വലുതാണ്. ടൂറിസം കേരളത്തില്‍ പുരോഗമിക്കുന്ന കാലഘട്ടത്തില്‍ മലബാര്‍ മേഖലയിലെ ടൂറിസം കേന്ദ്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മാത്രമല്ല പ്രമുഖ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുവാനുള്ള യാത്രാ ഉപാധികളുടെ കുറവും മലബാറിലെ ടൂറിസത്തിന്റെ പുരോഗതിയെ ബാധിച്ചിരുന്നു. കേരളത്തിലെ ടൂറിസം മുഖ്യമായും പ്രമുഖ ടൂറിസം കേന്ദ്രങ്ങളുമായി സാമീപ്യമുള്ള മദ്ധ്യമേഖലയില്‍ കേന്ദ്രീകരിക്കുകയും തെക്കുഭാഗത്തേക്ക് അത് വ്യാപിക്കുകയും ചെയ്തിരുന്നു.

 വയനാട് ഒഴികെയുള്ള മറ്റിടങ്ങളിലെ കാലാവസ്ഥ മലബാറിലെ ടൂറിസത്തിന്റെ പുരോഗതിക്ക് പ്രതികൂലമായി നിന്നിരുന്നു. ടൂറിസത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യത്തിന്റെ അഭാവം തുടക്കത്തില്‍ വലിയൊരു പ്രശ്നമായിരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ഗതാഗതമാര്‍ഗ്ഗങ്ങള്‍ കാര്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഒട്ടനവധി പുതിയ ടൂറിസം കേന്ദ്രങ്ങളും ആകര്‍ഷണങ്ങളും ഉണ്ടായിട്ടുണ്ട്. മാര്‍ക്കറ്റിങ്ങില്‍ മലബാര്‍ മേഖലയ്ക്ക് കാര്യമായ സ്ഥാനം ഇപ്പോള്‍ നല്‍കിവരുന്നു. വരുംകാലങ്ങളില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന കേരളത്തിലെ ടൂറിസം മേഖല മലബാര്‍ ആയിരിക്കും. സാംസ്‌കാരിക പൈതൃകം ആയിരിക്കും മലബാര്‍ ടൂറിസത്തിന്റെ മുഖ്യ ഘടകം. നദികളുടെയും മറ്റു ജലസ്രോതസ്സുകളുടെയും ടൂറിസം സാദ്ധ്യതകള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സിനിമ ഷൂട്ടിങ് നടത്തിയിരുന്ന പ്രദേശങ്ങളും മറ്റും ഫിലിം ടൂറിസത്തിനായി ഉപയോഗിക്കുവാന്‍ തുടങ്ങി. വെഡ്ഡിങ് ടൂറിസവും വ്യാപിച്ചുവരുന്നു. വയനാടിനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം കേന്ദ്രമാക്കി മാറ്റാവുന്നതാണ്. കോഴിക്കോടിന്റെ ടൂറിസം സാദ്ധ്യതകള്‍ ദ്രുതഗതിയിലാണ് വികസിപ്പിക്കുന്നത്. കണ്ണൂരും കാസര്‍കോടും പാലക്കാടും മലപ്പുറവും ടൂറിസം ലോകത്ത് വരുംകാലങ്ങളില്‍ നിറസാന്നിദ്ധ്യമായിരിക്കും.