ഇന്ത്യയില്‍ സൂപ്പര്‍ ബൈക്കുകള്‍ ഇന്നും അപൂര്‍വതയാണ്. ഹാര്‍ലി-ഡേവിഡ്‌സണ്‍ പ്രത്യേകിച്ചും. സ്വന്തമായി ഹാര്‍ലി കൈവശമുള്ള ഒരു പെണ്‍കുട്ടിയുമൊത്തുള്ള റൈഡ് എന്ന് വെച്ചാല്‍... എന്താ പറയേണ്ടത്... ആവേശം കൊണ്ട് വയ്യ! 

To advertise here,

എല്ലാം വിചാരിച്ചപോലെ തന്നെ. കോട്ടയത്തുകാരി ഷീജാ മാത്യൂസ് എവിടെ ചെന്നാലും സ്റ്റാറാണ്. അത്യാധുനികരായ ബംഗളൂരുകാര്‍ക്കും നന്ദി ഹില്‍സിലെ നാടന്‍ കുട്ടികള്‍ക്കും ഒരുപോലെ സൂപ്പര്‍സ്റ്റാര്‍! ഹാര്‍ലി-ഡേവിഡ്‌സണ്‍ കടന്നുപോകുമ്പോള്‍ എല്ലാവരുടെയും വായ് താനേ തുറന്നു പോകുന്നു. അദ്ഭുതം കൊണ്ട്. ഷീജ തന്നെ മുന്നറിയിപ്പ് തന്നിരുന്നു എവിടെച്ചെന്നാലും ബൈക്കിന് ചുറ്റും ചെറിയ ഒരാള്‍ക്കൂട്ടം രൂപപ്പെടുമെന്ന്. അതും നേര്. എവിടെ പാര്‍ക്ക് ചെയ്യുന്നു എന്നത് പ്രശ്‌നമേ ആയിരുന്നില്ല!

നന്ദി ഹില്‍സിലേക്കുള്ള വഴി ഒന്നാന്തരം. ബൈക്കേഴ്‌സിന്റെ ഇഷ്ടപാതയാണ് ഇത്. ഷീജയ്‌ക്കൊപ്പം ഹാര്‍ലിയില്‍ പറക്കുന്നതിന്റെ ത്രില്‍! നന്ദിയുടെ മലമുടികളും താഴ് വാരത്തിന്റെ കാഴ്ചകളും കൊളുത്തി വലിച്ചു. 

മലമുകളിലെ കാഴ്ചകളിലേക്ക് കടക്കുംമുമ്പ്, അടിവാരത്ത് പുരാതനമായ ഭോഗനന്ദീശ്വരക്ഷേത്രം. യുദ്ധത്തിന്റെ മുറിപ്പാടുകള്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ അറിയാം ഭോഗനന്ദീശ്വര ക്ഷേത്രം എത്രയോ യുദ്ധങ്ങളും കാലഭേദങ്ങളും അതിജീവിച്ചിരിക്കുന്നു. സ്‌നേഹവും സമാധാനവും അനുഭവിച്ചിരിക്കുന്നു. ചോളരാജാക്കന്മാരുടെ ഈ നിര്‍മിതി എത്രയോ തലമുറകളായി ആക്രമിക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

പശ്ചാത്തലത്തില്‍ ക്ഷേത്രത്തിന്റെ ഇതിഹാസ കഥകള്‍ മുഴങ്ങിക്കൊണ്ടിരിക്കെ, കാലം ചുളിവുകള്‍ വീഴ്ത്തിയ ഗൈഡിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. എത്രയോ യുദ്ധങ്ങളും ഋതുഭേദങ്ങളും കടന്നു പോയ മറ്റൊരു ക്ഷേത്രംപോലെ...

സന്ദര്‍ശകരോ തീര്‍ത്ഥാടകരോ ഇല്ലാത്ത ക്ഷേത്രം ഏറെക്കുറെ ഞങ്ങള്‍ക്ക് സ്വന്തമായ പോലെ. ഗോപുരനടയിലെ സന്യാസി ഞങ്ങളെ നിര്‍ത്താതെ വിളിച്ചു കൊണ്ടിരുന്നു. ഒറ്റനോട്ടത്തില്‍ കാണാത്തവിധം മലയുടെ ഉള്‍വശത്തെവിടെയോ ഒളിച്ചിരിക്കുകയാണ് പടുകൂറ്റന്‍ നന്ദി വിഗ്രഹം.

സൂര്യനുദിച്ചുയര്‍ന്നതോടെ മലമുകളിലെങ്ങും സഞ്ചാരികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പിക്‌നിക്കിനെത്തിയ കുടുംബങ്ങളും ഏകാന്തത തേടിയെത്തിയ ഇണകളും താഴ് വരയിലെ കാഴ്ചകളിലേക്ക് കണ്ണുനട്ട് ഓരോ പാറക്കൂട്ടങ്ങളില്‍ ഇടംപിടിക്കുന്നു. വേറെയും സഞ്ചാരികളുണ്ടായിരുന്നു. അടുത്തുതന്നെയുള്ള സാമ്രാജ്യമായ കിഷ്‌കിന്ധയില്‍ നിന്നാവണം നിരവധി കുരങ്ങന്മാര്‍. അവര്‍ കാറുകള്‍ക്ക് മുകളിലും പാറകള്‍ക്ക് ചുറ്റിലും അലഞ്ഞുനടന്നു...

ഇടയ്‌ക്കെപ്പോഴോ ആണ് അത് ശ്രദ്ധിച്ചത്, സമീപത്തെ ചെറിയ പെട്ടിക്കടകളിലെല്ലാം കുട്ടികളാണ് ഇപ്പോള്‍ ചുമതലക്കാര്‍. മുതിര്‍ന്നവര്‍ വിശ്രമിക്കാന്‍ പിന്‍വാങ്ങിയിരിക്കുന്നു. എല്ലാ നല്ല കാര്യങ്ങളും പോലെ എന്റെ ഈ കൊച്ചു സാഹസികസഞ്ചാരവും അവസാനത്തോടടുക്കുകയാണ്. മടങ്ങിപ്പോകാന്‍ സമയമായി.  ഒന്ന് വെട്ടിത്തിരിഞ്ഞ് ബംഗളൂരുവിന്റെ തിരക്കിലേക്കും ബഹളങ്ങളിലേക്കും ഷീജയുടെ ബൈക്ക് മടങ്ങുന്നതിന് മുമ്പ് താഴ് വര ഒരു നോക്കു കൂടി കാണാന്‍ തോന്നി.

placeholder
യാത്ര വാങ്ങാം

അപകടമേഖല എന്ന് പ്രഖ്യാപിക്കപ്പെട്ട വളവില്‍ ഞങ്ങള്‍ ഒരുവട്ടംകൂടി ബൈക്ക് നിര്‍ത്തി. അതിമനോഹരമായ കാഴ്ചകളിലേക്ക് അവസാനമായി ഒരു പാളിനോട്ടം. പിന്നെ മഞ്ഞുപൊതിഞ്ഞ മനോഹരിയായ നന്ദിയുടെ മാറില്‍ നിന്ന് ഞങ്ങളെ സ്വയം പറിച്ചെടുത്ത് താഴേക്ക് ഒരു കുതിപ്പ്...

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Nandi Hills, Bhoganandeeswara Temple, Harley Davidson Bike Travel, Women Travel