2007ല്‍ ന്യൂ സെവന്‍ വണ്ടേഴ്‌സ് ലോകവ്യാപകമായി നടത്തിയ ഇന്റര്‍നെറ്റ് വോട്ടെടുപ്പിലാണ് ലോകാത്ഭുതങ്ങളിലൊന്നായി മാച്ചുപിച്ചുവും ഇടം നേടിയത്

മാച്ചുപിച്ചുവിന് ലോകാത്ഭുത പട്ടം നഷ്ടമാവുമോ? ആയേക്കാമെന്നാണ് സാധ്യതകള്‍ പറയുന്നത്. അത്ഭുതങ്ങള്‍ വര്‍ഗീകരിക്കുന്ന പ്രശസ്ത സ്ഥാപനമായ ഹില്‍മാന്‍ വണ്‍ഡേഴ്‌സാണ് 2007ൽ മാച്ചുപിച്ചുവിനെ ലോകാത്ഭുതമായി പട്ടികപ്പെടുത്തിയത്. എന്നാല്‍ അടിക്കടിയുണ്ടാവുന്ന പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ നിന്ന് അധികം വൈകാതെ ഇന്‍ക സാമ്രാജ്യത്തിന്റെ ഈ മഹാസൗന്ദര്യം പുറത്താവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് മാച്ചു പിച്ചു നേരിടുന്ന വെല്ലുവിളി? പ്രതിസന്ധികളെ നേരിട്ട് മാച്ചുപിച്ചുവിന് ലോകാത്ഭുത പട്ടികയിലേക്ക് തിരിച്ചുകയറാനാവുമോ?
മാച്ചുപിച്ചുവെന്ന അത്ഭുതം
പെറുവിലെ കുസ്‌ക്കോ പട്ടണത്തില്‍ നിന്ന് 130 കിലോമീറ്റര്‍ മാറി രണ്ട് വലിയ കൊടുമുടികള്‍ക്കിടയിലുള്ള മനുഷ്യനിര്‍മിത നഗരമാണ് മാച്ചു പിച്ചു. രണ്ട് വലിയ പാറയില്‍ കൊത്തിയെടുത്തത് പോലെയാണ് ഇതിന്റെ രൂപം. സമുദ്രനിരപ്പില്‍ നിന്ന് 2430 അടി ഉയരത്തിലാണ് മാച്ചു പിച്ചു സ്ഥിതി ചെയ്യുന്നത്. തെക്കേ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രം കൂടിയാണിത്. ആമസോണ്‍ നദിയുടെ കൈവഴിയായ ഉറുമ്പാമ്പ നദിക്ക് മുകളിലായാണ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഇന്‍ക സാമ്രാജ്യത്തില്‍പെട്ട പ്രദേശമായിരുന്നു മാച്ചു പിച്ചു. 1438-1471 കാലത്തെ ഇന്‍കാ നേതാവ് പചാകുടി യുപാന്‍ക്വി ആണ് ഇതിന്റെ നിര്‍മാതാവ് എന്നതിന് തെളിവുണ്ട്. ഒരു കാലത്തു ഇന്നത്തെ ചിലി, ബൊളീവിയ, ഇക്വഡോര്‍, പെറു എന്നി രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന, തെക്കേ അമേരിക്കയിലെ ആന്‍ഡീസ് മലനിരകള്‍ മുതല്‍ മറുഭാഗത്തു സമുദ്രാതിര്‍ത്തിവരെ വരെ വ്യാപിച്ചു കിടന്ന പ്രശസ്തമായ ഇന്‍കാ സാമ്രാജ്യത്തിന്റെ രാജാക്കന്മാര്‍ അവരുടെ ഭരണം നിയന്ത്രിച്ചിരുന്നത് ഇവിടെ നിന്നാണ്. ഇന്‍കന്‍ സംസ്‌കാരത്തിന്റെ സവിശേഷതകള്‍ കൊണ്ട് സമ്പന്നമായ ഈ പ്രദേശത്തെ സ്പാനിഷുകാര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു. അതുകൊണ്ട് ഇന്‍കകളുടെ നഷ്ടപ്പെട്ട നഗരം എന്നും ഇത് അറിയപ്പെടുന്നുണ്ട്. സ്പാനിഷ് കോളനി വാഴ്ചക്കാര്‍ കൈയൊഴിഞ്ഞതോടെ നൂറ്റാണ്ടുകളോളം ഈ പ്രദേശം പുറംലോകത്താല്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നു.
1911ല്‍ അമേരിക്കക്കാരനായ, യേല്‍ സര്‍വകലാശാല പ്രൊഫസര്‍ ഹിറാം ബിങാം ആണ് ഈ പ്രദേശത്തെ കണ്ടെത്തിയത്. പ്രദേശവാസികളുടെ സഹായത്തോടെയായിരുന്നു ഈ പര്യവേഷണം. 13 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ നഗരസമുച്ചയത്തിന്റെ വിവിധ തലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് മൂവായിരത്തിലധികം പടികള്‍ തന്നെയുണ്ട്. ചെരിഞ്ഞ പാറക്കെട്ടില്‍ മേല്‍ക്കൂരയോടുകൂടി നിര്‍മിച്ചിട്ടുള്ള ഭാഗം ഇതിന്റെ വാസ്തുവിദ്യാവൈശിഷ്ട്യത്തിനുള്ള തെളിവാണ്. മിനുസപ്പെടുത്തിയ കല്‍മതിലുകള്‍ ഉപയോഗിച്ചുള്ള പഴയ ഇന്‍കന്‍ രീതിയിലാണ് മാച്ചുപിച്ചു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഇന്‍തിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ തുടങ്ങിയവയാണ് ഇതിലെ പ്രധാന കെട്ടിടങ്ങള്‍. മതപരവും ആചാരപരവും ജ്യോതിശാസ്ത്രപരവും കാര്‍ഷികവുമായ പലതരം അടിസ്ഥാനങ്ങളില്‍ കൃത്യമായ രൂപരേഖയനുസരിച്ചാണ് പുരാതന നഗരം നിര്‍മിച്ചിരിക്കുന്നത്. മാച്ചു പിച്ചുവിന്റെ ഒരു ഭാഗം പട്ടണമായും മറ്റൊരു ഭാഗം ക്യഷിയിടവുമായിട്ടാണ് ഉപയോഗിക്കപ്പെട്ടത്. നഗരത്തെ താഴ്ന്ന ഭാഗവും ഉയര്‍ന്ന ഭാഗവുമായി തിരിച്ചിരിക്കുന്നു. ഇവയ്ക്കിടയിലുള്ള ഒരു വലിയ ചത്വരമാണ് കൃഷിയിടങ്ങളെ താമസസ്ഥലങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നു. ഇന്‍കകളുടെ ജ്യോതിശാസ്ത്രത്തിലുള്ള അഗാധമായ ധാരണയും പാരമ്പര്യവും ഇവിടെ കാണാം. എന്നാല്‍ ചില നിഗൂഢതകളും മാച്ചുപിച്ചുവിനെ ചുറ്റി നിലനില്‍ക്കുന്നുണ്ട്.
1948ലാണ് മാച്ചു പിച്ചു ആദ്യമായി സന്ദര്‍ശകര്‍ക്കായി തുറന്നത്. 1981ല്‍ പെറു മാച്ചുപിച്ചുവിനെ സംരക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം, 1983ല്‍ യുനെസ്‌കോ ഇതിനെ
ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സാംസ്‌കാരികമായ സംരക്ഷിത മേഖലയായി കണക്കാക്കിക്കൊണ്ടാണ് മാച്ചു പിച്ചുവിലെ ടൂറിസം പോലും തുടരുന്നത്. 2007ല്‍ ന്യൂ സെവന്‍ വണ്ടേഴ്‌സ് ലോകവ്യാപകമായി നടത്തിയ ഇന്റര്‍നെറ്റ് വോട്ടെടുപ്പിലാണ് ലോകാത്ഭുതങ്ങളിലൊന്നായി മാച്ചുപിച്ചുവും ഇടം നേടിയത്.
സന്ദര്‍ശക പ്രവാഹത്തില്‍ മുങ്ങി മാച്ചുപിച്ചു
കോവിഡിന് മുന്‍പുവരെ പ്രതിവര്‍ഷം പതിനഞ്ച് ലക്ഷം സന്ദര്‍ശകരാണ് മാച്ചു പിച്ചുവിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തിയിരുന്നത്. എന്നാല്‍ കോവിഡ് കാലത്തിന് ശേഷം ഇത് ഗണ്യമായി കുറഞ്ഞു. എന്നാല്‍ 2024-25 വര്‍ഷങ്ങളില്‍ ഈ കുറവ് നികത്തുന്ന തരത്തിലായിരുന്നു മാച്ചുപിച്ചുവിലേക്കുള്ള സന്ദര്‍ശക പ്രവാഹം. 2025 പത്ത് മാസം പിന്നിടുമ്പോഴേക്കും മാത്രം 16 ലക്ഷം പേര്‍ മാച്ചുപിച്ചുവിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിദിനം നിശ്ചിത ടിക്കറ്റുകള്‍ മാത്രം വിതരണം ചെയ്തുകൊണ്ടാണ് മാച്ചുപിച്ചു തിരക്ക് നിയന്ത്രിക്കുന്നത്. ഒരുദിവസം ശരാശരി 4500 പേരാണ് മാച്ചുപിച്ചു കാണാനെത്തുന്നത്. മെയ് മുതല്‍ ഓഗസ്ത് വരെയുള്ള മാസങ്ങളിലാണ് ഏറ്റവും തിരക്കേറുന്ന സമയം. മാച്ചുപിച്ചു സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്. സീസണ്‍ അനുസരിച്ച് 6000 രൂപ വരെയാണ് മാച്ചുപിച്ചു സന്ദര്‍ശിക്കാനായി ഒരാള്‍ നല്‍കേണ്ടി വരിക. സീസണ്‍ അനുസരിച്ച് ഈ തുകയിൽ മാറ്റങ്ങൾ വന്നേക്കാം.
വിനോദസഞ്ചാരത്തിന്റെ ഇര
വിനോദസഞ്ചാരത്തിന് ഒരു മേഖലയെ വളര്‍ത്താനും സാധിക്കും, തളര്‍ത്താനും സാധിക്കും. അതുപോലെ ആഗോള വിനോദസഞ്ചാര ഭൂപടത്തിലേക്ക് മാച്ചുപിച്ചുവിനെ ഉയര്‍ത്തിയതും ലോകാത്ഭുതങ്ങളുടെ പട്ടികയില്‍ നിന്ന് ഇപ്പോൾ മാച്ചുപിച്ചുവിനെ പുറത്തേക്ക് എത്തിക്കുന്നതിനും പിന്നില്‍ വിനോദസഞ്ചാരമാണ്. വര്‍ഷം തോറും വളരുന്ന സന്ദര്‍ശകരുടെ എണ്ണം മാച്ചുപിച്ചുവിനെ കാര്യമായ പരിക്കുകളേല്‍പ്പിച്ചിട്ടുണ്ട്. ചരിത്രസ്മരകമായി നിലനിര്‍ത്തുന്ന നിര്‍മിതികള്‍ക്ക് കേടുപാടുകളുള്‍പ്പെടെ അവശേഷിപ്പിച്ചുകൊണ്ടാണ് പലരും മലനിരകളിറങ്ങുന്നത്. സന്ദര്‍ശകര്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ കൊണ്ട് അധികൃതര്‍ പൊറുതിമുട്ടി. തെരുവുകളും റോഡുകളും സന്ദര്‍ശകരെ കൊണ്ട് തിങ്ങിനിറഞ്ഞു. ടൂറിസം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെ മാച്ചു പിച്ചുവിനെ സംരക്ഷിക്കാനായി അധികൃതര്‍ കര്‍ശന നടപടികളിലേക്ക് കടന്നു.
അറ്റകുറ്റപ്പണികള്‍ക്കായി മാച്ചു പിച്ചുവിലേക്കുള്ള പാത അടച്ചിടുക, അഡ്വാന്‍സ് ആയി ടിക്കറ്റ് ബുക്ക് ചെയ്യുക, ട്രെക്കിങ് സംഘത്തിലെ പരമാവധി ആളുകളെ പത്ത് പേര്‍ മാത്രമാക്കുക, സന്ദര്‍ശന സമയം നാല് മണിക്കൂറാക്കി ചുരുക്കുക, മാലിന്യ സംസ്‌കരണത്തിന് കര്‍ശനമായ സംവിധാനങ്ങള്‍ എന്നിവയാണ് അധികൃതര്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയത്. ഈ നടപടികള്‍ മാച്ചു പിച്ചു നേരിടുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന് അധികൃതര്‍ക്കും അറിയാം. അധിക ടൂറിസം കൊണ്ട് സ്ഥിരമായ നാശനഷ്ടം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചില ട്രാവല്‍ ഏജന്‍സികള്‍ മാച്ചു പിച്ചു സന്ദര്‍ശിക്കുന്നതിനെതിരേ മുന്നറിയിപ്പുകളും നല്‍കുന്നുണ്ട്. അടുത്തിടെ ട്രാവല്‍ ആന്‍ഡ് ടൂര്‍ വേള്‍ഡ് മാഗസിന്‍ മാച്ചുപിച്ചുവിനെ റാങ്കിങ്ങില്‍ നിന്ന് തരം താഴ്ത്തുകയും ചെയ്തിരുന്നു.
മാച്ചുപിച്ചുവിന്റെ അഭൗമമായ സൗന്ദര്യം ക്ഷയിക്കുന്നുവെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇവിടേക്കുള്ള ടൂറിസം വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ലാസ്റ്റ് ചാന്‍സ് ടൂറിസമെന്ന പ്രതിഭാസമാണിത്. നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന സ്ഥലങ്ങള്‍ കാണാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടി മാച്ചു പിച്ചുവിലേക്ക് എത്തുകയാണെന്ന് അധികൃതര്‍ വിലയിരുത്തുന്നുണ്ട്. ഒരുപക്ഷേ കാത്തിരുന്നാല്‍ പിന്നീട് കാണാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത കാഴ്ചകള്‍ കാണാനുള്ള അവസാന അവസരത്തെ മുതലാക്കുകയാണ് ആഗോളസഞ്ചാരികള്‍. മാച്ചു പിച്ചുവിലേക്കുള്ള യാത്രികരുടെ ഒഴുക്കിന് പിന്നില്‍ ഇത്തരമൊരു കാരണവുമുണ്ടെന്നാണ് വിലയിരുത്തലുകള്‍.
കാലാവസ്ഥാ പ്രതിസന്ധിയാണ് മറ്റൊന്ന്. അന്തരീക്ഷ മലിനീകരണവും ഖരമാലിന്യങ്ങളും മാച്ചു പിച്ചുവിന്റെ സൗന്ദര്യത്തെ ബാധിക്കുന്നുണ്ട്. സഞ്ചാരികളുടെ വാഹനങ്ങള്‍ തിങ്ങിനിറഞ്ഞ് ശ്വാസം മുട്ടുകയാണ് മാച്ചുപിച്ചുവിന് സമീപത്തെ പട്ടണങ്ങള്‍. വായു മലിനീകരണവും ജലമലിനീകരണവും മറ്റൊരിടത്ത്. 2021-ലെ വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോള ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ എട്ടു മുതല്‍ 11 ശതമാനം വരെ സംഭാവന ചെയ്യുന്നത് ടൂറിസം മേഖലയാണെന്നും ഓര്‍ക്കണം.
ആഭ്യന്തരസംഘര്‍ഷവും കാരണം
ടൂറിസം മാത്രമല്ല, പെറുവിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന അശാന്തികളും സംഘര്‍ഷങ്ങളും പെറുവിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആയിരത്തോളം സഞ്ചാരികള്‍ പെറുവില്‍ കുടുങ്ങിപ്പോയത്. തുടര്‍ന്ന് മാച്ചു പിച്ചു സന്ദര്‍ശിക്കുന്നതിനെതിരേ പെറുവിലെ യുഎസ് എംബസി മുന്നറിയിപ്പ് പുറത്തുവിടുകയും ചെയ്തു. മാച്ചു പിച്ചുവിലേക്കുള്ള പാതയുടെ നിയന്ത്രണത്തെച്ചൊല്ലിയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. നാട്ടുകാര്‍ മരത്തടികളും കല്ലുകളും ഉപയോഗിച്ച് ട്രെയിന്‍ പാളങ്ങള്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് പെറു റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും നൂറുകണക്കിനാളുകള്‍ കുടുങ്ങിപ്പോകുകയും ചെയ്തു. 1500ലേറെ വിനോദസഞ്ചാരികളെയാണ് ഒഴിപ്പിച്ചത്. പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ പ്രകടനക്കാര്‍ സമ്മതിച്ചെങ്കിലും സംഘര്‍ഷാവസ്ഥ ദിവസങ്ങളോളം തുടര്‍ന്നിരുന്നു. കുറ്റകൃത്യങ്ങള്‍, ആഭ്യന്തരകലാപം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പെറുവിന് ലെവല്‍ 2 യാത്രാ മുന്നറിയിപ്പ് നല്‍കിയത്.
ആഭ്യന്തര അസ്വസ്ഥതകള്‍ വര്‍ധിക്കുകയും സഞ്ചാരികളുടെ സംരക്ഷണം വെല്ലുവിളിയായി തുടരുകയും ചെയ്യുകയാണെങ്കില്‍ പുതിയ ഏഴ് അത്ഭുതങ്ങളുടെ പട്ടികയില്‍ നിന്ന് മാച്ചു പിച്ചുവിന് സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന് പെറു സര്‍ക്കാരിന് New7Wonders സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അന്തിമതീരുമാനമെടുക്കാന്‍ സമയമായിട്ടില്ല, കാര്യങ്ങള്‍ നേരെയാക്കാന്‍ സമയുണ്ടെന്നും ഒരു മുന്നറിയിപ്പായി പെറു ഇതിനെ കാണുമെന്നാണ് കരുതുന്നതെന്നും New7Wonders ഡയറക്ടര്‍ ജീന്‍-പോള്‍ ഡി ലാ ഫ്യൂന്റെ പറഞ്ഞു. അതേസമയം മാച്ചു പിച്ചുവിന്റെ യുനെസ്‌കോ പൈതൃക പദവിക്ക് ഭീഷണിയില്ലെന്ന് പെറു സാംസ്‌കാരിക വകുപ്പ് എക്‌സിലൂടെ വ്യക്തമാക്കി.
ഈ ജൂലൈയില്‍ പാരീസില്‍ നടന്ന ലോക പൈതൃക സമിതിയുടെ 47-ാമത് യോഗത്തില്‍ പെറുവിന്റെ പ്രവര്‍ത്തനങ്ങളെ യുനെസ്‌കോ പ്രശംസിച്ചിരുന്നു. സന്ദര്‍ശകരെ നിയന്ത്രിക്കുന്നതിനും സംരക്ഷണത്തിനായി നടപ്പാക്കിയ സംവിധാനങ്ങളുമാണ് യുനെസ്‌കോയുടെ പ്രശംസയ്ക്ക് കാരണങ്ങളായത്. നിലവില്‍ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ മാച്ചു പിച്ചുവിനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പെറു നടത്തുന്നുണ്ട്. ഇത് തുടരുന്നതിലും മാച്ചു പിച്ചു നേരിടുന്ന പ്രശ്‌നങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ സുസ്ഥിരമായി നിലനിര്‍ത്തുന്നതിലുമാണ് കാര്യം. മാച്ചു പിച്ചുവിനെ സംരക്ഷിക്കാന്‍ പെറൂവിയന്‍ അധികാരികളും തദ്ദേശവാസികളും അന്താരാഷ്ട്ര സംഘടനകളും ഫലപ്രദമായി ഇടപെടേണ്ടതുണ്ട്. അതിനെ ആശ്രയിച്ചാണ് ലോകാത്ഭുത പട്ടികയില്‍ നിന്ന് ആന്‍ഡീസിലെ ഈ പുരാതന നഗരം പുറത്തുപോവുമോ ഇല്ലയോ എന്നതും.
Content Highlights: Overtourism and environmental concerns threaten Machu Picchu`s World Wonder title. Can Peru save this ancient Incan city?
Published: 24 Sept 2025, 09:58 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented