പ്രകൃതിയിലേക്കുള്ള ഓരോ യാത്രയും അവാച്യമായ അനുഭൂതിയാണ്. റേഡിയോഗ്രാഫറായ ഒരു വന്യജീവി ഫോട്ടോഗ്രാഫര്‍ പിന്തുടര്‍ന്ന കാഴ്ചകള്‍ യാത്രയെന്ന അനുഭവത്തിന്റെ വിസ്മയങ്ങളാണ്‌. ശീതികരിച്ച ഇരുട്ടുമുറിയിലെ കൂര്‍ത്ത പ്രകാശമുനകളില്‍നിന്നു പുറംലോകത്തേക്കുളള ഓരോ രക്ഷപ്പെടലുകളും ആവാസലോകത്തിന്റെ വലിയ അടയാളങ്ങളായി. വിവേക് ചന്ദ്രന്‍ റാണിയെന്ന വന്യജീവി ഫോട്ടോഗ്രാഫര്‍  പകര്‍ത്തിയ അനേകം ചിത്രങ്ങള്‍ വേറിട്ട യാത്രകളിലെ വിസ്മയങ്ങളാണ്....  

To advertise here,

'To photograph is to hold one's breath, when all faculties converge to capture fleeting reality. It's at that precise moment that mastering an image becomes a great physical and intellectual joy.' 
~Henri Cartier-Bresson

ഉപ്പുപാടങ്ങളില്‍ കാറ്റ് വീശുമ്പോള്‍ അങ്ങകലെ കടലിനപ്പുറത്തുനിന്നു ദേശാന്തര യാത്രകള്‍ തീരുമാനിക്കുന്നവര്‍ ഏറെയുണ്ട്. ഭൂഖണ്ഡത്തിന്റെ ഒരതിര്‍ത്തിയില്‍നിന്നു യാത്ര തുടങ്ങി മാസങ്ങള്‍ പിന്നിട്ട് കൂടണയുന്നവര്‍. ഊരറിയാത്ത  ഏതോ നാട്ടില്‍നിന്ന്‌ ഏതോ നാടുകള്‍ ലക്ഷ്യമാക്കി മുടക്കമില്ലാതെ വന്നുപോകുന്നവര്‍. ഇങ്ങനെയുള്ള ദേശാടന പക്ഷികളെയും വന്യജീവികളെയും തേടിയാണ് വിവേക് ചന്ദ്രന്‍ റാണിയെന്ന ഫോട്ടോഗ്രാഫര്‍ ജോലിസ്ഥലമായ റേഡിയേഷന്‍ മുറിയിലെ ഇരുട്ടിനെയും മറികടന്ന് ഇറങ്ങുന്നത്‌. അതിരാവിലെ മുതല്‍ ആവി പറത്തി പരക്കുന്ന ഉപ്പുപാടങ്ങളില്‍ ഞണ്ടുകളെയും ചെറുജീവികളെയും തേടി ഫ്‌ളെമിങ്ങ് ബേര്‍ഡുകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൂട്ടമായി വന്നിറങ്ങും.

പോയിന്റ് കാലിമേറെന്ന തമിഴ്‌നാട്ടിലെ ജല പക്ഷികളുടെ വിരുന്നുപാടത്ത് ഇതാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഏറെ കാത്തിരിക്കുന്ന നിമിഷം. ചെറിയ രീതിയിലുള്ള ആളനക്കംപോലും പക്ഷിക്കൂട്ടങ്ങളെ ഭയപ്പെടുത്തിയേക്കാം. ഫ്രെയിമുകളില്‍നിന്ന്‌ അകലങ്ങളിലേക്ക് ഒളിച്ചുപോകുന്ന ഗഗനചാരികളെ പിന്തുടരാന്‍ അത്രയധികം ഫോക്കല്‍ ലെങ്ങ്തുള്ള ക്യാമറാ ലെന്‍സ് കരുതിയില്ലെങ്കില്‍ നിരാശയോടെ മടങ്ങേണ്ടി വരും. വലിയ ലെന്‍സുകളൊന്നുമില്ലാത്ത, ഫോട്ടോഗ്രാഫി ശാസ്ത്രീയമായി പഠിച്ചിട്ട് പോലുമില്ലാത്തവര്‍ക്ക് ഇതൊക്കെ വെല്ലുവിളിതന്നെയാണ്. ആഗ്രഹങ്ങള്‍ പക്ഷിച്ചിറകുകള്‍ക്ക് മേലെ പറക്കുമ്പോള്‍ എത്രം നേരം കാത്തിരിക്കാനും എത്രനാള്‍ ചെലവിടനാനും എത്രദൂരം യാത്ര ചെയ്യാനും മടിയില്ലല്ലോ. അങ്ങിനെയുള്ള അനേകം യാത്രക്കിടയില്‍ ക്യാമറയ്ക്ക് മുന്നില്‍ അപ്രതീക്ഷിതമായതും തേടി നടന്നതുമായ ഫ്രെയിമുകളാണ് തിരുവനന്തപുരം നെല്ലിമൂട് ഗോകുലത്തില്‍ വിവേക് ചന്ദ്രന്‍ റാണിയെ ശ്രദ്ധേയനാക്കുന്നത്. 

ചെറുപ്പകാലം മുതല്‍ ക്യാമറ കൗതുകമായിരുന്നു. അച്ഛന്‍ ഉപയോഗിച്ചിരുന്ന സോണി ഫിലിം ക്യാമറയുടെ ഫ്‌ളാഷ് മിന്നുതെല്ലാം വിസ്മയത്തോടെ നോക്കി നില്‍ക്കുമായിരുന്നു. കണ്ണില്‍ കണ്ട കാഴ്ചകളെ പിന്നീടാണ് ക്യാമറയിലേക്ക് പകര്‍ത്തി നോക്കിയത്. ആദ്യം കണ്‍നിറയെ കാണുകയും പിന്നെയത് ക്യാമറയിലേക്ക് പകര്‍ത്തുന്ന രീതിയാണ് എങ്ങിനെയോ ശീലമായി പോയത്. പതിയെ പതിയെ ഫോട്ടോഗ്രാഫിയെന്ന ഹോബി സിരകളിലേക്ക് പടര്‍ന്നു. സുഹൃത്തും വഴികാട്ടിയുമായ ഡോ. ശ്രീറാം നിക്കോണ്‍ ക്യാമറ വാങ്ങി നല്‍കി. അതോടെയാണ് ഏറെക്കാലമായുള്ള ആഗ്രഹങ്ങളുടെ പടികയറി  സ്വപ്നങ്ങളുടെ താഴ് വാരങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്.  

കോവിഡ് കാലത്തെ ചിത്രങ്ങള്‍

മഹാമാരി ലോകത്തെയാകെ കീഴടക്കിയപ്പോള്‍ നിശ്ചലമായി പോയതാണ് നാടും നഗരവുമെല്ലാം. എങ്ങും വിജനമായ കാഴ്ചകള്‍ക്കിടയില്‍ കന്യാകുമാരിയിലെ ജോലി ചെയ്യുന്ന ആശുപത്രിയിലെ മതില്‍കെട്ടുകള്‍ കടന്ന് ക്യാമറയുമായി നേരെ പോയത് പോയിന്റ് കാലമേറിനടുത്ത ഉപ്പളത്തേക്കാണ്. ഇവിടെ ആളുകളൊന്നുമില്ലാതെ വിജനമായിരുന്നു. മഹാമാരി ലോകത്തെ സ്തംഭിപ്പിച്ചപ്പോഴും ഇതൊന്നും ബാധകമല്ലാതെ കടല്‍ കടന്നുവന്ന ജലപക്ഷികളുടെ മേച്ചില്‍ പുറങ്ങളായിരുന്നു ഇവിടെയെല്ലാം.

പ്രകൃതിയുടെ ഇടനാഴിയില്‍ സൈ്വര്യത്തോടെ നീളന്‍ കാലുകളും ചൂവന്ന നീണ്ട കഴുത്തുകളുമായി ഇരതേടിയിറങ്ങിയവരുടെ വര്‍ണ്ണ പ്രപഞ്ചം. ദേശത്തിന്റെയും സംസ്‌കൃതികളുടെയുമെല്ലാം  അതിരുകള്‍ ഭേദിച്ചാണ് ഈ ദേശാടനക്കിളികളെല്ലാം എത്തിയത്. മറ്റാരുമില്ലാത്ത ഈ തീരത്ത് ഈ പക്ഷികളെ ക്യാമറയില്‍ നിറയെ പകര്‍ത്തി. മതിവരാത്ത അനേകം ഫ്രെയിമുകളില്‍ എല്ലാ ചിത്രങ്ങള്‍ക്കും വേറിട്ട ഭാവങ്ങള്‍. ഒരു ഫോട്ടോഗ്രഫറെന്ന നിലയില്‍ ഇതില്‍പ്പരം അവസരം കിട്ടാനില്ല. കോവിഡ് കാലത്തെ ഓര്‍മ്മകളിലേക്ക് ചേര്‍ത്തവെച്ച ഈ ചിത്രങ്ങള്‍ ഒരിക്കലും മറക്കാനാവാത്തതാണ്. കോവിഡ് സമയം എല്ലാവര്‍ക്കും ദുരിതമാണെങ്കില്‍ ഇതിനിടയില്‍ വേറിട്ട അനുഭവമായിരുന്നു ഈ ചിത്രങ്ങള്‍. ഒരു പാട് നല്ല ചിത്രങ്ങള്‍ പകര്‍ത്താനായതും അവിസ്മരണീയമായിരുന്നു. നിക്കോണ്‍ ഇന്റര്‍നാഷണല്‍ പേജുകളില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചുവന്നത് ഏറെ സന്തോഷം നല്‍കി. മാക്രോ ഫോട്ടോഗ്രാഫി, ആസ്‌ട്രോ ഫോട്ടോഗ്രാഫി എന്നിവയിലെല്ലാമുള്ള പരീക്ഷണങ്ങളും ഇക്കാലത്തായിരുന്നു. 

തെന്മലയിലെ വേഴാമ്പല്‍

പ്രകൃതിയുടെ മടിത്തട്ടില്‍ കാഴ്ചകള്‍ അനേകമാണ്. ഏത് കോണില്‍നിന്നും അടര്‍ത്തിയെടുക്കാന്‍ കഴിയുന്ന വിസ്മയലോകമാണ് ചുറ്റിലുമുള്ളത്. അങ്ങിനെ ഒരിക്കല്‍ കാഴ്ചകള്‍ തേടിയുള്ള യാത്രയിലാണ് തെന്മലയിലെ വേഴാമ്പല്‍ കണ്ണില്‍ പതിയുന്നത്. നീളന്‍ കൊക്കും വര്‍ണ്ണച്ചിറകുമുള്ള മലമുഴക്കി വേഴാമ്പല്‍. ആദ്യ കാഴ്ചയില്‍ തന്നെ അമ്പരന്നുപോയ നിമിഷം. അത്രയടുത്ത് തന്നെയുണ്ട്. കൈയ്യിലുള്ള കുഞ്ഞന്‍ ക്യാമറയുടെ ഏറ്റവും നല്ല ദൂരത്തില്‍ അതിമനോഹരമായ നിറമെഴുത്ത്. ആവുന്ന വേഗത്തില്‍ അനേകം ഫ്രെയിമുകള്‍ അലോസരം നല്‍കാതെ ഒപ്പിയെടുത്തു. ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു പാറിപ്പോകുന്ന ശീലമുള്ള വേഴാമ്പല്‍ അടക്കമില്ലാത്ത പക്ഷികളുടെ കൂട്ടത്തിലുള്ളതാണ്. ഇതര കോണുകളില്‍നിന്നു മാറി മാറി ചിത്രമെടുക്കാന്‍ നിന്നൊന്നും തരില്ല. ഭാഗ്യം കൂടെയുണ്ടെങ്കില്‍ മാത്രം കിട്ടും മനോഹരചിത്രം. അങ്ങിനെയൊരു നിമിഷത്തിലായിരുന്നു തെന്മലയില്‍ നിന്നുള്ള വേഴാമ്പല്‍ വിവേകിന്റെ ശേഖരത്തിലേക്ക് ചേക്കേറിയത്. അരിപ്പ, പൊന്‍മുടി, കന്യാകുമാരി എന്നിങ്ങനെ പലയിടങ്ങളില്‍ നിന്നായി പലതവണ  വേഴാമ്പലിനെ പകര്‍ത്താനായതും സഞ്ചാരവഴികളിലെ വേറിട്ട അനുഭവങ്ങളാണ്. അതോടൊപ്പം മറ്റു പക്ഷികളെയെല്ലാം പിന്തുടര്‍ന്നു. സസ്യ ആവാസ വൈവിധ്യത്തില്‍ അതിഥികള്‍ ഓരോന്നായി ക്യാമറയുടെ മുന്നിലേക്ക് വന്നു. 

ബ്ലാക്ക് ബെക്കിനെ തേടിയുളള യാത്രകള്‍ 

പറമ്പിക്കുളം ഒരിക്കലും മതിരാത്ത കാഴ്ചകളിലൊന്നാണ്. പറമ്പിക്കുളം യാത്രക്കിടയില്‍ തികച്ചും ആകസ്മികമായാണ് പുളളിപ്പുലി മുന്നില്‍ ചാടുന്നത്. ഫോട്ടോഗ്രാഫര്‍മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭാഗ്യമുള്ള നിമിഷങ്ങളിലൊന്നാകും. കാഴ്ച പരിധിക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു ചിത്രം. ജൈവവൈവിധ്യത്തിന്റെ നാനാതരം ചിത്രങ്ങള്‍ പറമ്പിക്കുളത്തുനിന്ന്‌ ക്യാമറയിലായി. ചിത്രങ്ങള്‍ തേടി എത്രവരെയും പോകാന്‍ തയ്യാറാണ്. പറമ്പിക്കുളം കാഴ്ചകളുടെ പറുദീസയാണ്. 285 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ വ്യാപിച്ചു കിടക്കുന്ന പറമ്പിക്കുളത്തിന് വേറിട്ട വശ്യതകളുണ്ട്.

തമിഴ്‌നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. ആന മല വന്യജീവി സംരക്ഷണകേന്ദ്രവുമായി ഇത് ചേര്‍ന്നുകിടക്കുന്നു. ആനകളെക്കൂടാതെ  കാട്ടുപോത്ത്, മ്ലാവ്, വരയാട്, മുതല എന്നിവയും കടുവകള്‍, പുള്ളിപ്പുലികളെ വരെയും ഇവിടെ കാണാം. സസ്യജാലങ്ങളും അനേകമുണ്ട്. വനംവകുപ്പില്‍നിന്നു മുന്‍കൂര്‍ അനുവാദം വാങ്ങിയാല്‍ വനത്തില്‍ സാഹസികയാത്രയ്ക്ക് പോകാം. അതുപോലെ തന്നെ നീളമുള്ള യാത്രകളും ചിത്രമെടുക്കാനായി പുറപ്പെട്ട് പോയിട്ടുണ്ട്. ക്യാമറയുമായി 1200 കിലോമീറ്ററോളം ബൈക്ക് യാത്രചെയ്ത് തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമമായ കോടിയേക്കരി വരെയും പോയിട്ടുണ്ട്. ബ്ലാക്ക് ബെക്കിനെ തേടിയായിരുന്നു യാത്ര. നല്ല പച്ചപ്പിനുള്ളില്‍ ബ്ലാക്ക് ബെക്കിനെ കിട്ടണമെങ്കില്‍ ഇവിടെ തന്നെ പോകണം.  

കഥപറയുന്ന ചിത്രങ്ങള്‍

ക്യാമറയില്‍ പതിഞ്ഞ ഓരോ ചിത്രങ്ങള്‍ക്കും ഒരുപാട് പരിശ്രമത്തിന്റെ കഥകളുണ്ട്. പ്രത്യേകിച്ചും വന്യജീവി ഫോട്ടോഗ്രാഫിയാകുമ്പോള്‍ തീവ്രതകൂടും. വന്യജീവി ഫോട്ടോഗ്രാഫിക്ക് നിശ്ചയദാര്‍ഢ്യം, ക്ഷമ, ജാഗ്രത എന്നിവയെല്ലാം പരിധിയില്‍ കൂടുതല്‍ വേണം. അതിനൊപ്പം ജന്തുജാലങ്ങളെയും പരിസ്ഥിതിയെയും നോവിക്കാതെയുള്ള ഒരു മനസ്സും വേണം. അവരുടെ ആവാസ ലോകത്തിലേക്കുള്ള കടന്നുകയറ്റമാകരുത് ഫോട്ടോയ്ക്ക് വേണ്ടിയുള്ള  ശ്രമം. പ്രകൃതി അവാച്യമായതും എത്ര പകര്‍ത്തിയാലും തീരാത്തതുമായ ലോകമാണ്. ഓരോ ചിത്രവും പ്രകൃതിയിലേക്കുള്ള യാത്ര കൂടിയാണെന്നും പറയാം. സ്വന്തം ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഒരു കൃഷ്ണമൃഗം ജനവാസ കേന്ദ്രത്തിലൂടെ രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടുന്ന ഒരു ഫ്രെയിം തമിഴ്‌നാട്ടില്‍നിന്നു ക്യാമറയിലേക്ക് പതിഞ്ഞു. ഈ ചിത്രത്തിന് തമിഴ് നാട് സര്‍ക്കാരിന്റെ പുരസ്‌കാരം നേടാനായതും മറക്കാത്ത അനുഭവമാണ്. 

കൂട്ടായ്മയിലെ സ്വന്തം പാഠങ്ങള്‍ 

ഫോട്ടോഗ്രാഫിയില്‍ പ്രത്യേകിച്ച് ഗുരുനാഥന്‍മാരില്ല. സസ്യങ്ങളെക്കുറിച്ചും പൂക്കളെക്കുറിച്ചും പറഞ്ഞ് തന്നത് വിനോദ് മതിയാണ്. കന്യാകുമാരിയില്‍ നാച്ചുറല്‍ ഫോറസ്റ്റ് എന്ന എന്‍.ജി.ഒ നടത്തുന്നുണ്ട്. ഇവിടെ നിന്നാണ് പ്രകൃതിയിലേക്ക് കൂടുതല്‍ അടുത്തത്. എങ്ങിനെ ചിത്രങ്ങള്‍ മെച്ചപ്പെടുത്താം എന്ന അന്വേഷണം എത്തിയത് സമൂഹമാധ്യമത്തിലെ കൂട്ടായ്മയിലാണ്. ക്യാമറ ടെക്‌നിക്ക് എന്നിവയെക്കുറിച്ചെല്ലാം പഠിക്കാന്‍ ഈ മേഖലയിലുള്ളവരുടെ  വാട്‌സാപ്പ് കൂട്ടായ്മ വഴികാണിച്ചു. മാക്രോ ഫോട്ടോഗ്രാഫിയില്‍ തുമ്പികളെക്കുറിച്ചും തവളകളെക്കുറിച്ചും പഠിക്കാന്‍ ഈ കൂട്ടായ്മ ശക്തി പകര്‍ന്നു. വലിയ ലോകത്തെ സൂഷ്മ നിരീക്ഷണങ്ങള്‍ ഏറെ കൗതുകം  നിറഞ്ഞതാണ്. അടിസ്ഥാന ക്യാമറകള്‍ കൊണ്ടും മികച്ച  ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുമെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പ്രത്യേക തരം ക്യാമറകളോ ലെന്‍സുകളോ ആവശ്യമാണ്. വന്യജീവികളുടെ ഫോട്ടോ പകര്‍ത്തുമ്പോള്‍ ഏറെ കരുതലുകള്‍ അനിവാര്യമാണ്. അകലം പാലിച്ച് അവര്‍ക്ക് അവരുടെ ഇടം നല്‍കണം. സഞ്ചാരപാതയെയും സൈ്വര്യ വിഹാരത്തെയും തടസ്സപ്പെടുത്തരുത്. നല്ല ചിത്രങ്ങള്‍ എല്ലായ്‌പ്പോഴും കിട്ടണമെന്ന നിര്‍ബന്ധവും വേണ്ട. ക്ഷമാശീലരാവുക. ചിത്രങ്ങള്‍ ക്യാമറയിലേക്ക് തേടി വരട്ടെയെന്ന നിലപാടുകളും വേണ്ട. ഈ കാത്തിരിപ്പുകള്‍ക്കിടയിലാണ് നല്ല ചിത്രങ്ങള്‍ സ്വന്തമാവുക.