
പുതിയ വികസന പദ്ധതികൾ അവതരിപ്പിക്കുമ്പോൾ പ്രതിഷേധം ഉയരുക എന്നത് എല്ലാകാലത്തും കേരളത്തിലെ സ്ഥിര കാഴ്ചയാണ്. ജനങ്ങളുടെ ആശങ്കകൾക്കൊപ്പം തന്നെ രാഷ്ട്രീയ പാർട്ടികളും അവസരത്തിനൊത്തുയരും. അത്തരത്തിൽ പല പദ്ധതികളും ആരംഭദശയിൽ തന്നെ ഉപേക്ഷിക്കപ്പെടുകയും ചില പദ്ധതികൾ കാലങ്ങൾക്ക് ശേഷം പ്രതിഷേധിച്ചവർ തന്നെ നടപ്പിലാക്കുകയും ചെയ്യുന്ന കാഴ്ചയും കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പദ്ധതിയായിരുന്നു കഴിഞ്ഞ ദിവസം പരീക്ഷണപ്പറക്കലിന് വിധേയമായ സീ പ്ലെയിൻ പദ്ധതി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.പി ഗോവിന്ദന്‍ തന്നെ പ്രതികരിച്ചത് എല്ലാത്തിനേയും എല്ലാ കാലത്തും എതിര്‍ക്കാന്‍ പറ്റുമോ എന്നാണ്.
ഉമ്മൻ ചാണ്ടി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായിരുന്നു സീ പ്ലെയിൻ, എന്നാൽ തുടക്കത്തിൽ തന്നെ ചിറകറ്റ പദ്ധതിയും. കേരളത്തിലെ ജലാശയങ്ങളെയും വിമാനത്താവളങ്ങളെയും കോർത്തിണക്കിയുള്ള വിനോദസഞ്ചാരമായിരുന്നു സീ പ്ളെയിൻ പദ്ധതിയുടെ ലക്ഷ്യം. എന്നാൽ, അന്ന് പരീക്ഷണപ്പറക്കലിന് മുമ്പേ തന്നെ ആരംഭിച്ച പ്രതിഷേധത്തിൽ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു.
മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം നഷ്ടമാകും, മത്സ്യക്കുഞ്ഞുകള്‍ നശിക്കും, പാരിസ്ഥിതിക ഭീഷണി, പൊതു തണ്ണീർത്തടങ്ങളും, ഉൾനാടൻ ജലാശയങ്ങളും ഡാമുകളും സ്വകാര്യകമ്പനികൾക്ക് തീറെഴുതുന്നു, സാമൂഹ്യ ആഘാത പഠനം നടത്തിയിട്ടില്ല, മത്സ്യ ആവാസ വ്യവസ്ഥയ്ക്ക് ഹാനികരം തുടങ്ങിയ കാരണങ്ങൾ പറഞ്ഞായിരുന്നു അന്ന് സീ പ്ലെയിൻ പദ്ധതിയെ എതിർത്തത്.
ഒരു പതിറ്റാണ്ടിനു ശേഷം, 2024-ൽ സീ പ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാകുകയാണ്. പരീക്ഷണ പറക്കൽ വിജയകരം. കൊച്ചി ബോൾഗാട്ടി മറീനയിൽ നിന്ന് ടെയ്ക്ക് ഓഫ് ചെയ്ത വിമാനം ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തു. ഡിഹാവിലൻഡ് എന്ന കനേഡിയൻ കമ്പനിയുടെ കരയിലും വെള്ളത്തിലും ഇറക്കാവുന്ന (ആംഫീബിയൻ) വിമാനമാണ് കൊച്ചിയുടെ കായൽത്തിരകളിൽ കഴിഞ്ഞ ദിവസം വന്നിറങ്ങിയത്. കാഴ്ചകൾ ആസ്വദിക്കാൻ പറ്റുംവിധം വലിയ ജനാലകളോടുകൂടിയ വിമാനമാണിത്. പദ്ധതിയുടെ സാധ്യതകൾ ടൂർ ഓപ്പറേറ്റർമാർക്കും ജനങ്ങൾക്കും പരിചയപ്പെടുത്താൻ വേണ്ടിയായിരുന്നു പരീക്ഷണപ്പറക്കൽ.
സീ പ്ലെയിൻ പദ്ധതിവഴി കേരളത്തിലെ ജലാശങ്ങളെയും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിക്കാനാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. വിനോദസഞ്ചാരികൾക്ക് റോഡ് ഗതാഗതം മൂലമുള്ള സമയനഷ്ടം ഒഴിവാക്കാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ റീജണൽ കണക്ടിവിറ്റി സ്കീം ഉഡാന്റെ (യു.ഡി.എ.എൻ.) കീഴിൽ നെടുമ്പാശ്ശേരി വിമാനത്താവളവും ബോൾഗാട്ടി പാലസും കേന്ദ്രമാക്കിയാകും ആദ്യഘട്ടം പദ്ധതി നടപ്പാക്കുക.
കോവളം, കുമരകം, ബാണാസുര സാഗർ, മാട്ടുപ്പെട്ടി ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന സീ പ്ളെയിൻ സർക്യൂട്ടും സർക്കാരിന്റെ പരിഗണനയിലുണ്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന ജലാശയങ്ങളുടെ ലിസ്റ്റ് കേന്ദ്ര സർക്കാരിന് കൈമാറിയതായി സംസ്ഥാന ഗതാഗത, ഏവിയേഷൻ സെക്രട്ടറി ബിജു പ്രഭാകർ പറഞ്ഞു. ടൂർ ഓപ്പറേറ്റർമാരുമായി ലേലം വിളിച്ച് റൂട്ട് നിശ്ചയിക്കുകയാണ് അടുത്ത പടി. ആദ്യഘട്ടത്തിൽ സീറ്റിന് 12,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളുമായി സഹകരിച്ച് സീ പ്ളെയിൻ വിനോദയാത്രാ പാക്കേജിന്റെ ഭാഗമാക്കാനും ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.
അന്ന് നടക്കാത്ത പദ്ധതി, കോടികളുടെ നഷ്ടം
2013-ൽ ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച സീ പ്ലെയിൻ പദ്ധതി മുടങ്ങിയതോടെ കോടികളുടെ നഷ്ടമാണ് അന്ന് സർക്കാരിന് ഉണ്ടായത്. 23.29 കോടിയുടെ നഷ്ടമാണ് അന്നുണ്ടായതെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലി (സിഎജി)ന്റെ റിപ്പോട്ടിൽ വ്യക്തമാക്കിയിരുന്നു. വിമാനമിറങ്ങാന്‍ പൊന്തിക്കിടക്കുന്ന പ്ലാറ്റ്ഫോമുകളക്കം സൗകര്യങ്ങളൊരുക്കാന്‍ 12 കോടി രൂപയാണ് കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് അന്ന് ചെലവിട്ടത്. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയായിരുന്നു തുക വിനിയോഗിച്ചത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ ആശങ്കയകറ്റാൻ സാധിക്കാത്തതോടെ അന്ന് സർക്കാരിന് മുമ്പോട്ട് പോകാൻ പറ്റാത്ത സാഹചര്യമായിരുന്നു.

2015-ൽ വീണ്ടും സീ പ്ലെയിനിൽ ചിറക് മുളക്കുന്നു
മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റുക, പദ്ധതി നടപ്പിലാക്കുക എന്ന ലക്ഷ്യവുമായിത്തന്നെ സർക്കാർ മുമ്പോട്ട് പോകാനായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഒരു പരീക്ഷണപ്പറക്കലിന് കൂടി പദ്ധതി ഇടുന്നു. ലക്ഷദ്വീപ് -കൊച്ചി സർവീസായിരുന്നു 2015-ൽ സർക്കാർ ലക്ഷ്യം വെച്ചത്. ലക്ഷദ്വീപ് ഗതാഗത മേഖലയ്ക്ക് പുത്തനുണർവ് നൽകിക്കൊണ്ടായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സീ ബേർഡ് എന്ന സീ പ്ലെയിൻ കമ്പനിക്കായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രത്യേകാനുമതി നൽകിയത്.
പ്രതിഷേധക്കാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാപ്പിക്കുക എന്നതായിരുന്നു ടൂറിസം വകുപ്പിന്റെ മുമ്പിലുണ്ടായിരുന്ന വെല്ലുവിളി. നിരവധി പഠനങ്ങൾ ടൂറിസം വകുപ്പ് നടത്തി. മത്സ്യമേഖലയെ സീ പ്ലെയിൻ പദ്ധതി പ്രതികൂലമായി ബാധിക്കില്ലെന്ന് പഠനങ്ങളിൽ വ്യക്തമാക്കി. ഇതിനു ശേഷവും എതിപ്പ് ശക്തമായപ്പോൾ മത്സ്യമേഖലയിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രീയ പഠനത്തിനായി ഒരു കമ്മിറ്റിയെ തന്നെ നിയോഗിക്കുകയും ചെയ്തു. ഈ പഠനത്തിലും സീ പ്ലെയിൻ പദ്ധതി മത്സ്യമേഖലയ്ക്ക് യാതൊരു ദോഷവും ചെയ്യില്ലെന്ന് തെളിഞ്ഞു. തുടർന്ന് പദ്ധതിയുമായി സർക്കാർ മുമ്പോട്ട് പോവുകയായിരുന്നു.
ആദ്യമായി ഒരു വിമാനം ബേങ്ക് പിടിച്ചെടുക്കുന്നു...
2015-ൽ സീ പ്ലെയിൻ തുടക്കം കുറിച്ചെങ്കിലും പദ്ധതി തടസ്സങ്ങള്‍ മറികടക്കാനാകാതായതോടെ പദ്ധതി മുന്നോട്ടുപോയില്ല. തുടർന്ന് വിമാനക്കമ്പനി വൻ കടക്കെണിയലകപ്പെട്ടു. സീ ബേർഡ് എന്ന കമ്പനിയുടെ സീപ്ലെയിൻ 2019ൽ ബാങ്ക് ജപ്തി ചെയ്തു.
ആറ് കോടി രൂപയാണ് സീബേർഡ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ വിമാനം തിരികെ പിടിക്കാനുള്ള നടപടികളുമായി ബാങ്ക് മുമ്പോട്ട് വന്നു. സർഫ്രാസി നിയമപ്രകാരം വിമാനങ്ങൾ പിടിച്ചെടുക്കാൻ സാധിക്കില്ല എന്നതുകൊണ്ട് മാത്രം അന്ന് ബാങ്ക് മറ്റു വഴികൾ അന്വേഷിച്ചു. വിമാനം വില്പന നടത്തി ബാങ്ക് തുക കണ്ടെത്തുന്നതിലേക്ക് കടന്നു.
സീ പ്ലെയിനിന് പകരം ഫ്ലൈ ബോട്ട് ആശയം കൊള്ളാം, പക്ഷെ...
ഇടക്കാലത്ത് സീ പ്ലെയിൻ പദ്ധതി നടപ്പാകാതിരുന്ന കാലത്ത് ഫ്ലൈ ബോട്ട് (ഫ്ലോട്ട് പ്ലെയിൻ) എന്ന ആശയവും ഉടലെടുത്തിരുന്നു. വൈദ്യുതി ബോർഡാണ് പദ്ധതിയുമായി രംഗത്തെത്തിയത്. എന്നാൽ കൊട്ടിഘോഷിച്ചെത്തിയ പദ്ധതിയെ ശൈശവദശയിൽ തന്നെ നുള്ളിയെറിയപ്പെട്ടു.

ബോർഡിന് സാമ്പത്തിക ബാധ്യത ഉണ്ടാകാത്തവിധം കമ്പനികൾ സർവീസ് നടത്തണമെന്നും സൗകര്യങ്ങളും മറ്റും ബോർഡ് നൽകുമെന്നുമായിരുന്നു വാഗ്ദാനം. എന്നാൽ സംസ്ഥാന ഗതാഗതവകുപ്പിന്റെയും സിവിൽ ഏവിയേഷന്റെയും അനുമതി വാങ്ങേണ്ട ഉത്തരവാദിത്വം കമ്പനികൾക്കാണെന്ന് അറിയിപ്പ് പദ്ധതിയിൽ നിന്ന് പിന്നോട്ട് വലിയാൻ കമ്പനികളെ പ്രേരിപ്പിച്ചു.
ബി അശോക് വൈദ്യുതിവകുപ്പ് ചെയർമാനായിരിക്കെയാണ് ഫ്ലോട്ട് പ്ലെയിൻ എന്ന പദ്ധതി മുമ്പോട്ട് വെക്കുന്നത്. വൈദ്യുതി ബോർഡിന്റെയും ജലവകുപ്പിന്റെയും അണക്കെട്ടുകളെ ബന്ധിപ്പിച്ചുള്ള ജലവിമാന സർവീസായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പിന്നീട് യൂണിയനുകളുമായുള്ള തർക്കത്തെത്തുടർന്ന് അദ്ദേഹത്തെ ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. ഇതോടെ ഇടുക്കി മാട്ടുപ്പെട്ടി ഡാമിൽ നിന്ന് വയനാട് ബാണാസുര ഡാമിലേക്ക് ഫ്ലോട്ട് പ്ലെയിൻ സഞ്ചാരം സ്വപ്നം കണ്ട വിനോദ സഞ്ചാരികൾക്ക് നിരാശയായിരുന്നു ഫലം.
കുറഞ്ഞ നിരക്കിൽ ചെറുയാത്രകളാണ് പ്രധാനമായും ലക്ഷ്യംവെച്ചിരുന്നത്. ആന്തമാൻ നിക്കോബാർ, സർദാർ സരോവർ ഡാം, മാലദ്വീപ് തുടങ്ങിയിടങ്ങളിൽ വളരെ ഫലപ്രദമായിത്തന്നെ ഇത്തരം സർവീസുകൾ നടക്കുന്നുണ്ട്. ഇതുമനസിലാക്കിയാണ് ഡാമുകളെ ബന്ധിപ്പിച്ച് ഇത്തരം സർവീസ് നടത്തുന്നതിനെക്കുറിച്ച് അന്നത്തെ ചെയർമാനായിരുന്ന ബി അശോക് ആലോചിച്ചത്. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്ടമുടി, കുമരകം, മൂന്നാര്‍, പുന്നമട, ബോള്‍ഗാട്ടി, മലമ്പുഴ ഡാം, കാസര്‍കോട്ടെ ചന്ദ്രഗിരി പുഴ തുടങ്ങിയ സ്ഥലങ്ങളെ സീ പ്ലെയിനിനുള്ള വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണിക്കുന്നുണ്ട്. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും.
സീ പ്ലെയിനല്ല ഫ്ലോട്ട് പ്ലെയിൻ, വ്യത്യാസങ്ങളുണ്ട്
സീ പ്ലെയിനും ഫ്ലോട്ട് പ്ലെയിനും വെള്ളത്തിലാണ് സഞ്ചരിക്കുന്നതെങ്കിലും ഇവരണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്. രണ്ടും വെള്ളത്തിലൂടെ സഞ്ചരിച്ച് ആകാശത്തേക്ക് പൊങ്ങിപ്പറക്കും. സീ പ്ലെയിൻ ജലത്തിലിറങ്ങി കരയിലെ വിമാനത്താവളത്തിലേക്ക് ടയറുകൾ ഉപയോഗിച്ച് ഓടിക്കയറുകയാണ് ചെയ്യാറ്. എന്നാൽ ഫ്ലോട്ട് പ്ലെയിൻ ആകട്ടെ അതിന്റെ ഇരുവശത്തും താഴെയായി ഉറപ്പിച്ചിട്ടുള്ള പോൺടൂൺസ് എന്നറിയപ്പെടുന്ന ചങ്ങാടം പോലുള്ള ഭാഗമാണ് വെള്ളത്തിൽ തൊടുക. ഇതിൽ ടയറുകളുണ്ടാകില്ല. വെള്ളത്തിൽ നിന്ന് വെള്ളത്തിലേക്കാണ് ഈ വിമാനം സഞ്ചരിക്കുക.
ചിറക് വിടർത്തി പറക്കാൻ കൊല്ലവും
പത്ത് വർഷം മുമ്പ്കൊല്ലത്ത് ആദ്യമായി ഒരു ജലവിമാനമിറങ്ങി. ആശ്ചര്യത്തോടൊപ്പം തന്നെ ശക്തമായ പ്രതിഷേധവും ഉയർന്നു. വിനോദ സഞ്ചാരകേന്ദ്രങ്ങളാലും കായലുകളാലും സമ്പന്നമായ കൊല്ലത്തെ ടൂറിസം സാധ്യത കണക്കിലെടുത്താണ് ഉമ്മൻ ചാണ്ടി സർക്കാർ സീ പ്ലെയിൻ പദ്ധതിയുമായി 2012-ൽ രംഗത്തെത്തിയത്. എന്നാൽ അന്ന് അത് നടപ്പിലായില്ല. വിനോദസഞ്ചാരമേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പരക്കെ പ്രതീക്ഷിച്ച ജലവിമാനം, രാജ്യത്തെ ആദ്യ ജലവിമാന പദ്ധതി കേരളത്തിൽ ഓൺ ആയെങ്കിലും അത് പൂർണ്ണമായും നടപ്പിലാക്കാൻ സാധിച്ചില്ല. മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധംമൂലം സർക്കാർ പ്രതിസന്ധിയിലാവുകയായിരുന്നു.

2013-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജൂൺ രണ്ടിനായിരുന്നു കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു മുന്നിൽ ഡി.ടി.പി.സി.ഓഫീസിനു സമീപം അഷ്ടമുടിക്കായലോരത്ത് വിമാനമിറങ്ങാനായി വാട്ടർഡ്രോം (ജലവിമാനത്താവളം) ആരംഭിച്ചത്. കൊല്ലം എം.പി.യായിരുന്ന എൻ.പീതാംബരക്കുറുപ്പാണ് കേന്ദ്രമന്ത്രി കെ.സി.വേണുഗോപാലിനൊപ്പം ഡൽഹിയിൽ നിരന്തര സമ്മർദംചെലുത്തി കേന്ദ്രസർക്കാരിൽനിന്ന് പദ്ധതിക്ക് അനുമതി നേടിയെടുത്തത്. എന്നാൽ അനുമതി ലഭിച്ചെങ്കിലും പദ്ധതിയുമായി മുമ്പോട്ട് പോകാൻ സർക്കാരിനായില്ല.
ആലപ്പുഴ പുന്നമടക്കായലിലെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കാരണമാണ് ആദ്യസർവീസ് നടത്താൻപോലുമാകാതെ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നത്. കൊല്ലത്തെ ടൂറിസംകേന്ദ്രങ്ങളായ സാമ്പ്രാണിക്കോടി, തെന്മല, ശാസ്താംകോട്ട, പരവൂർ, ജടായുപ്പാറ എന്നിവിടങ്ങളിൽ സീസണിൽ തിരക്കേറുന്നതും കായൽയാത്രയ്ക്ക് സഞ്ചാരികൾ കൊല്ലത്തെത്തുന്നതും പരിഗണിച്ചാണ് ജലവിമാനത്താവളം ഒരുക്കിയത്. ജലസമൃദ്ധമായതിനാൽ വിനോദസഞ്ചാരകേന്ദ്രങ്ങളെ പരസ്പരം ബന്ധപ്പെടുത്താമെന്ന പ്രതീക്ഷയും ഉയർന്നിരുന്നു.
കായലോരങ്ങളിൽ ഉന്നതനിലവാരത്തിലുള്ള ഹോട്ടലുകളും റിസോർട്ടുകളും ഉള്ളതും കൊല്ലത്തിന്റെ പ്രത്യേകതയാണ്. കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനാകുന്നവയാണ് ജലവിമാനങ്ങൾ. വിദേശരാജ്യങ്ങളിൽ ഇത്തരം വിമാനങ്ങൾക്ക് വൻ സ്വീകാര്യതയാണ്. എല്ലാസൗകര്യങ്ങളുമുള്ള ചെറുവിമാനങ്ങളിൽ ഒരുസമയം 12 പേർക്കുവരെ യാത്രചെയ്യാം. സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ ടൂർ സർക്യൂട്ടിൽ കൊല്ലവും ഉൾപ്പെട്ടിട്ടുണ്ട്. മാട്ടുപ്പെട്ടി ഡാമിൽ സീ പ്ലെയിൻ വന്നിറങ്ങിയതോടെ കൊല്ലത്തെ സ്വപ്നങ്ങൾക്കും ചിറകുമുളച്ചിട്ടുണ്ട്. അധികം വൈകാതെ കൊല്ലത്തും ജലവിമാനമിറങ്ങും എന്ന പ്രതീക്ഷയുമുണ്ട്.
നടക്കാതെ പോയ ആലപ്പുഴയുടെ സ്വപ്നം
സീ പ്ളെയിൻ പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുമ്പോൾ വർഷങ്ങൾക്കു മുൻപേ ആലപ്പുഴയിൽ തുടങ്ങേണ്ടിയിരുന്ന പദ്ധതിയും ചർച്ചയാകുന്നുണ്ട്, ഒപ്പം എതിർപ്പും. തിങ്കളാഴ്ച തുടക്കമിടുന്ന പദ്ധതിയിൽ വേമ്പനാട്ടുകായലുമായി ബന്ധിപ്പിച്ച് ജലവിമാന സർക്യൂട്ടിനുള്ള ആലോചനയിലാണു സർക്കാർ. ശക്തമായ സമരത്തിലൂടെ ഇല്ലാതായ പദ്ധതി വീണ്ടും തുടങ്ങുന്നത് ഉൾനാടൻ മത്സ്യ, കക്കവാരൽ തൊഴിലാളികൾക്കെതിരാണെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി.) വിമർശിച്ചു. പദ്ധതി നിർത്തിവെച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം സംരക്ഷിക്കണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്ന് സി.ഐ.ടി.യു., എ.ഐ.ടി.യു.സി. എന്നിവയുടെ പിന്തുണയോടെ മത്സ്യത്തൊഴിലാളിസംഘടനകള്‍ പ്രതിഷേധിച്ചപ്പോള്‍ പദ്ധതി പിന്‍വലിക്കേണ്ടിവന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ കായലോര വിനോദസഞ്ചാരേമഖലയ്ക്ക് ഏറെ പ്രതീക്ഷ പകർന്നാണ് 2013 ജൂണിൽ സീ പ്ലെയിൻ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ, ആലപ്പുഴയിലെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പദ്ധതി ഉപേക്ഷിച്ചു. കൊല്ലത്തെ അഷ്ടമുടിക്കായലിൽനിന്ന് ആലപ്പുഴ പുന്നമടയിലേക്കായിരുന്നു ആദ്യയാത്ര നിശ്ചയിച്ചിരുന്നത്. ഉദ്ഘാടനദിവസം ഫിഷറീസ് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ കായലിൽ വള്ളമിറക്കി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം വള്ളത്തിൽ കയറി പ്രതിഷേധിക്കുകയും വലയെറിയൽ സമരം നടത്തുകയും ചെയ്തു. മീൻപിടിത്തവും കക്കവാരലും തടസ്സപ്പെടുമെന്നും പാരിസ്ഥിതികാഘാതപഠനം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമരം.
ജലവിമാനമിറങ്ങുന്നതിന് പുന്നമടയിൽ പ്രത്യേക ജെട്ടി നിർമിച്ചിരുന്നു. സംഘർഷമുണ്ടാകുമെന്ന വിലയിരുത്തലിൽ വിമാനമിറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. സമരത്തെത്തുടർന്ന് പദ്ധതിയിൽനിന്നു കമ്പനി പിൻവാങ്ങി. സെസ്ന-206 എച്ച് ആംഫീരിയർ എന്ന ചെറുവിമാനമാണ് പുന്നമടയിൽ ഇറങ്ങേണ്ടിയിരുന്നത്. പൈലറ്റ് ഉൾപ്പെടെ ആറുപേർക്കു യാത്രചെയ്യാമായിരുന്നു. ലാൻഡുചെയ്യുന്നതിന് സ്ഥിരംസംവിധാനം വേണ്ടാത്ത വിമാനമായിരുന്നിത്.
അഷ്ടമുടി, പുന്നമട, ബോൾഗാട്ടി, കുമരകം, ബേക്കൽ എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. വിനോദസഞ്ചാര, പുരവഞ്ചി മേഖലയിലുള്ളവർ ഒന്നടങ്കം ഇത് സ്വാഗതം ചെയ്തിരുന്നു. പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ വിനോദസഞ്ചാരമേഖലയിൽ വൻകുതിപ്പുണ്ടാകുമായിരുന്നെന്നാണ് വിലയിരുത്തൽ.
സേഫാണ്, സീ പ്ലെയിൻ
‘കരയിലാണോ കടലിലാണോ ലാൻഡിങ് എന്നത് പ്രശ്നമല്ല, ഇരട്ട എൻജിനുകളുള്ള സീ പ്ളെയിൻ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിർമിതിയാണ്.’ -സീ പ്ളെയിനിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡി ഹാവിലൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്-പശ്ചിമേഷ്യ റീജണൽ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗ് വ്യക്തമാക്കി.

ലോക വിനോദസഞ്ചാര ഭൂപടത്തിലെ പ്രിയപ്പെട്ട ഇടമായി മാറിയ കൊച്ചിയിലേക്ക് പറന്നിറങ്ങിയ സീ പ്ളെയിനിന്റ കോക്പിറ്റിലുണ്ടായിരുന്നത് പൈലറ്റുമാരായ കനേഡിയൻ പൗരന്മാർ ക്യാപ്റ്റൻ ഡാനിയൽ മോൺഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രെൻജർ എന്നിവരായിരുന്നു. യോഗേഷിനൊപ്പം സന്ദീപ് ദാസ്, സയ്യദ് കമ്രാൻ, മോഹൻ സിങ് എന്നിവരും യാത്രാ സംഘത്തിലുണ്ടായി. വിശാഖപട്ടണത്തുനിന്ന് മൂന്നര മണിക്കൂർ പറന്നാണ് കൊച്ചിയിലെത്തിയത്.
വലിയ ജനാലകളുള്ളതിനാൽ സീപ് ളെയിൻയാത്ര നല്ല ദൃശ്യാനുഭവമാകുമെന്ന് യോഗേഷ ഗാർഗ് പറഞ്ഞു. കരയിലും വെള്ളത്തിലും ലാൻഡ് ചെയ്യാവുന്ന ആംഫീബിയൻ വിമാനമാണ് സീ പ്ളെയിനായി ഉപയോഗിക്കുന്നത്. ഒരു വശത്ത് രണ്ടുസീറ്റുകളും മറുവശത്ത് ഒറ്റ സീറ്റുകളുടെ നിരയിൽ 17 പേർക്കും സഞ്ചരിക്കാം. പുറംകാഴ്ചകൾ ആവോളം അസ്വദിക്കാവുന്ന വിധത്തിലുള്ള ജനാലകൾ. ഒപ്പം കൗതുകമുളവാക്കുന്ന കുഞ്ഞൻ കോക്ക്‌പിറ്റും. പൈലറ്റും ക്രൂ അംഗങ്ങളും ഒഴികെ ഒൻപത് യാത്രികർക്കാണ് വിമാനത്തിനൊപ്പം പറന്നുയരാനാവുക. വി.ഐ.പികളുടെ യാത്ര, മെഡിക്കൽ ആവശ്യങ്ങൾ, രക്ഷാപ്രവർത്തനം പോലുള്ള മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാം. നീണ്ട റൺവേയുടെ ആവശ്യമില്ല. എണ്ണൂറ് മീറ്റർ നീളത്തിൽ ഒരു ഗ്രാവൽ റോഡ് മാത്രം മതി. രണ്ട് മീറ്റർ ആഴമുണ്ടെങ്കിൽ ജലാശയങ്ങളിലും പറന്നിറങ്ങും.
സീ പ്ലെയിൻ രാഷ്ട്രീയമാകുമ്പോൾ
സീ പ്ലെയിനിനെച്ചൊല്ലി രാഷ്ട്രീയ ചർച്ചകൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിൻ പദ്ധതി അട്ടിമറിച്ച സിപിഎം അതേ പദ്ധതി പത്തുവർഷത്തിനുശേഷം തങ്ങളുടേതാക്കി നടപ്പിലാക്കുന്നുവെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. 11 വർഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മുഖ്യമന്ത്രി മാപ്പ് എന്നൊരു വാക്കെങ്കിലും പറയണമെന്നും സുധാകരൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും വിഷയം ചർച്ചയാകുന്നുണ്ട്.

അതേസമയം ആശങ്കയറിയിച്ച് വനംവകുപ്പും രംഗത്തെത്തിയിട്ടുണ്ട്. മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമാണെന്നും വിമാനം ഇറങ്ങുന്നത് ആനകളിൽ പ്രകോപനം സൃഷ്ടിച്ചേക്കാമെന്നുമാണ് വനംവകുപ്പ് അറിയിക്കുന്നത്. നേരത്തെ നടന്ന സംയുക്ത പരിശോധനയിലാണ് വനംവകുപ്പ് ആശങ്ക പങ്കുവെച്ചിരിക്കുന്നത്. നിലവിലെ പരീക്ഷണ ലാൻഡിങ്ങിന് എതിർപ്പില്ലെന്നും വനംവകുപ്പ് അറിയിച്ചിരുന്നു. എന്നാൽ റൂട്ട് അന്തിമമായിട്ടില്ലെന്നും ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു. മത്സ്യത്തൊഴിലാളികളും പ്രതിഷേധരംഗത്തുണ്ട്.
മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ജീവിതോപാധികൾക്ക് ഒരിക്കലും സീ പ്ലെയിൻ പദ്ധതി തടസമാകില്ലെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞെങ്കിലും പ്രതിഷേധക്കാർ പിന്നോട്ട് പോയില്ല. മൂന്നുമാസം പരീക്ഷിച്ചു നോക്കാം അതിനു ശേഷം എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് വിശദമായി ചർച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രതിഷേധംനിലച്ചില്ല, പദ്ധതി നിലച്ചു.
ജനങ്ങൾക്ക് വളരെ ഗുരുതരമായ ഭീഷണിയാണ് സീപ്ലെയിൻ എന്നായിരുന്നു സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അന്ന് പറഞ്ഞത്. ചിത്തരഞ്ജൻ എം.എൽ.എ. അടക്കമുള്ളവർ സമര മുൻനിരയിൽ തന്നെ ശക്തമായ നിലയുറപ്പിച്ചിരുന്നു. ഇന്ന് വീണ്ടും പദ്ധതി നടപ്പിലാക്കുമ്പോൾ ഇടതുപാളയത്തിൽ നിന്ന് തന്നെ എതിർപ്പുയർന്നിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന രീതിയിൽ സീ പ്ലെയിൻ പദ്ധതി നടപ്പിലാക്കിയാൽ എതിർക്കുമെന്ന് മത്സ്യത്തൊഴിലാളി നേതാവും എം.എൽ.എ.യുമായ പിപി ചിത്തരഞ്ജൻ രംഗത്തെത്തിയിട്ടുണ്ട്. ഒരു ചർച്ചയും കൂടാതെയാണ് മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി കൊണ്ടു വന്നതെന്നും അതുകൊണ്ടാണ് അന്ന് എതിർത്തതെന്നും അദ്ദേഹം പറഞ്ഞു.
2020-ൽ രാജ്യത്ത് ആദ്യമായി സീ പ്ലെയിൻ സേവനം ആരംഭിച്ചു. ഗുജറാത്തിലേക്ക് പോയ സീ പ്ലെയിൻ ഇന്ധനം നിറക്കുന്നതിനായി കൊച്ചി കായലിൽ ഇറക്കിയപ്പോൾ തങ്ങൾക്ക് നഷ്ടപ്പെട്ട പദ്ധതിയെക്കുറിച്ച് വീണ്ടും കേരളത്തിൽ ചർച്ചയായി. ഒന്നാം പിണറായി സർക്കാർ പദ്ധതിക്ക് നേരെ മുഖം തിരിച്ചെങ്കിലും രണ്ടാം പിണറായി സർക്കാരിൽ പി എ മുഹമ്മദ് റിയാസ് ടൂറിസം മന്ത്രിയായെത്തിയതോടെ സീ പ്ലെയിൻ പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു.
പത്ത് വർഷം മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി കൊണ്ടുവന്നപ്പോൾ പ്രതിഷേധിച്ച എൽ.ഡി.എഫ്. ഇപ്പോൾ കാപഢ്യം കാണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സീ പ്ലെയിൻ ഇറങ്ങിയാൽ ചത്തുപോകുമെന്ന് പറഞ്ഞ തിലോപ്പിയ കുഞ്ഞുങ്ങളെ മാറ്റിപ്പാർപ്പിച്ചോ എന്നായിരുന്നു ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. എന്നാൽ, വിവാദങ്ങൾക്കില്ല, എല്ലാവരുമായിട്ടും ചർച്ച ചെയ്തിട്ടേ പോകൂ എന്നായിരുന്നു മന്ത്രി റിയാസ് പറഞ്ഞത്.
കേരളത്തിന്റെ ടൂറിസം സാധ്യതകൾക്ക് അനുയോജ്യമായ വികസനങ്ങളും സംവിധാനങ്ങളും അത്യാവശ്യമാണ്. അതോടൊപ്പം തന്നെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ട്.
Content Highlights: Kerala first seaplane successfully completes official trial run all you need to know
Published: 12 Nov 2024, 10:40 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented