ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച കാക്കത്തുരുത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കൊച്ചിയില്‍നിന്ന് വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടുകള്‍ക്ക് തടസ്സമായി കായലിലെ അനധികൃത ഊന്നിക്കുറ്റികള്‍. യാത്രയില്‍ ഇവ അപകടമുണ്ടാക്കുമെന്നതിനാല്‍ ബോട്ടുകള്‍ കാക്കത്തുരുത്തിലേക്ക് വരാന്‍ മടിക്കുന്നു. ഇത് സഞ്ചാരികളുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമാവുകയാണ്. ഇതേത്തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് വിവിധയിടങ്ങളിലേക്ക് സഞ്ചാരികള്‍ക്കായി സര്‍വിസ് നടത്തുന്ന സര്‍ക്കാര്‍ അധീനതയിലുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ പരാതിയുമായി രംഗത്തെത്തി. അനധികൃത ഊന്നിക്കുറ്റികളും പഴയതും ഉപയോഗശൂന്യമായതുമായ ചീനവലകളുമാണ് ബോട്ടുകളുടെ യാത്രയ്ക്ക് തടസ്സമാവുന്നതെന്നാണ് പരാതിക്കാര്‍ പറയുന്നത്.
കായലില്‍ കുണ്ടേക്കടവ്, കുടപുറം എന്നീ ഭാഗത്താണ് ഈ തടസ്സങ്ങളേറെയെന്ന് പരിശോധനയില്‍ വ്യക്തമായതായും അധികൃതര്‍ പരാതിയില്‍ പറയുന്നു. കാക്കത്തുരുത്തിലെ സൂര്യോദയം ഉള്‍പ്പടെയുള്ളവ കാണുന്നതിനായി ഒട്ടേറെ വിദേശ വിനോദ സഞ്ചാരികളടക്കം എത്തുന്നുണ്ട്. ഇവിടത്തെ വില്ലേജ് ടൂറിസവും ആകര്‍ഷകമാണ്. കായല്‍ വഴി ഇവിടേക്കെത്താനാണ് അന്വേഷണങ്ങളേറെ. ഇതേത്തുടര്‍ന്നാണ് ഇവിടേക്കുള്ള ബോട്ട് യാത്രയായി പരിശോധന നടത്തിയത്.

അപകടസാധ്യത ഉയര്‍ത്തുന്ന ഇത്തരം അനധികൃത നിര്‍മിതികള്‍ നീക്കണമെന്നു കാട്ടി കോര്‍പ്പറേഷന്‍ എം.ഡി. ആര്‍. ഗിരിജ, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്കും എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഇതില്‍ നടപടി വരുന്ന മുറയ്ക്ക് കൊച്ചിയില്‍നിന്ന് കാക്കത്തുരുത്തിലേക്ക് ബോട്ട് സര്‍വീസും ആരംഭിക്കും.
വിദേശത്തുനിന്നടക്കമുള്ള വിനോദസഞ്ചാരികള്‍ എത്തിയാല്‍ ഗ്രാമീണവാസികള്‍ക്ക് തൊഴില്‍ നല്‍കുന്ന കാക്കത്തുരുത്തിലെ വില്ലേജ് ടൂറിസത്തിന് വന്‍ കുതിപ്പ് നേടാന്‍ സാധിക്കും.

2016ലാണ് കാക്കത്തുരുത്തിനെക്കുറിച്ച് പുറംലോകം അറിയുന്നത്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ 'എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അവേഴ്‌സ്' ലിസ്റ്റില്‍ ഇടംപിടിച്ച ഇന്ത്യയില്‍നിന്നുള്ള ഒരേയൊരു സ്ഥലമാണിത്. പുലര്‍ച്ചെ 12 മണിക്ക് നോര്‍വേയില്‍ തുടങ്ങുന്ന യാത്രയില്‍, അറ്റക്കാമ മരുഭൂമിയിലൂടെ സഞ്ചരിച്ച് ഹവായ് ദ്വീപില്‍ ചുറ്റിക്കറങ്ങി, അബുദാബിയും മെല്‍ബണും കണ്ട്, അവസാനം കാക്കത്തുരുത്തിലെ സൂര്യാസ്തമയത്തിലേക്ക് വീഴാമെന്ന് മാസികയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നു.
ലേഖനം വന്നതോടെ തുരുത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ബോട്ടിലും വള്ളങ്ങളിലുമിരുന്ന് കാഴ്ച കാണാന്‍ ഇപ്പോള്‍ വിനോദസഞ്ചാരികളെത്തുന്നുണ്ട്. രണ്ടര കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയുമേയുള്ളൂ തുരുത്തിന്. 207-ഓളം കുടുംബങ്ങളുണ്ട്. മത്സ്യസംസ്‌കരണം, മത്സ്യവിപണനം എന്നിവയും കെട്ടിടനിര്‍മാണവുമാണ് ഇവിടത്തെ ആളുകളുടെ പ്രധാനജോലികള്‍.
Content Highlights: kakkathuruthu island alappuzha
Published: 03 Aug 2024, 03:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented