ദിവസം 25000 ചെങ്കാലന്‍ പുള്ളുകളെ വരെ വേട്ടയാടിയിരുന്ന പാങ്തി ഇന്ന് ലോകപ്രശസ്ത പക്ഷിനിരീക്ഷണ ഗ്രാമം


By എഴുത്ത്: ജി. ഷഹീദ്, ഫോട്ടോ: ബനോ ഹരലു

4 min read
Read later
Print
Share

ചെങ്കാലൻ പുള്ള്, പാങ്തിയിലെ പക്ഷി വേട്ടക്കാർ (2012ലെ ചിത്രം)

നാഗാലാന്‍ഡിലെ വോഖാ ജില്ലയിലുള്ള പാങ്തി (Pangti) ഗ്രാമം. ആധുനികത അല്പം പോലും കടന്നെത്താത്ത, ഗോത്രവര്‍ഗക്കാരുടെ ദേശം. അവിടെ വര്‍ഷാവര്‍ഷം അരങ്ങേറുന്ന ആകാശവിസ്മയത്തിന്റെ കഥയാണിത്. ലക്ഷക്കണക്കിന് ചെങ്കാലന്‍ പുള്ളുകള്‍ (അമുര്‍ ഫാല്‍ക്കണ്‍) കൂട്ടമായി അവിടേയ്ക്ക് പറന്നെത്തും. അവയെ ഗോത്രവര്‍ഗക്കാര്‍ രുചികരമായ പക്ഷിമാംസത്തിന് വേണ്ടി മത്സരിച്ച് വേട്ടയാടി. ഒന്നിന് പത്തുരൂപ മുതല്‍ ഇരുപത്തിയഞ്ചുരൂപവരെ വിലയ്ക്ക് വിറ്റു. കമ്പോളത്തില്‍ തിരക്കേറിയപ്പോള്‍, ദൂരെയുള്ള ജില്ലകളില്‍നിന്ന് ആവശ്യക്കാരെത്തി. വര്‍ഷങ്ങളായി നടന്നുവന്ന പക്ഷിവേട്ടയും വില്‍പ്പനയും പുറംലോകം അറിഞ്ഞത് വളരെ വൈകിയാണ്. 2012-ല്‍ പക്ഷിസംരക്ഷണത്തിനായി ഒരുകൂട്ടം പ്രകൃതിസ്നേഹികള്‍ മുറവിളിയുയര്‍ത്തി. ക്രമേണ അത് ഫലംകണ്ടു. അന്നുവരെ അറിയപ്പെടാതിരുന്ന ഒരു ഗ്രാമം പക്ഷിസംരക്ഷണത്തിന്റെ പുതിയ ചരിത്രം കുറിച്ചു. അത് ആഗോളതലത്തില്‍ ശ്രദ്ധ നേടി.

പക്ഷിവേട്ട തടഞ്ഞതോടെ നാഗന്മാര്‍ ക്ഷുഭിതരായി അമ്പും വില്ലുമെടുത്ത് അതിനെ നേരിടാനൊരുങ്ങി. ഗ്രാമം സംഘര്‍ഷഭരിതമായി. പക്ഷേ, വനംവകുപ്പും സംസ്ഥാനസര്‍ക്കാരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നിരവധി പ്രകൃതിസംരക്ഷണസംഘടനകളും വിദ്യാര്‍ഥികളും യുവാക്കളും രംഗത്തെത്തി. വനസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ഗോത്രവര്‍ഗക്കാരെ പ്രോത്സാഹിപ്പിച്ചു. ക്രമേണ അവര്‍ക്ക് ബദല്‍ ജീവിതമാര്‍ഗം കണ്ടെത്താനുള്ള സര്‍ക്കാര്‍പദ്ധതി ആവിഷ്‌കരിച്ചതോടെ ഗ്രാമീണരുടെ രോഷം അടങ്ങിത്തുടങ്ങി. പ്രകൃതിസ്നേഹികളുടെ ഒരു കൂട്ടായ്മ രൂപപ്പെട്ട് ശക്തിയാര്‍ജിച്ചത് പൊതുജനശ്രദ്ധയാകര്‍ഷിച്ചു.

പാങ്തിയിലെ മലനിരകളിലെങ്ങും കാണപ്പെടുന്ന ചെങ്കാലന്‍ പുള്ള് എന്ന ചെറുപക്ഷിയെ ഇന്ന് ഇവിടുത്തെ ഗ്രാമീണര്‍ വേട്ടയാടാറില്ല. 'ഈ പക്ഷി ഞങ്ങള്‍ക്ക് ജീവിതമാര്‍ഗമായിരുന്നു. അല്പം വരുമാനം കിട്ടിയിരുന്നു', എന്ന് ചിലരെങ്കിലും ദുഃഖത്തോടെ ഓര്‍മിക്കുന്നുവെങ്കിലും. ഗ്രാമീണരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിച്ചപ്പോള്‍, ബ്യൂറോക്രാറ്റിക് നൂലാമാലകളും മറ്റുമില്ലാതാക്കാന്‍ ഒരുകൂട്ടം സന്നദ്ധസംഘടനകളും രംഗത്തെത്തി. ഗ്രാമം പക്ഷിസംരക്ഷണത്തിന്റെ പേരില്‍ ആഗോളതലത്തില്‍ പ്രശസ്തിനേടിയതും ഗ്രാമീണരെ സന്തോഷിപ്പിച്ചു. ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും സന്നദ്ധസംഘടനകളുമെത്തിയപ്പോള്‍ ഗ്രാമത്തിന്റെ മുഖച്ഛായയും മെല്ലെ മാറി. ഗ്രാമ കൗണ്‍സില്‍ നേതാവായ ആര്‍. ഷിക്രിയുടെ നിര്‍ദേശമനുസരിച്ചാണ് ഗ്രാമീണര്‍ പ്രവര്‍ത്തിച്ചത്. അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നു, ''ഗ്രാമീണരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത് പക്ഷിസംരക്ഷണത്തിന് പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.''

ചെങ്കാലന്‍ പുള്ള് ലോകമെങ്ങുമുള്ള പക്ഷിഗവേഷകര്‍ക്കും നിരീക്ഷകര്‍ക്കും വിസ്മയമാണ്. ഒക്ടോബര്‍ മാസമാവുമ്പോഴേയ്ക്കും മംഗോളിയ, സൈബീരിയ എന്നീ രാജ്യങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് പക്ഷികള്‍ നാഗാലാന്‍ഡിലേയ്ക്ക് പറന്നെത്തുന്നു. ഒന്നരമാസത്തോളം പാങ്തി ഗ്രാമത്തിലെ മലനിരകളില്‍ അവ ചേക്കേറും. പ്രാണികളാണ് പ്രധാന ആഹാരം. പത്ത് ഇനങ്ങളിലുള്ള ചെറുതും വലുതുമായ പ്രാണികളാണ് ഇവയ്ക്ക് ഇരയാവുക. ഇടവേളയ്ക്കുശേഷം ചെങ്കാലന്‍ പുള്ളുകള്‍ മഹാരാഷ്ട്ര ഭാഗത്തുകൂടി ഇന്ത്യന്‍ മഹാസമുദ്രം കടന്ന് ദക്ഷിണാഫ്രിക്ക ലക്ഷ്യമാക്കി പറക്കുന്നു. സൈബീരിയയില്‍നിന്ന് നാഗാലാന്‍ഡ് വഴി ദക്ഷിണാഫ്രിക്കയിലെത്തുമ്പോള്‍ ഏതാണ്ട് 30,000 കിലോമീറ്റര്‍ ഇവ പിന്നിട്ടിരിക്കും. മൂന്നുമാസത്തിന് ശേഷം, ദക്ഷിണാഫ്രിക്കയില്‍നിന്ന് നാഗാലാന്‍ഡ് വഴി സൈബീരിയയിലേയ്ക്കും മംഗോളിയയിലേക്കും തിരിച്ചുപറക്കും. ഇത്രയധികം ദൂരം പിന്നിടുന്ന ലോകത്തിലെ അപൂര്‍വം ദേശാടനപക്ഷികളിലൊന്നാണിത്. പരുന്തുവര്‍ഗത്തില്‍പെടുന്നതാണെങ്കിലും കാഴ്ചയില്‍ ഒരു പ്രാവിന്റെ വലുപ്പമേ അമുര്‍ ഫാല്‍ക്കനുകള്‍ക്കുള്ളൂ. കാലുകള്‍ക്ക് ചുവന്ന നിറമാണ്. അതിനാല്‍ ചെങ്കാലന്‍ പുള്ള് എന്ന് വിളിക്കുന്നു. ദേശാടനകാലത്ത് എങ്ങും നില്‍ക്കാതെ തുടര്‍ച്ചയായി ദിവസങ്ങളോളം പറക്കാന്‍ ഇവയ്ക്ക് കഴിയും.

പ്രാണന്‍ കുരുങ്ങുന്ന വലകള്‍

പക്ഷി പറക്കുന്ന വഴികളിലെങ്ങും വലിയ വലകള്‍ കെട്ടിയുയര്‍ത്തിയായിരുന്നു പാങ്തി ഗ്രാമത്തിലെ പക്ഷിവേട്ട. വൃക്ഷങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള, നേരിയ വെള്ളനിറത്തിലുള്ള നീണ്ട വലകള്‍ പറക്കുന്നതിനിടയില്‍ പക്ഷിക്ക് കാണാന്‍കഴിഞ്ഞെന്നുവരില്ല. വലയില്‍ കുടുങ്ങുന്ന അവയെ ഗ്രാമീണര്‍ പിടികൂടി കാലുകള്‍ കെട്ടി ഒരു സ്റ്റാന്‍ഡില്‍ തൂക്കിയിടും. ഒരു വല ഒഴിഞ്ഞാല്‍ അത് വീണ്ടും കെട്ടും. ഒരൊറ്റദിവസം ഗോത്രനേതാവ് നിര്‍ദേശിക്കുന്ന ഏതാനുംപേര്‍ക്ക് വല കെട്ടാമായിരുന്നു. പിറ്റേന്ന് മറ്റുള്ളവരുടെ ഊഴമായി. അങ്ങനെ ഒന്നരമാസംകൊണ്ട് എല്ലാ നാട്ടുകാര്‍ക്കും പക്ഷിയെ പിടിക്കാന്‍ അവസരം കിട്ടിയിരുന്നു.

വേട്ടയ്ക്കെതിരേ അണിനിരന്നവരുടെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയാണ് നാഗാലാന്‍ഡ് വൈല്‍ഡ്‌ലൈഫ് ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബാനോ ഹരാലു. ദൂരദര്‍ശന്റെ റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇവര്‍ നാഗാലാന്‍ഡിലെ ഇംഗ്ലീഷ് പത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. നാച്വറല്‍ നാഗാസ് എന്ന സംഘടനയുടെ പ്രസിഡന്റ് സ്റ്റീവ് ഒഡ്യോ, ഗ്രാമകൗണ്‍സില്‍ നേതാവ് ആര്‍. ഷിക്രി, വനംവകുപ്പ് ചീഫ് കണ്‍സര്‍വേറ്റര്‍ ലോകേശ്വര റാവു എന്നിവര്‍ ബോധവത്കരണപദ്ധതിക്ക് നേതൃത്വംനല്‍കി. പക്ഷിസംരക്ഷണത്തെക്കുറിച്ച് ഗ്രാമീണരെ ബോധവത്കരിക്കുക എന്നത് തന്നെ വലിയ കടമ്പയായിരുന്നുവെന്ന് അവര്‍ ഓര്‍മിക്കുന്നു.

ഗ്രാമ സന്ദര്‍ശനത്തിനെത്തിയ വിദ്യാര്‍ഥികള്‍

സംരക്ഷണത്തിന് ശക്തിപകര്‍ന്നുകൊണ്ട് പത്ര-മാസികകളുടെ താളുകള്‍ നിറച്ചു. ഗ്രാമീണരെ ആദരിക്കാന്‍ സ്‌കോട്‌ലന്‍ഡിലെ പ്രശസ്തമായ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡ് പുരസ്‌കാരവുമായി എത്തി. അത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രകൃതിസംരക്ഷകര്‍ക്കിടയില്‍ പുതിയ ചലനങ്ങള്‍ സൃഷ്ടിച്ചു. 2017-ല്‍ ബാനോ ഹരാലുവിന് കേന്ദ്രസര്‍ക്കാര്‍ നാരീശക്തി പുരസ്‌കാര്‍ നല്‍കി. സ്ത്രീശാക്തീകരണത്തെ മുന്‍നിര്‍ത്തിയുള്ളതാണ് ഈ പ്രശസ്തമായ പുരസ്‌കാരം. അതേ വര്‍ഷം തന്നെ കേന്ദ്രസര്‍ക്കാരിന്റെ മികച്ച ശാസ്ത്രസിനിമയ്ക്കുള്ള പുരസ്‌കാരം സെസിനോ യോഹു (Sesino Yhoshu) സംവിധാനം ചെയ്ത 'പാങ്തി സ്റ്റോറി' എന്ന ചിത്രത്തിന് ലഭിച്ചു. വേട്ടക്കാരായിരുന്ന നാഗന്മാരുടെ ഗ്രാമം എങ്ങനെ സംരക്ഷണത്തിന്റെ പ്രതീകമായി രൂപാന്തരപ്പെട്ട് തിളങ്ങി എന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം.

സ്‌കോട്ട് വീഡന്‍സോളും ബാനോ ഹരാലുവും

''മുന്‍പ് ഒരുദിവസം 25,000 പക്ഷികളെവരെ ഗ്രാമീണര്‍ വേട്ടയാടിയിരുന്നു. ഇന്ന് ഒരൊറ്റപ്പക്ഷിയെപ്പോലും പിടിക്കാറില്ല'', ഗ്രാമമാകെ മാറിയിരിക്കുന്നുവെന്ന് ബാനോ ഹരാലു സാക്ഷ്യപ്പെടുത്തുന്നു. ഒക്ടോബര്‍ മാസത്തില്‍ പക്ഷികളെത്തുമ്പോള്‍ അവയെ കാണാന്‍ ഇന്ത്യയില്‍നിന്നുമാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് പക്ഷിനിരീക്ഷകര്‍ ഇവിടെയെത്തുന്നു. ഇത് ഇക്കോ ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചിട്ടുണ്ട്. ഗ്രാമീണരുടെ വരുമാനമാര്‍ഗമായി ടൂറിസം വളര്‍ന്നു. അമേരിക്കന്‍ പക്ഷിനിരീക്ഷകനായ സ്‌കോട്ട് വീഡന്‍സോളിന്റെ (Scott Wiedensaul) പ്രശസ്തമായ പുസ്തകമാണ് 'എ വേള്‍ഡ് ഓണ്‍ ദി വിങ്'. അതില്‍ പാങ്തി ഗ്രാമവാസികള്‍ പക്ഷിസംരക്ഷണത്തിനായി നടത്തിയിട്ടുള്ള ആത്മാര്‍ഥശ്രമങ്ങളും ബാനോ ഹരാലുവിന്റെ തളരാത്ത പോരാട്ടങ്ങളും വിവരിച്ചിട്ടുണ്ട്. പാങ്തി ഗ്രാമത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അദ്ദേഹം അവിടെയെത്തി ദിവസങ്ങളോളം നിരീക്ഷിച്ച അനുഭവങ്ങള്‍ യാത്ര മാസികയുമായി പങ്കുവെച്ചു.

''2017-ലാണ് ഞാന്‍ ഗ്രാമത്തിലെത്തുന്നത്. അന്ന് റോഡുകള്‍ തീരേ മോശമായിരുന്നു. കാറോ ജീപ്പോ മുന്നോട്ടുനീങ്ങാന്‍ തടസ്സങ്ങളേറെ. രാത്രി സഞ്ചരിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കാരണം, കൊള്ളക്കാര്‍ അഴിഞ്ഞാടും. തളരാത്ത മനസ്സുമായി തങ്ങി ദേശാടനത്തിന് സാക്ഷ്യംവഹിച്ചു. കിഴക്കന്‍ മെക്സിക്കോയിലെ ദേശാടനത്തിന് തുല്യമാണ് ഈ ഗ്രാമത്തിലെ പ്രതിഭാസവും അവിസ്മരണീയമായ അനുഭവവും.'' ''മഞ്ഞിലധിവസിക്കുന്ന മൂങ്ങകളുടെ ദേശാടനം (Snowy owl) ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. അലാസ്‌കയിലേതെന്നതുപോലെ... വിസ്മയകരമായ അനുഭവമാണ് ചെങ്കാലന്‍ പുള്ളുകള്‍ എനിക്ക് നല്‍കിയിട്ടുള്ളത്,'' സ്‌കോട്ട് പറയുന്നു.

(മാതൃഭൂമി യാത്രയില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: How a Nagaland village turned from hunting ground to safe haven for Amur falcon

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented