
ഗുണ്ടൽപ്പേട്ടയ്ക്ക് ഓരോ ഋതുവിലും ഓരോ നിറമാണ്. സൂര്യകാന്തിയും കടുകും വിളയുമ്പോൾ മഞ്ഞപ്പാടം. നിലക്കടല വിളയുമ്പോൾ ചാരനിറം. ചെണ്ടുമല്ലിയും വാടാർമല്ലിയും പൂത്താൽ മഞ്ഞയും ഓറഞ്ചും വയലറ്റും പർപ്പിൾ നിറവും വഴിനീളെ മാറി മറയും. തരിശിട്ടാൽ മണ്ണിന്റെ ചുവപ്പ് നിറം. കാർഷിക ഭംഗി ആസ്വദിക്കാൻ ഗുണ്ടൽപ്പേട്ടിലേക്ക് വണ്ടിപിടിക്കുന്നവരാണ് മലയാളികൾ. ഓണത്തിന് മുൻപേ തന്നെ ഗുണ്ടൽപ്പേട്ടിലെ പൂക്കാലവും പച്ചക്കറികളുടെ സമൃദ്ധിയും മലയാളികളുടെ റീലുകളിൽ നിറയും.
കൃഷിത്തോട്ടങ്ങളും പൂപ്പാടങ്ങളും മാത്രമല്ല, സഞ്ചാരികളെ കാത്തിരിക്കുന്ന മലകളും കുന്നിൻചെരിവുകളും കൂടിയുണ്ട് ഗുണ്ടൽപ്പേട്ടിൽ. ഇതിൽ അതിമനോഹരമായ രണ്ട് സ്ഥലങ്ങളാണ് സഞ്ചാരികളൊന്നും അധികം ചെന്നെത്തിയിട്ടില്ലാത്ത ഹുലിഗാദ്രിയും ഗോപാൽ സാമി ബേട്ടയും
ഹുലിഗാദ്രി - ഇവിടുത്തെ കാറ്റാണ് കാറ്റ്
ആകാശത്തിനും ഭൂമിക്കുമിടയിൽ കാറ്റ് സ്വകാര്യം പറയുന്നൊരിടം. ഉറവ വറ്റാത്തൊരു പച്ചക്കുളം, ഓരത്തൊരു കൽമണ്ഡപം. മണ്ഡപത്തിലിരുന്നാൽ നീലമേഘങ്ങളെ കയ്യെത്തി തൊടാമെന്ന് തോന്നും. കാറ്റു പറയന്നുതല്ലാതെ മറ്റൊന്നും കേൾക്കില്ല. മണ്ഡപത്തിൽ നിന്നിറങ്ങി ചെങ്കുത്തായ പാറക്കൂട്ടത്തിൽനിന്നു താഴേക്ക് നോക്കിയാൽ ചതുരക്കഷ്ണങ്ങളായി ഭൂമിയെ കാണാം. പറഞ്ഞുവരുന്നത് തീർത്തും ഏകാന്തമായ ഹുലിഗാദ്രിയെ കുറിച്ചാണ്. ഗുണ്ടൽപ്പേട്ടിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തെക്കുറിച്ച്.
ഗുണ്ടൽപ്പേട്ടിൽനിന്നു തൃക്കണാമ്പിയും കടന്നുവേണം കിലഗെരെയിലെ ഹുലിഗാദ്രി കുന്നിൻ മുകളിലെത്താൻ. ഏകദേശം പതിനഞ്ച് കിലോമീറ്റർ ദൂരം. അപൂർവമായി മാത്രം വാഹനങ്ങൾ കടന്നുപോകുന്ന ചെറിയ റോഡിനിരുവശവും മിന്നിമായുക പല നിറങ്ങളാണ്, പല കാഴ്ചകളാണ്. സൂര്യകാന്തി പൂത്ത മഞ്ഞപ്പാടങ്ങളും ചെണ്ടുമല്ലിത്തോട്ടങ്ങളും കടന്ന് പേരാലിന്റെ വള്ളികൾ തൂങ്ങിയാടുന്ന പാതയും പിന്നിട്ട് വീണ്ടും മുന്നോട്ട്.
പത്തുകിലോമീറ്റർ കഴിഞ്ഞാൽ കാണാം അങ്ങ് ദൂരെ മലമുകളിൽ ദക്ഷിണ ശേഷാദ്രിയെന്ന് വിളിക്കുന്ന ഹുലിഗിന മുരുഡൈ വെങ്കിട്ട രാമണ സ്വാമി ക്ഷേത്രം. പിന്നീടുള്ള യാത്ര ഹെയർപിൻ വളവിലൂടെയാണ്. താഴെ കൃഷിഭൂമിയെങ്കിൽ തൊട്ടുനിൽക്കുന്നത് നീലാകാശം. ആ പാത അവസാനിക്കുന്നത് ക്ഷേത്രത്തിന് തൊട്ടുതാഴെയാണ്. പൂജ നടക്കുന്ന സമയമൊഴിച്ചാൽ കാറ്റിനെയല്ലാതെ മറ്റൊന്നും കേൾക്കാനില്ലാത്ത, ഒറ്റപ്പെട്ട സഞ്ചാരികളും ഭക്തരും മാത്രം വന്നുപോകുന്നൊരിടം.
ക്ഷേത്രത്തിലേക്കുള്ള കൽപടവുകൾ കയറിയാൽ ആദ്യം വരവേൽക്കുക ആത്മീയത നിറഞ്ഞൊരു അന്തരീക്ഷമാണെങ്കിൽ ക്ഷേത്രത്തിന് പിൻവശത്ത് ഹുലിഗാദ്രി മല ഒളിപ്പിച്ചുവെച്ചിരിക്കുന്നത് അപൂർവമായൊരു അനുഭൂതിയാണ്. ദൂരെ നിന്നൊരു കാഴ്ചക്കാരനായി നോക്കിയാൽ പ്രത്യേകതയൊന്നും തോന്നാത്ത, കൽപടവുകൾ ഇറങ്ങി നടന്നാൽ മാത്രം കാറ്റു വരവേൽക്കുന്നൊരിടം.
പടവിറങ്ങിയാൽ ആദ്യം എത്തുക ക്ഷേത്രക്കുളത്തിനടുത്താണ് അവിടെ തഴുകിയും തലോടിയും കൂട്ടുകൂടുന്ന കാറ്റിന് പിന്നീട് ഓരോ കാലടിയും മുന്നോട്ട് വെക്കുമ്പോൾ ഭാവം മാറും. കൽമണ്ഡപം കടന്നാൽ കൊടുങ്കാറ്റാവും. സഞ്ചാരികൾക്ക് പ്രകൃതി ഒരുക്കിയ മനോഹരമായ ഇടത്താവളമാണ് ഹുലിഗാദ്രി മലയെങ്കിൽ വിശ്വാസികൾക്ക് വെങ്കിട്ടരാമണ സ്വാമി അനുഗ്രഹം പകരുന്നിടമാണത്.
600 വർഷത്തെ പഴക്കം
എഡി 1629-ൽ വിജയനഗര വാസ്തുവിദ്യാ ശൈലിയിൽ പണിത ക്ഷേത്രമാണ് ഹുലിഗിന മുരഡൈ വെങ്കട്ടരാമണ സ്വാമി ക്ഷേത്രം. ത്രേതായുഗത്തിൽ രാമനും ദ്വാപരയുഗത്തിൽ പാണ്ഡവരും ദേവനെ ആരാധിച്ചിരുന്ന ഇടമാണിതെന്നാണ് വിശ്വാസം. അരക്കില്ലത്തിന് തീയിട്ടപ്പോൾ പാണ്ഡവർ ഇവിടെയെത്തിയെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിലെ രണ്ട് കുളങ്ങളെ ചുറ്റിപ്പറ്റിയുമുണ്ട് വിശ്വാസങ്ങൾ.
ധനുഷ്കോടിയാണ് ആദ്യത്തെ കുളം. ലങ്കാ യാത്രാമധ്യേ കുളിക്കാൻ വെള്ളം കിട്ടാതിരുന്ന ശ്രീരാമൻ അമ്പെയ്തിടത്തുനിന്ന് വെള്ളം ഉറവയെടുത്ത് കുളമുണ്ടായെന്നും അവിടെ കുളിച്ച് തൊഴുത് ലങ്കാ യാത്ര തുടർന്നുവെന്നുമാണ് ഐതിഹ്യം. വേദങ്ങൾ മോഷ്ടിച്ച രാക്ഷസനെ മത്സ്യാവതാരം പൂണ്ട മഹാവിഷ്ണു വധിച്ചെന്നും ഭഗവാന്റെ വിയർപ്പുതുള്ളികൾ വീണിടത്ത് രണ്ടാമത്തെ കുളമായ വേദപുഷ്കരണി ഉണ്ടായെന്നുമാണ് പറയപ്പെടുന്നത്.
ഹുലിഗാദ്രിയിലേക്കുള്ള യാത്ര
ഗുണ്ടൽപ്പേട്ടിലെ ചാമരാജ നഗർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മൈസൂരിൽനിന്നു 80 കിലോമീറ്ററും ഗുണ്ടൽപ്പേട്ടിൽനിന്നു 15 കിലോമീറ്ററും യാത്ര ചെയ്താൽ ഇവിടെയെത്താം. തൃക്കണാമ്പി കടന്നാൽ കിലഗെരെയ്ക്കടുത്തായാണ് ക്ഷേത്രം. ക്ഷേത്രത്തിലേക്ക് എത്താൻ പൊതുഗതാഗത സംവിധാനങ്ങളില്ല.
ഹിമവദ് ഗോപാൽസാമി ബേട്ട
വന്യമൃഗങ്ങൾ തൊഴാനെത്തുന്ന, വീരപ്പന്റെ സന്ദർശനം കൊണ്ട് ചർച്ചയായ മഞ്ഞുമായാക്കുന്നിലെ ക്ഷേത്രമാണ് ഗോപാൽസാമി ബേട്ട. മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന മലയുടെ മുകളിൽ ഒരു ക്ഷേത്രം. ബന്ദിപ്പുർ ദേശീയോദ്യാനത്തിലെ ഏറ്റവും ഉയർന്ന മലയാണിത്. കർണാടക സ്റ്റേറ്റ് ആർടിസി ബസിൽ മാത്രമേ മലമുകളിലേക്ക് പോകാൻ സാധിക്കൂ.
നിറയെ ആളുകളുമായി ബസ്സ് കുന്നുകയറും. ചുറ്റും കാടായതിനാൽ മനോഹരമാണ് കുന്നിൻ മുകളിലേക്കുള്ള യാത്ര. ഏഴ് കിലോമീറ്റർ ദൂരം. ചെങ്കുത്തനെയുള്ള ചുരം കയറിയാണ് യാത്ര. താഴ്വാരത്തുനിന്നു യാത്ര തുടങ്ങുമ്പോൾ ചൂടാണെങ്കിൽ മുകളിലെത്തിയാൽ തണുപ്പാണ്. രാവിലെയും വൈകീട്ടും ഇവിടെ കോടമഞ്ഞ് മൂടും. മഴയുള്ള നേരത്താണ് ഇവിടെ എത്തുന്നതെങ്കിൽ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭവമാകും.
പതിനാലാം നൂറ്റാണ്ടിൽ പണിത ക്ഷേത്രം
അഗസ്ത്യ മുനി മലമുകളിൽ തപസ് അനുഷ്ഠിച്ചുവെന്നും തപസിന്റെ ഫലമായി വിഷ്ണു പ്രത്യക്ഷപ്പെട്ട് മലമുകളിൽ വസിക്കാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് വിശ്വാസം. എഡി 1315-ൽ ഹോസല രാജാവ് ബല്ലാലയാണ് സമുദ്രനിരപ്പിൽനിന്നു മൂവായിരം അടി ഉയരത്തിലുള്ള ഈ ക്ഷേത്രം നിർമിച്ചത്. ചുറ്റും കാടായതിനാൽ ധാരാളം വന്യമൃഗങ്ങളുണ്ടാകും.
അമ്പലത്തിന്റെ പരിസരത്ത് ഇടയ്ക്ക് ആനകൾ എത്തുന്നത് തൊഴാനാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. വന്യമൃഗങ്ങൾ ഏത് നേരവും എത്തിയേക്കാം എന്നതിനാൽ വനം വകുപ്പിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മുഴുവൻ സമയവും ഉണ്ടാവും. മലമുകളിൽ എത്തിയാൽ ആദ്യം കാണാനാവുക ഒറ്റമരമാണ്. ഇവിടുന്ന് പടിക്കെട്ട് കയറി വേണം അമ്പലത്തിലെത്താൻ.
ക്ഷേത്രത്തിൽ പൂജ നടക്കുന്ന സമയങ്ങളിൽ കാറ്റിലൂടെ ഒഴുകിയെത്തുന്ന ശംഖുനാദം കേൾക്കാം. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് പുളിയോദരയും പായസവും പ്രസാദമായി നൽകും. പ്രാർഥിക്കാനായി പ്രദേശവാസികൾ മാത്രം വന്നുപോയിരുന്ന ഒരിടം ഇന്ന് പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്.
മഞ്ഞുവീഴുന്ന, മഴ പെയ്യുന്ന മലയുടെ സൗന്ദര്യം ആസ്വദിക്കാൻ കൂടുതൽ പേർ എത്തിത്തുടങ്ങിയതോടെയാണ് ഇവിടേക്ക് കർണാടക സർക്കാർ ബസ്സ് സൗകര്യം ഏർപ്പെടുത്തിയത്. കനത്ത സുരക്ഷാ സംവിധാനമൊരുക്കി വീരപ്പനെ വലയിലാക്കാൻ ടാസ്‌ക് ഫോഴ്‌സുകൾ ഓപ്പറേഷനുകൾ നടത്തിയിരുന്ന സമയത്ത് ഇതിനെയെല്ലാം വെല്ലുവിളിച്ച് വീരപ്പൻ പല തവണ ഇവിടെ വന്നുപോയതും ചരിത്രമാണ്.
യാത്ര എങ്ങനെ?
ഗുണ്ടൽപ്പേട്ടിൽനിന്നു 20 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഗോപാൽസാമി ബേട്ടയിൽ എത്താം. സ്വകാര്യവാഹനങ്ങൾ ഇവിടെയുള്ള ഗേറ്റിന് പുറത്ത് പാർക്ക് ചെയ്യണം. ഗേറ്റിൽനിന്നു കർണാടക ട്രാൻസ്‌പോർട്ട് ബസ് സർവീസ് നടത്തുന്നുണ്ട്. രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലുവരെയാണ് ഇവിടേക്ക് പ്രവേശനം. ബസിൽ ഒരാൾക്ക് 70 രൂപയാണ് ടിക്കറ്റ് നിരക്ക്.
Content Highlights: gundlupet-travel-travelogue
Published: 28 Jul 2025, 06:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented