ഭിലായില്‍ ഒരു സ്വകാര്യസന്ദര്‍ശനത്തിന് എത്തിയതായിരുന്നു. മക്കളോടൊപ്പം ഗാങ്റേല്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ ഒരവസരം ഒത്തുകിട്ടി. ഛത്തീസ്ഗഢ് സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയാണിത്. ഭിലായില്‍നിന്ന് ഈ പ്രദേശത്തേക്ക് ഏകദേശം 90 കിലോമീറ്റര്‍ ദൂരമുണ്ട്.
മഴക്കാലമാണ്. ഉച്ചയ്ക്ക് 12 മണിയോടെ യാത്രപുറപ്പെട്ടു. 15 മിനിറ്റുകൊണ്ട് ഭിലായിയും തൊട്ടടുത്ത പട്ടണമായ ദുര്‍ഗും പിന്നിട്ട് വാഹനം മുന്നോട്ടുനീങ്ങി. വിശാലമായ പാടശേഖരങ്ങളെ രണ്ടായിപ്പകുത്ത് നീണ്ടുകിടക്കുന്ന രാജപാത. ഗോതമ്പും നെല്ലും പരിപ്പുവര്‍ഗങ്ങളും കൃഷിചെയ്യുന്ന വിളനിലങ്ങള്‍ ഇരുവശവും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നു. വര്‍ഷത്തില്‍ മൂന്നുതവണവരെ വിളവെടുക്കാന്‍തക്ക ഫലഭൂയിഷ്ഠമായ മണ്ണ്. നെല്‍ക്കൃഷിയുടെ കാലമായിരുന്നു. ഞാറുപരുവത്തില്‍ വളര്‍ന്നു പച്ചപ്പട്ടുവിതാനിച്ച നെല്‍ച്ചെടികളുടെ ഹരിതാഭ കണ്ണിനു കുളിരേകുന്നു. ആഴംകുറഞ്ഞ ജലസംഭരണികള്‍ കൊച്ചുതടാകങ്ങള്‍പോലെ കാണാം. വയല്‍വരമ്പുകളില്‍ പച്ചക്കുടകള്‍ നിവര്‍ത്തി തണല്‍ശാഖികള്‍ തലയുയര്‍ത്തിനില്‍ക്കുന്നു.
റോഡിനിരുവശവും ഇടയ്ക്കിടെ കര്‍ഷകക്കുടിലുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മണ്ണും ഇഷ്ടികയും ഉപയോഗിച്ചുള്ള പുരാതനനിര്‍മിതികള്‍. പലതിന്റെയും മേല്‍ക്കൂരകള്‍ ചെറിയ ഓടുപാളികള്‍ അടുക്കിവെച്ച് താഴ്ത്തിനിര്‍മിച്ചവയാണ്. നിരപ്പുതെറ്റിയും താഴ്ന്നും ചെരിഞ്ഞും നില്‍ക്കുന്നതു കാണുമ്പോള്‍ ഈ മോന്തായങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നിലംപൊത്താമെന്നു തോന്നിപ്പോവും. പാതയോരങ്ങളില്‍ പലയിടത്തും പശുക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടായിരുന്നു. ഇത്തരം കന്നുകാലികള്‍ മിക്കവയും ഉടമസ്ഥരില്ലാത്തതോ ഉപേക്ഷിക്കപ്പെട്ടതോ ആയിരിക്കുമത്രേ.
രണ്ടു ചെറുപട്ടണങ്ങള്‍കൂടി പിന്നിട്ടു -ധമത്രിയും ബസ്തറും. പിന്നെയും യാത്രതുടര്‍ന്നു. മൂന്നുമണിയോടെ ഞങ്ങള്‍ മഹാനദി തീരത്തെത്തിച്ചേര്‍ന്നു. 900 കിലോമീറ്റര്‍ നീളമുള്ള ഈ നദിക്കുകുറുകെയാണ് ഗാങ്റേല്‍ അണക്കെട്ട്. പണ്ഡിറ്റ് രവിശങ്കര്‍ സാഗര്‍ എന്നാണ് ഔദ്യോഗിക നാമം. 95 ചതുരശ്ര കിലോമീറ്ററാണ് ജലസംഭരണിയുടെ പ്രതലവിസ്തൃതി. 1979-ലാണ് അണക്കെട്ട് പ്രവര്‍ത്തനസജ്ജമാവുന്നത്. രണ്ടുകിലോമീറ്ററോളം നീളമുണ്ടിതിന്.
മഴമേഘങ്ങള്‍ സായാഹ്നസവാരിക്കിറങ്ങിയ ആകാശത്തിനുതാഴെ വിശാലമായ ശുദ്ധജലതടാകം. ചുറ്റും നനുത്ത കോടമഞ്ഞിന്റെ മുഖപടമണിഞ്ഞ മനോഹരിയായ പ്രകൃതി. ജലാശയത്തില്‍ ദൂരെ അരയന്നങ്ങളെപ്പോലെ കൊച്ചുയന്ത്രവത്കൃത നൗകകള്‍ കാണാം. രമണീയമായ അന്തരീക്ഷവും തണുത്ത കാറ്റും ജലപ്പരപ്പിലെ ചെറുതരംഗങ്ങളും ഒരു സ്പീഡ് ബോട്ട് സവാരിക്ക് ഞങ്ങളെയും പ്രേരിപ്പിച്ചു. അഞ്ചുപേര്‍ക്കിരിക്കാവുന്ന ഒരു കൊച്ചു ബോട്ട്. കല്ലോളങ്ങള്‍ താളമിടുന്ന ജലാശയത്തിലൂടെ തെന്നിത്തെന്നിയുള്ള ആ സവാരി ഏറെ ആസ്വാദ്യകരമായിരുന്നു.
ബോട്ടുയാത്ര കഴിഞ്ഞതും മാനം ഇരുണ്ടുകൂടി. പെട്ടെന്ന് മഴപെയ്യാന്‍ തുടങ്ങി. ജലാശയത്തില്‍ ചിതറിവീഴുന്ന മഴത്തുള്ളികളുടെ ചിലങ്കനാദം ചുറ്റിലും കേള്‍ക്കാം. രാഗാദ്രമായ ഒരു സായന്തനം... മഴയുടെ ശക്തി കൂടിവരുന്നു. ഒപ്പം ഇടിയും മിന്നലും. ഞങ്ങള്‍ അണക്കെട്ടിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന റിസോര്‍ട്ടില്‍ കയറിനിന്നു. അവിടത്തെ ലഘുഭക്ഷണശാലയിലിരുന്ന് തിമര്‍ത്തുപെയ്യുന്ന വര്‍ഷവൃഷ്ടിനോക്കി കുറച്ചുസമയംകൂടി ചെലവഴിച്ചു.
പേമാരി പെട്ടെന്നൊന്നും നിലയ്ക്കുന്ന ലക്ഷണമില്ല. ഇരുട്ടുവീഴാന്‍ തുടങ്ങിയിരുന്നു. തുള്ളിക്കൊരുകുടംപോലെ കോരിച്ചൊരിയുന്ന വര്‍ഷപാതം. ധൃതിയില്‍ വെളിയിലിറങ്ങി റിസോര്‍ട്ടിനു പുറത്ത് പാര്‍ക്കുചെയ്തിരുന്ന വാഹനത്തില്‍ കയറി. മഴവെള്ളം ചെറുചാലുകളായി ഒഴുകുന്ന പാതയിലൂടെ ഭിലായിലേക്കുള്ള മടക്കയാത്ര തുടങ്ങി.
Content Highlights: Gangrel dam, gulf feature
Published: 26 Oct 2024, 03:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented