
രണ്ടൊത്താല്‍ മൂന്നൊക്കും എന്നൊരു നാട്ടുചൊല്ലുണ്ട്. അത് സത്യമാണെന്ന് പലപ്പോഴും തോന്നിപ്പോകും. ഈയിടെ രണ്ടുതവണ കാസര്‍കോട്ട് രുചിതേടിപ്പോയിരുന്നു. നാട്ടുചൊല്ല് യാഥാര്‍ഥ്യമാക്കി ദേ പിന്നേം എത്തിപ്പെട്ടത് കാസര്‍കോട്ടുതന്നെ. ഇത്തവണ വേറിട്ട പാനീയങ്ങള്‍ തേടിയൊരു യാത്രയാണ്. കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ നീളുന്ന, കുടിച്ചു കുടിച്ചോണ്ടൊരു രുചിയാത്ര. കാസര്‍കോട്ടും കണ്ണൂരും കോഴിക്കോട്ടുമായി രസമുകുളങ്ങളില്‍ രുചിയുടെ വെള്ളപ്പൊക്കം തീര്‍ക്കുന്ന പാനീയങ്ങള്‍ ഉണ്ട്. അവ ഒന്നു രുചിക്കണം. ആ രുചിയുടെ സമവാക്യങ്ങള്‍ കണ്ടെത്തണം. ഇതാണ് ആക്ഷന്‍ പ്ലാന്‍.
പുതുമയായി പുനര്‍പുളി
കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റംവരെ നീണ്ടുനില്‍ക്കുന്ന യാത്രയുടെയോ ജാഥയുടെയോ ഒക്കെ തുടക്കം കാസര്‍കോട്ടുനിന്നാണല്ലോ. അതുകൊണ്ടാണ് ഈ കുടിച്ചുകുടിച്ചുള്ള രുചിയാത്രയുടെ തുടക്കവും സപ്തഭാഷാസംഗമഭൂമിയില്‍ നിന്നുതന്നെയാകാമെന്ന് കരുതിയത്. വേറിട്ട രുചികള്‍ക്ക് പ്രസിദ്ധമായ കാസര്‍കോട്ട് പേരുകേട്ടൊരു പാനീയമുണ്ട്. പുനര്‍പുളി സര്‍ബത്ത്. സംഭവം സൂപ്പറാണ്. ഒരിക്കല്‍ അതിന്റെ രുചി അറിഞ്ഞിട്ടുമുണ്ട്. തുടക്കം പുനര്‍പുളിയില്‍ നിന്നാകട്ടെ എന്നുകരുതി കാസര്‍കോട്ടെ റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള പള്ളം ചര്‍മുര്‍ കടയിലെത്തി. കാസര്‍കോട് ചൂരി സ്വദേശികളും സഹോദരങ്ങളുമായ സുലൈമാനും ജബ്ബാറുമാണ് പള്ളം ചര്‍മുര്‍ എന്ന കട നടത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് തുറക്കുന്ന കടയില്‍ വൈവിധ്യങ്ങളായ മസാല ഓംലെറ്റ്, എഗ്ഗ് സാന്‍ഡ്വിച്ച്, ചര്‍മുര്‍, പുനര്‍പുളി സര്‍ബത്ത്, ബദാം ക്യാരറ്റ് മിക്‌സ് ഷെയ്ക്ക് തുടങ്ങിയ വിഭവങ്ങളുണ്ട്. കഴിഞ്ഞ 25 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന പള്ളം ചര്‍മുറില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞു പോകുന്ന വിഭവങ്ങള്‍ ചര്‍മുറും പുനര്‍പുളി സര്‍ബത്തും മസാല ഓംലറ്റുമാണ്.
എന്താണീ പുനര്‍പുളി? സംശയം മൂര്‍ധന്യാവസ്ഥയിലായി. അത് കര്‍ണാടക ഭാഗത്ത് കണ്ടുവരുന്ന പ്രത്യേകതരം ഒരു പുളിയാണത്രേ. മടിക്കേരി, ഹസ്സന്‍ ഭാഗങ്ങളിലാണ് ഇവ കൂടുതലായുള്ളത്. കറുത്തിരുണ്ടിരിക്കുന്ന പുനര്‍പുളി ആദ്യം വെയിലത്തിട്ടുണക്കും. അതിനുശേഷം വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കും. തിളപ്പിച്ചാറിയ പുനര്‍പുളിച്ചാറിലേക്ക് പഞ്ചസാര ചേര്‍ക്കുന്നതാണ് ഫൈനല്‍ ടച്ച്. അതോടെ സര്‍ബത്ത് റെഡി. ഗ്ലാസിലാക്കുന്നതിനു തൊട്ടുമുന്‍പ് നല്ല സൊയമ്പന്‍ കസ്‌കസും ചേര്‍ത്താല്‍ പുനര്‍പുളി ജനിക്കുകയായി. പണ്ടുകാലത്ത് ഗൗതമന്‍മാര്‍ ഭക്ഷണത്തിനൊപ്പം ഇത് സേവിച്ചിരുന്നത്രേ. പിത്തം, മൂത്രത്തില്‍ കല്ല് തുടങ്ങിയവയ്‌ക്കെല്ലാം ആശ്വാസം നല്‍കുന്ന മികച്ച ഒരു ഔഷധം കൂടിയാണീ പുനര്‍പുളി.
ഉച്ചയോടടുത്താണ് കടയിലെത്തിയത്. തിരക്കായി വരുന്നതേയുള്ളൂ. പുനര്‍പുളി മാത്രമേ തയ്യാറായിട്ടുള്ളൂ. ബാക്കിയുള്ള വിഭവങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്. അതുകൊണ്ട് സൈഡ് ഡിഷുകള്‍ ഒന്നുമില്ല. സ്ഫടികഗ്ലാസില്‍ ചുവന്നുതുടുത്തുനില്‍ക്കുന്ന പുനര്‍പുളി സര്‍ബത്തിനെ കാണാന്‍ തന്നെ എന്തൊരു ചന്തം. കുടിച്ചാലോ ആഹാ സ്വര്‍ഗം. ടിപ്പിക്കല്‍ കാസര്‍കോടന്‍ വിഭവമാണ് പുനര്‍പുളി സര്‍ബത്ത്. വലിയൊരു ഗ്ലാസ് നിറയെ പുനര്‍പുളി സര്‍ബത്ത് സുലൈമാനിക്ക ഞങ്ങള്‍ക്കുനേരെ നീട്ടി. കസ്‌കസും ചേര്‍ത്തിളക്കി ഒറ്റ വലിക്കുതന്നെ സംഗതി ഫിനിഷ്ഡ്...
മാള്‍ട്ട് ബോള്‍ഡാണ്
തണുത്തത് കുടിച്ച് കുടിച്ച് ശരീരമാകെ മരവിച്ചപോലെ. ഇനിയല്‍പ്പം ചൂടകത്താക്കിയില്ലെങ്കില്‍ സംഗതി പ്രശ്‌നമാകും. നല്ല മഴയും മഴക്കാറും അതിനായി പ്രേരിപ്പിക്കുകയും ചെയ്തു. പള്ളം ചര്‍മുറിലെ പുനര്‍പുളി നുകര്‍ന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് കാസര്‍കോട്ടെ ഏറ്റവും പഴക്കംചെന്ന ഹോട്ടലുകളിലൊന്നായ ശ്രീകൃഷ്ണ ഭവനെക്കുറിച്ച് ഓര്‍ത്തത്. മുന്‍പൊരിക്കല്‍ അവിടെനിന്നും പോടിയും ഗോളിബജയും പൂരിയുമെല്ലാം കഴിച്ചിട്ടുണ്ട്. ശ്രീകൃഷ്ണഭവനില്‍ നല്ല മാള്‍ട്ട് കിട്ടുമെന്ന് കാസര്‍കോട്ടുകാരായ സുഹൃത്തുക്കള്‍ മുന്‍പ് പലകുറി പറഞ്ഞിട്ടുമുണ്ട്.
കേരളത്തില്‍ കാസര്‍കോട്ട് മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക തരം പാനീയമാണ് മാള്‍ട്ട്. ഇവിടെ ചായയ്ക്കും കാപ്പിക്കുമൊപ്പമാണ് മാള്‍ട്ടിന്റെ സ്ഥാനം. ഇനിയല്‍പ്പം മാള്‍ട്ട് രുചിക്കാമെന്ന് കരുതി ഹോട്ടലിനകത്തേക്ക് കയറി. നിറഞ്ഞ പുഞ്ചിരിയുമായി ഹോട്ടലുടമ ഹരീഷേട്ടന്‍ സ്വാഗതമോതി. ഉച്ചയൂണിന്റെ തിരക്ക് കഴിഞ്ഞതിനാല്‍ വലിയ ആളൊന്നുമില്ല. കഴിഞ്ഞ അറുപതോളം വര്‍ഷങ്ങളായി കാസര്‍കോടിന് ഏറ്റവും മികച്ച ഭക്ഷണം നല്‍കുന്ന, ഇപ്പോഴും പഴമയുടെ ഗന്ധം പരത്തുന്ന ഹോട്ടലാണിത്. ഗതകാലത്തെ അനുസ്മരിപ്പിക്കുന്ന മേശകളും കസേരകളും വിലവിവരപ്പട്ടികയുമെല്ലാം ചേര്‍ന്ന അന്തരീക്ഷം.
മാള്‍ട്ട് കുടിക്കാനായാണ് എത്തിയത് എന്ന് പറഞ്ഞപ്പോള്‍ ഹരീഷേട്ടന്റെ മുഖത്ത് അദ്ഭുതം. കാസര്‍കോട്ടുകാര്‍ക്ക് മാള്‍ട്ട് ഒരു സാധാരണ പാനീയമാണെങ്കിലും നമ്മള്‍ക്ക് അതങ്ങനെയല്ലല്ലോ. റാഗിപ്പൊടിയും ഏലക്കയും പഞ്ചസാരയുമൊക്കെയാണ് മാള്‍ട്ടിലടങ്ങിയിരിക്കുന്ന പ്രധാനികള്‍. ഒരു ഗ്ലാസില്‍ ചൂടുപാലെടുത്ത് അതില്‍ ഒരു സ്പൂണ്‍ മാള്‍ട്ട് പൊടിയിട്ട് ഇളക്കി അതിനുമുകളില്‍ അല്‍പ്പം ഏലക്കായ പൊടിച്ചിട്ടാല്‍ കാസര്‍കോട്ടുകാരുടെ പ്രിയപ്പെട്ട മാള്‍ട്ട് റെഡി. വെറും മാള്‍ട്ട് മാത്രം കുടിക്കുന്നതെങ്ങനെ. അതിലൊരു ഗുമ്മില്ല. കൂട്ടിന് ഒരു സെറ്റ് ഗോളിബജയും ചമ്മന്തിയും പറഞ്ഞു. കാസര്‍കോട്ട് മിക്ക ചായക്കടകളിലും മാള്‍ട്ട് ലഭിക്കുമെങ്കിലും ഹരീഷേട്ടന്റെ കടയിലെ മാള്‍ട്ടിന് സ്നേഹത്തിന്റെ ചെറിയൊരു സ്പര്‍ശം കൂടിയുണ്ടായിരുന്നു. മാള്‍ട്ട് കുടിച്ചതോടെ ബോഡി ചൂടായി. ഇനി അടുത്ത 'തണുപ്പന്‍' രുചി തേടിയിറങ്ങാം.
ആത്മാവിനെ തൊടുന്ന രുചി

സമയം എട്ടുമണിയോടടുക്കുന്നു. കഫേയിലേക്ക് കയറിച്ചെന്നപ്പോള്‍ എങ്ങും ചെറിയ വിളക്കുകളും മെഴുകുതിരികളും ഒളികണ്ണിട്ടുനോക്കുന്നു. എന്തോ ക്യാന്‍ഡില്‍ ലൈറ്റ് പാര്‍ട്ടി നടക്കുന്നുണ്ട്. അതിന്റെ മുന്നൊരുക്കമാണ്. നന്നായി അലങ്കരിച്ചിരിക്കുന്ന കഫേയുടെ നിര്‍മിതിയും പ്രൗഢമാണ്. കഫേയുടമ ഷുഹൈബ് നിറപുഞ്ചിരിയോടെ സ്വീകരിച്ചു. റൂഹ് അഫ്സയുടെ മധുരം തേടിയാണ് എത്തിയതെന്ന് പറഞ്ഞപ്പോള്‍ ഷെഫ് അമാന്‍ ഞങ്ങള്‍ക്കായി മൂന്ന് വെറൈറ്റി വിഭവങ്ങള്‍ ഒരുക്കാമെന്ന് വാക്കുതന്നു. അതിനുമുന്‍പ് റൂഹ് അഫ്സയുടെ പിന്നാമ്പുറക്കഥയിലേക്ക്.
റൂഹ് അഫ്സ ഇസ്ലാം മതവിശ്വാസികളുടെ അവിഭാജ്യ പാനീയമാണ്. 1906-ല്‍ ഗാസിയാബാദിലുള്ള ഹക്കിം ഹാഫിസ് അബ്ദുള്‍ മജീദാണ് റൂഹ് അഫ്സ കണ്ടുപിടിച്ചത്. യുനാനി കൂട്ടാണ് ഇതിലുള്ളത്. പലതരം പച്ചമരുന്നുകളും പഴങ്ങളും പൂക്കളും വേരുകളും ചേര്‍ത്താണ് റൂഹ് അഫ്സ തയ്യാറാക്കുന്നത്. ഒരു ഗ്ലാസ് തണുത്ത വെള്ളത്തില്‍ രണ്ട് ടേബിള്‍സ്പൂണ്‍ റൂഹ് അഫ്സയും രണ്ട് ഐസ് ക്യൂബ്സും ചേര്‍ത്ത് ഇളക്കിയാല്‍ റൂഹ് അഫ്സ പാനീയം തയ്യാറായി. ഇന്ത്യയിലും ബംഗ്ലാദേശിലും പാകിസ്താനിലുമാണ് ഈ പാനീയം പ്രചാരത്തിലുള്ളത്. ആത്മാവിനെ കുളിരണിയിപ്പിക്കുന്ന പാനീയം എന്നൊരു പേര് റൂഹ് അഫ്സയ്ക്കുണ്ട്.
ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തിലേക്ക് തിരിച്ചൊരു യൂടേണ്‍ എടുത്തു. അമാന്‍ ആദ്യം തയ്യാറാക്കുന്നത് മില്‍ക്കി റെഡാണ്്. അതിനായി റൂഹ് അഫ്സ, കസ്‌കസ്, മില്‍ക്ക് മേയ്ഡ്, പാല്‍ എന്നിവ കൂട്ടിയോജിപ്പിച്ച് നന്നായി തിളപ്പിക്കുന്നു. അതിനുശേഷം ഈ മിശ്രിതം ചൂടാറാന്‍ വയ്ക്കുന്നു. പിന്നീട് ഫ്രീസറിലേക്ക് മാറ്റി കട്ടയാക്കുന്നു. കട്ടയാക്കിയ ഈ മിശ്രിതം ഒരു ഗ്ലാസിലേക്ക് എടുത്ത് അതിലേക്ക് സ്ട്രോബറി ഐസ്‌ക്രീം, റൂഹ് അഫ്സ, പൊടിച്ച ഐസ്, മില്‍ക്ക് മേയ്ഡ്, ഷുഗര്‍ സിറപ്പ്, പാല്‍ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയാല്‍ വൈസ്രോയ് സ്പെഷ്യല്‍ മില്‍ക്കി റെഡായി. മധുരത്തിന്റെ മറ്റൊരു പേരാണ് ഈ വിഭവം. തണുപ്പും മധുരവും പരസ്പരം മത്സരിക്കുന്ന ഷേയ്ക്ക് പെട്ടെന്ന് കഴിക്കരുത്. ഓരോ സ്പൂണും ആസ്വദിച്ച് ആത്മാവില്‍ തൊട്ട് വേണം കഴിക്കാന്‍.
അതിനുശേഷം വിവിധ പഴങ്ങളും ഡ്രൈഫ്രൂട്ട്സും ഐസ്‌ക്രീമുകളും ചേര്‍ത്തുണ്ടാക്കിയ വൈസ്രോയ് ഫാലൂദയും അമാന്‍ ഞങ്ങള്‍ക്ക് നല്‍കി. കാഴ്ചയില്‍ മാത്രമല്ല രുചിയിലും ഈ വിഭവം ഉഗ്രനാണ്. ഇനി പാല്‍ ചേര്‍ക്കാത്തൊരു ഡ്രിങ്കാണ്. അതുതന്നെയാണ് വൈസ്രോയ്യുടെ ടോപ് സീഡ് താരവും. പേര് സ്‌പൈസി റെഡ്. ഗ്ലാസില്‍ നുരപൊന്തുന്നൊരു ഐറ്റം. അതുണ്ടാക്കുന്നത് കാണാന്‍ തന്നെ രസമാണ്. റൂഹ്അഫ്സയും ഐസ് ക്രഷും നാരങ്ങയും പുതിനയിലയും പച്ചമുളകും ഷുഗര്‍ സിറപ്പും സോഡയും ഉപ്പുമെല്ലാം ചേരുന്ന സ്‌പൈസി റെഡ് രുചിയുടെ കാര്യത്തില്‍ ജഗജില്ലിയാണ്. മധുരവും എരിവും ഉപ്പും ചേരുന്നൊരു രുചി. കൂട്ടത്തില്‍ നാവിനെ പ്രണയിച്ച് കീഴ്പ്പെടുത്തിയത് പച്ചമുളകിന്റെ രുചിയാണ്. പച്ചമുളകിന്റെ എരിവും റൂഹ് അഫ്സയുടെ മധുരവും ചേര്‍ന്നുണ്ടാകുന്ന രുചി രസമുകുളങ്ങള്‍ക്ക് വലിയ തലവേദനയാണ് സമ്മാനിച്ചത്. എരിയണോ അതോ മധുരിക്കണോ എന്ന കണ്‍ഫ്യൂഷന്‍. സംഗതി ജോറാണ്. ഇവ മൂന്നും അകത്താക്കിയപ്പോഴേക്കും തൊണ്ട ഇനിയൊരങ്കത്തിന് ബാല്യമില്ലെന്നും പറഞ്ഞ് കൗണ്ടറടച്ചു. സമയം അപ്പോഴേക്കും പത്തുമണി കഴിഞ്ഞിരുന്നു. ഇത്രയും രുചികരമായ റൂഹ് അഫ്സ വിഭവങ്ങള്‍ സമ്മാനിച്ച ഷുഹൈബിനും വൈസ്രോയി ദ ലോഞ്ച് ആന്‍ഡ് ടെറസ് കഫേയ്ക്കും നന്ദി പറഞ്ഞ് തിരികെ നടന്നു. ശബ്ദമടഞ്ഞെങ്കിലും മനസ്സ് തുറന്നുചിരിച്ചുകൊണ്ടേയിരുന്നു...
കൊതിയാണ് കോക്ടെയ്ലിനോട്

കണ്ണൂര്‍ കാള്‍ടെക്സ് ജങ്ഷനില്‍ കളക്ട്രേറ്റിന് നേരേ മുന്‍പിലായി പച്ചയണിഞ്ഞ് നില്‍ക്കുന്നൊരു ചെറിയ കട. നല്ല തിരക്കുണ്ട്. മഴ ചാറുന്നുണ്ടെങ്കിലും അത് കോക്ടെയ്ലിനോടുള്ള ആളുകളുടെ ഉള്ളിലെ തീ കെടുത്തുന്നില്ല. അകത്തേക്ക് കടന്നു. ആറേഴ് ജ്യൂസ് മിക്സികളില്‍ പലതരത്തിലുള്ള പഴച്ചാറുകള്‍ റോളര്‍കോസ്റ്റ് നടത്തുന്നു. കടയുടമയായ മെഹറൂഫിനെ ആദ്യമേ വിളിച്ച് സംസാരിച്ചിരുന്നു. ജ്യൂസുകള്‍ ഗ്ലാസുകളിലേക്ക് തലയുംകുത്തി വീഴുന്നത് കണ്ടിരിക്കുമ്പോള്‍ 'ങ്ങള് മാതൃഭൂമീന്നാ...' എന്നൊരു ചോദ്യവുമായി ഷോപ്പിലെ കാര്യക്കാരനായ തജ്ഹല്‍ എത്തി. വെറുതേ വിലവിവരപ്പട്ടികയിലേക്ക് കണ്ണോടിച്ചു. എല്ലാതരം ജ്യൂസുകളും ജ്യൂസ് കോര്‍ണറില്‍ ലഭിക്കും. കുക്കുംബര്‍, പാവയ്ക്ക, തക്കാളി, നെല്ലിക്ക, ഇളവന്‍, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളുടെ ജ്യൂസുകളും ഇവിടെയുണ്ട്. അപ്പോഴേക്കും നാട്ടിലെ താരം കോക്ടെയ്ല്‍ മുന്നിലെത്തി. മനസ്സിലുണ്ടായിരുന്ന സ്ഫടികവിഗ്രഹത്തെ തകര്‍ത്തെറിഞ്ഞാണ് കോക്ടെയ്ല്‍ കൈയിലെത്തിയത്. ഒറ്റ നോട്ടത്തില്‍ ഓറഞ്ച് നിറത്തിലുള്ള മില്‍ക്ക് ഷേക്കാണ് കോക്ടെയ്ല്‍.
സാധാരണയായി കണ്ടുവരുന്ന കോക്ടെയ്ലുമായി ഈ വിഭവത്തിന് യാതൊരു ബന്ധവുമില്ല. കാരറ്റ്, ഷമാം, പപ്പായ, പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്ത് അടിച്ചെടുക്കുന്ന ഷേക്കിലേക്ക് അവസാനം ഡ്രൈ ഫ്രൂട്ട്സും മാതളനാരങ്ങയും ചേര്‍ത്താണ് കോക്ടെയ്ല്‍ തയ്യാറാക്കുന്നത്. ദീര്‍ഘനേരത്തെ ബസ് യാത്ര സമ്മാനിച്ച ക്ഷീണം തീര്‍ക്കാന്‍ ഇതില്‍പ്പരമൊരു അവസരമില്ല. ഒറ്റയടിക്ക് കോക്ടെയ്ല്‍ അകത്താക്കി. അസാധ്യരുചി. ഓരോ സിപ്പിലും ഡ്രൈ ഫ്രൂട്ട്സ് വായ്ക്കകത്തേക്ക് കടന്ന് രുചിമേളം സമ്മാനിക്കുന്നു. രസികന്‍ ഡ്രിങ്ക് തന്നെ. വെറുതേയല്ല ഇത്രയും ആളുകള്‍ ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. അതുപോലെ കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മല്ലിയില, പുതിനയില, ഉപ്പ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന നെല്ലിക്ക ജ്യൂസിനും വലിയ ഡിമാന്‍ഡാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് നല്ലതാണത്രേ.
രാവിലെ 9 മുതല്‍ രാത്രി 11 വരെ പ്രവര്‍ത്തിക്കുന്ന ജ്യൂസ് കോര്‍ണറില്‍ എപ്പോഴും കോക്ടെയ്ല്‍ ലഭിക്കും. കാള്‍ടെക്സില്‍ കൂടാതെ കണ്ണൂര്‍ താഴെ ചൊവ്വയിലും പ്ലാസയിലും ജ്യൂസ് കോര്‍ണറിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കണ്ണൂര്‍ വഴി യാത്ര ചെയ്യുന്നവര്‍ ഇനി കോക്ടെയിലിന്റെ രുചി അറിയാതെ പോകരുത്. കോക്ടെയ്ല്‍ കുടിച്ച് കണ്ണൂരിലെ റാറാ അവിസില്‍ നിന്നും ഒരു ബിരിയാണി കൂടി ശാപ്പിട്ടാണ് യാത്ര പറഞ്ഞത്. കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്നവര്‍ തലശ്ശേരിയിലെ ഫിറോസിന്റെ കടയില്‍നിന്നും മിക്സഡ് ഫ്രൂട്ട് ജ്യൂസ് കുടിക്കാനും മറക്കരുത്. തലശ്ശേരി കടല്‍പ്പാലത്തിനടുത്താണ് ഈ കട. അതിനടുത്തുള്ള മില്‍മ ചായക്കടയില്‍ നിന്നും തലശ്ശേരിയില്‍ മാത്രമായി ലഭിക്കുന്ന കോഴിക്കാലും (കപ്പ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം) കടിച്ചുമുറിച്ച് തിന്നുകൊണ്ടുവേണം മിക്സഡ് ഫ്രൂട്ട് ജ്യൂസ് ആസ്വദിക്കാന്‍.
ഇളനീര്‍ വിപ്ലവം
യാത്ര തുടര്‍ന്നു. തലശ്ശേരി സ്റ്റാന്‍ഡിലേക്ക് പതിയെ നടന്നു. ഈടെ എല്ലാം പഴേപോലാണപ്പാ. തല്‍ശ്ശേരിക്ക് ബല്യ മാറ്റൊന്നൂല്ല. അതേ പാരീസ് ഹോട്ടല്‍, അതേ തട്ടുകടകള്‍. എല്ലാം പഴയപോലെ. പിന്നെയൊരു മാറ്റമുണ്ട്. കോഴിക്കോട്ടേക്ക് ബസ് കേറുന്ന സ്റ്റാന്‍ഡിലെ ബേ മാറിയിട്ടുണ്ട്. പണ്ട് ഇരിട്ടി ബസ്സുകളൊക്കെ നിര്‍ത്തിയിട്ടിരുന്ന ഇടത്താണ് ഇപ്പോള്‍ കോഴിക്കോട്ടേക്കുള്ള ബസ്സുകള്‍ നിര്‍ത്തുന്നത്. ഈ ദിവസം മുഴുവന്‍ ബസ്സിലാണ് യാത്ര. ഇനി കോഴിക്കോട്ടേക്കും അതുതന്നെയാകട്ടെ. ബസ്സു കാത്തുനില്‍ക്കുമ്പോള്‍ വീണ്ടും അവന്‍തന്നെ ഒന്നാമതായി എത്തിയിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി. ചാടിക്കയറി സൈഡ് സീറ്റ് തന്നെ ഒപ്പിച്ചു. കോഴിക്കോട് എത്തുന്നതിനുമുന്‍പ് ഒരു സ്ഥലത്തെ രുചിയറിയാനുണ്ട്. കൊയിലാണ്ടി കൊല്ലം ചിറയ്ക്കടുത്തുള്ള ഒരു ഇളനീര്‍ ഷേയ്ക്ക് കട. കൊയിലാണ്ടിക്കാരനായ സുഹൃത്താണ് ഇക്കാര്യം ആദ്യം പറഞ്ഞത്.
പിഷാരികാവ് ബസ്‌സ്റ്റോപ്പില്‍ ഇറങ്ങി. അതിവിശാലമായ ചിറ. പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള റോഡിന് സമീപത്തായാണ് ചിറ പ്രൗഢമായി വിരിഞ്ഞുനില്‍ക്കുന്നത്. മഴക്കാലമായതിനാല്‍ നല്ല വെള്ളമുണ്ട്. അതിന്റെ ഒരുഭാഗത്തായി നിരവധിപേര്‍ കൂട്ടം കൂടി നില്‍ക്കുന്നു. ധാരാളം വണ്ടികള്‍ പാര്‍ക്ക് ചെയ്തിട്ടുമുണ്ട്. ചിറയുടെ സൗന്ദര്യം നുകരാന്‍ വന്നതാകും എന്നാണ് കരുതിയത്. എന്നാല്‍ സംഗതി അതല്ല. ഇളനീര്‍ ഷേക്ക് രുചിക്കാനായി എത്തിയവരാണ് അവരെല്ലാം. ദൂരെനിന്നുതന്നെ അവിടത്തെ ഇളനീര്‍ഷേക്കിന്റെ മാഹാത്മ്യം ഒറ്റ ഫ്രെയിമിലൂടെ മനസ്സിലായി. കടയ്ക്ക് പേരൊന്നുമില്ല. പിഷാരികാവിലേക്ക് പോകുന്ന റോഡിന്റെ ഇടതുഭാഗത്തായിട്ടാണ് കട സ്ഥിതി ചെയ്യുന്നത്. ഇളനീര്‍ ഷേയ്ക്ക് മാത്രമാണ് ഇവിടത്തെ പ്രധാനി. മറ്റുകടകളെപ്പോലെ വേറെ പാനീയങ്ങളൊന്നും തയ്യാറാക്കുന്നില്ല. ഇതുതന്നെ ഓര്‍ഡര്‍ അനുസരിച്ച് കൊടുക്കാന്‍ കഴിയുന്നില്ല എന്നാണ് കടയുടമ ദിനേശേട്ടന്റെ കമന്റ്. ആളുകളുടെ തിരക്ക് അത് ശരിവെക്കുന്നുമുണ്ട്. വലിയൊരു ഗ്ലാസില്‍ വെളുത്തുതുടുത്ത ഇളനീര്‍ ഷേയ്ക്കുകള്‍ കടയ്ക്ക് ചുറ്റും വിലസി നടക്കുന്നു. ഇരിപ്പിടങ്ങളൊന്നുമില്ലെങ്കിലും ചിറവക്കിലിരുന്ന് നല്ല ശാന്തമായ കാറ്റേറ്റ് ഷേയ്ക്ക് നുണയാം.
ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നെക്ടര്‍ ഫ്രൂട്ട്സ് എന്ന പേരില്‍ ദിനേശേട്ടന്‍ ഈ കട ആരംഭിക്കുന്നത്. അന്ന് സമീപത്ത് മറ്റ് കടകളൊന്നുമില്ലായിരുന്നു. പിന്നീട് ഇതേ പേരില്‍ അപരന്മാര്‍ എത്തിയതോടെ കടയുടെ പേര് എടുത്തുകളഞ്ഞു. പക്ഷേ ഒറിജിനലോളം വരില്ലല്ലോ ഡൂപ്ലിക്കേറ്റ്. എല്ലാം കടകളും പതിയെ ഷട്ടറിട്ടെങ്കിലും ദിനേശേട്ടന്റെ കട തലയും ഉയര്‍ത്തി നിന്നു. ദിവസേന ചുരുങ്ങിയത് 2000 പേരാണ് ഈ കടയിലെ ഇളനീര്‍ ഷേയ്ക്ക് രുചിക്കാനായെത്തുന്നത്. ഇളനീരിന്റെ കാമ്പ്, ഐസ്‌ക്രീം, ഫ്രോസണ്‍ മില്‍ക്ക്, ഇളനീര്‍ എന്നിവയാണ് ഷേക്കിലെ പ്രധാനികള്‍. ഇളനീര്‍ പാലക്കാട്ടുനിന്നുമാണ് വരുത്തുന്നത്. മില്‍മയില്‍നിന്ന് ഫ്രോസണ്‍ പാല്‍ പ്രത്യേകമായി കടയിലെത്തിക്കും. ഐസ്‌ക്രീം ഇവര്‍ത്തന്നെയാണ് ഉണ്ടാക്കുന്നത്. ഇവയെല്ലാം ചേരുന്നതോടെ ഇളനീര്‍ ഷേയ്ക്ക് ജനിക്കുകയായി.
അതിനിടയില്‍ ഒരു ഗ്ലാസ് ഷേയ്ക്കിന് ഓര്‍ഡര്‍ ചെയ്തു. ഷേയ്ക്ക് ഒരത്ഭുതമായി തോന്നിയത് അപ്പോഴാണ്. പലയിടത്തുനിന്നും ഇത്തരത്തിലുള്ള രുചികള്‍ അറിഞ്ഞിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ലോകത്ത് മറ്റെവിടെയും കാണില്ല. പാലും ഐസ്‌ക്രീമും ഇളനീരും ചേരുമ്പോഴുള്ള ബിഗ് കോംബോ രുചിക്കേണ്ടതുതന്നെയാണ്. വാമൊഴിയായാണ് കടയെക്കുറിച്ച് എല്ലാവരും അറിഞ്ഞെത്തുന്നത്. ഇതുകുടിക്കാന്‍ മാത്രമായി മലപ്പുറത്തുനിന്നും കണ്ണൂരില്‍ നിന്നുമൊക്കെ ആളുകള്‍ കൂട്ടമായി എത്തുന്നുണ്ട്. എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുന്ന കട രാവിലെ 10.30 മുതല്‍ രാത്രി 9.30 വരെ ഇളനീര്‍ ഷെയ്ക്ക് നല്‍കിക്കൊണ്ടേയിരിക്കും. പാര്‍സലായും ഇവിടെനിന്ന് ധാരാളം ഇളനീര്‍ ഷേയ്ക്കുകള്‍ വിറ്റുപോകുന്നുണ്ട്. 40 രൂപയാണ് ഒരു ഗ്ലാസ് ഷേയ്ക്കിന്റെ വില. കൊല്ലം ചിറയുടെ ഓരത്തിരുന്ന് ഇളനീര്‍ ഷേയ്ക്കിന്റെ ഓരോ സിപ്പെടുത്തു. കാറ്റ്, തണുപ്പ്, വേറിട്ട രുചി, കുളം.... ആഹാ അന്തസ്സ് !
ഒരു നാടിന്റെ അഭിമാനം



കടയിലെ മസാലസോഡയ്ക്കും നല്ല ഡിമാന്‍ഡുണ്ട്. രാവിലെ 10.30 മുതല്‍ രാത്രി 11.30 വരെ പ്രവര്‍ത്തിക്കുന്ന കടയില്‍ ഇടതടവില്ലാതെ മില്‍ക്ക് സര്‍ബത്ത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. പണ്ടുകാലത്ത് ഇവിടെ മറ്റൊരു ഐറ്റമുണ്ടായിരുന്നു. എഗ്ഗ് മില്‍ക്ക് സര്‍ബത്ത് അതായത് ഇ.എം.എസ്. നാടന്‍ കോഴിമുട്ടയായിരുന്നു ആ പാനീയത്തിന്റെ നട്ടെല്ല്. എന്നാല്‍ നല്ല മുട്ട കിട്ടാതായതോടെ അതുപേക്ഷിക്കേണ്ടിവന്നു. മഴക്കാലത്തും സര്‍ബത്ത് കടയില്‍ തിരക്കിന് യാതൊരു പഞ്ഞവുമില്ല. വെറും 20 രൂപയ്ക്കാണ് ഇവിടെ മില്‍ക്ക് സര്‍ബത്ത് വില്‍ക്കുന്നത്. കോഴിക്കോട്ടെ മറ്റുകടകളിലും മില്‍ക്ക് സര്‍ബത്ത് ലഭിക്കുമെങ്കിലും രുചി ഇത്ര വരില്ല മാത്രമല്ല വിലയും കൂടുതലായിരിക്കും. പാരഗണിലെ ബിരിയാണിക്ക് പിന്നാലെ മില്‍ക്ക് സര്‍ബത്ത് കൂടി വയറിലേക്ക് ഒഴുകിയിറങ്ങിയതോടെ കുടിച്ചുകുടിച്ചുള്ള യാത്രയ്ക്ക് ഫൈനല്‍ വിസില്‍ മുഴക്കാനുള്ള സമയമായി. ഇനിയൊന്ന് വിശ്രമിക്കണം.
Content Highlights: Food Travel, Different Types of Kerala Drinks, Mathrubhumi Yathra
Published: 20 Mar 2020, 12:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented