റ്റെല്ലാ മേഖലയിലുമെന്നപോലെ ടൂറിസത്തിലും ലോക ഒന്നാം നമ്പറാകാനുള്ള കഠിനശ്രമത്തിലാണ് ചൈന. ലോക ടൂറിസം മാര്‍ക്കറ്റില്‍ വലിയ ഇടപെടലുകള്‍ നടത്തിയും വിദേശികള്‍ക്ക് വിസയില്ലാത്ത പ്രവേശനം അനുവദിച്ചുമെല്ലാമാണ് ചൈന അവരുടെ വിനോദസഞ്ചാര മേഖല വിപുലീകരിക്കുന്നത്. ഏഷ്യയിലെ ടൂറിസം ഘടനയെ തന്നെയാണ് ചൈന ഇതിലൂടെ ഉടച്ചവാര്‍ക്കുന്നത്. ചൈനയുടെ ഈ പരിശ്രമങ്ങള്‍ പലപ്പോഴും ഭീഷണിയാകുന്നത് അയല്‍രാജ്യങ്ങളായ തായ്‌ലന്‍ഡിനും ഇന്ത്യക്കുമാണ്.

To advertise here,

ഒന്നാം സ്ഥാനത്തെത്താന്‍ തിടുക്കപ്പെട്ട് ചൈന

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിസരഹിത ടൂറിസമാണ്. നിരവധി ലോകരാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് ചൈന സമീപകാലത്ത് വിസരഹിത പ്രവേശനം പ്രഖ്യാപിച്ചത്. യാത്രകളില്‍ വിസ സമ്പാദിക്കല്‍ ഒരു വലിയ പ്രതിബന്ധമായി സഞ്ചാരികള്‍ കരുതുന്നതിലാല്‍ ചൈനയുടെ ഈ പ്രഖ്യാപനങ്ങള്‍ക്ക് വന്‍ പ്രതികരണമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി യൂറോപ്പില്‍നിന്നും ഏഷ്യയില്‍നിന്നും ചൈനയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. ഇതിന്റെ അപകടം മനസ്സിലാക്കിയ തായ്‌ലന്‍ഡ് കൂടുതല്‍ രാജ്യങ്ങള്‍ക്ക് വിസരഹിത പ്രവേശനം പ്രഖ്യാപിക്കുകയുണ്ടായി. ഇന്ത്യയിലേക്ക് എത്തിയിരുന്ന വിദേശ സഞ്ചാരികള്‍ പോലും ചൈനയിലേക്കും തായ്‌ലന്‍ഡിലേക്കും ആകൃഷ്ടരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

അതോടൊപ്പം തായ്‌ലന്‍ഡില്‍ ചൈന നടത്തുന്ന ഇടപെടലുകളും ചര്‍ച്ചയാവുന്നുണ്ട്. ചൈനീസ് കമ്പനികള്‍ സമീപകാലത്ത് നിരവധി ചെറുകിട ടൂറിസം പ്രൊജക്ടുകളാണ് തായ്‌ലന്‍ഡില്‍ ആരംഭിച്ചത്. തായ്‌ലന്‍ഡ് പ്രദേശവാസികളുടെ പേരുകളില്‍ ആരംഭിച്ച ഇത്തരം പ്രൊജക്ടുകളില്‍ പലതിന്റെയും യഥാര്‍ഥ ഉടമസ്ഥാവകാശം ചൈനീസ് കമ്പനികള്‍ക്കാണ്. ഇവരാവട്ടെ തായ്‌ലന്‍ഡ് കമ്പനികളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത് പ്രദേശവാസികളുടെ വരുമാനമാര്‍ഗങ്ങള്‍ ഇല്ലാതാക്കുകയാണ്. ഇതിനെതിരെ തായ് ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

വിദേശികള്‍ക്ക് വിസ വേണ്ട, ആനുകൂല്യം കൂടുതല്‍ പേരിലേക്ക്

11 യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും മലേഷ്യയില്‍നിന്നുമുള്ള സഞ്ചാരികള്‍ക്കാണ് ചൈന സമീപകാലത്ത് വിസ ആനുകൂല്യം പ്രഖ്യാപിച്ചത്. അമ്പതിലേറെ രാജ്യങ്ങളെ കൂടെ ഈ പട്ടികയിലേക്ക് ചേര്‍ക്കാനാണ് ചൈനയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ ടൂറിസം, ബിസിനസ്, വ്യാപാര മേഖലയിലെ വികസനമാണ് ചൈന ലക്ഷ്യമിടുന്നത്. ചൈനയിലെ ഹൈനാന്‍ പ്രോവിന്‍സില്‍ മാത്രം 59 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാം. 30 ദിവസം വരെ ഇവിടെ താമസിക്കാനും ഇവര്‍ക്ക് വിസ ആവശ്യമില്ല. ടൂറിസത്തിന് പുറമെ ചികിത്സ ആവശ്യങ്ങള്‍ക്കും കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും വിദേശികള്‍ക്ക് ആ ആനുകൂല്യം ഉപയോഗപ്പെടുത്താം. ഇതിന് പുറമെ 54 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കായി 144 മണിക്കൂര്‍ വിസ ഫ്രീ പോളിസിയും ചൈനയ്ക്കുണ്ട്. ചൈനയിലെ 23 പ്രധാന നഗരങ്ങളിലാണ് ഈ വിസയുപയോഗിച്ച് കറങ്ങാന്‍ സാധിക്കുക. ഹൃസ്വകാലത്തേക്ക് രാജ്യത്തെത്തുന്ന സഞ്ചാരികളെയാണ് ചൈന ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ക്രൂസ് ഷിപ്പുകളിലെത്തുന്ന വിദേശ സംഘങ്ങള്‍ക്ക് ചൈന വിസരഹിത പ്രവേശനം പ്രഖ്യാപിച്ചതും സമീപകാലത്താണ്.

വെല്ലുവിളി പ്രതിരോധിക്കാന്‍ ഇന്ത്യയും

ഈ സാഹചര്യത്തിലാണ് ഇന്ത്യയും സമാനമായ പാതയിലേക്ക് നീങ്ങിയത്. ജപ്പാന്‍, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കാണ് ഇന്ത്യ സമീപദിവസങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ പ്രഖ്യാപിച്ചത്. 60 ദിവസം വരെയാണ് ഇതിന്റെ കാലാവധി. ഇന്ത്യയിലെ അഞ്ച് പ്രധാന വിമാനത്താവളങ്ങള്‍ വഴിയാണ് ഇത് നടപ്പിലാക്കുക. ഇത് കൂടുതല്‍ രാജ്യങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. അതോടൊപ്പം രാജ്യത്തെ 35 വിമാനത്താവളങ്ങളിലേക്ക് കൂടെ വിസ ഓണ്‍ അറൈവല്‍ നല്‍കാനും ആലോചിക്കുന്നുണ്ട്. ചൈനയുടേതിന് സമാനമായ രീതിയിലുള്ള ടൂറിസം വികസനം പല കാരണങ്ങള്‍ കൊണ്ടും ഇന്ത്യക്ക് സാധിക്കില്ലെങ്കിലും ഇത്തരം നടപടികളിലൂടെ കൂടുതല്‍ സഞ്ചാരികളെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം.