കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക മേഖലയ്ക്കും പുതിയ ഉണര്‍വേകി ക്രൂസ് കപ്പലുകള്‍ കൊച്ചിയുടെ തീരമണഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ സീസണില്‍ മുപ്പതിലേറെ വിദേശക്രൂസുകളും ഇരുപതോളം ആഭ്യന്തരക്രൂസുകളും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയുടെ ക്രൂസ് ടൂറിസം മോഹങ്ങള്‍ക്ക് പുതിയ കുതിപ്പുകള്‍ നല്‍കിയത് കഴിഞ്ഞ ദിവസം തുറമുഖത്ത് നങ്കൂരമിട്ട അത്യാഡംബര ക്രൂസ് കപ്പലായ 'സെലിബ്രിറ്റി എഡ്ജാണ്. മൂവായിരത്തോളം സഞ്ചാരികളുമായി കൊച്ചിയിലെത്തിയ ഈ ഒഴുകുന്ന കൊട്ടാരം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ആഡംബര ക്രൂസുകളിലൊന്നാണ്. ശനിയാഴ്ച രാവിലെ കൊച്ചിയുടെ തീരമണഞ്ഞ സെലിബ്രിറ്റി എഡ്ജ് വൈകുന്നേരം തീരം വിട്ടു. ദുബായിയില്‍ നിന്ന് സിങ്കപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ കൊച്ചിയുടെ തീരമണഞ്ഞത്.

To advertise here,

സെലിബ്രിറ്റി എഡ്ജിനേക്കാളും വലിയതും ചെലവേറിയതുമായ ക്രൂസ് ഷിപ്പുകള്‍ ലോകത്ത് നിരവധിയുണ്ട്. എന്നാല്‍ അവയ്‌ക്കൊന്നുമില്ലാത്ത പേരും പ്രശസ്തിയുമാണ് സെലിബ്രിറ്റി എഡ്ജിനെ ക്രൂസുകളിലെ സെലിബ്രിറ്റിയാക്കുന്നത്. സുഖകരമായ വിനോദസഞ്ചാരം ലക്ഷ്യമിട്ടെത്തുന്ന അതിസമ്പന്നന്‍മാരായക്രൂസ് പ്രേമികള്‍ക്ക് ഏറ്റവും മികച്ച യാത്ര അനുഭവത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ നൗക കുറഞ്ഞ കാലം കൊണ്ടാണ് ക്രൂസ് ഇന്‍ഡ്‌സ്ട്രിയില്‍ താരമായി മാറിയത്. 14 ഡെക്കുകളിലായി 2,918 അതിഥികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുള്ള സെലിബ്രിറ്റി എഡ്ജ് ഫോബ്സ് ട്രാവല്‍ ഗൈഡില്‍ റേറ്റിംഗ് ലഭിച്ച
കടലിലെ 'റിസോര്‍ട്ടുകളില്‍' ഒന്ന് കൂടിയാണ്.

placeholder
Photo: facebook.com/PortofCochin

അതിനോഹരമായ ഡിസൈനാണ് ഈ കപ്പലിന്റെ ഏറ്റവും വലിയ പ്രത്യേകത. മറ്റു പല ക്രൂസുകളിലും ഉള്ളത് പോലെ സൗകര്യങ്ങള്‍ കുത്തിനിറച്ച് ശ്വാസംമുട്ടിക്കുന്ന ഡിസൈനിന് പകരം യാത്രികരെ അലോസരപ്പെടുത്താതെ ഉല്ലസിപ്പിക്കുകയും കടല്‍ക്കാഴ്ചകള്‍ ആസ്വദിപ്പിക്കുകയും ചെയ്യുന്ന ഡെക്ക് പ്ലാനാണ് ഇതിലുള്ളത്. കപ്പലിനുള്ളിലെ തീയേറ്ററും ബാറുകളുമെല്ലാം ലോകോത്തര നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ടോപ്പ് ഡെക്കിലെ റൂഫ് ടോപ്പ് ഗാര്‍ഡനാണ് സെലിബ്രിറ്റി എഡ്ജിലെ യാത്രികരുടെ മറ്റൊരു പ്രിയപ്പെട്ട ഇടം. ഉല്ലാസകേന്ദ്രങ്ങളിലൊന്നായ മാജിക് കാര്‍പ്പറ്റില്‍ ഏറ്റവും മികച്ച ആഘോഷ പരിപാടികളും ഭക്ഷണ പാനീയങ്ങളുമാണ് യാത്രികര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ ബാറും കോക്ടൈല്‍ കേന്ദ്രവും മികച്ചതാണ്. 

പ്രൈവറ്റ് പൂളുകളുള്ള രണ്ട് നില വില്ലകളാണ് ഈ ക്രൂസിന്റെ വലിയ വിസ്മയങ്ങളിലൊന്ന്. നിറയെ പച്ചപ്പുകള്‍ നിറഞ്ഞ ഇന്റീരിയര്‍ ഇതിനെ അതിമനോഹരമാക്കുന്നു. മികച്ച കടല്‍ക്കാഴ്ചകളോടെയുള്ള ഇന്‍ഫിനിറ്റ് വരാന്ത റൂമുകളും മികച്ച യാത്രാനുഭവം സമ്മാനിക്കുന്നു. ലോകോത്തര ഡൈനിങ് അനുഭവം സമ്മാനിക്കുന്ന റെസ്‌റ്റോറന്റുകള്‍ ഈ കപ്പലിലുണ്ട്. സുഷി സ്‌പോട്ടുകള്‍ മുതല്‍ ഹൈടെക് ഫ്രഞ്ച് ബ്രിസ്‌ട്രോകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. അവസാനമില്ലാത്ത ആഡംബരങ്ങള്‍ ആസ്വദിച്ച് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൂടെയുള്ള ക്രൂസിങ്ങാണ് സെലിബ്രിറ്റി എഡ്ജ് വാഗ്ദാനം ചെയ്യുന്നത്. ഡെസ്റ്റിനേഷനുകളും ദിവസങ്ങളും അനുസരിച്ചുള്ള പാക്കേജുകള്‍ ലഭ്യമാണ്. ഒന്നര ലക്ഷം മുതല്‍ മുകളിലോട്ടാണ് പല പാക്കേജുകളുടെയും നിരക്കുകള്‍. 

placeholder
Photo: facebook.com/PortofCochin

അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും അതിസമ്പന്നരാണ് ക്രൂസ് കപ്പലുകളില്‍ എത്തുന്ന സഞ്ചാരികളില്‍ ഏറെപ്പേരും. ആഡംബര കപ്പലുകളിലേറി ഓരോ സാമ്പത്തിക വര്‍ഷവും 300 കോടിയോളം രൂപ കേരളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഈ സീസണില്‍ അതിലേറെ തുക എത്തിയേക്കുമെന്നാണ് വിനോദസഞ്ചാര മേഖലയിലുള്ളവര്‍ പറയുന്നത്. വിദേശ ക്രൂസുകളുടെ വരവില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കൊച്ചി ഇത്തവണയും ആ സ്ഥാനം നിലനിര്‍ത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.