വിസ്മയിപ്പിക്കുന്ന കാഴ്ചകളുടെ നാടാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ പെറു. അക്കൂട്ടത്തില്‍ ഒരിക്കലും വിട്ടുകളയാന്‍ പാടില്ലാത്ത കാഴ്ചകളാണ് പെറുവിലെ മരുഭൂമികളില്‍ കണ്ടെത്തിയിട്ടുള്ള നാസ്‌ക ലൈന്‍സ് എന്നറിയപ്പെടുന്ന ജിയോഗ്ലിഫുകള്‍. മരുഭൂമികളില്‍ പ്രാചീനകാലത്ത് വരയ്ക്കപ്പെട്ട കൂറ്റന്‍ ചിത്രങ്ങളാണ് ജിയോഗ്ലിഫുകള്‍ എന്ന് വിളിക്കപ്പെടുന്നത്. തെക്കന്‍ പെറുവിലെ നാസ്‌ക മരുഭൂമിയില്‍ ഇത്തരത്തില്‍ നൂറുകണക്കിന് ജിയോഗ്ലിഫുകളുണ്ട്. പുരാതന നാസ്‌കന്‍ സംസ്‌കാരമാണ് ഇവ സൃഷ്ടിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കിലോമീറ്ററുകള്‍ പോലും നീളമുള്ള ഈ കൂറ്റന്‍ ചിത്രങ്ങള്‍ പകരം വെക്കാനില്ലാത്ത ദൃശ്യാനുഭവമാണ്.
തെക്കന്‍ പെറുവിലെ പാല്‍പ്പ നഗരത്തിന്റെയും നാസ്‌ക നഗരത്തിന്റെയും ഇടയിലെ നാസ്‌ക മരുഭൂമിയിലെ രേഖാ ചിത്രങ്ങളാണ് നാസ്‌ക വരകള്‍. ബി.സി 500 നും 500 എ.ഡിക്കും ഇടയിലാണ് ഇവയുടെ നിര്‍മ്മിതിയെന്നാണ് കരുതപ്പെടുന്നത്. കീലോമീറ്ററുകള്‍ നീളമുള്ള നേര്‍രേഖകളും ജ്യാമിതീയ രൂപങ്ങളും ചിലന്തി, കുരങ്ങ്, മത്സ്യം, പല്ലി, മനുഷ്യര്‍, ഹമ്മിങ് ബേഡ് തുടങ്ങിയവയുടെ ഭീമന്‍ രൂപങ്ങളുമാണ് ഇവിടെയുള്ളത്. 1920കളില്‍ ഇവയ്ക്ക് മുകളിലൂടെ പെറുവിയന്‍ വിമാനങ്ങള്‍ പറക്കാന്‍ തുടങ്ങിയതോടെയാണ് ഇവ ശ്രദ്ധിക്കപ്പെടുന്നത്. 1994 ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. നിഗൂഢമായ ഈ ചിത്രങ്ങളുടെ പിറവിയുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിറഞ്ഞതും വിചിത്രവുമായ നിരവധി കഥകളും പ്രചാരത്തിലുണ്ട്. ഇത് അന്യഗ്രഹ ജീവികള്‍ വരച്ചതാണെന്നും പിശാചിന്റെ സൃഷ്ടികളാണെന്നും ദൈവത്തിന്റെ ജനങ്ങളോടുള്ള സന്ദേശങ്ങളാണെന്നും വിശ്വസിക്കുന്നവരുണ്ട്.

80 വര്‍ഷത്തിലേറെയായി ഇവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവ എന്തിന് വരച്ചു എന്ന കാര്യത്തില്‍ കൃത്യമായ വിശദീകരണം കണ്ടുപിടിക്കാനായിട്ടില്ല. പ്രത്യേകതരം പാറകള്‍ ഉപയോഗിച്ച് ഉരച്ചാണ് ഈ ചിത്രങ്ങള്‍ പുരാതന മനുഷ്യന്‍ വരച്ചതെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇവ പുരാതന കാലത്തെ ജലസേചന പാതകളായിരുന്നുവെന്നും അവ പ്രത്യേക രൂപത്തില്‍ സൃഷ്ടിച്ചതാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. പ്രാചീന ജനസമൂഹത്തിന്റെ ദൈവ സങ്കല്‍പ്പവുമായി ബന്ധപ്പെട്ട് ആരാധനയ്ക്കായി വരച്ചവയാണെന്നും കരുതുന്നവരുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഈ ചിത്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. നാസ്‌ക മരുഭൂമിയിലെ പ്രത്യേകമായ കാലാവസ്ഥയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സമീപകാലത്തും ഇവിടെ നിന്ന് പുതിയ ജിയോഗ്ലിഫുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയും നിരവധി ചിത്രങ്ങള്‍ ഇവിടെ നിന്ന് കണ്ടെത്താനാകുമെന്നാണ് പുരാവസ്തു ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ സ്ഥലങ്ങളിലേക്കുള്ള പ്രവേശനങ്ങള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. മാത്രമല്ല കരമാര്‍ഗം പോകുന്നത് ചിത്രങ്ങളുടെ ഭംഗി ശരിയായി മനസ്സിലാക്കുന്നതിനും തടസമാകും. സഞ്ചാരികള്‍ക്ക് നാസ്‌ക ലൈനുകളുടെ ഭംഗി ആസ്വദിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം മരുഭൂമിക്ക് മുകളിലൂടെ പറക്കുന്ന ചെറു വിമാനങ്ങളാണ്. ഇത്തരത്തിലുള്ള വിമാനങ്ങളുടെ പാക്കേജുകള്‍ പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ ലഭ്യമാണ്. ലിമയില്‍ നിന്ന് 400 കിലോമീറ്ററോളം അകലെയാണ് ഈ മരുഭുമികള്‍ സ്ഥിതി ചെയ്യുന്നത്.
Content Highlights: Who drew the Nazca Lines in the Peruvian desert?
Published: 26 Aug 2023, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented