തടാകത്തിന് മുകളിലൂടെ സിപ്പ് ലൈനില്‍ പറന്ന് വൈറലായിരിക്കുകയാണ് വയനാട് കളക്ടര്‍ ഡോ. രേണു രാജ് ഐ.എ.എസ്സ്. വയനാട്ടിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രം കൂടിയായ കര്‍ളാട് തടാകത്തിന് മുകളിലൂടെയാണ് കളക്ടറുടെ സിപ്പ് ലൈന്‍ യാത്ര. വയനാട്ടിലെ ഏറ്റവും ഉയരമേറിയ സിപ്പ് ലൈന്‍ കൂടിയാണ് കര്‍ളാടിലേത്.
വയനാട് കളക്ടറുടെ ഒഫിഷ്യല്‍ പേജിലാണ് കളക്ടറുടെ സിപ്പ് ലൈന്‍ യാത്രയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് കളക്ടറെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. 'മനം നിറയ്ക്കും വയനാട്.... വരിക വന്നീ നാടിനെ അറിയുക' എന്ന കുറിപ്പോടെയാണ് കളക്ടര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രളയം സൃഷ്ടിച്ച തടാകം; ഇന്ന് സാഹസികരുടെ പറുദീസ
സമീപകാലത്ത് മാത്രം ഹിറ്റായി മാറിയ വയനാട്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കര്‍ളാട് തടാകം. ഉല്ലാസ ബോട്ടുയാത്രയും സിപ്പ് ലൈനും കയാക്കിങ്ങുമെല്ലാം ഒരുപോലെ അണിനിരത്തിയ കര്‍ളാട് തടാകം കാണാന്‍ ഇപ്പോള്‍ സഞ്ചാരികളുടെയും പ്രവാഹമാണ്. മഴയായാലും വേനലായാലും ഏതു കാലാവസ്ഥയിലും സഞ്ചാരികളെ സ്വീകരിക്കാൻ കഴിയുന്ന ജില്ലയിലെ അപൂര്‍വ്വം വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.
ഒരു മഹാപ്രളയം നാടിനെ കടന്നുപോയപ്പോള്‍ കാലം ശേഷിപ്പിച്ച ഓര്‍മ്മക്കുറിപ്പാണ് ഈ തടാകം. 1924 ലെ പ്രളയകാലത്ത് കുന്നുകള്‍ക്കിടയില്‍ രൂപപ്പെട്ട ജലാശയമാണ് ഇന്ന് കാണുന്ന കര്‍ളാട് തടാകമായി മാറിയത്. നാലു കുന്നുകള്‍ക്കിടയില്‍ പത്തേക്കര്‍ വിസ്തൃതിയില്‍ ഹൃദയാകൃതിയിലാണ് ഈ കളിപ്പൊയ്കയുള്ളത്.
നേരത്തെ ജില്ലയ്ക്ക് പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്കിടയില്‍ ഏറെ അറിയപ്പെടാതിരുന്ന ഇവിടം പിന്നീട് മെച്ചപ്പെടുത്തി എടുക്കുകയായിരുന്നു. ഇപ്പോള്‍ കര്‍ളാട് തടാകം വയനാടിന്റെ സാഹസിക വിനോദ സഞ്ചാരത്തിന്റെ ആസ്ഥാനമായി മാറിയിരിക്കുകയാണ്. സിപ്പ് ലൈന്‍, കയാക്കിങ്ങ്, ബോട്ടിങ്ങ്, ബാംബൂ റാഫ്ടിങ്ങ്, കുട്ടികളുടെ ഉദ്യാനം, ജോഗിങ്ങ് ഏരിയ, പാന്റൂണ്‍ വാക്ക് വേ, പൂന്തോട്ടം എന്നിവയെല്ലാമുളള വശ്യമനോഹര തീരമായി മാറിയിരിക്കുകയാണ് ഇന്ന് ഈ കേന്ദ്രം. എട്ടടിയോളം ഉയരത്തില്‍ കറങ്ങുന്ന ജലധാരയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാനപ്പെട്ട വിനോദ കേന്ദ്രമായ ബാണാസുരസാഗറിന് വിളിപ്പാടകലെയാണ് കര്‍ളാട് തടാകമുളളത്. വൈത്തിരിയിലെ പൂക്കോടും ബാണാസുരസാഗറും സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് എളുപ്പത്തിൽ കര്‍ളാടും എത്താന്‍ കഴിയും. വൈത്തിരിയെയും പടിഞ്ഞാറത്തറയെയും ബന്ധിപ്പിക്കുന്ന പാതയും ഉന്നതനിലവാരത്തില്‍ നവീകരണത്തിലാണ്. ഇതോടെ ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് മാപ്പിങ്ങ് റൂട്ടായി ഇതുമാറും. സഞ്ചാരികള്‍ക്ക് വന്നുപോകാന്‍ നിലവാരമുളള റോഡുകളുമായതോടെ കര്‍ളാടും തൊട്ടരികിലാകും. സഞ്ചാരികള്‍ക്കായി പാര്‍ക്കിങ്ങ് ഏരിയകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
കര്‍ളാട് തടാകം പ്രവേശന നിരക്ക്
മുതിര്‍ന്നവര്‍ -40 രൂപ
കുട്ടികള്‍ -30 രൂപ
ബോട്ടിങ്ങ് പെഡല്‍ രണ്ട് സീറ്റ് -300
ബോട്ടിങ്ങ് പെഡല്‍ നാല് സീറ്റ് -450 രൂപ
കയാക്കിങ്ങ രണ്ട് പേര്‍ക്ക് -300 രൂപ
ബാംബു റാഫ്ടിങ്ങ് പത്ത് പേര്‍ക്ക് -1000 രൂപ
ഫോണ്‍ 04936 296211
Content Highlights: wayanad collector renu raj zip zipline karlad lake
Published: 24 Jan 2024, 07:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented