ഒരു നോക്കിൽത്തന്നെ മനം നിറയും. നീരാടുന്നതോടെ ദേഹം കുളിർക്കും. യാത്രാപ്രേമികളെ മാടിവിളിക്കുകയാണ് പ്രകൃതിയിലെ ഈ സുന്ദരി. ഏതാനും വർഷമേ ആയിട്ടുള്ളൂ വടാട്ടുപാറയിലെ ഈ വെള്ളച്ചാട്ടത്തെ കുറിച്ച് പുറംലോകം അറിഞ്ഞിട്ട്. കവിതാവാസനയുള്ള ചില സഞ്ചാരപ്രിയരാണ് സുന്ദരിയെന്ന് പേരിട്ടത്.

To advertise here,

മുകളിലെ നിരപ്പായ ഭാഗത്തുനിന്ന് തട്ടുകളായ പാറകളിൽ തട്ടിത്തെറിച്ചും ചിന്നിച്ചിതറിയും വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്ന കാഴ്ച മനംമയക്കുന്ന ദൃശ്യമാണ്. നിരപ്പിൽനിന്ന് അൽപം പരന്നും ചെരിവിലേക്ക് പതിക്കുന്നതുമാണ് ജലപ്രവാഹം. പാറക്കെട്ടുകളിലൂടെ പാൽനുര പോലെ പൊഴിച്ചിട്ട് ചിതറിത്തെറിക്കുന്ന ജലപാതം കാണാനും നീരാടാനും സഞ്ചാരികളുടെ പ്രവാഹമാണ്. വടാട്ടുപാറ ആറാട്ടുചിറ ഭാഗത്തെ തോട്ടിൽ നിന്നാണ് ഉദ്ഭവം. വെള്ളച്ചാട്ടമായി കരിമ്പാനി കാടുകളിലൂടെ ഒഴുകി പെരിയാറിലേക്കു ചേരും. നൂറടി ഉയരത്തിലാണ് വെള്ളച്ചാട്ടം. സാധാരണ വെള്ളച്ചാട്ടങ്ങളിലെപ്പോലെ മിനുസമേറിയ പാറയാണെങ്കിലും തെന്നൽ ഇല്ല. ശക്തമായ ഒഴുക്കും ഇല്ല. അതുകൊണ്ട് സുരക്ഷിതമായി ഇറങ്ങാം. അതുപോലെ വെള്ളച്ചാട്ടത്തിന് അരുകുപറ്റി എത്ര നേരം കിടക്കാനും സാധിക്കും.

ടൂറിസം സർക്യൂട്ട്

വനം വകുപ്പിന്റെ അധീനതയിലുള്ള ഇവിടം ഇക്കോ ടൂറിസമായി ഉപയോപ്പെടുത്താം. നൂറു ഹെക്ടറോളം വിസ്തൃതിയിലുള്ള പാറക്കെട്ടും പച്ചപ്പും കാടുകളും ചേർന്നതാണ് പ്രദേശം. സുന്ദരി വെള്ളച്ചാട്ടത്തെ വിനോദ സഞ്ചാരഭൂപടത്തിൽ എത്തിക്കാൻ കുട്ടംപുഴ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചെങ്കിലും പ്രായോഗികമാക്കാനായിട്ടില്ല. ഭൂതത്താൻകെട്ട്, ഇടമലയാർ ഡാം, വൈശാലി ഗുഹ, പലവൻപടി ഭാഗങ്ങൾ ചേർത്ത് ടൂറിസം സർക്യൂട്ടും പാക്കേജ് ടൂറിസം ഏർപ്പെടുത്തിയാൽ സഞ്ചാരികൾക്ക് വഴികാട്ടിയാകും. വനം വകുപ്പുമായി ചേർന്ന് ആവശ്യമായ അടിസ്ഥാന സൗകര്യവും സുരക്ഷാ മുൻകരുതലും ഏർപ്പെടുത്തിയാൽ പ്രയോജനം ചെയ്യും. മുന്നറിയിപ്പ് ബോർഡുകളും വേണം.

യാത്രാവിവരം

കോതമംഗലത്തുനിന്ന് 20 കിലോമീറ്റർ ദൂരമാണ് വടാട്ടുപാറയ്ക്ക്. മീരാൻ സിറ്റിയിൽ നിന്ന് അര കിലോമീറ്റർ പാതയിലൂടെ വാഹനത്തിലും കാൽനടയായും എത്താം. പാറയുടെ മുകൾഭാഗത്ത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ട്. ഭൂതത്താൻകെട്ടിലാണ് അടുത്തുള്ള താമസസൗകര്യം. ബസ് സ്റ്റാൻഡ് കോതമംഗലവും.