സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ബോളിവുഡിലെ ജനപ്രിയ താരങ്ങളിലൊരാളാണ് നടി പ്രീതി സിന്റ. സാമൂഹിക മാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ യാത്രകളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഗുവാഹാട്ടിയിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങളാണ് പ്രീതി സിന്റ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

To advertise here,

ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ചിത്രീകരിച്ച വീഡിയോയാണ് പോസ്റ്റിലുള്ളത്‌. ക്ഷേത്ര പരിസരത്തെ ഒരു കടയിലെ സന്യാസി കാമാഖ്യ ക്ഷേത്രത്തിന്റെ മാതൃക പ്രീതിക്ക് സമ്മാനിക്കുന്നതും വീഡിയോയില്‍ കാണാം. ക്ഷേത്രക്കുളവും മണികളും ശില്‍പ്പങ്ങളുമെല്ലാം വീഡിയോയിലുണ്ട്. 

ഗുവാഹട്ടിയിലേക്ക് വരാനുണ്ടായ കാരണങ്ങളിലൊന്ന് തന്നെ കാമാഖ്യ ക്ഷേത്ര ദര്‍ശനമായിരുന്നെന്ന് പ്രീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ മറന്നുപോയി. ഗുവാഹട്ടിയില്‍ വരുന്നവര്‍ കാമാഖ്യ സന്ദര്‍ശിക്കാതെ മടങ്ങരുതെന്നും പ്രീതി കുറിച്ചു.

കാമാഖ്യ ക്ഷേത്രം

അസമിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രസമുച്ചയത്തില്‍ പ്രധാന ഭഗവതിയെ കൂടാതെ പത്ത് ദേവീ സ്ഥാനങ്ങള്‍കൂടി സങ്കല്പിക്കപ്പെടുന്നു. അമ്പുബാച്ചി മേളയാണ് പ്രധാന ഉത്സവം. ഈ ദിനങ്ങളില്‍ കാമാഖ്യ രജസ്വലയാകുമെന്ന് വിശ്വാസം. ക്ഷേത്രത്തില്‍ പൂജകള്‍ നടക്കില്ല. നാലാംദിവസം ക്ഷേത്രവാതിലുകള്‍ തുറക്കുകയും കാമാഖ്യയുടെ ആര്‍ത്തവരക്തം പുരണ്ടതെന്ന് വിശ്വസിക്കുന്ന തുണിക്കഷണം പ്രസാദമായി നല്‍കുകയും ചെയ്യുന്നു.

ദക്ഷയാഗത്തിന്റെ സമയത്ത് ഭര്‍ത്താവായപരമശിവനെ ദക്ഷന്‍ അപമാനിച്ചതില്‍ കോപിച്ച പാര്‍വതി യാഗാഗ്‌നിയില്‍ ചാടി ആത്മാഹുതി ചെയ്യുന്നു. ഇതറിഞ്ഞ ശിവന്‍ കോപിഷ്ഠനായി ദക്ഷന്റെ തലയറുക്കുകയും തുടര്‍ന്ന് പാര്‍വതിയുടെ ജഡവുമായി താണ്ഡവമാടുകയും ചെയ്യുന്നു. തുടര്‍ന്ന് മഹാവിഷ്ണു തന്റെ സുദര്‍ശനചക്രമുപയോഗിച്ച് പാര്‍വതിയുടെ ജഡത്തെ പലതായി മുറിച്ചു. ആ ശരീരഭാഗങ്ങള്‍ 108 ഇടങ്ങളിലാണ് ചെന്നുപതിച്ചത്. അതില്‍ യോനീഭാഗം പതിച്ച സ്ഥലമാണ് കാമാഖ്യ എന്നാണ് ഐതിഹ്യം.

ഭാരതത്തിലെ അന്‍പത്തിയൊന്നു ശക്തിപീഠങ്ങളില്‍ ഒന്നാണ് കാമാഖ്യ ക്ഷേത്രം. ഇവിടെ ദേവി കാമാതുരയും സ്‌ത്രൈണ ശക്തിയുടെ കേന്ദ്രവുമായി കരുതപ്പെടുന്നു. സന്താന സൗഭാഗ്യത്തിനായി ഇവിടെവന്നു ഭജനമിരിക്കുന്നവര്‍ നിരവധിയാണ്. ദേവീചൈതന്യം അനുഭവിക്കാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഇവിടെ ഭക്തരെത്തുന്നു. ഗുവാഹത്തിയി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആറു കിലോമീറ്ററും എയര്‍പോര്‍ട്ടില്‍നിന്ന് 20  കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.