
എത്ര പെട്ടെന്നാണ് യാത്രയുടെ ലക്ഷ്യ സ്ഥാനങ്ങൾ മാറിമറിയുന്നത്. പഞ്ചകൈലാസ ദർശനം പൂർത്തീകരിക്കുന്നതിനായി KMVN സംഘടിപ്പിക്കുന്ന ആദികൈലാസയാത്രയ്ക്ക് ഓൺലൈനായി അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്ന ഞങ്ങൾക്ക് പ്രകൃതിയുടെ വികൃതികൾ മൂലം അത് പഞ്ചകേദാരങ്ങളിലേക്കു മാറ്റി പ്രതിഷ്ഠിക്കേണ്ടിവന്നു. ദ്വാദശ ജ്യാതിർലിംഗക്ഷേത്രങ്ങളിൽ ഏറെ പ്രസിദ്ധമായ കേദാർനാഥിൽനിന്നാണ് ഈ യാത്ര തുടങ്ങേണ്ടത്. വിമാനമാർഗം ഡൽഹിയിലെത്തി, അവിടെനിന്ന് വണ്ടിയിൽ ഹരിദ്വാറിലേക്കും,
ഹരിദ്വാറിൽ ദിനംപ്രതി 3500 രൂപ നിരക്കിൽ വാഹനം പറഞ്ഞുറപ്പിച്ചു. ശിവാലിക് റേഞ്ചിന്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന ഹരിദ്വാറിനെ പാവനയായ ഭാഗീരഥി തഴുകി പാപമുക്തമാക്കുന്നു. സ്വർഗത്തിലേക്കുള്ള കവാടമായിട്ടാണ് ഹരിദ്വാർ അറിയപ്പെടുന്നത്. രാവിലെ അയ്യപ്പ ക്ഷേത്രദർശനത്തിനുശേഷം യാത്ര തുടങ്ങി. ഋഷികേശ്, ദേവപ്രയാഗ്, ശ്രീനഗർ, രുദ്രപ്രയാഗ്, അഗസ്ത്യമുനി, കുണ്ഡ്, ഗുപ്തകാശി വഴി ഫാട്ടയിൽ ഏതാണ്ട് അഞ്ചര മണിയോടെ എത്തിച്ചേർന്നു. അവിടെനിന്ന് ബയോമെട്രിക് രജിസ്ട്രേഷൻ കഴിഞ്ഞ് ആറരയോടെ രാംപുറിൽ എത്തി. അന്ന് അവിടെ തങ്ങി അതിരാവിലെ സോനപ്രയാഗിലേക്ക്. അവിടെനിന്ന് ജീപ്പുമാർഗം ഗൗരീകുണ്ഡിൽ എത്തി. ഏഴരമണിയോടെ പദയാത്ര ആരംഭിച്ചു.

ഇവിടെനിന്ന് 16 കി.മീ ആണ് കേദാരത്തിലേക്കുള്ള ദൂരം. ജംഗൽചട്ടി താണ്ടി ഭീംബലിയിലെ GMVN ക്യാമ്പിൽനിന്ന് ലഘുഭക്ഷണം കഴിച്ച് സാവധാനം യാത്ര തുടർന്നു. ലിംചോളി പിന്നിട്ട് സന്ധ്യയോടടുത്ത് രുദ്രപോയിന്റ് താണ്ടി കേദാർനാഥിലെത്തി. ദൂരെനിന്നു തന്നെ ക്ഷേത്രത്തിലെ മണിയടി കേൾക്കാമായിരുന്നു. പരിസരത്തുതന്നെയുള്ള ഒരു പണ്ഡിറ്റിന്റെ ഗസ്റ്റ്ഹൗസിൽ താമസമൊരുക്കി ക്ഷേത്ര ദർശനത്തിനായി പുറപ്പെട്ടു. കേദാരേശനെയും ശാംഭവിയേയും കൺനിറയെ വണങ്ങി. പിറ്റേന്ന്, കൊടുതണുപ്പിൽ അതിരാവിലത്തെ കുളി ഉപായത്തിൽ കഴിച്ചു. ക്ഷേത്രത്തിലെത്തി മന്ത്രമുഖരിതമായ ഗർഭഗൃഹത്തിൽ പ്രവേശിച്ച്, പൂജകൾ അർപ്പിച്ച് വണങ്ങി, ധ്യാനിച്ച് കുറച്ചുനേരം അവിടെത്തന്നെയിരുന്നു. പ്രഭാതഭക്ഷണം കഴിഞ്ഞ് താഴേക്കുള്ള യാത്ര തുടങ്ങി. പ്രസന്നമായ കാലാവസ്ഥയായതിനാൽ ഏതാണ്ട് ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗൗരീകുണ്ഡിൽ എത്തിച്ചേർന്നു.

ഇനിയുള്ള യാത്ര ത്രിയുഗീനാരായണിലേക്കാണ്. സോനപ്രയാഗിൽനിന്ന് 13 കി.മീ. യാത്ര ചെയ്ത് വനനീലിമകളുടെ സമൃദ്ധിയിലൂടെ ധന്യമായ യാത്ര. വളരെ ചെറിയ ഒരു ഗ്രാമം. പ്രവേശന കവാടം താണ്ടി ക്ഷേത്രത്തിലേക്ക് കടന്നു. കരിങ്കല്ലുകൾ പാകിയ മുറ്റവും ഗോപുരവും കേദാരനാഥക്ഷേത്രത്തിന്റെ ഒരു ചെറുപതിപ്പായിരുന്നു. വിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. സത്യയുഗത്തിൽ മഹേശ്വരൻ ഹൈമവതിയെ മഹാവിഷ്ണുവിന്റെ കാർമികത്വത്തിൽ ഇവിടെ വച്ച് പരിണയിച്ചത്. അതിനു സാക്ഷിയായി അണയാത്ത ധൂനിയും ഇവിടെ കാണാം.
ഇനിയുള്ള യാത്ര മധ്യമഹേശ്വറിലേയ്ക്കാണ്. തിരിച്ച് രാംപുരിലെത്തി ഏഴുമണിയോടെ ഉഖീമഠിലെത്തിച്ചേർന്നു. ഞങ്ങൾ താമസിച്ചിരുന്ന മുറികളുടെ നടത്തിപ്പുകാരൻ തന്നെയായ അതുൽ തിവാരി എന്ന ബാലൻ, ദിനംപ്രതി 1000 രൂപ എന്ന കണക്കിൽ വഴികാട്ടിയായി വരാൻ തയ്യാറായി.

രാവിലെ ആറുമണിയോടെ യാത്ര തുടർന്നു. മൺസൂണയിൽ നിന്ന് മധുഗംഗ തരണം ചെയ്തത് ഉണിയാനയിൽ എത്തിച്ചേരുമ്പോൾ ഗ്രാമം ഉണരുന്നതേയുള്ളൂ. മണ്ണിടിച്ചിൽ മൂലം തകർന്ന റോഡ് മുറിച്ചുകടന്ന് വേറൊരു ജീപ്പിൽ റാൻസിയിലെത്തിച്ചേർന്നു. പാത ഇവിടെ അവസാനിക്കുന്നു. അത്യന്തം കഠിനമായ യാത്രാപഥങ്ങളും പരിമിതമായ താമസസൗകര്യങ്ങളും നിമിത്തം പഞ്ചകേദാരങ്ങളിലേക്കുള്ള യാത്രികരുടെ എണ്ണം പരിമിതമാണ്. എങ്കിലും ദൃശ്യവൈവിധ്യങ്ങളും വിജനമായ പഥങ്ങളും യാത്രികനെ മാടി വിളിക്കുക തന്നെ ചെയ്യും. പത്തുമണിയോടെ ഗോണ്ടോൾ ഗ്രാമത്തിലെത്തി. യാത്രികർക്കായി അത്യാവശ്യം താമസസൗകര്യങ്ങൾ അവിടെ ലഭ്യമാണ്. മധുഗംഗയുടെ തീരത്തുള്ള ഒരു ചെറിയ ധാബയിൽ വിശ്രമിച്ച് കല്ലുകൾ പതിച്ച വനവീഥികളിലൂടെ മധു ഗംഗയുടെ ആരവങ്ങളും ഏറ്റുവാങ്ങി യാത്ര തുടർന്നു. കട്രാ ഗ്രാമത്തിൽ നിന്ന് പിങ്ക് നിറത്തിലുള്ള ബുറാങ് എന്ന ഹിമാലയൻ പുഷ്പത്തിന്റെ (Rhododendron) സത്തിൽ നിന്നെടുക്കുന്ന സർബത്ത് ആവോളം കുടിച്ച് ക്ഷീണമകറ്റി യാത്ര തുടർന്നു. നീണ്ട ഒരു കയറ്റത്തിന്റെ മുകളിലെത്തിയപ്പോൾ ഒരു കാഷായധാരി അവിടെ നിൽക്കുന്നു. പഞ്ചകേദാരയാത്രയ്ക്കിറങ്ങിയതാണ്. പൂർവാശ്രമത്തിൽ മോഹൻബഗാനുവേണ്ടി പന്തുകളിച്ചിരുന്ന ഇദ്ദേഹം, ഞങ്ങൾ കേരളീയരാണെന്നു പറഞ്ഞപ്പോൾ ഐ.എം. വിജയനെക്കുറിച്ച് ഏറെ വാചാലനായി.

വൈകിട്ട് അഞ്ചരമണിയോടടുത്ത് മഖാംബയിൽ എത്തിച്ചേർന്നു. യാത്രികർക്കായി അടുക്കളയോടുചേർന്ന് പരിമിതമായ സൗകര്യങ്ങളോടെ രണ്ടുമുറികൾ. അന്നത്തെ താവളം അതായിരുന്നു. രാവിലെ യാത്ര തുടർന്നു. നീണ്ടുകിടക്കുന്ന ചെങ്കുത്തായ ഒരു കയറ്റത്തിനുശേഷം എത്തിച്ചേർന്ന വിതാനത്തിൽനിന്ന് മധ്യമഹേശ്വർ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മകുടം കാണുമാറായി. കേദാരനാഥ ക്ഷേത്രമാതൃകയിൽ തന്നെയാണ് ഇതിന്റെയും നിർമാണരീതി. ക്ഷേത്രാരാധനയ്ക്കുള്ള പൂജാദ്രവ്യങ്ങൾ താലത്തിൽ വാങ്ങി, കരിങ്കൽപ്പാളികൾ പാകിയ ക്ഷേത്രമുറ്റം ഒന്ന് വലംവച്ചു. ഇടതുവശത്ത് ഒരു ഗോമുഖത്തുനിന്ന് തൈർഥിക പ്രവാഹം ഒഴുകി വരുന്നു. പിറകുഭാഗത്തായി പാർവതി- അർധനാരീശ്വര സരസ്വതിപ്രതിഷ്ഠയും സ്ഥിതിചെയ്യുന്നു. റാൻസിയിൽനിന്ന് 20 കി.മീ. ഓളം കൊടും കാട്ടിലൂടെ കാൽനടയായി മാത്രമേ ഇവിടെ എത്തിച്ചേരാൻ കഴിയുകയുള്ളൂ. ഒരു മണിയോടടുത്ത് മധ്യമഹേശ്വരനെ വണങ്ങി വിട പറഞ്ഞു.

ഗോണ്ടാറിൽ രാത്രി തങ്ങി, പിറ്റേന്ന് ഏഴരമണിയോടെ മടക്കയാത്ര ആരംഭിച്ചു. പതിനൊന്നുമണിയോടെ ഉഖീമഠിലെത്തി. ലോഡ്ജിലെ ക്ലോക്ക് റൂമിൽ നിന്ന് ബാക്കി സാമാനങ്ങളും വണ്ടിയിലെടുത്തുവെച്ച് മൂന്നാം കേദാരമായ, രാജൻ കാക്കനാടനിലൂടെ വായിച്ചറിഞ്ഞ തുംഗനാഥിനെ ലക്ഷ്യമാക്കി നീങ്ങി. പഞ്ചകേദാരങ്ങളിൽ ഏറ്റവും ഉത്തുംഗമായ ശിവസാക്ഷാത്കാരമാണ് തുംഗനാഥിലേത്. ദേവദാരു, പൈൻ മരങ്ങളുടെ ഇടയിലൂടെ അടിവെച്ചടിവെച്ച് ആകാശത്തിന്റെ നെറുകയിലേക്ക്, അനന്തമായ അപാരതയിലേക്ക് എന്ന കണക്കെ ആ യാത്ര ഞങ്ങളെ കൊണ്ടുചെന്നെത്തിച്ചു. ഇടത്തോട്ട് അല്പം ചരിവുള്ള, ഒരടിയോളം നീളമുള്ള ലിംഗമായിരുന്നു പ്രതിഷ്ഠ. ഇത് ഋഷഭദേവന്റെ ബാഹുക്കളായാണ് പറയപ്പെടുന്നത്. ഭക്തിസാന്ദ്രമായ ആരതിക്കുശേഷം പ്രസാദം സ്വീകരിച്ച് പുറത്തുകടന്നയുടനെ നടയടച്ചു.

ഇനി നാലാമത്തെ കേദാരമായ രുദ്രനാഥിലേക്കാണ്. പ്രവേശനകവാടത്തിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തു. അവിടെനിന്നു തന്നെ വഴികാട്ടിയെ ഏർപ്പാടാക്കി. സഗറിൽനിന്ന് രുദ്രനാഥിലേക്ക് 22 കി.മീ. ആണ് ദൂരം. പ്രവേശനകവാടത്തിലെ മണിമുഴക്കി രുദ്രനാഥനെ ഞങ്ങളുടെ വരവറിയിച്ചു. ഏതാണ്ട് നാലുമണിയോടെ പുംഗ് ബുഗ്യാലിൽ എത്തി. രാവിലെ ആറുമണിയോടെ യാത്ര ആരംഭിച്ചു. പുൽമേടുകളും ചെറുചോലകളും താണ്ടി ഘോരമായ കാട്ടിലേക്കാണ് പ്രവേശിച്ചത്. യാത്രാപഥങ്ങൾ ഇവിടെ അവസാനിക്കുന്നു. ഇനി ഒരു വലിയ പർവതം താണ്ടേണ്ടതുണ്ട്. പതിനൊന്നുമണിയോടെ പനാർ ബുഗ്യാലിൽ എത്തി. ഇത്രയും വിശാലമായ ഒരു പുൽമേട് ഇതുവരെ കണ്ടിട്ടില്ല. അതും ഇത്രമേൽ ഉയരത്തിൽ. ഇറക്കമിറങ്ങി അവിടെയുള്ള ഒരു ധാബയിൽ പ്രവേശിച്ച് നടുനിവർത്തി. ഇനി അത്ര കഠിനമായ യാത്രയല്ല. പിതധാർ കുന്നിൻ മുകളിലെ കവാടം കടന്ന് കുത്തനെയുള്ള ഇറക്കമിറങ്ങി അവസാനത്തെ ഇടത്താവളമായ പഞ്ചഗംഗയിൽ എത്തിച്ചേർന്നു. ഇനിയും ആറു കി.മീ. കൂടി യാത്രചെയ്താൽ മാത്രമേ രുദ്രനാഥിലെത്തുകയുള്ളൂ.

ഏഴുമണിക്കാണ് അത്താഴപൂജ. തുളച്ചുകയറുന്ന തണുപ്പിനെ അവഗണിച്ച് ശ്രീകോവിലിനുമുന്നിൽ വിരിച്ചിരുന്ന കംബളങ്ങളിൽ ഇരുന്നു. മണിയടിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്. പ്രൗഢിയുള്ള വേഷവിധാനത്തോടു കൂടി മുഖ്യപൂജാരി കടന്നു വന്നു. പൂജാദികർമങ്ങൾ ആരംഭിക്കുകയും ചെയ്തു.

ബ്രഹ്മകമലവും നാട്ടിൽ നിന്നു ഭദ്രമായി കൊണ്ടുവന്ന വില്വപുഷ്പവും ഭഗവാന് അർപ്പിച്ചു. പിറ്റേന്ന് രാവിലെ മടക്കയാത്ര ആരംഭിച്ചു. ഇടയ്ക്കൊന്ന് എത്തിനോക്കിയതല്ലാതെ പകലോൻ മേഘമാലകൾക്കും ഹിമശൃംഗങ്ങൾക്കുമിടയിൽ മറഞ്ഞുതന്നെയിരുന്നു. ഇനിയുള്ള യാത്ര കല്പേശ്വറിലേക്കാണ്. പഞ്ചകേദാരങ്ങളിലെ അവ സാനത്തെ ശിവക്ഷേത്രം. ഉർഗം ഗ്രാമത്തിലെ താത്കാലിക മരപ്പാലത്തിലൂടെ കല്പഗംഗയെ മറികടന്ന് ഒരു കുത്തനെയുള്ള കയറ്റം കയറി ക്ഷേത്രസന്നിധിയിലേക്ക് എത്തിച്ചേർന്നു. അഞ്ചാം കേദാരവും കണ്ടിരിക്കുന്നു! ഉർഗം ഗ്രാമത്തിലെത്തി ഉച്ചഭക്ഷണം കഴിച്ച് ബദരിയിലേക്ക് യാത്രതുടർന്നു.

ഏഴുമണിയോടെ ശങ്കരേട്ടന്റെ ആദിശങ്കര അദ്വൈതഭവനിൽ എത്തി സാമഗ്രികൾ ഇറക്കിവെച്ച് കൈകാലുകൾ കഴുകി ബദരീനാഥ ക്ഷേത്ര ത്തിലേക്ക് പ്രവേശിച്ചു. ഭക്തിസാന്ദ്രമായ പൂജാദികർമങ്ങളും സഹസ്രനാമാർച്ചനയും അഷ്ടപദിയോടുകൂടിയ ശയന ആരതിയും കേട്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. അതിരാവിലെ ഉണർന്ന്, തപ്തകുണ്ഡിൽ സ്നാനംചെയ്ത്, ബദരീശനെ വണങ്ങിയിറങ്ങി. ഓരോ യാത്രയുടെയും പടിയിറക്കങ്ങൾ അടുത്ത യാത്രയ്ക്കുള്ള ഉജ്ജീവകങ്ങളാണ്. ചിത്തശുദ്ധി ഹേതുവാക്കിയ തപസ്യകളാണല്ലോ ഓരോ തീർഥയാത്രയും.
Content Highlights: panch kedar yatra, rudranath travel, madhyamaheswar travel, haridwar travel
Published: 01 Apr 2022, 11:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented